11 Thursday
December 2025
2025 December 11
1447 Joumada II 20

സല്‍വാ ചാരിഫ്‌

ഫായിസ് അബ്ദുല്ല തരിയേരി


സല്‍വാ ചാരിഫ്…
എന്റെ സ്വപ്‌നങ്ങള്‍ വില്‍ക്കപ്പെടുന്ന
മെറാക്കിഷ് തെരുവ്.
ജീവിതമാലകളൊന്നായി
കാതങ്ങളിലിരുത്തുന്ന
മാന്ത്രിക നാദം.

കാണാതിരുന്നിട്ടും
ഞാന്‍ ജീവിച്ചു.
കൊഴിഞ്ഞു വീണ
ഓര്‍ക്കിഡുകളാല്‍
പാത്രങ്ങളുണ്ടാക്കി
അറ്റ്‌ലസിന്റെ നെറുകയില്‍
അവള് നേരുന്ന
നേര്‍ച്ച കണ്ട്.

രാവോടടുക്കുമ്പോള്‍ മാത്രം
അവള്‍ പാടാന്‍ തുടങ്ങും
നോക്കൂ..
ഇതൊരു തീരാറായ സായാഹ്നമാണ്..
ഈ പാത്രങ്ങളിലെല്ലാം
നമുക്കുള്ള പ്രാര്‍ത്ഥനകളാണ്.
പറയൂ..
ഹിന്ദുറങ്ങുന്ന വഴികളേതാണ്?

മധു മൊഴികളില്‍
വിശന്നലഞ്ഞു
ഞാനാശ വെച്ചതോ
ഇന്ത്യയിലൊരു യുദ്ധം
തുടങ്ങിയാലെത്ര നന്നായിരുന്നു
എനിക്കഭയാര്‍ഥിയായിപ്പോകാമായിരുന്നു.
ചാരിഫിലൊരു പേര് കെട്ടാമായിരുന്നു.
ആരോ പറഞ്ഞു കേട്ടു
ഇന്ത്യയില്‍ ഉടനെയൊരു യുദ്ധം വരും
എന്തിന്?
പേരിന്റെ പേരില്‍

സല്‍വാ ചാരിഫ്..
എന്റെ ഉടയാടകളേ..
എനിക്കൊരു പച്ച ഓര്‍ക്കിഡുകള്‍
കിട്ടുമെന്ന് തോന്നുന്നു
പച്ചയോ ?
അതെ, ഭാഗ്യത്തിന്റെ ഒച്ചകള്‍

പകല്‍ വിഴുങ്ങി
ആകാശം കടന്നു പോകുന്നു
ഒരു പകല്‍,
രണ്ടു പകല്‍
അവളിതൊന്നും കേട്ടില്ലെന്നേ..
കിനാവുണ്ടായില്ല
മഴ വന്നില്ല..
ബോംബ് വീണില്ല
കിതച്ചു പോകുന്ന
കാറ്റിനെ വെറുത്താണ്
അവളോടുന്നതെന്നറിഞ്ഞു
തെരുവായിരുന്നു ലക്ഷ്യം
ഭൂമി മറിഞ്ഞിരിക്കുന്നു.
മഗ്‌രിബിന്റെ
ആണിയിലാരോ വാങ്ക് വിളിച്ചിരിക്കുന്നു
ആരുമല്ലത്
പടച്ചോനാണേ..

അഗാദറിലൊരു കിടപ്പാടമുണ്ടെന്നു കേട്ടു
തലയില്‍ കല്ല്
കല്ലിന്മേല്‍ ഉടല്‍
ചിതറിപ്പോയ വിത്തുകള്‍,
നാളെ മുളക്കുമെന്ന് കരുതുന്ന
കൈകാലുകള്‍
കണ്ണില്‍ കുരുങ്ങിയ വളപ്പൊട്ടുകള്‍.
ഞാനെങ്ങനെ പോയി നോക്കും?

എന്റെ ശരീരത്തിനിത്രയും
തണുപ്പിഴയുന്നതെന്തിനാണ്?
ചന്ദ്രവെളിച്ചമെവിടെ?
ജനാല മറക്കുന്ന പട്ടാളക്കാരനെവിടെ?
ഐറാന്‍ ചോദിക്കുന്ന കുട്ടികളിതെവിടെ?
അവള്‍ പ്രാര്‍ഥിച്ച പാത്രങ്ങളെവിടെ?

ദൈവമേ നേര് പറ
ഇവര്‍ക്കെന്താണ് സ്വര്‍ഗത്തില്‍ ജോലി?

Back to Top