8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

നല്ല ശീലങ്ങള്‍ വളര്‍ത്തണം – സലീം ടി പെരിമ്പലം

നല്ല കുട്ടികളുടെ ലക്ഷണങ്ങള്‍ കണ്ടെത്തി മക്കളെ പരിശീലിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണല്ലോ നാം. അനുസരണ ശീലം, വൃത്തി, ബഹുമാനം ഇതുവരെ ചര്‍ച്ച ചെയ്തു. സ്നേഹം, കാരുണ്യം, സത്യസന്ധത, കൃത്യനിഷ്ഠ, സഹായ മനസ്കത, പഠന മികവ്, ആരോഗ്യം, ആഹാര മര്യാദകള്‍, വിനോദങ്ങള്‍, മത്സരക്ഷമത, കായികക്ഷമത, സാമൂഹ്യ ബോധം, പരിസ്ഥിതി സംരക്ഷണ മനോഭാവം, കരുതല്‍ ശീലം, മിതവ്യയം തുടങ്ങി ഒത്തിരി ലക്ഷണങ്ങള്‍ക്കുടമയാവുമ്പോഴാണ് കുട്ടി ഒരു നല്ല കുട്ടിയായി മാറുന്നത്.
ഈ ഗുണങ്ങളെല്ലാം ആര്‍ജ്ജിക്കാനെന്താണ് വഴി. ടാങ്കിലുള്ളത് ടാപ്പില്‍ ലഭിക്കും എന്നാണുത്തരം. അവന്‍റെ അനുഭവ പരിസരങ്ങളില്‍ നിന്നാണ് സ്വഭാവരൂപീകരണം നടക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് വീട്. പിന്നെ വിദ്യാലയവും. മാതാപിതാക്കള്‍, കുടുംബാംഗങ്ങള്‍, അധ്യാപകര്‍, കൂട്ടുകാര്‍ എന്നീ നാല് ഏജന്‍സികളാണ് വളര്‍ച്ചയുടെ ഘട്ടത്തില്‍ കുട്ടിയുടെ അനുഭവങ്ങളില്‍ 90 ശതമാനവും സംഭാവന ചെയ്യുന്നത്. ഈ ഉത്തരാധുനിക കാലത്ത് സോഷ്യല്‍ മീഡിയയും ഇതര മാധ്യമങ്ങളും ചെലുത്തുന്ന സ്വാധീനവും അനുദിനം കൂടിക്കൂടി വരുന്നുണ്ട്.
മികച്ച അനുഭവങ്ങള്‍ ലഭ്യമാക്കാന്‍ വീട്ടിലെ സാഹചര്യങ്ങള്‍ അനുകൂലമാക്കിയെടുക്കുകയാണ് വേണ്ടത്. കുട്ടി നല്ലത് കണ്ടും അനുഭവിച്ചും വളരണം. കാണുന്നതും കേള്‍ക്കുന്നതും അവന്‍ അനുകരിക്കും. അനുഭവങ്ങളെ സ്വാംശീകരിക്കും. മാതാപിതാക്കള്‍ മികച്ച മാതൃകയാവണം. ഉപദേശങ്ങളല്ല വേണ്ടത്. ഉള്‍ക്കാഴ്ച നല്‍കുന്ന അനുഭവങ്ങളാണ്. ഉപദേശങ്ങളോട് വിമുഖത പുലര്‍ത്തുന്നവരാണ് നമ്മളെപ്പോലെ തന്നെ കുട്ടികളും.
പാടില്ലാത്ത ചില പരാമര്‍ശങ്ങളും വാക്കുകളും കുട്ടികളില്‍നിന്ന് ഉണ്ടാവാറുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ. അതവന്‍ മുമ്പ് കേട്ട വാക്കുകളാണ്. വാക്കുകളല്ല കുട്ടി പഠിക്കുന്നത്. സന്ദര്‍ഭങ്ങളാണ്. ഉമ്മ ഉപ്പയോട് പറഞ്ഞ വാക്കുകള്‍, ആ വാക്കുകള്‍ ഉപയോഗിച്ച സന്ദര്‍ഭം, അതിനോട് ഉപ്പയുടെ പ്രതികരണം, ഇക്കാര്യങ്ങളെല്ലാം കുട്ടി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പിന്നീടവന്‍ ട്രയല്‍ നടത്തും. കൃത്രിമമായി സമാന സാഹചര്യങ്ങള്‍ സൃഷ്ടിച്ച് ഇതേ വാക്കുകള്‍ ഉപയോഗിക്കും. പ്രതികരണങ്ങള്‍ ശ്രദ്ധിക്കും. അനുകൂല സന്ദര്‍ഭങ്ങളില്‍ നിര്‍ലോഭം ഉപയോഗിക്കും.
നന്മയുടെ പാഠങ്ങളും കുട്ടികള്‍ ഇതേ രീതിയില്‍ തന്നെയാണ് സ്വാംശീകരിക്കുന്നത്. കുട്ടി നന്നാവണോ, കുടുംബം നന്നാവണമെന്ന് സാരം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്നേഹവിനിമയം കുട്ടിക്ക് അനുഭവിക്കാനാവുന്നുണ്ടോ. അവന്‍ വ്യവസ്ഥകളില്ലാതെ സ്നേഹിക്കപ്പെടുന്നുണ്ടോ. സ്നേഹമുള്ള കുട്ടിയായി അവന്‍ വളരും. കുടുംബത്തിലെ പ്രായമേറിയ അംഗങ്ങളെ കാരുണ്യത്തോടെ പരിചരിക്കുന്ന രക്ഷിതാക്കളെയാണോ കുട്ടി കാണുന്നത്, അവശതയനുഭവിക്കുന്ന അയല്‍ക്കാരനെ തേടിപ്പോകുമ്പോള്‍ അവനെയും കൈപിടിച്ച് കൂടെ കൂട്ടാറുണ്ടോ, യാചിച്ച് വരുന്നവനു നേരെ കയ്യയക്കുമ്പോള്‍ മക്കളുടെ കയ്യിലൂടെ നല്‍കാന്‍ ശ്രദ്ധിക്കാറുണ്ടോ, കരുണയുള്ളവരായി നമ്മുടെ മക്കളും വളരും. ആ കാരുണ്യം അനുഭവിക്കാന്‍ നമുക്കും അവസരമുണ്ടായേക്കും. മേല്‍ സൂചിപ്പിച്ച മര്യാദകളും ശീലങ്ങളും കുട്ടി ആര്‍ജിക്കുന്നത് ഇതേ രീതിയിലാണ്.
ഉപദേശം തീരെ ഫലപ്രദമല്ലെന്ന് കരുതേണ്ടതില്ല. ഉപദേശിക്കാന്‍ അര്‍ഹതയുള്ള രക്ഷിതാക്കള്‍ക്ക് അതിനവകാശമുണ്ട്. നീ എന്നെ കണ്ട് പഠിക്ക് എന്ന് പറയാന്‍ കഴിയണം. പ്രവാചകന്‍റെ അനുചരന്‍മാര്‍ അങ്ങനെ ചെയ്തിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളില്‍ വായിക്കാം. മറ്റു കുട്ടികളുമായി ഒരു കാരണവശാലും താരതമ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാവരുത്. കുട്ടികള്‍ അനുപമമായ സൃഷ്ടികളാണ്. വിരല്‍തുമ്പുകള്‍ മാത്രമല്ല വ്യത്യസ്തമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. തലച്ചോറും ചിന്തകളും ശരീരവും അവയവങ്ങളുമെല്ലാം അങ്ങനെത്തന്നെ. ഒരുത്തനെപ്പോലെ മറ്റൊരുത്തനില്ലെന്ന് സാരം. ഒരാള്‍ക്ക് മറ്റൊരാള്‍ ആവാന്‍ കഴിയാത്തതിനാല്‍ അതിനു ശ്രമിക്കരുത്.
പഠന കാര്യത്തിലാണ് പലപ്പോഴും കുട്ടികള്‍ ഈ താരതമ്യത്തിന്‍റെ ഇരകളാവുന്നത്. മക്കള്‍ക്കുവേണ്ടി ചെറിയൊരു മുന്നൊരുക്കത്തിന് തയ്യാറാവുകയാണെങ്കില്‍ ഉമ്മമാര്‍ക്ക് ഈ ദുസ്സ്വഭാവത്തില്‍ നിന്ന് രക്ഷപ്പെടാനാവും. കുട്ടിയെ താരതമ്യം ചെയ്യാം. അത് അവനോട് തന്നെയായിരിക്കണം. ആറു മാസമോ ഒരു വര്‍ഷമോ മുമ്പെയുള്ള മകനെ ഇപ്പോഴത്തെ നില മുന്‍നിര്‍ത്തി താരതമ്യം ചെയ്യുക. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം.
ഒന്നാം ക്ലാസ്സില്‍ മകനെ ചേര്‍ക്കുന്നു എന്ന് കരുതുക. ഒന്ന് രണ്ട് മാസം കഴിയുമ്പോള്‍ അവന്‍റെ സ്ലേറ്റില്‍ തത്ത എന്ന വാക്ക് തെളിയും. ഉമ്മയ്ക്കൊരുപാട് സന്തോഷമാകും. രണ്ട് ‘ത’കള്‍ ചേര്‍ന്നുള്ള ‘ത്ത’ കൂട്ടക്ഷരംപോലും അവന്‍ പഠിച്ചിരിക്കുന്നു. സന്തോഷത്തിനിടയില്‍ ഉമ്മ ജനാലയിലൂടെ അടുത്ത വീട്ടിലേക്ക് നോക്കി. അവിടെ തത്ത പാറി വന്നു എന്നായിട്ടുണ്ട്. ആദ്യമുണ്ടായ സന്തോഷം അസ്തമിച്ചു. താരതമ്യമായി, കുറ്റപ്പെടുത്തലായി, മകനെക്കൊണ്ട് പാറിവന്നു എന്നെഴുതിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങും. രണ്ടു മാസം മുമ്പ് നമ്മുടെ കുട്ടിക്ക് അക്ഷരങ്ങള്‍ അറിയില്ലായിരുന്നു. ആ ചിന്ത മനസ്സിലുണ്ടെങ്കില്‍ തത്തയെന്നു കാണുമ്പോള്‍ സന്തോഷിക്കാനാവും.
രണ്ടു മാസം കൂടി കഴിയട്ടെ. അവന്‍റെ കൈവിരലുകള്‍ പുതിയ വാക്കുകള്‍ കുറിക്കും. തത്ത, പച്ച തത്ത, തത്ത പാറിവന്നു, തത്ത പഴം തിന്നു… അറിവിന്‍റെ ലോകത്ത് അവന്‍ ഒത്തിരി മുന്നേറിയിരിക്കുന്നു. എന്നാല്‍ അടുത്ത വീട്ടിലേക്ക് എത്തിനോക്കുന്ന ഉമ്മ അവിടെ തത്തയെക്കുറിച്ചുള്ള കവിത കണ്ട് നിരാശയാവും. ഉമ്മ ചെയ്യേണ്ടിയിരുന്ന കാര്യമുണ്ട്. മകന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും മൊബൈലില്‍ ഫോട്ടോകളെടുത്ത് സൂക്ഷിക്കേണ്ടിയിരുന്നു. അവന്‍റെ ഉത്തരക്കടലാസുകളും നോട്ടുപുസ്തകങ്ങളും പരീക്ഷണക്കുറിപ്പുകളും വിവരണങ്ങളും ചിത്രങ്ങളുമെല്ലാം ചിട്ടയോടെ അടുക്കിവെച്ച് സൂക്ഷിക്കുകയും ചെയ്യാം. ഇടക്കിടെ ഉത്പന്നങ്ങളെടുത്ത് പഴയ മോനെ പുതിയ മോനുമായി താരതമ്യം ചെയ്യുക. മകനൊരുപാട് വളര്‍ന്നിട്ടുണ്ടെന്ന് ബോധ്യമാകും.
മകന്‍റെ വളര്‍ച്ച അവനു മുന്നില്‍ തന്നെ തെളിവുകളോടെ അവതരിപ്പിക്കാനും സാധിക്കും. സ്കൂളില്‍ കുട്ടികള്‍ അവരുടെ ഉത്പന്നങ്ങള്‍ പോര്‍ട്ട്ഫോളിയോ ആയി സൂക്ഷിച്ചുവെക്കാറുണ്ട്. ആ സൂക്ഷിപ്പിന്‍റെയും ലക്ഷ്യം ഇതുതന്നെയാണ്. ഉമ്മമാരൊന്ന് മനസ്സുവെക്കുകയാണെങ്കില്‍ അതിന്‍റെ ഫലം വളരെ മികച്ചതായിരിക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x