6 Friday
September 2024
2024 September 6
1446 Rabie Al-Awwal 2

കളിയും കാര്യവും

സലീം ടി പെരിമ്പലം

പഠിക്കുക എന്ന വാക്കിനൊരു എതിര്‍ പദമുണ്ടോ? ഉണ്ടെന്നാണ് പല രക്ഷിതാക്കളുടെയും സംസാരത്തില്‍നിന്ന് മനസ്സിലാവുക. തീരെ പഠിക്കുന്നില്ല സര്‍, അവനെപ്പോഴും കളിയാണ്. പഠിക്കാത്ത കുട്ടിയുടെ ദുര്‍ഗുണമാണ് കളി എന്ന് ധ്വനി. വളരെ അപകടകരമായ വിധത്തില്‍ കളിക്കുന്നതിന് നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന രക്ഷിതാക്കളെയും കണ്ടിട്ടുണ്ട്. കടുത്ത ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ ശ്വാസം വിടാന്‍ ഒരു മണിക്കൂര്‍. അതുതന്നെ എവിടെ, എപ്പോള്‍, ആരുടെ കൂടെ തുടങ്ങിയ കാര്യങ്ങളെല്ലാം രക്ഷിതാവ് തീരുമാനിക്കും. പഠിക്കുന്നില്ലാ, പഠിക്കുന്നില്ലാ, എപ്പോഴും കളിതന്നെ എന്ന് നിരന്തരം വിലപിക്കുന്ന, കുറ്റപ്പെടുത്തുന്ന, കുട്ടികള്‍ക്ക് സൈ്വര്യം കൊടുക്കാത്ത ചിലരുമുണ്ട്.
മത്സര പരീക്ഷക്കൊരുങ്ങുകയായിരുന്ന ഒരു പഠിതാവിന്റെ വീട്ടിലേക്ക് വിളിച്ചു. രാത്രി എട്ടുമണി സമയം. അടുത്തറിയുന്ന കുടുംബം. മകന്റെ പഠനത്തെക്കുറിച്ച് അന്വേഷിച്ചു. നിസ്സഹായതയോടെ നിലവിളിക്കുന്ന ഒരു ഉമ്മയെയാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. ഇങ്ങനെ കളിക്കാനായി മാത്രം മെനക്കെടുന്ന ഒരു കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല, പഠനത്തില്‍ ഒട്ടും ഗൗരവമില്ല, പരീക്ഷയും വിജയവുമെല്ലാം ഞങ്ങളുടെ (മാതാപിതാക്കളുടെ) മാത്രം പ്രശ്‌നമാണ് തുടങ്ങി ഒരുപാട് പരാതികള്‍. മകനോട് സംസാരിക്കാം എന്ന് ആശ്വസിപ്പിച്ച് ഫോണ്‍ വെച്ചു.
പിറ്റേ ദിവസം കക്ഷിയോട് സംസാരിച്ചപ്പോള്‍ വലിയ ട്വിസ്റ്റ്. അവന്‍ കുത്തിയിരുന്ന് പഠിക്കുകയായിരുന്നുവത്രെ! പിന്നെ, ഉമ്മ എന്തേ ഇങ്ങനെയെല്ലാം പറഞ്ഞു എന്ന ചോദ്യത്തിനുള്ള അവന്റെ മറുപടി ചിന്തിപ്പിക്കുന്നതായിരുന്നു. സര്‍, ഏതെങ്കിലും ഒരു ഉമ്മ, സ്വന്തം മക്കളെക്കുറിച്ച് നല്ലത് പറയുന്നത് സാറ് കേട്ടിട്ടുണ്ടോ?
മക്കളെക്കുറിച്ച് നല്ലതുമാത്രം ചിന്തിക്കുകയും പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരുപാട് രക്ഷിതാക്കളെ കണ്ടുമുട്ടിയിട്ടുണ്ട്. എന്നാല്‍ കുറ്റപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കടുത്ത നിയന്ത്രണങ്ങള്‍ വരുത്തിയും അവരെ പഠിപ്പിച്ച് കളയാമെന്ന് തെറ്റായി മനസ്സിലാക്കിയവരുടെ എണ്ണവും കുറവല്ല. കളിയും പഠനവും രണ്ട് ധ്രുവങ്ങളല്ല. കളിച്ച് പഠിക്കുക എന്ന മനോഹരമായൊരു പഠനരീതി തന്നെ ഉണ്ട്. നന്നായി കളിക്കുന്നവനേ നന്നായി പഠിക്കാനും പറ്റൂ. കളിതന്നെ വലിയൊരു പഠനവും പാഠവുമാണ്. ഇങ്ങനെയുള്ള ആശയങ്ങളെല്ലാം ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നതോടെ മക്കളെ നന്നായി കളിപ്പിക്കാനും കളിപ്പിച്ച് പഠിപ്പിക്കാനും മാതാപിതാക്കള്‍ തയ്യാറാകും.
ഏതാനും പാഠപുസ്തകങ്ങള്‍, അതിലുള്ളത് വായിച്ചും വായിപ്പിച്ചും മൂന്നോ നാലോ മണിക്കൂറുകള്‍ അധ്യാപികയും മാതാപിതാക്കളും ചേര്‍ന്ന് അവനെ പഠിപ്പിച്ചെടുക്കുന്ന കാര്യങ്ങള്‍, എഴുതിയും വായിച്ചും കാണാപാഠം പഠിച്ചും അവന്‍ കാണാതെ പറയാനും എഴുതാനും പഠിച്ച കുറെ കാര്യങ്ങള്‍, അതെല്ലാം ഓര്‍മയില്‍ സൂക്ഷിച്ച് പരീക്ഷാ പേപ്പര്‍ നിറയ്ക്കാനും എ പ്ലസ് വാങ്ങാനുമുള്ള മിടുക്ക്. ഇതാണോ വിദ്യാഭ്യാസം? പഠനവും പരീക്ഷയും വളരെ പ്രധാനം തന്നെ. എന്നാല്‍ വിദ്യാഭ്യാസം എന്ന വിശാല കാഴ്ചപ്പാടിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് പരീക്ഷാപഠനവും വിജയവും.
സ്‌കൂളിലെത്തുന്നതോടെ കുട്ടി ഒരു സംഘത്തിന്റെ ഭാഗമായി മാറുന്നു. വീടിനെ അപേക്ഷിച്ച് വിശാലമായ ലോകത്തെത്തുന്നു. വലിയൊരു ക്യാന്‍വാസ്. അവന്‍ ഇടപെടുന്നു, ഇടപഴകുന്നു, അനുകരിക്കുന്നു, സഹായിക്കുന്നു, സമ്മാനിക്കുന്നു, മത്സരിക്കുന്നു, ജയിക്കുന്നു, തോല്‍ക്കുന്നു!
ജയം ആഘോഷിക്കാനും തോല്‍വി ഉള്‍ക്കൊള്ളാനും പഠിക്കുന്നു. നിയമങ്ങള്‍ അനുസരിക്കുന്നു. നിയമങ്ങള്‍ ഉണ്ടാക്കാന്‍ പഠിക്കുന്നു. തിരുത്തലുകള്‍ വരുത്തുന്നു. ശരിയായ സാമൂഹീകരണം നടക്കുന്നു. അനുഭവങ്ങളവനെ ശക്തനാക്കുന്നു.
കളിക്കുന്നതെന്തിനാ? കയ്യും കാലും ഇളകി കളിച്ചാല്‍ നല്ല ആരോഗ്യമുണ്ടാകും. നേരത്തെ സൂചിപ്പിച്ചതുപോലെ എനര്‍ജി റിലീസിംഗ് നടക്കും. കളിയിലൂടെ മാനസികോല്ലാസം ലഭിക്കും. സംതൃപ്തിയുണ്ടാകും. ഇനിയും കുറെ ഉത്തരങ്ങള്‍ ഉണ്ട്. ശാരീരികാരോഗ്യം പോലെത്തന്നെ പ്രാധാന്യമുള്ള മാനസികാരോഗ്യം നേടുന്നതിന് കുട്ടി മതിമറന്ന് കളിക്കട്ടെ.
കളിച്ചു പഠിക്കുക എന്ന ആശയം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടോ? മാനസികോല്ലാസം സമ്മാനിക്കുന്നതാണ് ഓരോ കളികളും. കളിയെന്നാല്‍ പൊതുവെ സംഘ പ്രവര്‍ത്തനമാണ്. സഹകരണവും സഹായവും പിന്തുണയുമെല്ലാം വളരെ പ്രധാനം. കുട്ടിയുടെ പഠന വിഭവങ്ങള്‍ കളിയുപകരണങ്ങളായി അവന്റെ കയ്യിലെത്തണം. ഒറ്റക്ക് കുത്തിയിരുന്ന് പഠിക്കണ്ട. മാതാവിന് അവന്റെ കൂടെക്കൂടാം. സമപ്രായക്കാരായ കൂട്ടുകാരെയോ അയല്‍വാസികളെയോ കൂടെ കൂട്ടാം. വീട്ടിലെ ഇത്താത്തമാര്‍ക്ക് അവനോടൊപ്പം ഇരിക്കാം. എല്ലാവരും ചേര്‍ന്ന് പഠിക്കുക. അവന്‍ പൂര്‍ത്തിയാക്കുന്ന വര്‍ക്ഷീറ്റ് ബോര്‍ഡറുകളും ചിത്രങ്ങളും വരച്ച് മനോഹരമാക്കി നല്‍കാം. പിഴവുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ നമുക്കുതന്നെ തിരുത്താം. സഹായമാവശ്യമില്ലെങ്കില്‍ മറ്റൊരു വര്‍ക്ഷീറ്റെടുത്ത് അവനരികിലിരുന്ന് നമുക്ക് പൂര്‍ത്തിയാക്കാം. അവനൊരു ദൗത്യത്തില്‍ മുഴുകുമ്പോള്‍ സഹായവും പിന്തുണയുമായി ആരൊക്കെയോ ചുറ്റും ഉണ്ടെന്ന് അവന് ആശ്വസിക്കാനാവണം. അവനെ പഠിപ്പിക്കുകയല്ലെന്ന് പ്രത്യേകം ഓര്‍ക്കണം. അവന്റെ കൂടെ പഠിക്കുകയാണ്. അവനോട് സഹായം തേടണം. സംശയങ്ങള്‍ ചോദിക്കണം. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ സഹായം നല്‍കി കൂടെ ഉണ്ടാവണം.
നമ്മുടെ മക്കള്‍ ആദ്യമായി തോറ്റതെവിടെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? കളിയിലാണ്. കളിയിലവന്‍ പല തവണ ജയിക്കുകയും തോല്‍ക്കുകയും ചെയ്യുന്നുണ്ട്. തോല്‍ക്കുക എന്നതിന് തോല്‍ക്കാന്‍ പഠിക്കുക എന്നൊരു അര്‍ഥം കൂടിയുണ്ട്. തോല്‍വി ഉള്‍ക്കൊള്ളാന്‍ പഠിക്കുന്നത് ചെറിയ കാര്യമല്ല. ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വലിയ തോല്‍വികളില്‍ പോലും പതറാതിരിക്കാനും പിടിച്ചു നില്‍ക്കാനും അവനെ കരുത്തനാക്കും. കളിയില്‍ വഴങ്ങിക്കൊടുക്കുകയും വിട്ടുവീഴ്ച ചെയ്യുകയും വേണ്ടി വരും. പരസ്പരം സഹായിക്കാതെയും സഹകരിക്കാതെയും ഒരു കളിയും ജയിക്കാനാവില്ലല്ലോ. ടീമുകളാണ് ഏറ്റുമുട്ടുന്നത്. മികച്ച ടീമുകള്‍ രൂപീകരിച്ചെടുക്കാന്‍ കഴിയുന്നതിലും വലിയൊരു വിദ്യാഭ്യാസമില്ല. ഭാവിയില്‍ വീടിനകത്തും ജോലിസ്ഥലത്തും പൊതു ഇടങ്ങളിലും ടീമുകള്‍ തീര്‍ക്കാനും ടീമുകളിലിടം നേടാനും അവനു കഴിയും. കളി എന്നാല്‍ കേവലം കുട്ടിക്കളിയല്ലെന്നു സാരം.
കളിക്കാനായി ജനിച്ചതാണെന്ന് തോന്നുന്നു എന്ന് മക്കളെക്കുറിച്ച് പരിഭവം പറയുന്ന രക്ഷിതാക്കളെ കണ്ടിട്ടുണ്ടോ? ആ പരാതിയിലൊരു സത്യമുണ്ട്. അങ്ങനെ കളിച്ച് വളരാനായി ജനിച്ച കുട്ടികളും ഭൂമിയിലുണ്ട്. ഹൊവാഡ് ഗാഡ്‌നറുടെ ‘മള്‍ട്ടിപ്പ്ള്‍ ഇന്റലിജന്റ്‌സ്’ സിദ്ധാന്തം ഇത് കൃത്യമായി വിശദീകരിക്കുന്നുണ്ട്. (അക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യാം)
കളിക്കാനായി ജനിച്ചവന്‍ ഏത് പ്രതിബന്ധങ്ങളെയും അതിജീവിച്ച് കളിക്കും, വളരും, ഒരു ഇടം നേടുകയും ചെയ്യും. പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നതിനു പകരം പ്രോത്സാഹനവും പിന്തുണയുമായി മാതാപിതാക്കള്‍ പിന്നാലെയുണ്ടെങ്കില്‍ ഒറ്റക്കെത്തിയതിലും ഉയരത്തിലായിരിക്കും അവന്റെ സ്ഥാനം. കളിക്കാനിറങ്ങിയ മകന്‍ പഠിക്കുന്നില്ലെന്നാക്ഷേപിച്ച് നിരന്തരം തടസ്സങ്ങള്‍ തീര്‍ത്ത ഒരു കുടുംബത്തെ അറിയാം. എന്നിട്ടും മകന്‍ സന്തോഷ് ട്രോഫിയോളം വളര്‍ന്നു. സര്‍ക്കാര്‍ ജോലിയും കിട്ടി. മാതാപിതാക്കള്‍ കൈപിടിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഇന്ത്യക്ക് കളിച്ചേനേ എന്ന് ആ പ്രതിഭ പരിഭവം പറഞ്ഞിട്ടുണ്ട്.
സച്ചിന്‍ തെണ്ടുല്‍ക്കറുടെ ആത്മകഥ വായിച്ചിട്ടുണ്ടോ? മകനിലൊരു കളിക്കാരനുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് എങ്ങനെ അവനെ വളര്‍ത്തിയെടുക്കാമെന്ന് ആ കഥ പറഞ്ഞു തരും. മക്കള്‍ എത്രമാത്രം വളരുമെന്ന ചോദ്യത്തിന്് സച്ചിന്‍ തന്നെ ഉത്തരം.
1992 ബാര്‍സിലോണ ഒളിമ്പിക്‌സ് എന്ന് യുട്യൂബില്‍ സെര്‍ച്ച് ചെയ്തു നോക്കൂ. ഡെറിക് റെഡ്മണ്ട് എന്ന ഇതിഹാസ താരത്തെയും അച്ഛനെയും പരിചയപ്പെടാം. 400 മീറ്റര്‍ ഓട്ടമത്സരത്തിന്റെ ഫൈനല്‍ നടക്കുന്നു. ഡെറിക് സ്വര്‍ണം നേടും എന്നായിരുന്നു ലോകത്തിന്റെ കണക്കുകൂട്ടല്‍. മത്സരം ആരംഭിച്ചു. 150 മീറ്റര്‍ പിന്നിട്ടതേയുള്ളൂ, കടുത്ത മസില്‍ വേദനയില്‍ തളര്‍ന്ന് ഡെറിക് ട്രാക്കില്‍ ഇടറിവീണു. ശരീരം വഴങ്ങുന്നില്ല, പക്ഷെ, വേദന മനസ്സിനായിരുന്നു. വീണിടത്തുനിന്നെഴുന്നേറ്റ് ഡെറിക് വേച്ചുവേച്ച് ഏതാനും ചുവടുകള്‍ നടന്നു. സ്റ്റേഡിയം ഒന്നാകെ അമ്പരന്നെഴുന്നേറ്റ് മുഖം പൊത്തി ശ്വാസമടക്കിപ്പിടിച്ച് നില്‍ക്കുന്നു. വല്ലാത്ത നിമിഷങ്ങള്‍.
ബാരിക്കേഡുകള്‍ക്ക് മുകളിലൂടെ ചാടി ഒരാള്‍ ഡെറിക്കിനരികിലേക്കോടിയെത്തി. അച്ഛനാണെന്നറിഞ്ഞപ്പോള്‍ സെക്യൂരിറ്റിക്കാര്‍ തടഞ്ഞില്ല. സ്‌നേഹനിധിയായ ആ പിതാവ് മകനെ നെഞ്ചോട് ചേര്‍ത്തു. മുന്നോട്ട് പോകാനാവാതെ വിഷമിച്ച മകനെ ആശ്വസിപ്പിച്ചു. മത്സരം കഴിഞ്ഞു, നമുക്ക് മടങ്ങാം എന്നു പറഞ്ഞു. മകന്‍ സമ്മതിച്ചില്ല. 400 മീറ്റര്‍ ഒളിമ്പിക് ട്രാക്ക് വട്ടം പൂര്‍ത്തിയാക്കിയിട്ടേ ഞാന്‍ മടങ്ങൂ എന്നായിരുന്നു ആ താരത്തിന്റെ മറുപടി.
എങ്കില്‍ ഞാനുണ്ട് കൂടെ! പരാജയത്തിന്റെ പടുകുഴിയില്‍നിന്ന് മനക്കരുത്തോടെ കുതിച്ചുപൊന്താന്‍ ശക്തി പകരുന്ന വാക്കുകള്‍. എങ്കില്‍ ഞാനുണ്ട് കൂടെ! ആ താരം പ്രിയ പിതാവിന്റെ നെഞ്ചില്‍ തലയമര്‍ത്തി കരഞ്ഞു. മകന്റെ എല്ലാ വിഷമങ്ങളും തന്റെ ചുമലില്‍ ഏറ്റുവാങ്ങി മകനെ താങ്ങി ആ പിതാവ് മകനോടോപ്പം ട്രാക്കിലൊരു ചുറ്റ് പൂര്‍ത്തിയാക്കി. അങ്ങേയറ്റത്തെ ആദരവോടെ പതിനായിരങ്ങള്‍ എഴുന്നേറ്റുനിന്നു. കണ്ണീരിനിടയിലും പുഞ്ചിരിച്ചുകൊണ്ട് അവര്‍ കയ്യടിച്ചു. വളര്‍ത്തിത്തുടങ്ങിയ കാലം മുതല്‍ മോനേ, നിനക്കു ഞാനുണ്ടാകും എന്ന് നല്‍കിയ വാക്ക് പൂര്‍ത്തീകരിക്കുകയായിരുന്നു ആ പിതാവ്.
അങ്ങനെയൊരു സന്ദേശം നല്‍കി കൂടെ നിന്നതുകൊണ്ടാണ് ഡെറിക് റെഡ്മണ്ട് എന്ന മഹാ പ്രതിഭ വളര്‍ന്നുവന്നത് എന്നതാണ് ഈ സംഭവത്തില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ട പാഠം. കളിക്കുമ്പോഴും പഠിക്കുമ്പോഴും പ്രതിസന്ധിയില്‍ പെട്ടാല്‍ ജീവന്‍ നല്‍കിയും കൂടെയുണ്ടാകുമെന്ന സന്ദേശം മ ക്കള്‍ക്കു നല്‍കാന്‍ നമുക്കാവുമോ? ഓരോ കുട്ടികളും ഓരോ പ്രതിഭകളായി വളരുന്നത് അനുഭവിച്ചറിയാം.

2 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x