6 Friday
September 2024
2024 September 6
1446 Rabie Al-Awwal 2

ഏറ്റവും നല്ല കുട്ടി

സലീം ടി പെരിമ്പലം

നല്ല കുട്ടികളുടെ ലക്ഷണങ്ങള്‍ നാം അറിയണം. ആ ലക്ഷണങ്ങള്‍ ഓരോന്നായി നമ്മുടെ മക്കളില്‍ വളര്‍ത്തിയെടുക്കുന്നതിലൂടെ മക്കളും നല്ലവരായി വളരും. നല്ല കുട്ടികളുടെ എത്ര ലക്ഷണങ്ങള്‍ നമുക്ക് കണ്ടെത്താനാകും. മൂന്നക്കം കടക്കുമോ? അതെ എന്നാണുത്തരം. മുന്നൂറിലേറെ ഗുണവിശേഷങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്തിയ മനശ്ശാസ്ത്രജ്ഞരുണ്ട്. നല്ല കുട്ടികളുടേതായി വിരലിലെണ്ണാവുന്ന ലക്ഷണങ്ങളും ഗുണവിശേഷങ്ങളും ചിന്തിച്ചെടുക്കാനേ നമ്മളില്‍ പലര്‍ക്കും കഴിഞ്ഞുള്ളൂ എന്ന കാര്യം ഓര്‍മയില്‍ ഉണ്ടാവണം. അതില്‍ തന്നെ നമ്മുടെ പല ധാരണകളും തിരുത്തുന്നതിനും നിലപാടുകളില്‍ മാറ്റം വരുത്തുന്നതിനും മുന്‍ ലക്കങ്ങളിലെ ചര്‍ച്ച നമുക്ക് സഹായകരമായിട്ടുണ്ട്.
നല്ല കുട്ടികളുടെ ലക്ഷണങ്ങള്‍ നമുക്കും എഴുതി തയ്യാറാക്കാം. മക്കള്‍ വളരുമ്പോള്‍, വളര്‍ന്ന് വലുതാകുമ്പോള്‍ അവരുടെ സ്വഭാവ ഗുണങ്ങളില്‍ ഉണ്ടാവണമെന്ന് നാം ആഗ്രഹിക്കുന്ന മുഴുവന്‍ കാര്യങ്ങളും അതില്‍ ഉള്‍പ്പെടുത്താം. അപ്പോഴത് മുന്നൂറില്‍ പരിമിതപ്പെടണം എന്നില്ല. അങ്ങനെ പരിമിതപ്പെടുത്തേണ്ടതും ഇല്ലല്ലോ. ഏറ്റവും മികച്ചത് തന്നെ ആഗ്രഹിക്കുകയും മോഹിക്കുകയും അവ കുറിച്ചിടുകയും ചെയ്യണം. പ്രാര്‍ഥിക്കുമ്പോള്‍ ഏറ്റവും നല്ലതിനുവേണ്ടി പ്രാര്‍ഥിക്കണമെന്നാണല്ലോ. മക്കളെക്കുറിച്ചുള്ള നമ്മുടെ മോഹങ്ങളെല്ലാം പ്രാര്‍ഥനകളായി മാറണം. മികച്ച സ്വഭാവ ഗുണങ്ങള്‍ അവനില്‍ വളര്‍ന്നുവരാനും നിലനില്‍ക്കാനും നാം കടലാസില്‍ തയ്യാറാക്കുന്ന കുറിപ്പുകളെക്കാള്‍ തെളിച്ചത്തില്‍ അവയോരോന്നും നമ്മുടെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കട്ടെ. നിങ്ങള്‍ ഒരു കാര്യം തീവ്രമായി മോഹിച്ചാല്‍ പ്രപഞ്ചം മുഴുവന്‍ ആ കാര്യത്തിന്റെ സാക്ഷാത്കാരത്തിനായി നിങ്ങള്‍ക്കുവേണ്ടി ഗൂഢാലോചന നടത്തുമെന്ന പൗലോ കൊയ്‌ലോയുടെ പ്രസിദ്ധ വരികള്‍ കേട്ടിട്ടില്ലേ.
എങ്കില്‍ നമ്മുടെ തീവ്രമായ മോഹങ്ങള്‍ നമ്മുടെ മക്കള്‍ക്കുവേണ്ടി ട്യൂണ്‍ ചെയ്ത് വെക്കാമല്ലോ. മക്കളെ കുറ്റപ്പെടുത്തുന്നതിനും കുറവുകള്‍ കണ്ടെത്തുന്നതിനും ശ്രമിക്കുന്നതിന് പകരം അവരുടെ വ്യക്തിത്വ സവിശേഷതകള്‍ മനസ്സിലാക്കുന്നതിനും അവരിലുള്ള നന്മകളും കഴിവുകളും തിരിച്ചറിയുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനും ശ്രദ്ധ ചെലുത്തുന്ന മനസ്സ് നമ്മുടെയുള്ളില്‍ പാകപ്പെട്ടുവരാന്‍ ഈ ചിന്താഗതി സഹായിക്കും.
ലോകത്തെ ഏറ്റവും നല്ല കുട്ടി ആരാണ്? നല്ല കുട്ടികളുടേതായി മുന്നൂറിലേറെ ലക്ഷണങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്താന്‍ കഴിഞ്ഞതായി സൂചിപ്പിച്ചുവല്ലോ. ആ ലക്ഷണങ്ങളെല്ലാം ഉള്ള കുട്ടിയായിരിക്കും ലോകത്തെ ഏറ്റവും നല്ല കുട്ടി. അങ്ങനെയൊരു കുട്ടി ഉണ്ടെന്നു കരുതുക. സ്വപ്‌നം കാണാനാവാത്ത ഒരു വാഗ്ദാനവുമായി ഒരു ശാസ്ത്രജ്ഞന്‍ ആ കുട്ടിയെ നമ്മുടെ മുന്നിലെത്തിക്കുന്നു. ലോകത്തെ ഏറ്റവും മികച്ചവനെന്ന് കണ്ടെത്തിയ കുഞ്ഞിനെ അദ്ദേഹം ഉമ്മയ്ക്ക് നല്‍കാന്‍ തയ്യാറാണ്. ഉമ്മയുടെ കയ്യിലുള്ള, ഒരുപാട് പോരായ്മകള്‍ ഉണ്ടെന്ന് ഉമ്മ കരുതുന്ന ഒരു കുഞ്ഞുണ്ടല്ലോ. ആ കുഞ്ഞിനെ പകരം നല്‍കിയാല്‍ മതി. എക്‌സ്‌ചേഞ്ച് ഓഫര്‍ തന്നെ. നിസ്സാരമായ വാഗ്ദാനമല്ല. ലോകത്തെ ഏറ്റവും നല്ല കുട്ടിയാണ് ഉമ്മയുടെ സ്വന്തം ആകാന്‍ പോകുന്നത്.
കൗതുകത്തിനുവേണ്ടി ഒന്നിങ്ങനെ ചിന്തിച്ചുനോക്കൂ. ആ കുട്ടിയെ നാം സ്വീകരിക്കുന്നു. പ്രസവിച്ച് വളര്‍ത്തി വലുതാക്കിയ കുഞ്ഞിനെ പകരം നല്‍കുന്നു. കരള് പിടയ്ക്കും. ഏതെങ്കിലും ഉമ്മ സമ്മതിക്കുമോ? ഇല്ല. അതെന്താ സമ്മതിക്കാത്തത്? മനസ്സിനോട് ഈ ചോദ്യം തുടരെ ചോദിക്കുക. വിസ്മയത്തോടെ ഒരു സത്യം നമുക്ക് തിരിച്ചറിയാനാവും. ഉമ്മയുടെ മടിത്തട്ടിലിരിക്കുന്ന കുഞ്ഞ് തന്നെയാണ് ഏറ്റവും നല്ല കുട്ടി.
ലോകത്തെ ഏറ്റവും നല്ല കുഞ്ഞിനെയാണ് ദൈവം തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് ഉമ്മ അറിയണം. ഉറച്ചു വിശ്വസിക്കണം. എന്റെ കയ്യിലാണ് ലോകത്തേറ്റവും നല്ല കുഞ്ഞിനെ ദൈവം ഏല്‍പ്പിച്ചിരിക്കുന്നത് എന്ന ഉത്തമ ബോധ്യമുള്ള ഒരു ഉമ്മയ്ക്ക് ആ കുഞ്ഞിനെ ആത്മവിശ്വാസത്തോടെ വളര്‍ത്തി വലുതാക്കി കരുത്തനാക്കിയെടുക്കാന്‍ സാധിക്കും.
നല്ല മക്കളെ വളര്‍ത്തിയെടുക്കുന്നതിനുള്ള ഒന്നാമത്തെ വ്യവസ്ഥ ഇതാണ്. മക്കള്‍ നല്ലവരാണെന്ന് അംഗീകരിക്കുകയും വിശ്വസിക്കുകയും വേണം. ഏറ്റവും നല്ല കുട്ടി എന്റെ കുട്ടി എന്നു തന്നെയായിരിക്കണം ചിന്ത. അതു പക്ഷേ, വേറെ ആരെങ്കിലും അംഗീകരിക്കുമോ? അങ്ങനെയൊരു അംഗീകാരത്തിന്റെ ആവശ്യമില്ലല്ലോ. മാത്രമല്ല, ഏറ്റവും നല്ലവനെന്നോ നല്ലവളെന്നോ വിലയിരുത്താന്‍ അവര്‍ക്ക് അവരുടെ മക്കളുണ്ടല്ലോ. അംഗീകരിക്കേണ്ടത് മാതാപിതാക്കളാണ്.
അത് മക്കളോട് പറയുകയും ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് പിന്നെ ചെയ്യാനുള്ളത്. നീ ഏറ്റവും നല്ല കുട്ടിയാണെന്ന് അവനോട് പറയണം. നിരന്തരം പറയണം. ഒരു ദിവസം തന്നെ പല തവണ പറയണം. നല്ലതു ചെയ്യുമ്പോള്‍, അരുതാത്തതു ചെയ്യുമ്പോള്‍, പ്രത്യേകിച്ചൊന്നും ചെയ്യാതെ വെറുതെയിരിക്കുമ്പോള്‍, എല്ലാ അവസ്ഥകളിലും അവനോട് മന്ത്രിക്കേണ്ടത് നീയൊരു നല്ല കുട്ടിയാണ് എന്നാണ്.
നല്ല കുട്ടി എന്ന് അവന്റെ ഉമ്മ നിരന്തരം പറയുന്നതുകൊണ്ടുള്ള ഗുണം എന്താണ്. അവനത് വിശ്വസിക്കും എന്നതാണ് ഉത്തരം. ഉമ്മയുടെ വാക്കുകള്‍ അവനു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളാണ്. സീല് പതിപ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍. എത്ര കാലം കഴിഞ്ഞാലും അത് തെളിമയോടെ മനസ്സില്‍ നിലനില്‍ക്കും. അവനത്രമേല്‍ വിശ്വസിക്കുന്ന ഉമ്മയുടെ വാക്കുകള്‍ ഉപബോധ മനസ്സ് നേരിട്ട് സ്വീകരിക്കുന്നതിനാലാണ് അതങ്ങനെത്തന്നെ സ്വീകരിക്കുന്നത്.
ബോധ മനസ്സിന്റെയും ഉപബോധ മനസ്സിന്റെയും വ്യത്യാസം അറിയാമല്ലോ. ബോധ മനസ്സ് ചോദ്യം ചെയ്യും. കാര്യങ്ങള്‍ വിശകലനം ചെയ്യും. ബോധ്യപ്പെട്ടെങ്കിലേ അംഗീകരിക്കുകയുള്ളൂ. സൂര്യനെക്കാണുന്നുവല്ലോ, ഇപ്പോള്‍ പകലാണെന്ന് ഒരാള്‍ നിങ്ങളോട് പറഞ്ഞു എന്ന് കരുതുക. പറയുന്ന സമയത്ത് പകലാണെങ്കില്‍ മാത്രമേ നിങ്ങളത് അംഗീകരിക്കൂ. ഇനി നാം ഹിപ്‌നോട്ടിസത്തിനു വിധേയനായി എന്നു കരുതുക. ആ ഹിപ്‌നോട്ടിക് വിദ്ഗധന്റെ വാക്കുകള്‍ നിങ്ങളുടെ ഉപബോധ മനസ്സിലേക്കാണ് പ്രവേശിക്കുന്നത്. നട്ടപ്പാതിരക്ക് നിങ്ങളെ ഹിപ്‌നോട്ടിസ് ചെയ്ത് ഇപ്പോള്‍ പകലാണെന്ന് പറഞ്ഞാല്‍ ഉപബോധ മനസ്സ് അത് വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യും. പകല്‍ അനുഭവപ്പെടുകയും ചെയ്യും.
എന്തുകൊണ്ട് മാതാവിന്റെ വാക്കുകള്‍ അവന്റെ ഉപബോധ മനസ്സിലേക്ക് പ്രവേശിക്കുന്നു? കരുതലോടെ വളര്‍ത്തുന്ന പെറ്റുമ്മയെ അവന്‍ അത്രമാത്രം വിശ്വസിക്കുന്നു എന്നാണ് ഉത്തരം. ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ ഉമ്മ ഇരു കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച് മുകളിലേക്കെറിയുന്നു എന്ന് കരുതുക. അവന്‍ ഭയപ്പെടില്ല. കുഞ്ഞ് ആര്‍ത്തു ചിരിക്കും. കരുതലോടെ വളര്‍ത്തുന്ന ഉമ്മ അവനെ ഒരു അപകടത്തിലേക്ക് വലിച്ചെറിയില്ലെന്ന് അവന് ബോധ്യമുണ്ട്. വിശ്വാസമുണ്ട്. ആ വിശ്വാസമാണ് അവന് നിര്‍ഭയത്വം നല്‍കിയത്. ആ വിശ്വാസമാണ് ഉമ്മയുടെ വാക്കുകള്‍ ചോദ്യം ചെയ്യാതെ സ്വീകരിക്കാന്‍ അവന്റെ മനസ്സിനെ സജ്ജമാക്കിയതും. നല്ല കുട്ടി എന്ന് നിരന്തരം പറയൂ.
അവനത് വിശ്വസിക്കും. അവന്‍ അങ്ങനെ ആയി മാറുകയും ചെയ്യും. ഇനി ഇതിന്റെ മറുവശം ചിന്തിച്ചുനോക്കൂ. ശപിക്കുകയും കുറ്റപ്പെടുത്തുകയും ഇകഴ്ത്തിപ്പറയുകയും ചെയ്യുന്ന രക്ഷിതാക്കള്‍! നീയത്ര പോര എന്ന സന്ദേശം പകരുന്നവര്‍! മക്കളോട് ഇഷ്ടമുള്ള അവസ്ഥയില്‍ പോലും അറിവില്ലായ്മ കാരണം മക്കളെ ‘പൊട്ടത്തി’ എന്നും ‘മണ്ടന്‍’ എന്നുമെല്ലാം വിളിക്കുന്ന മാതാപിതാക്കളെ കാണാനിടയായിട്ടുണ്ട്. ഒരക്ഷരം പഠിക്കില്ല സാറേ, കണക്ക് അവന്റെ മണ്ടയില്‍ കയറില്ല, പറഞ്ഞാല്‍ അനുസരിക്കില്ല, എന്തെല്ലാം പരാമര്‍ശങ്ങള്‍. മക്കളുടെ മുമ്പില്‍ വെച്ച് അവര്‍ കേള്‍ക്കെയാണ് ഇത് പറയുന്നത്. എടാ പൊട്ടാ, എടീ പൊട്ടത്തീ എന്നീ വാക്കുകള്‍ നിത്യജീവിതത്തില്‍ ശീലമാക്കിയവര്‍ പോലും വിരളമല്ല. അവര്‍ മക്കള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്താണെന്ന് നോക്കൂ. മാതാപിതാക്കളുടെ വാക്കുകളില്‍ നിന്ന് മക്കള്‍ സ്വന്തത്തെക്കുറിച്ച് രൂപീകരിച്ചെടുക്കുന്ന ചിത്രം എന്തായിരിക്കും.
മക്കളോട് നല്ലത് പറയൂ, നല്ലവരെന്ന് പറയൂ, അവര്‍ നല്ലവരായി വളരുമെന്ന് മനശാസ്ത്രം. മക്കളില്‍ ചീത്ത വ്യക്തിത്വം രൂപപ്പെടാന്‍ മാതാപിതാക്കളുടെ വാക്കുകള്‍ നിമിത്തമാകുമെന്നും പാഠം. മക്കളെ ശപിക്കരുത്, ശാപ വാക്കുകള്‍ പറയരുത്, അവര്‍ അങ്ങനെയായി മാറും എന്ന പ്രവാചക വചനം ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x