7 Saturday
September 2024
2024 September 7
1446 Rabie Al-Awwal 3

കുട്ടികള്‍ മുതിര്‍ന്നവരെ ബഹുമാനിക്കണം – സലീം ടി പെരിമ്പലം

കുട്ടികളായാല്‍ മുതിര്‍ന്നവരോട് ബഹുമാനമുണ്ടാവണം. 2020 മോഡല്‍ ബഹുമാനം! കാലം മാറുംതോറും ബഹുമാനത്തിന്‍റെ കോലവും മാറുന്നുണ്ട്. അതുകൊണ്ടാണ് 2020 മോഡലെന്ന് പരാമര്‍ശിച്ചത്. എന്താണ് ബഹുമാനം? മുതിര്‍ന്ന ആളുകളുമായി ഇടപഴകുമ്പോള്‍ അവരോട് കാണിക്കേണ്ട പെരുമാറ്റ മര്യാദകളും വിനയവുമാണല്ലോ ഈ പദം കൊണ്ടുദ്ദേശിക്കുന്നത്. ഈ പറഞ്ഞ ബഹുമാനം പ്രകടിപ്പിക്കുന്ന രീതി കാലാകാലങ്ങളില്‍ മാറിവരുന്നുണ്ടെന്ന് നാം തിരിച്ചറിയണം. ഒരുദാഹരണം പറയാം.
ഞാനെന്‍റെ പിതാവിന് ചായ കൊണ്ടുപോയി കൊടുക്കുന്നു എന്നു കരുതുക. വളരെ കരുതലോടെ അടുത്തു ചെല്ലും. രണ്ട് കൈകള്‍ കൊണ്ടും ഗ്ലാസ് പിടിച്ച് പതുക്കെ മുന്നില്‍ വെക്കും. കുടിച്ച് തീരുന്നതുവരെ അടുത്തു തന്നെ നില്‍ക്കും. മതിയായോ, ഇനി വേണോ എന്ന് ഉപചാരം ചോദിക്കും. ഗ്ലാസ്സെടുത്ത് പതുക്കെ പിന്‍വാങ്ങും. എണ്‍പതുകളിലെ ബഹുമാനം! വല്യുപ്പയ്ക്ക് ചായ കൊണ്ടുകൊടുക്കുന്ന എന്‍റെ മകള്‍ക്കും ഈ മര്യാദകളെല്ലാം പാലിക്കാനും ബഹുമാനിക്കാനും അറിയാം.
ഇനി 2020-ലേക്കു വരാം. ഞാനെന്‍റെ മകളോട് ചായ ചോദിക്കുന്നു. ‘ഇപ്പോള്‍ വേണോ, ഞാനിതെഴുതിക്കഴിഞ്ഞിട്ട് പോരേ’ എന്നു ചോദിക്കും. എണ്‍പതുകളില്‍ ചോദിക്കാന്‍ പാടില്ലാതിരുന്ന ചോദ്യം. ഇപ്പോഴങ്ങനെ ചോദിക്കാം. ഞാനിങ്ങനെ ചിന്തിക്കണം. ശരിയാണല്ലോ, അല്പം താമസിച്ചാലെന്താ, ആ… മതി എന്നുത്തരം നല്‍കും.
ഇനി ഞാന്‍ പരവശനാണെന്നു കരുതുക. ‘നീ കൊണ്ടുവാ മോളേ’ എന്നൊന്നമര്‍ത്തി പറഞ്ഞാല്‍ മതി, എഴുത്ത് നിര്‍ത്തി ചായ കൊണ്ടുവരാന്‍ അവള്‍ തയ്യാറാണ്. ഇടയ്ക്കൊരു ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യം 2020-ല്‍ ഉണ്ട്. അതിനെ ബഹുമാനമില്ലായ്മയെന്ന് വിശേഷിപ്പിക്കുന്നത് അബദ്ധമായിമാറും.
എണ്‍പതുകളോ തൊണ്ണൂറുകളോ ആവട്ടെ, നാം നമ്മുടെ അധ്യാപകരെ ബഹുമാനിച്ചിരുന്നതെങ്ങനെയാണ്? വഴിയിലെവിടെയെങ്കിലും അവരിലൊരാളെ കണ്ടെന്നു കരുതുക. കണ്‍മുന്നില്‍ പെട്ടുപോകാതിരിക്കാനായിരിക്കും ആദ്യം ശ്രമിക്കുക. അഥവാ, മുന്നിലെങ്ങാനും പെട്ടുപോയാലോ. ആകെക്കൂടി ഒരു പരവേശമാണ്. മുണ്ടുടുത്തവര്‍ മടക്കിക്കുത്തൊക്കെ അഴിച്ച് അതി വിനയം കാണിച്ച് ഒതുങ്ങി നില്‍ക്കും. ഗൗരവത്തിലുള്ള ഒന്നോ രണ്ടോ ചോദ്യങ്ങള്‍ ഉണ്ടാകും. ഒന്നോ രണ്ടോ വാക്കുകളില്‍ മറുപടി പറഞ്ഞ് വഴിമാറും.
ഇനി 2020-ലേക്കു വരാം. സാമാന്യം ജനത്തിരക്കുള്ള അങ്ങാടിയില്‍ നില്‍ക്കുകയായിരുന്നു. കുറച്ചകലെ നിന്ന് ഉച്ചത്തിലൊരു വിളി. സാര്‍. എന്‍റെ ക്ലാസില്‍ പഠിക്കുന്ന ഒരു മിടുക്കന്‍ കാറില്‍ നിന്നിറങ്ങി കൈ വീശി ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. ബന്ധുക്കളാരൊക്കെയോ കാറിലുണ്ട്. അവരും എന്നെത്തന്നെ നോക്കുന്നു. ചുറ്റുപാടും നിന്നിരുന്ന ആളുകളില്‍ ചിലരൊക്കെ ശ്രദ്ധിക്കുന്നതറിഞ്ഞ് ചെറിയൊരു ചമ്മലോടെ അവനു നേരെ കൈ വീശി. ഞാന്‍ കണ്ടെന്നുറപ്പായപ്പോള്‍ മുഖത്ത് സന്തോഷം വര്‍ധിക്കുന്നു. എങ്ങോട്ടാ? നിഷ്കളങ്കമായ ചോദ്യം. മറുപടി മുഴുവന്‍ കേട്ടോ എന്നറിയില്ല. സംതൃപ്തിയോടെ അവന്‍ കാറിലേക്ക് കയറവെ ഒരു ചോദ്യംകൂടി. നാളെ വരില്ലേ?
ഈ ഇഷ്ടവും സ്നേഹവും അവര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യമുണ്ടല്ലോ, നിര്‍ഭയത്വമുണ്ടല്ലോ, അതില്‍ നിന്നുണ്ടാകുന്ന വാക്കുകളും പ്രതികരണവുമുണ്ടല്ലോ. അതാണ് 2020-ലെ ബഹുമാനം. അത് തിരിച്ചറിയാനാവാതെ പോയവര്‍ ചായക്കടകളിലിരുന്ന് പരിഭവം പറയും. പണ്ടൊക്കെ മുതിര്‍ന്നവരോടും അധ്യാപകരോടുമെല്ലാം എന്തോരു ബഹുമാനമായിരുന്നു. ഇക്കാലത്തെ കുട്ടികള്‍…
കുറെക്കൂടി പിന്നോട്ടുപോയാല്‍ ബഹുമാന പ്രകടനത്തിന്‍റെ അന്നത്തെ രീതികള്‍ മനസ്സിലാക്കിയെടുക്കാം. ഒരായുസ്സ് മുഴുവന്‍ ഒരുമിച്ച് ജീവിച്ചിട്ടും ബഹുമാനം കാരണം വല്യുപ്പയുടെ മുഖത്തേക്കൊന്ന് നോക്കുക പോലും ചെയ്യാതെ ജീവിച്ചു മരിച്ചുപോയ ചില വല്യുമ്മമാരുണ്ട്. വാതിലിന് വെളിയില്‍ നിന്ന് തല അല്പമൊന്ന് അകത്തേക്കിട്ട് മുഖത്തേക്ക് കണ്ണയക്കാതെ ശബ്ദം താഴ്ത്തി വല്യുമ്മ ചോദിക്കും. അരി എത്രയാണെടുക്കേണ്ടത്?
അക്കാലത്തെ ബഹുമാനം അതേ രൂപത്തില്‍ തിരിച്ചുവരണമെന്ന് ആരും ആഗ്രഹിക്കുന്നുണ്ടാവില്ല. എണ്‍പതോ തൊണ്ണൂറോ രണ്ടായിരമോ തിരികെ വരണമെന്ന് ആരൊക്കെ ആഗ്രഹിച്ചാലും പുതു തലമുറയ്ക്ക് സമ്മതമാവില്ല. കാലത്തെ മുന്നോട്ടു ഗമിക്കാന്‍ വിടില്ലെന്ന് വാശിപിടിച്ച് ഘടികാര സൂചികളില്‍ തൂങ്ങിപ്പിടിച്ചാല്‍ അവ നമ്മെയുംകൊണ്ട് കറങ്ങുമെന്ന് കേട്ടിട്ടില്ലേ. കാലം വരുത്തുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടേ പറ്റൂ. ബഹുമാനം 2020 മോഡല്‍ മതി.
ഇനി ചിന്ത മറ്റൊരു രീതിയിലാവട്ടെ. നമുക്ക് കുട്ടികളെ ബഹുമാനിക്കാന്‍ പഠിക്കാം. അതൊരു കരുതലാണ്. തികഞ്ഞ ആത്മ വിശ്വാസത്തോടെ വളരാന്‍ കുട്ടിയെ പ്രാപ്തനാക്കുന്നതിന് നമുക്കുണ്ടായിരിക്കേണ്ട കരുതല്‍.
കുട്ടിയെ ബഹുമാനിക്കുക എന്ന ആശയംതന്നെ ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെടുന്നവരുണ്ടാകാം. അതിന്‍റെ വിശദാംശങ്ങളറിയാതെ ആശയക്കുഴപ്പത്തിലാകുന്നവരും ഉണ്ടാകും. ഇക്കാര്യത്തില്‍ വിശദമായ ചില അന്വേഷണങ്ങള്‍ നാം പിന്നീട് നടത്തുന്നുണ്ട്. കുട്ടികളെ ബഹുമാനിക്കേണ്ടതിന്‍റെ ആദ്യപാഠം ഇപ്പോള്‍ തുടങ്ങാം.
വളരെ നിഷ്കളങ്കമായ ചില ചോദ്യങ്ങളുമായി കുട്ടികള്‍ നമ്മുടെ മുന്നിലെത്താറില്ലേ? എങ്ങനെയാണ് നാം അവരോട് മറുപടി പറയാറുള്ളത്. നിങ്ങളവന്‍റെ മുഖത്തേക്ക് നോക്കുക. ആകാംക്ഷയോടെ നമ്മുടെ കണ്ണുകളിലേക്ക് നോക്കി ഉത്തരം തേടുന്ന കുഞ്ഞുമുഖം കാണാം. പക്ഷെ, നിങ്ങള്‍ മറുപടി പറയേണ്ടത് ആ കുഞ്ഞുകുട്ടിയോടല്ല. വലിയൊരാളെ മനസ്സില്‍ കാണണം. നിങ്ങളെക്കാള്‍ മുതിര്‍ന്ന നിങ്ങള്‍ ഒരുപാട് ബഹുമാനിക്കുന്ന ഒരാളുടെ മുഖം. ഒരു പക്ഷെ, നിങ്ങളുടെ പിതാവിനോളം വലുപ്പമുള്ള ഒരാള്‍. പിതാവിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍ നിങ്ങള്‍ പുലര്‍ത്തുന്ന ഗൗരവമുണ്ടല്ലോ, അതേ ഗൗരവത്തോടെ ചോദ്യത്തെ സമീപിക്കണം. അവന്‍റെ ചോദ്യം വളരെ പ്രസക്തമായിരുന്നെന്നും അതിന് കൃത്യമായ ഉത്തരമുണ്ടെന്നും മറുപടിയുടെ അവതരണത്തില്‍ നിന്ന് അവന് ബോധ്യമാവണം. ചോദ്യത്തിന് ലഭിച്ച ഉത്തരത്തെക്കാള്‍ പ്രസക്തമാണ് ചോദ്യകര്‍ത്താവിന് നമ്മള്‍ നല്‍കിയ ബഹുമാനത്തിലൂടെ അവന്‍റെ മനസ്സില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന സ്വാഭിമാനം. കൂടുതല്‍ ചോദ്യങ്ങളുന്നയിക്കാനുള്ള ആത്മവിശ്വാസം അവനില്‍ വളരും.
കുട്ടികളുടെ ചോദ്യങ്ങളെ പരിഹസിക്കരുത്. നിസ്സാരങ്ങളെന്ന് കരുതി തള്ളരുത്. ചോദ്യങ്ങളെ വിലമതിക്കാതെ, ചോദ്യകര്‍ത്താവിനെ ഒന്നിരുത്തി, പരിഹാസ രൂപേണ മറുപടി നല്‍കുന്ന ചിലരുണ്ട്. നിസ്സഹായനായി മുന്നില്‍ നില്‍ക്കുന്ന കുട്ടിയെ കുറച്ചുനേരം അവിടെ നിര്‍ത്തിച്ച് പിന്നെ മറുപടി നല്‍കും. ഇതൊക്കെ ഒരു ചോദ്യമാണോടേയ്, മുതിര്‍ന്ന് ഇത്രമാത്രം ലോകപരിചയം നേടിയ എനിക്ക് ഇതിന്‍റെ ഉത്തരമൊക്കെ എത്ര നിസ്സാരം. നീ വെറും ചെറിയകുട്ടി എന്ന സന്ദേശം കൈമാറി ആത്മസുഖം അനുഭവിച്ച് കഴിഞ്ഞുള്ള മറുപടി. ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് കുട്ടിയെ ബഹുമാനിക്കണമെന്ന് പറഞ്ഞത്. കുഞ്ഞുമുഖത്ത് വലിയൊരാളെ കാണാനായാല്‍, വലിയൊരാളെ സമീപിക്കുന്നതുപോലെ അവനെ സമീപിക്കാനായാല്‍, വലിയവരോട് പറയുന്ന മറുപടി കുഞ്ഞിന്‍റെ ഭാഷയില്‍ അവന് മനസ്സിലാകുംവിധം കരുതലോടെ അവനോടും പറയാന്‍ കഴിഞ്ഞാല്‍ നമുക്ക് കുഞ്ഞുങ്ങളെ ബഹുമാനിക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമായെന്നര്‍ഥം. പരസ്പര ബഹുമാനമാണ് യഥാര്‍ത്ഥ ബഹുമാനം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x