അബ്ദുസ്സലാം സുല്ലമിയുടെ ജീവചരിത്രം പ്രകാശനം ചെയ്തു
ഷാര്‍ജ: പ്രമുഖ ഹദീസ് പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ എ അബ്ദുസ്സലാം സുല്ലമിയുടെ ജീവചരിത്രം പ്രകാശിതമായി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ ഷാര്‍ജ ബുക് അതോറിറ്റി എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് പി വി മോഹന്‍ കുമാര്‍ സുല്ലമിയുടെ മകള്‍ മുനീബ നജീബിന് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. യുവത ബുക്‌സിന്റെ കേരള മുസ്‌ലിം നവോത്ഥാനനായകരെ പരിചയപ്പെടുത്തുന്ന ‘പരിഷ്‌കര്‍ത്താക്കള്‍’ ഗ്രന്ഥപരമ്പരയുടെ ഭാഗമായി പ്രഫ. കെ പി സകരിയ്യയാണ് പുസ്തകത്തിന്റെ രചന നിര്‍വഹിച്ചത്. അധ്യാപകനും പ്രഭാഷകനുമായിരുന്ന സുല്ലമി എണ്ണമറ്റ ലേഖനങ്ങള്‍ക്കും ലഖുലേഖകള്‍ക്കും പുറമെ അറുപതിലേറെ പുസ്തകങ്ങളെഴുതി.
എ കെ നബീല്‍ കടവത്തൂര്‍ എഡിറ്റ് ചെയ്ത ‘അബ്ദുസ്സലാം സുല്ലമിയുടെ മതവിധികള്‍’, സുല്ലമി രചിച്ച ‘മുസ്‌ലിംകളിലെ അനാചാരങ്ങള്‍’ എന്നീ പുസ്തകങ്ങളും ചടങ്ങില്‍ പ്രകാശിതമായി. അഡ്വ. അബ്ദുല്‍കരീം ബിന്‍ ഈദ്, ഡോ. ജാബിര്‍ അമാനി എന്നിവര്‍ പ്രകാശനം നിര്‍വഹിച്ചു. ഹാറൂന്‍ കക്കാട് പുസ്തകപരിചയം നടത്തി. അസ്മാബി ടീച്ചര്‍, ശിഹാബ് എടപ്പള്ളത്ത്, ഉസ്മാന്‍ കക്കാട്, അബ്ദുല്ല ചീളില്‍, എ റശീദുദ്ദീന്‍, റിഹാസ് പുലാമന്തോള്‍ പ്രസംഗിച്ചു.
പുസ്തകമേളയുടെ 43-ാമത് എഡിഷനില്‍ പ്രകാശിതമാകുന്ന പുസ്തകങ്ങളില്‍ ഉള്ളടക്കം കൊണ്ട് സവിശേഷമായ പുസ്തകം ‘അക്ഷരം’ സുവനീര്‍ പ്രകാശനം ചെയ്തു. നാലു പതിറ്റാണ്ടു പിന്നിട്ട പുസ്തകമേളയുടെയും കാല്‍ നൂറ്റാണ്ടിലേറെ മേളയിലെ സജീവസാന്നിധ്യമായ കോഴിക്കോട്ടെ യുവത ബുക്‌സിന്റെയും നാള്‍വഴികള്‍ക്കൊപ്പം പ്രമുഖ എഴുത്തുകാരുടെ രചനകള്‍ ഉള്‍പ്പെടുന്ന സുവനീര്‍ യുവത ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. അസൈനാര്‍ അന്‍സാരിയാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്. ഷാര്‍ജ ബുക് അതോറിറ്റി പ്രസിദ്ധീകരണവിഭാഗം ഡയറക്റ്റര്‍ മന്‍സൂര്‍ അല്‍ ഹസനി അറബ് എഴുത്തുകാരിയും പ്രസാധകയുമായ ഡോ. മര്‍യം അല്‍ശിനാസിക്ക് കോപ്പി നല്‍കി സുവനീര്‍ പ്രകാശനം ചെയ്തു.