7 Saturday
September 2024
2024 September 7
1446 Rabie Al-Awwal 3

സലാം പറയലും പ്രത്യഭിവാദ്യവും

അനസ് എടവനക്കാട്‌


മുസ്ലിംകള്‍ക്കിടയില്‍ പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഇസ്ലാം നിര്‍ദേശിച്ച അനുഗൃഹീതവും പരിപാവനവുമായ അഭിവാദന രീതിയാണ് സലാം പറയലും അത് മടക്കലും. പരിചിതര്‍ക്കും അപരിചിതര്‍ക്കും സലാം പറയല്‍ മതം പുണ്യകരമായി എണ്ണുകയും ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യതയില്‍ സലാം മടക്കല്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഒരു മുസ്ലിം ഒരു വീട്ടില്‍ പ്രവേശിക്കുമ്പോള്‍ വീട്ടുകാര്‍ക്ക് സലാം പറയണമെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. (24:27). ”നിങ്ങള്‍ വല്ല വീടുകളിലും പ്രവേശിക്കുകയാണെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗൃഹീതവും പാവനവുമായ ഒരു ഉപചാരമെന്ന നിലയില്‍ നിങ്ങള്‍ അന്യോന്യം സലാം പറയണം. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നതിന് വേണ്ടി അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു.” (വി.ഖു 24:61)
സത്യവിശ്വാസിയെ സ്വര്‍ഗത്തില്‍ എതിരേല്‍ക്കുന്നതും അവിടെ കേള്‍ക്കുന്നതും സമാധാനത്തിന്റെ ഈ വചനങ്ങളായിരിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു. (14:23, 19:62, 33:44) സലാം എന്ന് മാത്രമാണ് ഈ ആയത്തുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനു പോയാല്‍ ശത്രു ആരെന്നും മിത്രം ആരെന്നും നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കണം. നിങ്ങള്‍ക്ക് സലാം അര്‍പ്പിച്ചവനോട് ‘നീ വിശ്വാസിയല്ല’ എന്ന് നിങ്ങള്‍ പറയരുത്. ഇഹലോക ജീവിതത്തിലെ നേട്ടം കൊതിച്ചു കൊണ്ടാണ് (നിങ്ങളങ്ങനെ പറയുന്നത്.) എന്നാല്‍ നേടിയെടുക്കാവുന്ന ധാരാളം സ്വത്തുകള്‍ അല്ലാഹുവിന്റെ അടുക്കലുണ്ട്.” (4:94)
ഇബ്‌റാഹീം നബി(അ)യുടെ അരികിലേക്ക് മനുഷ്യരൂപത്തില്‍ കടന്നുവന്ന മലക്കുകള്‍ സലാം പറഞ്ഞതായി ഖുര്‍ആനില്‍ കാണാം. (11:69). ഇവിടെയും സലാം എന്ന് മാത്രമാണ് പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. ഇബ്‌റാഹീം നബി(അ), വിഗ്രഹാരാധകനായ തന്റെ പിതാവിനോട് സലാം ചൊല്ലുന്ന ഒരു സംഭവം ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. ”അദ്ദേഹം (ഇബ്‌റാഹീം) പറഞ്ഞു: താങ്കള്‍ക്ക് സലാം. താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീര്‍ച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു.” (19:47)
വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട സലാം എപ്രകാരമാണ് നമ്മള്‍ പറയേണ്ടതെന്ന് പ്രവാചകന്‍ കാണിച്ചു തന്നിട്ടുണ്ട്. ഖുര്‍ആനിന്റെ ശൈലി അതാണ്. നമസ്‌കരിക്കാനും സകാത്തു കൊടുക്കാനും കല്‍പ്പിക്കുന്ന ഖുര്‍ആന്‍ അതിനെ പ്രായോഗികവല്‍ക്കരിക്കുന്നതിന് പ്രവാചകനെയാണ് നിയോഗിച്ചിരിക്കുന്നത്. പ്രസ്തുത നമസ്‌കാരത്തിന്റെ രീതിയോ സകാത്തിന്റെ ഉള്‍പ്പിരിവുകളോ ഖുര്‍ആനില്‍ കാണുക സാധ്യമല്ല. അവയെല്ലാം ഹദീസുകളില്‍ നിന്നാണ് ലഭ്യമാവുക. ഖുര്‍ആനിനു പുറമെ പ്രവാചകന് മറ്റു വഹ്‌യും അവതരിച്ചിരുന്നു എന്നതാണ് അതിനു കാരണം. അവയാണ് ഹദീസുകളായി രേഖപ്പെടുത്തപ്പെട്ട് നമുക്കിന്നു ലഭ്യമായത്.
അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനേക്കാള്‍ മെച്ചമായ നിലയില്‍ പ്രത്യഭിവാദ്യം അര്‍പ്പിക്കുക എന്ന് ഖുര്‍ആന്‍ കല്‍പ്പിക്കുന്നു. ”നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചു നല്‍കുക. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിന്റെയും കണക്ക് നോക്കുന്നവനാകുന്നു.” (4:86)
എന്നാല്‍ ഈ ‘മെച്ചമായ പ്രത്യഭിവാദന രീതി’ ഖുര്‍ആനിലൂടെ അല്ലാഹു നമുക്ക് വിശദീകരിച്ചു തന്നിട്ടില്ല. എന്നാല്‍ ഹദീസുകളില്‍ അത് കണ്ടെത്താന്‍ കഴിയും. സലാം എന്നു മാത്രം അഭിവാദനം ചെയ്തു കൊണ്ട് ഖുര്‍ആന്‍ മാത്രമാണ് പ്രമാണം എന്ന് വാദിക്കുന്ന ഒരു കൂട്ടര്‍ ഈ ആയത്തിനു മുന്നില്‍ പകച്ചുപോകുന്നത് കാണാം. അല്ലാഹുവിന്റെ നിര്‍ദേശത്തെ പ്രവാചക തിരുമേനി തന്റെ ജീവിതത്തിലൂടെ നടപ്പില്‍ വരുത്തിയതില്‍ ഈ സലാമിന്റെ ചുരുങ്ങിയ രൂപം അസ്സലാമു അലൈക്കും (താങ്കളുടെ മേല്‍ സമാധാനം ഉണ്ടാകട്ടെ) എന്നതാണ്.
ഇതിനു മറുപടിയായി കേള്‍ക്കുന്നവര്‍, അസ്സലാമു അലൈക്കും എന്നുതന്നെയോ അല്ലെങ്കില്‍ വ അലൈകുമുസ്സലാം (താങ്കളുടെ മേലും സമാധാനം ഉണ്ടാകട്ടെ) എന്നോ പ്രത്യാഭിവാദ്യം ചെയ്യേണ്ടതാണ്. അഭിവാദ്യമോ പ്രത്യഭിവാദ്യമോ കൂടുതല്‍ മെച്ചമാക്കാന്‍ വ റഹ്മതുല്ലാഹ് എന്നോ വ റഹ്മതുല്ലാഹി വ ബറകാതുഹു എന്നോ വര്‍ധിപ്പിക്കാവുന്നതാണ്.
ഇംറാനിബ്‌നു ഹുസൈന്‍(റ) പറയുന്നു: ഒരിക്കല്‍ ഒരാള്‍ നബിയുടെ സവിധത്തില്‍ വന്ന് അസ്സലാമു അലൈക്കും എന്നു പറഞ്ഞു. അയാള്‍ക്കു സലാം മടക്കിക്കൊണ്ട് അവിടുന്ന് പറഞ്ഞു: (പ്രതിഫലം) പത്ത്. ശേഷം അയാള്‍ ഇരുന്നു. പിന്നീട് വേറൊരാള്‍ വന്ന് അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി എന്നു പറഞ്ഞപ്പോള്‍ അവിടുന്ന് സലാം മടക്കിയിട്ടുപറഞ്ഞു: (പ്രതിഫലം) ഇരുപത്. ശേഷം അയാള്‍ ഇരുന്നു. മൂന്നാമത് വേറൊരാള്‍ വന്ന് അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു എന്നു പറഞ്ഞപ്പോള്‍ അവിടുന്ന് സലാം മടക്കിയിട്ട് പറഞ്ഞു: (പ്രതിഫലം) മുപ്പത്. ശേഷം അയാള്‍ ഇരുന്നു. (അബൂദാവൂദ്)
അബൂഹുറയ്‌റ(റ) പറയുന്നു: നബി (സ) പറഞ്ഞു: ‘ആദമിനെ(അ) സൃഷ്ടിച്ചു കഴിഞ്ഞപ്പോള്‍ അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: നീ പോയി അവിടെ ഇരിക്കുന്ന മലക്കുകളുടെ സംഘത്തോട് സലാം പറയുക. അവര്‍ നിനക്ക് അര്‍പ്പിക്കുന്ന പ്രത്യഭിവാദ്യം ശ്രദ്ധിച്ചു കേള്‍ക്കുകയും വേണം. അത് നിനക്കും നിന്റെ സന്താനങ്ങള്‍ക്കുമുള്ള അഭിവാദ്യമാണ്. അങ്ങനെ അദ്ദേഹം അസ്സലാമു അലൈക്കും എന്ന് അഭിവാദ്യം നല്‍കിയപ്പോള്‍, അവര്‍ അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ് എന്ന് പ്രത്യുത്തരം നല്‍കി. അവര്‍ വ റഹ്മത്തുല്ലാഹ് എന്ന് വര്‍ധിപ്പിച്ചു. (ബുഖാരി, മുസ്ലിം)
കില്‍ദബിനു ജന്‍ദല്‍(റ) പറയുന്നു: ഒരിക്കല്‍ ഞാന്‍ സലാം പറയാതെ നബിയുടെ അരികിലെത്തി. അപ്പോള്‍ നബി (സ) പറഞ്ഞു: നീ തിരിച്ചു പോവുകയും അസ്സലാമു അലൈക്കും എന്ന് സലാം പറഞ്ഞു അനുവാദം ചോദിച്ചു പ്രവേശിക്കുകയും ചെയ്യുക. (അബൂദാവൂദ്)
സ്വഹാബിമാര്‍ക്കിടയിലും അസ്സലാമു അലൈക്കും എന്ന സലാം ആണ് നിലനിന്നിരുന്നത് എന്ന റിപ്പോര്‍ട്ടുകളും ധാരാളമുണ്ട്. അബൂസഈദ്(റ) പറയുന്നു: അബൂമൂസ(റ), ഉമറിന്റെ(റ) അരികില്‍ പ്രവേശിക്കാന്‍ അനുവാദം ചോദിച്ചു. അദ്ദേഹം പറഞ്ഞു: അസ്സലാമു അലൈക്കും, ഞാന്‍ പ്രവേശിക്കട്ടെ. (തിര്‍മിദി)
ഉമര്‍(റ) പറയുന്നു: ഞാന്‍ അബൂബക്കറിന്റെ(റ) പുറകില്‍ ഇരുന്നു യാത്രചെയ്യവേ, ചില ആളുകള്‍ക്കരികിലൂടെ കടന്നുപോയി. അദ്ദേഹം (അബൂബക്കര്‍) പറഞ്ഞു: അസ്സലാമു അലൈക്കും. അവര്‍ പറഞ്ഞു: അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്. അദ്ദേഹം വീണ്ടും പറഞ്ഞു: അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്. അവര്‍ പറഞ്ഞു: അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വ ബറകാത്തുഹു. അബൂബക്കര്‍(റ) പറഞ്ഞു: ഇന്ന് ജനങ്ങള്‍ നമ്മെക്കാള്‍ വളരെയധികം മെച്ചപ്പെട്ടിരിക്കുന്നു. (അദബുല്‍ മുഫ്റദ്)
സഹോദരങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ പറയാന്‍ പാടില്ലാത്ത സലാമിന്റെ രൂപവും റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ട്. അബൂജുറയ്യ്(റ) പറയുന്നു: ഒരിക്കല്‍ റസൂലിന്റെ(സ) അടുത്തുചെന്ന് ഞാന്‍ പറഞ്ഞു: പ്രവാചകരേ! അലൈക്കസ്സലാം. നബി(സ) പറഞ്ഞു: അലൈക്കസ്സലാം എന്ന് നീ പറയരുത്. അലൈക്കസ്സലാം എന്നത് മരണപ്പെട്ടവരോടുള്ള അഭിവാദ്യമാണ്. (അബൂദാവൂദ്)
സലാം പറയണമെന്ന് ഖുര്‍ആനിലൂടെ അല്ലാഹു നമ്മെ പഠിപ്പിച്ചു തരുന്നു. ആരെങ്കിലും അഭിവാദ്യം അര്‍പ്പിച്ചാല്‍ കൂടുതല്‍ നല്ല രൂപത്തിലോ, അല്ലെങ്കില്‍ അപ്രകാരം തന്നെയോ പ്രത്യഭിവാദ്യം അര്‍പ്പിക്കാനും അല്ലാഹു ഉപദേശിക്കുന്നു. ഇതിന്റെ രൂപം റസൂല്‍(സ) കാണിച്ചു തന്നു. അത് സ്വഹാബിമാര്‍ തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തി മാതൃകയായി.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x