12 Friday
April 2024
2024 April 12
1445 Chawwâl 3

സലാം ചൊല്ലലിലെ മര്യാദകള്‍

അനസ് എടവനക്കാട്‌


മുസ്ലിംകള്‍ക്കിടയില്‍ പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഇസ്ലാം നിര്‍ദേശിച്ച അനുഗൃഹീതവും പരിപാവനവുമായ അഭിവാദന രീതിയാണ് സലാം പറയലും അത് മടക്കലും. പരിചിതര്‍ക്കും അപരിചിതര്‍ക്കും സലാം പറയല്‍ മതം പുണ്യകരമായി എണ്ണുകയും ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനോടുള്ള ബാധ്യതയില്‍ സലാം മടക്കല്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. സലാം ചൊല്ലലിലെ മര്യാദകളെക്കുറിച്ച് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.
സദസ്സില്‍ വരുമ്പോഴും പിരിയുമ്പോഴും
അബൂഹുറയ്‌റ(റ) പറയുന്നു: പ്രവാചകന്‍ (സ) പറഞ്ഞു: നിങ്ങളാരെങ്കിലും ഒരു സഭയില്‍ ചെന്നെത്തിയാലും അവിടെ നിന്ന് എഴുന്നേല്‍ക്കാന്‍ ഉദ്ദേശിക്കുമ്പോഴും സലാം പറയണം. ആദ്യത്തെ സലാം അവസാനത്തേതിനേക്കാള്‍ കൂടുതല്‍ കടമപെട്ടതല്ല. (അബൂദാവൂദ്) രണ്ടു സന്ദര്‍ഭങ്ങളിലും സലാം ചൊല്ലുന്നതിന് തുല്യ പ്രാധാന്യമുണ്ട് എന്നാണ് പ്രസ്തുത ഹദീസ് സൂചിപ്പിക്കുന്നത്.
ആദ്യം സലാം പറയേണ്ടവന്‍
അബൂഹുറയ്‌റ(റ) പറയുന്നു: പ്രവാചകന്‍(സ) പറഞ്ഞു: വാഹനത്തില്‍ സഞ്ചരിക്കുന്നവന്‍ നടക്കുന്നവനോടും നടക്കുന്നവന്‍ ഇരിക്കുന്നവനോടും ചെറിയ സംഘം വലിയ സംഘത്തോടും സലാം പറയണം. (ബുഖാരി, മുസ്‌ലിം). മറ്റൊരു നിവേദനത്തില്‍ അബൂഹുറയ്‌റ(റ) പറയുന്നു: പ്രവാചകന്‍(സ) പറഞ്ഞു: പ്രായം കുറഞ്ഞവര്‍ പ്രായം കൂടിയവനു സലാം പറയണം. സഞ്ചരിക്കുന്നവന്‍ ഇരിക്കുന്നവനോടും ചെറിയ സംഘം വലിയ സംഘത്തോടും (സലാം പറയണം) (ബുഖാരി). പ്രവാചകന്‍ കുട്ടികളുടെ അരികിലൂടെ നടന്നുപോകുമ്പോള്‍ കുട്ടികളോട് സലാം പറയാറുണ്ടായിരുന്നതായി മുസ്‌ലിം നിവേദനം ചെയ്യുന്ന ഹദീസുകളില്‍ കാണാം. ഇതില്‍ നിന്ന് തിരിച്ചുള്ള രൂപവും അനുവദനീയമാണെന്ന് വരുന്നു. അബൂഉമാമ(റ) പറയുന്നു: പ്രവാചകന്‍(സ) പറഞ്ഞു: സലാമിന് തുടക്കം കുറിക്കുന്നവനാണ് ജനങ്ങളില്‍ വെച്ച് അല്ലാഹുവുമായി കൂടുതല്‍ സമീപസ്ഥന്‍. (അബൂദാവൂദ്)
ഭക്ഷണം കഴിക്കുമ്പോള്‍
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ സലാം പറയാന്‍ പാടില്ല എന്ന് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ഒരു അന്ധവിശ്വാസം പരന്നിട്ടുണ്ട്. ‘ഭക്ഷണത്തിന്മേല്‍ സലാമോ സംസാരമോ ഇല്ല’, ‘ഭക്ഷണത്തിന്മേല്‍ (ഭക്ഷണം കഴിക്കുമ്പോള്‍) സലാം ഇല്ല’ എന്നീ ഉദ്ധരണികളാണ് ഹദീസ് എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ ഇതിനുള്ള തെളിവായി പ്രചരിച്ചു കാണുന്നത്. എന്നാല്‍ ഇപ്രകാരം ഒരു നബിവചനം ഇല്ലെന്നു മാത്രമല്ല, ഈ പറച്ചിലിന് യാതൊരു അടിസ്ഥാനവുമില്ല. ഇമാം അജ്‌ലൂനി കശ്ഫുല്‍ കഫയില്‍ പറയുന്നു: ഭക്ഷണത്തിന്മേല്‍ സലാം ഇല്ല എന്നത് ഹദീസല്ല. പ്രവാചക തിരുമേനി ഭക്ഷണം കഴിക്കുന്ന വേളയില്‍ സംസാരിച്ചിരുന്നതായി സ്വഹീഹായ ഹദീസുകളില്‍ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.
അവിശ്വാസികളോട്
അല്ലാഹു പറയുന്നു: നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക. (മുസ്‌ലിം) ഈ ഖുര്‍ആനിക വചനം പൊതുവായതാണ്. അതുകൊണ്ടുതന്നെ ഒരു അമുസ്‌ലിം സുഹൃത്ത് ‘അസ്സലാമു അലൈക്കും’ എന്ന് വ്യക്തമായി നമ്മെ അഭിവാദ്യം ചെയ്താല്‍ ‘വ അലൈക്കുമുസ്സലാം’ എന്ന് അവനോട് നമ്മള്‍ തിരിച്ചും അഭിവാദ്യം അര്‍പ്പിക്കുകയാണ് വേണ്ടത്. നമ്മുടെ നാട്ടിലുള്ള ഭൂരിപക്ഷം അമുസ്‌ലിം സുഹൃത്തുക്കളും പ്രത്യേകിച്ച് ഗള്‍ഫില്‍ ജോലി ചെയ്തിട്ടുള്ളവര്‍ ഇപ്രകാരം ശരിയായ രീതിയിലാണ് അഭിവാദ്യം അര്‍പ്പിച്ച് കാണാറുള്ളത്.
എന്നാല്‍ ആരെങ്കിലും ദുരുദ്ദേശ്യപൂര്‍വം ‘അസ്സാമു അലൈക്കും’ / ‘അസ്സാമു അലൈക്ക’ (നിന്റെ മേല്‍ മരണമുണ്ടാവട്ടെ) എന്നിങ്ങനെ അഭിവാദ്യം നടത്തിയാല്‍ അവനോട് ‘വ അലൈക്കും’ എന്നാണ് നമ്മള്‍ മറുപടി പറയേണ്ടത്. ആയിശ(റ) പറയുന്നു: ജൂതന്മാരില്‍ പെട്ട ഒരു സംഘം റസൂലിന്റെ(സ) അടുത്ത് വരാന്‍ സമ്മതം ചോദിച്ചു. അപ്പോള്‍ അവര്‍ ‘അസ്സാമു അലൈക്കും’ എന്ന് നബിയോട് സലാം പറഞ്ഞു. അപ്പോള്‍ ആയിശ(റ) പറഞ്ഞു: അല്ല, നിങ്ങളുടെ മേല്‍ നാശവും ശാപവും ഉണ്ടാകട്ടെ. അപ്പോള്‍ റസൂല്‍, ആയിശ(റ)യോട് പറഞ്ഞു: അല്ലാഹു എല്ലാ കാര്യത്തിലും വിനയം ഇഷ്ടപ്പെടുന്നു. ആയിശ(റ) പറഞ്ഞു: അവര്‍ പറഞ്ഞത് അങ്ങ് കേട്ടില്ലേ? നബി(സ) പറഞ്ഞു: അതെ, ഞാന്‍ അവരോട് ‘വ അലൈക്കും’ എന്ന് പറഞ്ഞുവല്ലോ. (മുസ്‌ലിം)
യഹൂദ ക്രൈസ്തവരോട് ‘വ അലൈക്കും’ എന്നേ മടക്കാവൂ എന്നു ചില നിവേദനങ്ങളില്‍ വന്നിട്ടുണ്ട്. (മുസ്‌ലിം 2163) എന്നാല്‍ സൂക്ഷ്മ നിരീക്ഷണത്തില്‍ അവയെല്ലാം മേല്പറഞ്ഞ ഹദീസിന്റെ പശ്ചാത്തലവുമായി ബന്ധപ്പെട്ടതാണെന്ന് കാണാം. അതുകൊണ്ട് ഈ സംഭവത്തെ സാമാന്യവത്കരിക്കേണ്ടതില്ല.
നമസ്‌കാരത്തില്‍
സലാം മടക്കല്‍

പ്രവാചകന്‍(സ) നമസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വഹാബിമാരില്‍ ചിലര്‍ സലാം ചൊല്ലിയതായി സ്വഹീഹായ നിവേദനങ്ങളില്‍ വന്നിട്ടുണ്ട്. തല്‍ സന്ദര്‍ഭങ്ങളില്‍ ആംഗ്യ ഭാഷയില്‍ നാല് രീതിയിലാണ് പ്രവാചകന്‍ സലാം മടക്കിയിട്ടുള്ളത്. (1) കൈപ്പത്തി കൊണ്ട്. (2) കൈകൊണ്ട്. (3) വിരലുകൊണ്ട്. (4) തല കൊണ്ട്. (അബൂദാവൂദിന്റെ ശറഹായ ഔനില്‍ മഅ്ബൂദില്‍ ‘നമസ്‌കാരത്തില്‍ സലാം മടക്കല്‍’ എന്ന അധ്യായത്തില്‍ ഇതിനെ കുറിച്ച് വിശദീകരണമുണ്ട്.)
സൈദിബ്‌നു അസ്‌ലം(റ) പറയുന്നു: ഇബ്‌നു ഉമര്‍ (റ) പറഞ്ഞു: നമസ്‌കരിക്കുന്നതിനായി പ്രവാചകന്‍ മസ്ജിദുല്‍ ഖുബായില്‍ പ്രവേശിച്ചു. നമസ്‌കാരത്തിനിടെ ചില ആളുകള്‍ അവിടേക്ക് കടന്നുവന്ന് തിരുമേനിയോട് സലാം പറഞ്ഞു. ഞാന്‍ ശുഹൈബിനോട് ചോദിച്ചു: ആരായിരുന്നു തിരുമേനിയോടൊപ്പം ഉണ്ടായിരുന്നത്? തനിക്ക് സലാം അര്‍പ്പിച്ചപ്പോള്‍ അല്ലാഹുവിന്റെ ദൂതര്‍ എന്തുചെയ്തു? അദ്ദേഹം പറഞ്ഞു: തിരുമേനി കൈകൊണ്ട് ആംഗ്യം കാണിച്ചു. (അബൂദാവൂദ്)
ബിലാല്‍(റ), ജാബിര്‍ (റ) എന്നിവരില്‍ നിന്നുള്‍പ്പെടെ ധാരാളം ഹദീസുകള്‍ ഈ വിഷയത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ വാചികമായി ‘വഅലൈകും അസ്സലാം’ എന്നോ മറ്റോ സലാം മടക്കിയാല്‍ നമസ്‌കാരം മുറിയാന്‍ അത് കാരണമാകും എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. (ശൈഖ് ഉസൈമീന്‍: ലിഖാഅല്‍ ബാബ് ഇല്‍ മഫ്തൂഹ്)
ഖുര്‍ആന്‍
പാരായണ വേളയില്‍

ഈ വിഷയത്തില്‍ നേര്‍ക്കുനേരെയുള്ള ഹദീസുകള്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. നമസ്‌കാരത്തില്‍ ആംഗ്യം കൊണ്ടെങ്കിലും സലാം മടക്കല്‍ സുന്നത്താണെങ്കില്‍, ഖുര്‍ആന്‍ പാരായണ വേളയില്‍ അത് നിര്‍ത്തി സലാം മടക്കിയശേഷം പാരായണം തുടരാം എന്നതിന് അത് തെളിവാകും. കാരണം നമസ്‌കാരത്തില്‍ ഖുര്‍ആന്‍ പാരായണവും ഉള്‍പ്പെടുന്നുണ്ട്. ഹനഫീ മദ്ഹബ് മാത്രമാണ് ഖുര്‍ആന്‍ പാരായണം ചെയ്യുന്നവനോട് സലാം പറയല്‍ മക്‌റൂഹ് (അനഭിലഷണീയം) ആണെന്ന് പറയുന്നത്.
വിസര്‍ജന സമയത്ത്
വിസര്‍ജന സമയത്ത് സലാം ചൊല്ലുന്നതും മടക്കുന്നതും അനഭിലഷണീയമാണ് (മക്‌റൂഹ്) എന്നതില്‍ പണ്ഡിതന്മാര്‍ യോജിച്ചിട്ടുണ്ട്. ഇബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ) മൂത്രമൊഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ (ആ വഴിക്ക്) നടന്നുപോവുകയും നബി(സ)ക്ക് സലാം പറയുകയും ചെയ്തു. അപ്പോള്‍ നബി(സ) അയാള്‍ക്ക് സലാം മടക്കിയില്ല. (മുസ്‌ലിം).
ഈ ഹദീസ് ഉദ്ധരിച്ച ശേഷം അബൂദാവൂദ് പറയുന്നു: ‘പ്രവാചകന്‍(സ) തയമ്മും ചെയ്യുകയും (ശേഷം) സലാം മടക്കുകയും ചെയ്തതായി ഇബ്‌നു ഉമറില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.’ പ്രസ്തുത നിവേദനം ബുഖാരിയിലും (337) മുസ്‌ലിമിലും (369) വന്നിട്ടുണ്ട്. മുസ്‌ലിമില്‍ വന്ന ഭാഗം ഇങ്ങനെയാണ്: നബി (സ) ബിഅ്‌റ് ജമല്‍ എന്ന സ്ഥലത്ത് നിന്ന് വരുമ്പോള്‍ ഒരു മനുഷ്യന്‍ തിരുമേനിയെ കാണുകയും അയാള്‍ നബിക്ക് സലാം ചൊല്ലുകയും ചെയ്തു. അപ്പോള്‍ നബി(സ) അയാള്‍ക്ക് സലാം മടക്കാതെ ഒരു മതിലിന്റെ അടുക്കല്‍ ചെന്ന് തന്റെ മുഖവും ഇരു കൈകളും തടവുകയും പിന്നീട് സലാം മടക്കുകയുമാണ് ചെയ്തത്. ഇതില്‍ നിന്ന് വിസര്‍ജന സമയത്ത് സലാം മടക്കാതിരിക്കലാണ് നബിചര്യയെന്നും പിന്നീട് ശുദ്ധീകരിച്ച (ഒരു പക്ഷെ, വുദ്വൂവോ തയമ്മൂമോ എടുത്ത) ശേഷം സലാം മടക്കുകയും വേണം എന്നുമാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.
അന്യ സ്ത്രീകളോട്
അസ്മ ബിന്‍ത് യസീദ്(റ) പറയുന്നു: ‘നബി(സ) സ്ത്രീകളുടെ അടുത്തുകൂടി നടന്നുപോകവേ ഞങ്ങളോട് സലാം പറഞ്ഞു. (അബൂദാവൂദ്) ഉമ്മുഹാനിഅ് പറയുന്നു: മക്ക വിജയ ദിവസം ഞാന്‍ നബിയുടെ സന്നിധിയില്‍ ചെന്നു. അവിടുന്ന് കുളിക്കുകയായിരുന്നു. ഒരു വസ്ത്രം കൊണ്ട് മകള്‍ ഫാത്തിമ അദ്ദേഹത്തിന് മറ പിടിച്ചിട്ടുമുണ്ട്. അന്നേരം ഞാന്‍ അദ്ദേഹത്തിന് സലാം പറഞ്ഞു.’ (മുസ്‌ലിം). അന്യ സ്ത്രീകളോടും അവര്‍ക്ക് തിരിച്ചും സലാം ചൊല്ലാം എന്നുള്ളതിന് മേല്‍ ഹദീസുകള്‍ തെളിവാണ്.
മരിച്ചവര്‍ക്കുള്ള സലാം
ഖബ്ര്‍ സന്ദര്‍ശനവേളയില്‍ എന്താണ് പറയേണ്ടതെന്ന ആയിശാ(റ)യുടെ ചോദ്യത്തിന് പ്രവാചകന്‍ കൊടുക്കുന്ന മറുപടി ഹദീസ് ഗ്രന്ഥങ്ങളില്‍ സ്വഹീഹായി വന്നിട്ടുള്ളത് ഇപ്രകാരമാണ്: മുഅ്മിനുകളും മുസ്‌ലിമുകളുമായ ശ്മശാന വാസികള്‍ക്ക് അല്ലാഹുവിന്റെ രക്ഷ ഉണ്ടാകട്ടെ. (മുസ്‌ലിം)
പിണങ്ങിയവന്‍ സലാം മടക്കാതിരുന്നാല്‍
പിണങ്ങിയവര്‍ തമ്മില്‍ സലാം ചൊല്ലുക വഴി, അവരുടെ ഹൃദയങ്ങളെ ഇണക്കിച്ചേര്‍ക്കുക എന്നതാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. സലാം ചൊല്ലുകയും അത് മടക്കുകയും ചെയ്യുന്നതോടെ അവരുടെ പിണക്കങ്ങള്‍ അവസാനിക്കണം. ആയിശ(റ) പറയുന്നു: റസൂല്‍(സ) പറഞ്ഞു: ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിയെ മൂന്ന് (ദിവസത്തില്‍) കൂടുതല്‍ (പിണക്കത്താല്‍) ഒഴിവാക്കരുത്. ഒരുവന്‍ മറ്റവനെ സമീപിക്കുകയും മൂന്ന് പ്രാവശ്യം സലാം പറയുകയും അപരന്‍ ഓരോ പ്രാവശ്യവും മടക്കാതിരിക്കുകയും ചെയ്താല്‍ അവന്‍ പാപം പേറും. (അഥവാ മുഴുവന്‍ പാപവും സലാം മടക്കാത്തവന്റെ മേല്‍ ആയിരിക്കും). (അബൂദാവൂദ്).
മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: വല്ലവനും മൂന്നു ദിവസത്തില്‍ കൂടുതലുള്ള പിണക്കത്തില്‍ മരിച്ചുപോയാല്‍ അവന്‍ നരകത്തില്‍ പ്രവേശിക്കും. (അബൂദാവൂദ്). മറ്റൊരു തിരുവചനം ഇങ്ങനെയാണ്: തന്റെ സഹോദരനുമായി വല്ലവനും ഒരു കൊല്ലം പിണങ്ങിനിന്നാല്‍ അതവന്റെ രക്തം ചിന്തുന്നതിന് (കൊല്ലുന്നതിന്) തുല്യമാണ്. (അബൂദാവൂദ്)

4 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x