സ്വലാഹുദ്ദീന്‍ അയ്യൂബിയെന്ന താരോദയം
എം എസ് ഷൈജു
ഇമാമുദ്ദീന്‍ സങ്കി തുടക്കമിടുകയും മകന്‍ നൂറുദ്ദീന്‍ സങ്കിയിലൂടെ ഒരാവേശമായി മാറുകയും സ്വലാഹുദ്ദീന്‍ അയൂബിയെന്ന ജേതാവിലൂടെ സായൂജ്യമടയുകയും ചെയ്ത ഒരു മുന്നേറ്റമാണ് ഖുദ്സിന്റെ വീണ്ടെടുക്കലില്‍ കലാശിച്ചത്. കുരിശ് യുദ്ധത്തിന്റെ മൂന്നാം ഘട്ടമായിരുന്നു ഇത്. ഇതിന് ശേഷവും പല യുദ്ധങ്ങളും നടന്നിട്ടുണ്ട്.
നൂറുദ്ദീന്‍ സങ്കിയുടെ കളിത്തോഴനും അസദുദ്ദീന്‍ ശിര്‍കൂഹ് എന്ന സല്‍ജൂഖിയന്‍ സേനാനായകന്റെ സഹോദര പുത്രനുമായിരുന്നു സ്വലാഹുദ്ദീന്‍ അയ്യൂബി. ഇമാമുദ്ദീന്‍ സങ്കിയുടെ പടനായകനായിരുന്നു ശിര്‍കൂഹ്. ഇമാമുദ്ദീന്‍ സങ്കിയുടെ മരണശേഷം നൂറുദ്ദീന്‍ ഭരണമേറ്റെടുത്തപ്പോള്‍ സ്വലാഹുദ്ദീനും ചില സൈനിക ചുമതലകള്‍ നല്‍കപ്പെട്ടു. മികച്ച ആസൂത്രണ ശേഷിയും സൈനിക ബുദ്ധിയും പ്രകടിപ്പിച്ച സലാഹുദ്ദീനെ നൂറുദ്ദീന്‍ പടിപടിയായി ഉയര്‍ത്തിക്കൊണ്ടിരുന്നു.
അക്കാലത്ത് ഈജിപ്തിലെ അധികാരികള്‍ ഫാത്വിമികളായിരുന്നു. ഒരു തരത്തിലും വിശ്വസിക്കാന്‍ പറ്റാത്തവരും രാഷ്ട്രീയ അസ്ഥിരതകള്‍ കൊണ്ട് മുച്ചൂടും മൂടപ്പെട്ടവരുമായിരുന്നു ഫാത്വിമികള്‍. മേഖലയില്‍ നിലനില്‍ക്കുന്ന അസ്ഥിരതക്ക് സ്ഥായിയായ ഒരവസാനമുണ്ടാക്കിയാലല്ലാതെ രാഷ്ട്രീയമോ സൈനികമോ ആയ ഒരേകീകരണം സാധ്യമല്ലെന്ന് ബോധ്യപ്പെട്ട നൂറുദ്ദീനും സലാഹുദ്ദീനും ഈജിപ്തിന് നേര്‍ക്ക് തിരിഞ്ഞു.
കടുത്ത രാഷ്ട്രീയ ഭിന്നതകള്‍ മൂലം ഭരണരംഗം കുത്തഴിഞ്ഞ് കിടന്ന ഒരു കാലഘട്ടമായിരുന്നു അപ്പോള്‍ ഈജിപ്തിലുണ്ടായിരുന്നത്. ഫാത്വിമി മന്ത്രിമാര്‍ ഭരണത്തിനായി പരസ്പരം മത്സരിച്ചു കൊണ്ടിരുന്നു. ഭരണകൂടം ശീഅ വിഭാഗക്കാരായിരുന്നു. പക്ഷെ പണ്ഡിതരും ജനങ്ങളും സുന്നീ പക്ഷവും. ഇസ്‌ലാമിനുള്ളിലെ ആഭ്യന്തര വൈരം അക്കാലത്തും ഇന്നത്തേത് പോലെ തന്നെ ശക്തമായിരുന്നു. ജനങ്ങള്‍ക്ക് അധികാരികളെയോ അധികാരികള്‍ക്ക് ജനങ്ങളെയോ വിശ്വാസമില്ലാത്ത സ്ഥിതിയിലായിക്കഴിഞ്ഞിരുന്നു. പട്ടാളക്കാരായി സാധാരണ ജനങ്ങളെ റിക്രൂട്ട് ചെയ്യാന്‍ പോലും ഭരണകൂടം മടിച്ചു.
പുറം രാജ്യങ്ങളില്‍ നിന്ന് പണം കൊടുത്ത് വാങ്ങിക്കൊണ്ട് വന്ന ആരോഗ്യവും തടിമിടുക്കുമുള്ള അടിമകളെ പരിശീലനം നല്‍കി പട്ടാളക്കാരാക്കി മാറ്റാന്‍ തുടങ്ങിയത് ഇക്കാലത്തായിരുന്നു. മംലൂക്കുകള്‍ എന്നാണ് ഈ അടിമപ്പട്ടാളം അറിയപ്പെട്ടത്. ഇവരില്‍ പലരും പിന്നീട് മികച്ച സേനാനായകന്മാരായി മാറി. പിന്നീട്, അടിമവംശം എന്ന പേരില്‍ വിഖ്യാതമായ ഒരു ഭരണകൂടം ഉത്ഭവിക്കുന്നതിന്റെ കാരണം പോലും ഫാത്വിമികള്‍ക്ക് സ്വന്തം ജനതയിലുണ്ടായ ഈ വിശ്വാസക്കുറവായിരുന്നു. ഒരു കാലത്ത് ഇന്ത്യാ ഉപദ്വീപില്‍ ഭരണം നടത്തിയ ഖുത്ത്ബുദ്ദീന്‍ ഐബക്ക് അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനേകം അടിമവംശ ഭരണാധികാരികള്‍ ഭരണം നടത്തുന്നതിന് അടിസ്ഥാനപരമായ കാരണമായത് ഇസ്ലാമിനുള്ളിലെ ഈ സുന്നി- ശീഅ വൈരാഗ്യ ബുദ്ധിയാണ്.
ദുര മൂത്ത് പരസ്പരം പോരടിച്ച് നിന്ന ഫാത്വിമി ഭരണാധികാരികളെ തുരത്തി ഈജിപ്തിന്റെ ഭരണ സാരഥ്യം ആദ്യം ശിര്‍കൂഹും അദ്ദേഹത്തിന്റെ മരണശേഷം പിതൃവ്യ പുത്രന്‍ സ്വലാഹുദ്ദീനും ഏറ്റെടുത്തു. നൂറുദ്ദീന്റെ ശക്തമായ പിന്തുണയിലും സൈനിക ശക്തിയിലുമാണ് ഇത് സാധ്യമായത്. ഫാത്വിമി സാമ്രാജ്യത്തിന്റെ ഖലീഫയായിരുന്ന ആദിദിന്റെ അനുവാദത്തോടെയാണ് ഈ സൈനിക നടപടികള്‍ ഈജിപ്തില്‍ അരങ്ങേറിയത്. പൊതുജന സമ്പര്‍ക്കത്തിലുള്ള സ്വലാഹുദ്ദീന്റെ നയചാതുരിയും ഭരണ നൈപുണ്യവും കൊണ്ട് അദ്ദേഹം വളരെ വേഗം ഭരണീയര്‍ക്ക് പ്രിയപ്പെട്ടവനായി. നൂറുദ്ദീന്‍ സിറിയയിലും സ്വലാഹുദ്ദീന്‍ ഈജിപ്തിലും ജനഹൃദയങ്ങള്‍ കീഴടക്കി ഭരണം തുടരുമ്പോഴും അവരുടെ പൊതു ലക്ഷ്യം ഫലസ്തീന്റെയും ഖുദ്സിന്റെയും വിമോചനമായിരുന്നു.
ഈജിപ്തിന്റെ ഭരണം സ്വലാഹുദ്ദീന്റെ കൈയ്യിലായെങ്കിലും സുഡാനും മൊറോക്കോയും അടക്കമുള്ള വലിയൊരു ഭൂപ്രദേശത്തിന്റെ പൂര്‍ണമായ ഭരണാധികാരി ഫാത്വിമി ഖലീഫ തന്നെയായിരുന്നു. അവിടങ്ങളില്‍ വെവ്വേറെ ഗവര്‍ണര്‍മാരുമുണ്ടായിരുന്നു. എ ഡി 1171-ല്‍ ഫാത്വിമി ഖലീഫ അന്തരിച്ചു. ആ തക്കത്തിന് സലാഹുദ്ദീന്‍ വലിയൊരു നീക്കത്തിലൂടെ ഫാത്വിമി ഖിലാഫത്ത് പിരിച്ച് വിട്ടതായി പ്രഖ്യാപിക്കുകയും ഫാത്വിമി ഭരണത്തിന് കീഴിലുണ്ടായിരുന്ന മുഴുവന്‍ പ്രദേശങ്ങളും ബാഗ്ദാദിലെ അബ്ബാസി ഖിലാഫത്തിന് കീഴിലാക്കുകയും അബ്ബാസി ഖലീഫയോട് കൂറ് പ്രഖ്യാപിക്കുകയും ചെയ്തു. സ്വലാഹുദ്ദീനോട് എതിരിടാന്‍ മടിച്ച മറ്റ് ചെറു ഭരണാധികാരികള്‍ക്ക് അത് അംഗീകരിക്കേണ്ടി വന്നു. അതോടെ ദുര്‍ബലപ്പെട്ട് കിടന്നിരുന്ന അബ്ബാസിയാ ഖിലാഫത്ത് സജീവമായി.
സ്വലാഹുദ്ദീനും നൂറുദ്ദീനും അറബ് വംശജരായിരുന്നില്ല. അതിന്റേതായ ഒരു വേര്‍തിരിവ് അവര്‍ അറബികളായ ഭരണാധികാരികളില്‍ നിന്ന് നേരിട്ടിരുന്നു. സ്വലാഹുദ്ദീന്‍ ഫാത്വിമി ഖിലാഫത്തിന്റെയും നൂറുദ്ദീന്‍ സല്‍ജൂഖി ഖിലാഫത്തിന്റെയും കീഴിലുള്ള ഭരണാധികാരികളായിരുന്നു. അറബികള്‍, അറബികളല്ലാത്തവര്‍ എന്നൊരു വലിയ വേര്‍തിരിവ് അക്കാലത്തും ഇസ്ലാമിക ലോകത്ത് ശക്തമായിത്തന്നെ നില നിന്നിരുന്നു. അറബികളല്ലാത്ത നേതൃത്വത്തെ അംഗീകരിക്കാനുള്ള അറബ് വംശജരുടെ വൈമുഖ്യത്തെ ചരിത്രത്തില്‍ അനേകം സ്ഥലങ്ങളില്‍ നമുക്ക് കാണുവാന്‍ സാധിക്കും. തനിക്കും അറബ് ജനതക്കും ഇടയില്‍ നില നിന്ന ഈയൊരു വലിയ വിടവ് തന്ത്രപരമായി അടക്കാനും അറബ് ജനതക്കും കൂടി പ്രിയപ്പെട്ടവനായി മാറാനും സ്വലാഹുദ്ദീന്റെ തീരുമാനം വഴി തുറന്നു. ശീഅ ഖിലാഫത്തായ ഫാത്വിമി ഖിലാഫത്ത് സുന്നീ ഖിലാഫത്തായ അബ്ബാസി ഖിലാഫത്തിലേക്ക് വന്ന് ചേര്‍ന്നതില്‍ മുഖ്യധാരാ മത നേതൃത്വവും സന്തുഷ്ടരായിരുന്നു. അക്കാലഘട്ടത്തിലെ മുസ്‌ലിം സമൂഹത്തിന്റെ പൊതു നേതാവായി ഉയരുന്നതിന് ഇതൊക്കെ സ്വലാഹുദ്ദീന് ഗുണകരമായി ഭവിച്ചു.
എ ഡി 1174-ല്‍ നൂറുദ്ദീന്‍ സങ്കി മരണപ്പെട്ടു. ഇസ്ലാമിക ഖിലാഫത്തിന്റെ ചരിത്രത്തില്‍ പ്രാഗല്‍ഭ്യവും ഭരണമികവും ജനക്ഷേമ തത്പരതയും മതമൂല്യങ്ങളോടുള്ള പ്രതിബദ്ധതയും കൊണ്ട് സവിശേഷമായ സ്ഥാനമുണ്ടാകേണ്ട ഒരു മഹാനായ ഭരണകര്‍ത്താവായിരുന്നു നൂറുദ്ദീന്‍ സങ്കി. പക്ഷെ ഇസ്ലാമിക ചരിത്രരചനകളില്‍ അര്‍ഹമായ ഒരു പരിഗണനയും പ്രാതിനിധ്യവും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഇസ്‌ലാമിക ചരിത്ര രചനയില്‍ അദ്ദേഹം വലിയ അവഗണനക്ക് ഇരയായിട്ടുണ്ട്. തന്റെ ജീവിത കാലത്ത് തന്നെ ഖുദ്‌സ് വിമോചനം സാധ്യമാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അതിനായുള്ള മുഴുവന്‍ സൈനിക ആസൂത്രണങ്ങളും നൂറുദ്ദീന്‍ ഒരുക്കിയെടുത്തിരുന്നു.
കുരിശ് സേനയുമായുള്ള പോരാട്ടത്തിന്റെ അടിത്തറയും ആസൂത്രണങ്ങളുമെല്ലാം ആവിഷ്‌കരിച്ചത് നൂറുദ്ദീനായിരുന്നു. വിജയം വരിക്കുമ്പോള്‍ മസ്ജിദുല്‍ അഖ്‌സയില്‍ സ്ഥാപിക്കുന്നതിനായി അതിമനോഹരമായ കലാവിരുതുകളോട് കൂടിയ പ്രൗഢവും ഗംഭീരവുമായ ഒരു വലിയ മിമ്പര്‍ /പ്രസംഗ പീഠം അദ്ദേഹം പണി കഴിപ്പിച്ച് സൂക്ഷിച്ചിരുന്നു. പിന്നീട് സ്വലാഹുദ്ദീന്‍ അയ്യൂബി ഖുദ്സ് കീഴടക്കിയപ്പോള്‍ സിറിയയില്‍ നിന്ന് ആഘോഷപൂര്‍വം കൊണ്ട് വന്ന ഈ മിമ്പറാണ് പള്ളിക്കുള്ളില്‍ സ്ഥാപിച്ചത്. നൂറുദ്ദീന്റെ മിമ്പര്‍ അന്ന് മുസ്‌ലിം ലോകത്തിന് ഒരു വികാരമായിരുന്നു. ഇന്നും ആ മിമ്പര്‍ അവിടെ സൂക്ഷിച്ചിട്ടുണ്ട്.
ഖുദ്സിന്റെ വിഷയത്തില്‍ വിജയ ശില്പിയായിരുന്നു നൂറുദ്ദീന്‍. സ്വലാഹുദ്ദീന്‍ അതിനെ പ്രാവര്‍ത്തികമാക്കിയ ജേതാവും. അക്കാലത്തെ അറബ് വംശജരുടേതായ ഭരണകൂടങ്ങളില്‍ പലതും ഖുദ്‌സിനോട് കാണിച്ച അലംഭാവം പലവുരു ചരിത്രത്തില്‍ നാം കണ്ടു കഴിഞ്ഞു. അറബ് വംശജരല്ലാത്ത രണ്ട് ഭരണാധികാരികളാണ് മുസ്ലിംകളുടേയും വിശിഷ്യാ അറബികളുടെയും അഭിമാനം തിരിച്ച് പിടിച്ച് കൊണ്ട് ഖുദ്സ് വിമോചനം സാധ്യമാക്കിയത്. എന്നിട്ടും ചരിത്രത്തില്‍ സ്വലാഹുദ്ദീന് ലഭിച്ച പരിഗണനയുടെ ഒരംശം പോലും നൂറുദ്ദീന് ലഭിച്ചില്ല. അതിന്റെ മുഖ്യമായ കാരണം, സ്വലാഹുദ്ദീന് ലഭിച്ചത് പോലെയുള്ള ഒരു പിന്തുണ അറബ് ജനതയില്‍ നിന്ന് നൂറുദ്ദീന് ആര്‍ജിക്കാന്‍ സാധിച്ചില്ല എന്നത് തന്നെയാണ്. തനിക്കും അറബ് ജനതക്കുമിടയില്‍ നിലനിന്ന വംശീയമായ അകലം തന്ത്രപരമായി നികത്താന്‍ സ്വലാഹുദ്ദീന് സാധിച്ചത് പോലെ നൂറുദ്ദീന് സാധിച്ചില്ല എന്നതല്ലാതെ മറ്റൊരു കാരണവും ആ തിരസ്‌കരണത്തിന് പിന്നില്‍ കാണാന്‍ കഴിയുന്നില്ല.
നൂറുദ്ദീന്‍ സങ്കിയുടെ മരണത്തിന് ശേഷം അദ്ദേഹം രൂപപ്പെടുത്തിയ സാമ്രാജ്യത്തില്‍ അധികാര വടം വലികളും ഭരണ സ്തംഭനങ്ങളുമുണ്ടായി. സൈനിക നേതൃത്വത്തിലെ ആളുകള്‍ ഓരോരുത്തരും ഓരോ ഭൂപ്രദേശങ്ങളെ അധീനപ്പെടുത്തിക്കൊണ്ട് സ്വയം ഗവര്‍ണര്‍മാരായി പ്രഖ്യാപിച്ചു. ആഭ്യന്തര ശൈഥില്യം അതിന്റെ ഉച്ഛസ്ഥായിയിലെത്തിയപ്പോള്‍ കുരിശ് സേന ഓരോയിടങ്ങളിലും ആധിപത്യമുറപ്പിക്കാന്‍ തുടങ്ങി. നൂറുദ്ദീന്‍ നേടിയ പല സ്ഥലങ്ങളും അവര്‍ വീണ്ടും കൈക്കലാക്കിത്തുടങ്ങി. ആഭ്യന്തര ശൈഥില്യം രാജ്യത്തെ തന്ന ഇല്ലാതാക്കിക്കളയുമെന്ന ഘട്ടത്തില്‍ സ്വലാഹുദ്ദീന്‍ അയ്യൂബി സിറിയയിലേക്ക് വരികയും ബലാല്‍ക്കാരമായിത്തന്നെ സിറിയയുടെ അധികാരം കൈക്കലാക്കുകയും ചെയ്തു.
നേരത്തെ തന്നെ നൂറുദ്ദീന്റെയും സ്വലാഹുദ്ദീന്റെയും രാഷ്ട്രീയ നീക്കങ്ങളെ ജാഗ്രതയോടെ കണ്ടിരുന്ന യൂറോപ്പിന് സ്വലാഹുദ്ദീന്റെ പുതിയ നീക്കത്തിന്റെ അപകടം വളരെ വേഗം പിടികിട്ടി. ഭൂമി ശാസ്ത്രപരമായി സിറിയയുടെയും ഈജിപ്തിന്റെയും ഇടയിലാണ് ഫലസ്തീന്റെ കിടപ്പ്. രണ്ട് ഭാഗത്തും തങ്ങളുടെ ശത്രുക്കളാണെന്ന തിരിച്ചറിവാണ് യൂറോപ്പിന്റെ ജാഗ്രതയുടെ കാരണം. അതിനെ ശക്തിപ്പെടുത്തിക്കൊണ്ടാണ് സ്വലാഹുദ്ദീന്‍ പുതിയ നീക്കം നടത്തിയിരിക്കുന്നത്. പുണ്യനാടുകള്‍ കൈവിട്ടു പോകാതിരിക്കാന്‍ ഒരു യുദ്ധമല്ലാതെ മറ്റൊരു വഴിയില്ലെന്ന് മാര്‍പ്പാപ്പയും യൂറോപ്പും തിരിച്ചറിയുകയായിരുന്നു.
ഫലസ്തീനിലെ കിര്‍ക്ക് കോട്ടയെ കേന്ദ്രീകരിച്ചായിരുന്നു ക്രിസ്ത്യന്‍ സേന അവിടെ നില കൊണ്ടത്. ജറൂസലമിന് ചുറ്റും സൈനിക ശക്തിയുടെ കോട്ട കെട്ടി അവര്‍ നിതാന്ത ജാഗ്രത പുലര്‍ത്തി. മുസ്ലിംകളെ അങ്ങോട്ട് കടന്നാക്രമിക്കുക എന്ന കടുംകൈ ചെയ്യാന്‍ ക്രിസ്ത്യന്‍ സേന തീരുമാനിച്ചു. മക്കയും മദീനയുമടങ്ങുന്ന ഹിജാസിനെ ആക്രമിച്ച് കീഴടക്കാനുള്ള ഒരു പദ്ധതിയായിരുന്നു അത്. അതിനായി കുരിശ് സൈന്യവും കപ്പലും ചെങ്കടലിലൂടെ ഹിജാസ് ലക്ഷ്യമാക്കി യാത്ര തിരിച്ചു. വിവരമറിഞ്ഞ സ്വാലാഹുദ്ദീന്‍ ഒരു സംഘം മിടുക്കരായ യോദ്ധാക്കളെ ക്രിസ്ത്യന്‍ സേനക്ക് പിന്നാലെ അയച്ചു. ഇന്നത്തെ സുഊദിയുടെ പടിഞ്ഞാറന്‍ തീരത്ത് വെച്ച് മുസ്ലിം സേന ക്രിസ്ത്യന്‍ സേനയോട് ഏറ്റ് മുട്ടി. പരാജിതരായ ക്രിസ്ത്യന്‍ സേന ഉദ്യമത്തില്‍ നിന്ന് പിന്‍വാങ്ങി ഫലസ്തീനിലേക്ക് തന്നെ മടങ്ങി.
പരസ്പരമുള്ള വൈരം മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ നീറിപ്പുകഞ്ഞ് കൊണ്ടിരുന്നു. ശാശ്വതമായ ഒരു വിജയമായിരുന്നു രണ്ട് കൂട്ടരുടെയും ലക്ഷ്യം. ഹജ്ജ് തീര്‍ഥാടകരെ ഉപദ്രവിക്കാതിരിക്കുക എന്നൊരു പൊതുമര്യാദ ക്രിസ്ത്യന്‍ ഭരണാധികാരികള്‍ അക്കാലത്ത് സാമാന്യമായി പുലര്‍ത്തിയിരുന്നു. അതിനെ ലംഘിച്ച് കൊണ്ട് എ ഡി 1186-ല്‍ ഒരു വലിയ സംഘം ഹജ്ജ് തീര്‍ഥാടകര്‍ അന്നത്തെ ക്രിസ്ത്യന്‍ സൈനിക നേതാവായ അര്‍ണതിനാല്‍ ആക്രമിക്കപ്പെട്ടു. മുമ്പ് ഹിജാസ് ആക്രമിക്കാന്‍ തീരുമാനമെടുത്തതും ഇതേ അര്‍ണത് തന്നെയായിരുന്നു.
തിരിച്ചടിക്കാനുള്ള ഒരവസരമായി സ്വലാഹുദ്ദീന്‍ ഇതിനെ കണ്ടു. ഒരു വന്‍ സൈന്യവുമായി സ്വലാഹുദ്ദീന്‍ ഫലസ്തീനിലേക്ക് മാര്‍ച്ച് ചെയ്തു. ഒരു വന്‍ യുദ്ധത്തിലാണ് അത് കലാശിച്ചത്. 1187 ജൂലൈ 4-ന് ത്വബ്രിയ എന്ന ഒരു പഴയ അഗ്‌നിപര്‍വത ലാവയുറഞ്ഞ കുന്നിന്റെ ചെരുവില്‍ വെച്ച് നടന്ന ഈ യുദ്ധം ഹിത്ത്വീന്‍ യുദ്ധം എന്ന പേരിലാണ് അറിയപ്പെടുന്നത്. കുരിശ് യുദ്ധങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും കടുത്തതും നിര്‍ണായകവുമായ ഒരു യുദ്ധമായിരുന്നു ഇത്. ഒരു വമ്പിച്ച സൈന്യവുമായാണ് ക്രിസ്ത്യന്‍ ഭരണാധികാരികള്‍ ത്വബ്രിയയില്‍ സ്വലാഹുദ്ദീന്റെ സൈന്യത്തോട് ഏറ്റുമുട്ടാന്‍ സജ്ജമായി നിന്നത്. ക്രിസ്ത്യന്‍ രാജ്യങ്ങളായ കിംഗ്ഡം ഓഫ് ജറൂസലം, കണ്‍ട്രി ഓഫ് ട്രിപ്പോളി, അന്തോക്യ തുടങ്ങിയ രാജ്യങ്ങളുടെയും കത്തോലിക്ക സൈനിക വിഭാഗം, വിശുദ്ധ സേനയെന്നറിയപ്പെടുന്ന ക്രിസ്തീയ സേന തുടങ്ങിയ അനേകം സേനകളുടെയും സംയുക്ത മുന്നണിയാണ് സ്വലാഹുദ്ദീനെ നേരിടാന്‍ സജ്ജമായി നിന്നത്. ഇതില്‍ പല സേനകള്‍ക്കും തമ്മില്‍ രഞ്ജിപ്പില്ലായിരുന്നു. അതിനെ മുതലെടുത്തും തന്ത്രപരമായി സേനാ വിന്യാസങ്ങള്‍ ഒരുക്കിയുമാണ് സ്വലാഹുദ്ദീന്‍ യുദ്ധത്തിന് തയാറായത്. വലിയ യുദ്ധത്തിനൊടുവില്‍ ക്രിസ്ത്യന്‍ സേനകളെ പരാജയപ്പെടുത്തി സ്വലാഹുദ്ദീന്റെ വിജയക്കൊടി വാനില്‍ പാറി. പതിനായിരക്കണക്കിന് കുരിശ് പോരാളികളെ അടിമകളാക്കി ബാഗ്ദാദിലും സിറിയയിലെ ചന്തകളിലും വില്‍പനക്ക് വെച്ചു. അര്‍ണത് ഒഴികെയുള്ള രാജാക്കന്മാരെ സ്വലാഹുദ്ദീന്‍ വെറുതേ വിട്ടു. അര്‍ണതിനെ മുന്നില്‍ നിര്‍ത്തി ഉടവാളൂരി ഗളച്ഛേദം ചെയ്തു. തുടര്‍ന്ന് സ്വലാഹുദ്ദീനും സംഘവും ഖുദ്സിലേക്ക് മുന്നേറി.
ഖുദ്സ് പട്ടണത്തിനുള്ളില്‍ വസിച്ചിരുന്ന ക്രിസ്ത്യന്‍ ജനത ഈ വാര്‍ത്തകളറിഞ്ഞ് പരിഭ്രാന്തരായി. തങ്ങളെ സ്വലാഹുദ്ദീനും സംഘവും കൊന്ന് കളയുകയോ അടിമകളാക്കി സിറിയയില്‍ കൊണ്ട് പോയി വില്‍ക്കുകയോ ചെയ്യുമെന്ന ഭീതിയിലായിരുന്നു അവര്‍. തങ്ങളെ ഉപദ്രവിക്കുകയോ ഖുദ്സിന്റെ കവാടം കടന്ന് മുസ്ലിം സേന അകത്ത് കടക്കുകയോ ചെയ്താല്‍ മസ്ജിദുല്‍ അഖ്സക്ക് തങ്ങള്‍ തീകൊടുക്കുമെന്നും നഗരത്തിനുള്ളിലെ മുസ്ലിംകളെ മുഴുവന്‍ ചുട്ടു കൊല്ലുമെന്നും തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്നും അവര്‍ ഭീഷണി മുഴക്കി. സ്വലാഹുദ്ദീന്‍ അവരെ സന്ധിക്ക് വിളിച്ചു. ആയുധങ്ങള്‍ ഇല്ലാതെ സ്വന്തം സമ്പത്ത് മാത്രം കൂടെക്കൂട്ടി അവര്‍ക്ക് പുറത്ത് പോകാന്‍ അനുമതി നല്‍കി. മുഴുവന്‍ ക്രിസ്ത്യാനികളും ജറുസലേം പട്ടണത്തില്‍ നിന്ന് പുറത്ത് കടന്നു. മുസ്ലിംകള്‍ വിജയാരവത്തോടെ ഖുദ്സിലേക്ക് പ്രവേശിച്ചു. മസ്ജിദുല്‍ അഖ്സയെ സ്വാലാഹുദ്ദീന്‍ അയ്യൂബി വീണ്ടെടുത്തു. ഏതാണ്ട് 90 വര്‍ഷം നീളുന്ന ഒരു ക്രിസ്ത്യന്‍ ആധിപത്യത്തിന് കീഴില്‍ നിന്ന് ഖുദ്സ് മോചിതമായി. കിംഗ്ഡം ഓഫ് ജറൂസലം എന്ന രാജ്യം ചരിത്രത്തില്‍ ലയിച്ചു. ഖുദ്സ് അബ്ബാസിയ ഖിലാഫത്തിന്റെ കീഴിലായി മാറി. ഇസ്ലാമിക ചരിത്രത്തിലെ നക്ഷത്ര ശോഭയുള്ള ഒരധ്യായം അവിടെ പിറക്കുകയായിരുന്നു. (തുടരും)