സൈനബിന്റെ(റ) മുന്‍ ഭര്‍ത്താക്കന്മാര്‍
സയ്യിദ് സുല്ലമി
ശബാബില്‍ (പുസ്തകം 47, ലക്കം 8) പ്രവാചക ഭാര്യമാരെക്കുറിച്ച് ഞാന്‍ എഴുതിയ ലേഖനത്തില്‍ സൈനബിന്റെ(റ) മുന്‍ ഭര്‍ത്താവ് എന്ന നിലയില്‍ രണ്ടു പേരുകള്‍ സൂചിപ്പിച്ചതില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. രണ്ടു പേരും അവരുടെ മുന്‍ ഭര്‍ത്താക്കന്മാര്‍ തന്നെയാണ്. പ്രവാചക പത്‌നി ഉമ്മുല്‍ മസാകീന്‍ സൈനബ് ബിന്‍ത് ഖുസൈമ(റ)യുടെ ഭര്‍ത്താവ് ജഹ്മിബ്‌നു അംറായിരുന്നു. തുഫൈല്‍ ബിന്‍ ഹാരിസ് ആണെന്നും അഭിപ്രായമുണ്ട്. അദ്ദേഹം മരണപ്പെട്ട ശേഷം ഉബൈദ ബിന്‍ ഹാരിസിനെ അവര്‍ വിവാഹം ചെയ്തു. പിന്നീട് അവരെ വിവാഹം ചെയ്തത് അബ്ദുല്ലാഹിബ്‌നു ജഹ്ശ്(റ) ആയിരുന്നു. ഉഹ്ദ് യുദ്ധത്തെ തുടര്‍ന്ന് അദ്ദേഹം മരണപ്പെട്ടു. അങ്ങനെയാണ് നബി(സ)യെ അവര്‍ വിവാഹം ചെയ്തത്. തന്റെ പത്‌നിമാരില്‍ ഒരാള്‍ക്ക് വേണ്ടി മാത്രമാണ് നബി(സ) മയ്യിത്ത് നമസ്‌കരിച്ചത്. അത് സൈനബ് ബിന്‍ത് ഖുസൈമ(റ)ക്ക് വേണ്ടിയാണ്. മദീനയിലെ ബഖീഅ് ശ്മശാനത്തില്‍ ആദ്യമായി മറവ് ചെയ്യപ്പെട്ട പ്രവാചക പത്‌നിയും അവരാണ്. ആദ്യ പത്‌നി ഖദീജ(റ) മരണപ്പെട്ട സന്ദര്‍ഭത്തില്‍ മയ്യിത്ത് നമസ്‌കാരം മതനിയമമാക്കപ്പെട്ടിരുന്നില്ല എന്നതുകൊണ്ടാണ് അവര്‍ക്കു വേണ്ടി മയ്യിത്ത് നമസ്‌കരിക്കാതെപോയത്.