5 Thursday
September 2024
2024 September 5
1446 Rabie Al-Awwal 1

സി സൈതാലിക്കുട്ടി മാസ്റ്റര്‍; പത്രപ്രവര്‍ത്തകനായ പരിഷ്‌കര്‍ത്താവ്‌

ഹാറൂന്‍ കക്കാട്‌


സാമൂഹിക പരിഷ്‌കര്‍ത്താവ്, പത്രാധിപര്‍, കവി, ഗ്രന്ഥകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, അധ്യാപകന്‍, സംഘാടകന്‍, പത്രപ്രവര്‍ത്തകന്‍, ലിപി പരിഷ്‌കര്‍ത്താവ് തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ കര്‍മവസന്തങ്ങള്‍ തീര്‍ത്ത പണ്ഡിതനായിരുന്നു സി സൈതാലിക്കുട്ടി മാസ്റ്റര്‍. മലപ്പുറം ജില്ലയിലെ തിരൂര്‍ നഗരത്തിന്റെ കിഴക്കുഭാഗത്തെ പൗരാണിക തറവാടായിരുന്ന കണ്ണമാന്‍കടവത്ത് അലവി സാഹിബിന്റെ മകനായി 1856-ലാണ് ജനനം. സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ അദ്ദേഹം പ്രാവീണ്യം നേടി. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ എടവണ്ണ, തിരൂര്‍, വെളിയങ്കോട് എന്നീ പ്രദേശങ്ങളില്‍ അധ്യാപകനായി സേവനം ചെയ്തു.
19-ാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ പാലക്കാട് മുതല്‍ കാസര്‍കോഡ് വരെ ഓത്തുപള്ളികള്‍, ബോര്‍ഡ് മാപ്പിള സ്‌കൂളുകള്‍ തുടങ്ങിയവ പരിശോധിച്ച് മുസ്ലിം പഠനനിലവാരം മെച്ചപ്പെടുത്താന്‍ സബ് അസിസ്റ്റന്റ് ഇന്‍സ്പക്ടര്‍ (എസ്എഐ) തസ്തികയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. 1906-ല്‍ ഏറനാട്ടിലും വള്ളുവനാട്ടിലും സൈതാലിക്കുട്ടി മാസ്റ്റര്‍ എസ്എഐ തസ്തികയില്‍ നിയമിതനായി. വൈജ്ഞാനിക മേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്താന്‍ അദ്ദേഹം ഈ പദവി ഉപയോഗപ്പെടുത്തി.
അറബിമലയാളം ലിപി പരിഷ്‌കരണത്തില്‍ മാസ്റ്റര്‍ വലിയ സേവനങ്ങള്‍ ചെയ്തു. മലയാള അക്ഷരങ്ങള്‍ക്ക് സമാനമായി അറബി അക്ഷരങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചു. തദാവശ്യാര്‍ഥം അറുപതിലധികം പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘തഅ്‌ലീമുല്‍ മുബ്തദിഈന്‍’ എന്ന ഗ്രന്ഥം രചിച്ചു. അക്കാലത്ത് ചാലിലകത്ത് കുഞ്ഞിമുഹമ്മദ് ഹാജിയും സനാഉല്ലാ മക്തി തങ്ങളും അറബിമലയാള ലിപി പരിഷ്‌കരണം നടത്തിയിരുന്നു. മക്തി തങ്ങളുടെ ലിപിയാണ് സൈതാലിക്കുട്ടി മാസ്റ്റര്‍ തന്റെ പ്രസിദ്ധീകരണങ്ങളില്‍ ഉപയോഗിച്ചത്.
സി സൈതാലിക്കുട്ടി മാസ്റ്ററുടെ പത്രങ്ങള്‍ കേരള മുസ്‌ലിം നവോത്ഥാനത്തില്‍ വഹിച്ച പങ്ക് നിസ്തുലമാണ്. പത്രത്തിന്റെ നടത്തിപ്പ് സുഗമമാക്കുന്നതിന് അദ്ദേഹം തിരൂരില്‍ സ്വലാഹുല്‍ ഇഖ്‌വാന്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു. 1899ല്‍, ഹിജ്‌റ 1317 മുഹര്‍റം മാസത്തില്‍ സ്വലാഹുല്‍ ഇഖ്‌വാന്‍ പത്രത്തിന്റെ പ്രഥമ ലക്കം പുറത്തുവന്നു. മാസത്തില്‍ രണ്ട് ലക്കം വീതമാണ് പ്രസിദ്ധീകരിച്ചത്. ലോകത്തിലെ പ്രധാന സംഭവങ്ങളും പ്രത്യേകിച്ച് തുര്‍ക്കി സുല്‍ത്താന്‍മാരുടെ ഭരണപരിഷ്‌കാര സംബന്ധമായ വിവരങ്ങളും സ്വലാഹുല്‍ ഇഖ്വാനില്‍ പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിച്ചിരുന്നു.
സ്വലാഹുല്‍ ഇഖ്‌വാനില്‍ പത്രത്തിന്റെ പള്ളിപ്പുറം ലേഖകന്‍ ഖുത്ബ പരിഭാഷ ആവശ്യമാണെന്ന് വാദിച്ചുകൊണ്ട് ലേഖനമെഴുതി. അതു കണ്ടപ്പോള്‍ പത്രവായനക്കാരായ അന്നത്തെ മതപണ്ഡിതന്മാര്‍ അതേക്കുറിച്ച് ചിന്തിച്ചു. അതേത്തുടര്‍ന്ന് അനുകൂലമായ പല റിപ്പോര്‍ട്ടുകളും വിവിധ ഭാഗങ്ങളില്‍ നിന്നു വന്നു. അങ്ങാടിപ്പുറം ലേഖകന്‍ എഴുതുന്നു: ”അങ്ങാടിപ്പുറത്ത് കക്കൂത്ത് പള്ളിയില്‍ ജുമുഅത്ത് ഖുതുബ തര്‍ജമയാക്കി ഓതുന്നതിനാല്‍ കച്ചേരിപ്പടിക്കലും മറ്റുമുള്ള ജുമുഅത്ത് പള്ളികളില്‍ ജുമുഅക്ക് കൂടുന്നവരില്‍ പലരും കക്കൂത്ത് പള്ളിക്കല്‍ വന്നുകൂടുന്നതായി അറിയുന്നു” (വാല്യം 3, ലക്കം 7).
”തെക്കന്‍ കര്‍ണാടകത്തില്‍ കുഞ്ഞാലി ശെറൂരിന്റെ ഉത്സാഹഫലമായി പുത്തൂര്‍ ജുമുഅത്ത് പള്ളിയില്‍ രണ്ടു മാസത്തോളമായി വെള്ളിയാഴ്ച ഖുത്ബ തര്‍ജമ ചെയ്ത് ഓതിക്കുന്നതുകൊണ്ട് ജുമുഅക്ക് വളരെ ആളുകള്‍ ഏറിയിരിക്കുന്നു” (സ്വലാഹുല്‍ ഇഖ്‌വാന്‍, വാല്യം 3, ലക്കം 14).
പൊന്നാനി വലിയ സിയാറത്തിങ്കല്‍ സയ്യിദ് അബൂബക്കര്‍ ഇബ്‌നു അബ്ദുറഹ്മാനില്‍ ഹൈദ്രോസ് വലിയ കോയക്കുട്ടി തങ്ങള്‍ എഴുതുന്നു: ”ജുമുഅയുടെ ഖുതുബ മലയാള വാക്കില്‍ ചിലത് ഞാന്‍ തര്‍ജമ ചെയ്തു ഓതിച്ചുനോക്കിയതില്‍ ആമ്മീങ്ങളായ ജനങ്ങള്‍ മിക്കതും ദീന്‍കാര്യത്തില്‍ പേടിച്ചതായും ഇബാദത്തില്‍ ഉത്സാഹമുള്ളതായും കാണുന്നു. ഖുതുബ തര്‍ജമ ചെയ്തുപോകുന്നതാണ് നല്ലതെന്നതിന് ഇതിനെ ഒരു ശാഹിദാകുന്നു. അതുകൊണ്ട് മലയാളവാക്കില്‍ തെറ്റുകൂടാതെ ഖുതുബ തര്‍ജമ ചെയ്യുന്ന ഉത്തരവാദം സ്വലാഹുല്‍ ഇഖ്‌വാന്‍ പത്രാധിപര്‍ ഏല്‍ക്കുന്നതായാല്‍ എന്റെ അധീനത്തിലുള്ള സകല പള്ളികളിലും ഓരോന്ന് എടുക്കുന്നതും തര്‍ജമക്കും അച്ചടിക്കും വേണ്ടിവരുന്ന ചെലവിലേക്ക് ഓരോ ജുമുഅത്ത് പള്ളിയുടെ അവസ്ഥ പ്രകാരം അഞ്ചുറുപ്പിക മുതല്‍ പത്ത് ഉറുപ്പിക വരെയും എന്റെ സ്വന്തം അഞ്ചുറുപ്പികയും കൊടുപ്പാന്‍ നിശ്ചയിച്ചതില്‍ പത്രാധിപരുടെ തീര്‍പ്പ് തൃപ്തിയായി കണ്ടാല്‍ പകുതിയും തര്‍ജമ അടിച്ചുകിട്ടിയാല്‍ ബാക്കിയും അടച്ചുകൊടുപ്പാന്‍ ഞാന്‍ ഒരുങ്ങിയിരിക്കുന്നു.” (വാല്യം 2, ലക്കം 7)
ആധുനിക ശാസ്ത്രവിദ്യയിലേക്ക് മുസ്‌ലിംകളെ പ്രേരിപ്പിക്കുന്നതിനായി നിരവധി ലേഖനങ്ങള്‍ സൈതാലിക്കുട്ടി മാസ്റ്റര്‍ എഴുതിയിട്ടുണ്ട്. അല്‍ മുഅയ്യിദ്, റിവ്യൂ ഓഫ് റിലീജിയന്‍സ്, ഹെല്‍ത്ത് മാഗസിന്‍ മുതലായ അറബി, ഇംഗ്ലീഷ് പത്രങ്ങളില്‍ നിന്നു വിവര്‍ത്തനം ചെയ്ത് സ്വലാഹില്‍ പ്രസിദ്ധീകരിച്ചിരുന്നു. അബ്ബാസിയ്യാ കാലത്തെ കഥാസമൃദ്ധിയായ ‘ആയിരത്തൊന്ന് രാവുകള്‍’ (അല്‍ഫു ലൈല വ ലൈല) ഖണ്ഡശ്ശയായി ഇതില്‍ പ്രസിദ്ധീകരിച്ചിരുന്നു. ചാലിലകത്ത് അബ്ദുല്ല മൗലവി, ശുജാഇ മൊയ്തു മുസ്‌ലിയാര്‍, ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍ (താനൂര്‍), മലപ്പുറം മേല്‍മുറി മാടമ്പി അലവി മുസ്‌ലിയാര്‍, സനാഉല്ല മക്തി തങ്ങള്‍, കൊക്കൂര്‍ മൊയ്തുണ്ണി മുസ്‌ലിയാര്‍, ശൈഖ് മാഹീന്‍ ഹമദാനി തങ്ങള്‍ തുടങ്ങിയവരെല്ലാം ലേഖനങ്ങള്‍ എഴുതിയിരുന്നു. മക്തി തങ്ങളുടെ മിക്ക ലേഖനങ്ങളും സലാഹുല്‍ ഇഖ്‌വാനിലൂടെയാണ് പ്രസിദ്ധീകരിച്ചത്.
എട്ട് വര്‍ഷത്തെ വിപ്ലവകരമായ ജൈത്രയാത്രക്ക് ശേഷം 1906ല്‍ സ്വലാഹുല്‍ ഇഖ്‌വാന്‍ ചരിത്രത്തിന്റെ ഭാഗമായി. ഇതില്‍ പരമ്പരയായി എഴുതിക്കൊണ്ടിരുന്ന മുസ്‌ലിംകളും പുതിയ വിദ്യാഭ്യാസവും, മുസ്‌ലിംകളും ശാസ്ത്രവും എന്നിവ പുസ്തകമായി പ്രസിദ്ധീകരിച്ചു. 1908ല്‍ ‘മതവിജ്ഞാന രശ്മി’ എന്ന കൃതിയും അദ്ദേഹം രചിച്ചു. അദ്ദേഹം എഴുതിയ ‘കുളല്‍’ എന്ന മാപ്പിളപ്പാട്ട് പ്രശസ്തമാണ്.
പിന്നീട് 1909ല്‍ റഫീഖുല്‍ ഇസ്‌ലാം എന്ന പേരില്‍ അറബിമലയാളത്തില്‍ ഒരു പത്രം കൂടി സൈതാലിക്കുട്ടി മാസ്റ്റര്‍ ആരംഭിച്ചു. മികച്ച പ്രതികരണങ്ങള്‍ സൃഷ്ടിച്ച ഈ പത്രം അദ്ദേഹത്തിന് രണ്ട് വര്‍ഷം മാത്രമേ പുറത്തിറക്കാന്‍ കഴിഞ്ഞുള്ളൂ. തിരൂര്‍ താലൂക്കിലെ മംഗലം അംശം ദേശത്ത് തച്ചറക്കല്‍ എന്ന വീട്ടില്‍ മത്വ്ബഅത്തുല്‍ ഇസ്‌ലാമിയ എന്ന പേരില്‍ ഒരു അറബി മലയാളം ലിത്തോ പ്രസ് സൈതാലിക്കുട്ടി മാസ്റ്റര്‍ സ്ഥാപിച്ചിരുന്നു.
1900 സപ്തംബര്‍ 9-ന് പിറവിയെടുത്ത പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയുടെ രൂപീകരണത്തിന് നിരവധി പരിശ്രമങ്ങള്‍ നടത്തിയവരില്‍ പ്രമുഖനായിരുന്നു സൈതാലിക്കുട്ടി മാസ്റ്റര്‍. സ്വമേധയാ ഇസ്‌ലാമിലേക്കു കടന്നുവരുന്ന വിശ്വാസികള്‍ക്ക് മതപഠന പരിശീലനം നല്‍കലായിരുന്നു സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. സഭയുടെ രണ്ടാമത്തെ യോഗത്തില്‍ മാനേജരായ സൈതാലിക്കുട്ടി മാസ്റ്റര്‍ അവതരിപ്പിച്ച ഭരണഘടന ചില ഭേദഗതികളോടെ അംഗീകരിച്ചു. സഭാവാര്‍ത്തകളും പരസ്യങ്ങളും മാസാന്ത യോഗനടപടികളും സൗജന്യമായി ‘സലാഹുല്‍ ഇഖ്‌വാന്‍’ എന്ന തന്റെ പ്രസിദ്ധീകരണത്തില്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു.
‘അങ്ങേയറ്റത്തെ വിനീതനും മതഭക്തനും നിസ്വാര്‍ഥ സമുദായ സേവകനും കവിയും കിടയറ്റ എഴുത്തുകാരനുമായിരുന്നു എന്റെ ഗുരുവര്യനായിരുന്ന സൈതാലിക്കുട്ടി മാസ്റ്റര്‍’ എന്നാണ് സൈതാലിക്കുട്ടി മാസ്റ്ററെ കുറിച്ച് നൂറ്റാണ്ടിന്റെ സാക്ഷി ഇ മൊയ്തു മൗലവി എഴുതിയത്. വെളിയങ്കോട്ട് ഭാര്യാഗൃഹത്തില്‍ വെച്ച് 1919 നവംബര്‍ 17ന് സൈതാലിക്കുട്ടി മാസ്റ്റര്‍ നിര്യാതനായി.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x