20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

ഹാഗര്‍

സഹ്‌ ല അന്‍വര്‍

തീര്‍ത്ഥാടനത്തിനിടയില്‍
സംസമെന്ന്‌
കണ്ണിനോട്‌ പറയേണ്ടി
വരാറുണ്ട്‌

വേനല്‍ പോലെ
വരണ്ടഹൃത്തിന്‌
കല്‍ക്കറുപ്പിന്‍
തിളക്കം സുന്ദരിയായ
ഒരമ്മയാകാറുണ്ട്‌

ദൈവപ്രണയത്തില്‍
മനസ്സുരുകാറുണ്ട്‌..
ശൂന്യതയിലെ
മരുഭൂമിയിലേക്ക്‌
വാല്‍സല്യത്തെ
കൈപിടിച്ച
അകക്കരുത്തോര്‍ക്കാറുണ്ട്‌

മഹാസംഗമത്തിന്റെ
മൈതാനങ്ങളിലും
ഹാജറയുടെ
മടിയിരിപ്പിലേക്ക്‌
മനസ്സെപ്പോളും
മടമ്പിട്ടടിക്കാറുണ്ട്‌

ഇബ്‌റാഹീമുകളിലേക്ക്‌
നീളുന്ന ഓട്ടപ്പാച്ചിലിനിടയില്‍
നീയെന്ന അമ്മ
ഹൃദയതാളമായി
മിടിക്കാറുണ്ട്‌

ഹാഗര്‍… പ്രിയപ്പെട്ടവളേ
നിന്റെ ത്യാഗത്തിന്റെ
പെരുന്നാളില്‍
ഞങ്ങളിതാ
അലിഞ്ഞിരിക്കുന്നു!

ഒറ്റയായുണരുന്ന
ജീവിതരാശികളില്‍
അശരീരികള്‍
ആട്ടിന്‍ പറ്റത്തെ ഇറക്കുമെന്ന്‌
ഞാനറിയുന്നു.

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ
പെരുന്നാള്‍ പിറകള്‍
ഈന്തോലകള്‍ക്കിടയിലൂടെ
ഇസ്‌മാഈലുകളെ
നോക്കിച്ചിരിക്കുന്നത്‌
ഞാന്‍ കിനാവു കാണുന്നൂ

ഇതുവരെ കാണാത്ത
ബലിക്കല്ലുകള്‍ക്കിടയില്‍
നിനക്കൊപ്പം
മരുഭൂമിയുടെ ഊഷരതയില്‍
ഞാന്‍ കിതയ്‌ക്കുന്നു.

Back to Top