27 Saturday
July 2024
2024 July 27
1446 Mouharrem 20

മതബോധത്തിന്റെ പ്രതിഫലനമാണ് സഹവര്‍ത്തിത്തം

ഡോ. ഇ കെ അഹ്മദ്കുട്ടി


സമകാലിക കേരളം കടന്നുപോകുന്ന സാംസ്‌കാരിക-രാഷ്ട്രീയ പ്രതിസന്ധികള്‍ ഏറെയാണ്. കേരളത്തിന്റെ ചരിത്രവും വര്‍ത്തമാനവും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ ആകത്തുകയാണ് ഇന്നത്തെ സാംസ്‌കാരിക ചിത്രമെന്ന് നമുക്ക് പറയാനാവും. കേരളം കൈവരിച്ച സാമൂഹിക നവോത്ഥാനത്തിന്റെ മൂല്യങ്ങള്‍ നോക്കുകുത്തിയായി നില്‍ക്കുന്ന സാഹചര്യമുണ്ട്. അന്ധവിശ്വാസവും അനാചാരങ്ങളും വര്‍ഗീയതയും ജാതിക്കൊലകളും കേരളത്തില്‍ വര്‍ധിച്ചുവരുന്നു എന്നത് നവോത്ഥാനത്തില്‍ നിന്നുള്ള പിന്മടക്കത്തിന്റെ ലക്ഷണങ്ങളാണ്.
ഇത്തരം അധമ സംസ്‌കാരത്തെയെല്ലാം അതിജീവിച്ചുകൊണ്ടാണ് കേരളം ഇന്ന് കാണുന്ന നിലയിലെത്തിയത്. നവോത്ഥാന കേരളം എന്ന് നാം അഭിമാനത്തോടെ വിളിച്ചിരുന്നത് ഇതിനെയാണ്. വിവിധ സമുദായങ്ങളില്‍ നടന്നിട്ടുള്ള പുരോഗമനപരവും മാനവികവുമായ പരിഷ്‌കരണ ശ്രമങ്ങള്‍ അതത് സമുദായങ്ങളെ കേരളത്തിന്റെ മുഖ്യധാരയിലെത്തിച്ചു. ഓരോ സമുദായത്തിനുള്ളിലും നടന്ന പരിഷ്‌കരണ ശ്രമങ്ങള്‍ക്ക് അവരില്‍ നിന്നുതന്നെ എതിര്‍പ്പുകളും ഉണ്ടായിരുന്നു. എന്നാല്‍ അത്തരം നവോത്ഥാന പരിശ്രമങ്ങള്‍ ആവശ്യമാണെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അവരുടെ പിന്തുണയും പ്രോത്സാഹനവുമാണ് നവോത്ഥാന നായകര്‍ക്ക് പ്രചോദനം നല്‍കിയത്.
കേരളത്തിലെ വിവിധ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മൈത്രിയും സൗഹൃദവും ഈ നവോത്ഥാനത്തിന്റെ ബാക്കിപത്രമാണ്. സൗഹൃദത്തിന്റെയും മാനവ മൈത്രിയുടെയും സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയുമൊക്കെ മഹിതമായ പാരമ്പര്യമാണത്. ആ പാരമ്പര്യവും ഉദാത്ത മാതൃകകളും ഈ അടുത്ത കാലം വരെ നിലനിന്നിരുന്നു എന്ന് വര്‍ത്തമാന കാലം നമ്മെക്കൊണ്ട് പറയിക്കുന്നുണ്ട്. ഹിന്ദു സമുദായത്തിലെ നവോത്ഥാന നായകരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, സഹോദരന്‍ അയ്യപ്പന്‍, അയ്യങ്കാളി തുടങ്ങിയവരും മുസ്‌ലിം സമൂഹത്തിലെ നവോത്ഥാന നായകരും പണ്ഡിതരുമായ സനാഉല്ല മക്തി തങ്ങള്‍, വക്കം മൗലവി, കെ എം മൗലവി, ഇ കെ മൗലവി എന്നിവരും രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളില്‍ നേതൃത്വപരമായ സേവനം അനുഷ്ഠിച്ച മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, ഇ മൊയ്തു മൗലവി, സി എച്ച് മുഹമ്മദ് കോയ, ബാഫഖി തങ്ങള്‍, സീതി സാഹിബ് പോലുള്ളവരും നമ്മുടെ കേരളത്തില്‍ മാനവികതയും സൗഹാര്‍ദാന്തരീക്ഷവും ഊട്ടിയുറപ്പിക്കാന്‍ കഠിന പരിശ്രമങ്ങള്‍ ചെയ്തവരാണ്.
അവരുടെ ദീര്‍ഘവീക്ഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടായിത്തീര്‍ന്ന മൈത്രീ ഭാവം ഇക്കാലമത്രയും കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞുവെങ്കിലും സമീപകാലത്ത് പാരമ്പര്യ മൂല്യങ്ങള്‍ക്ക് പോറലേല്‍പിക്കുന്ന ചില പ്രവണതകള്‍ പ്രകടമാകുന്നു എന്നത് ദുഃഖകരമാണ്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയ ചിന്താഗതികളുടെയുമൊക്കെ പേരില്‍ കലഹങ്ങളും കൊലപാതകങ്ങളും നിത്യസംഭവങ്ങളായി തീര്‍ന്നിരിക്കുന്നു. മറ്റൊരു വശത്ത് അന്ധവിശ്വാസങ്ങളുടെയും ആത്മീയതയുടെയും പേരിലുള്ള തട്ടിപ്പുകളും ചൂഷണങ്ങളും വളരുകയാണ്. ഈ സാഹചര്യത്തിലാണ് മൈത്രീ സമ്മേളനം പ്രസക്തമാകുന്നത്.
ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇന്നത് ആഗോളതലത്തില്‍ വ്യാപിച്ചു കിടക്കുന്ന ഇസ്‌ലാമോഫോബിയയുടെ ഭാഗമാക്കി നിരീശ്വരവാദികളടക്കം ഇസ്‌ലാമിനെതിരെ തിരിയുകയാണ്. വര്‍ഗീയ ധ്രുവീകരണവും പരസ്പര സ്പര്‍ധയും നിര്‍മിച്ചും വര്‍ധിപ്പിച്ചും കൊണ്ടിരിക്കുകയാണവര്‍ എന്നത് വളരെ പരിതാപകരമാണ്. ഇസ്‌ലാമോഫോബിയ കേരളത്തില്‍ മാത്രമുള്ളതല്ല. ആഗോള രാഷ്ട്രീയ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് അക്കാര്യം ബോധ്യമാകുന്നതാണ്. ഇസ്‌ലാമോഫോബിയ നിയന്ത്രിക്കാനുള്ള നിയമനിര്‍മാണം നടത്തണമെന്ന ആവശ്യം പല രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. വംശീയതയുടെ ആധുനിക രൂപമായി ഇസ്‌ലാമോബിയ മാറുന്നു എന്നത് ദുഃഖകരമായ സത്യമാണ്. ഇതിനെ മറികടക്കാനുള്ള നിയമപരവും സാംസ്‌കാരികവുമായ പരിശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.
വേര്‍തിരിക്കലുകളുടെ ലോകത്ത് ഇസ്‌ലാമിന് പറയാനുളളത് ഇതാണ്: എല്ലാ മനുഷ്യര്യം പ്രപഞ്ചനാഥന്റെ സൃഷ്ടികളാണ്. വിവിധ തലങ്ങളിലും മാനദണ്ഡങ്ങളിലുമായി അവരെ വേര്‍തിരിച്ച യാദൃച്ഛികവും ചില പ്രായോഗികതകള്‍ക്കും തിരിച്ചറിയാനുള്ള എളുപ്പത്തിനും വേണ്ടിയാണ്. ഇത്തരം വൈജാത്യങ്ങള്‍ക്കിടയില്‍ എല്ലാവരുടെയും സ്രഷ്ടാവായ പരിപാലകന്‍ അല്ലാഹുവാണെന്നുള്ള യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ സാധിച്ചാല്‍ മൈത്രിയുടെ വിലങ്ങുതടികളെ മറികടക്കാന്‍ സാധിക്കും.
അമേരിക്കയിലെ ചലച്ചിത്ര നടനും പ്രശസ്തനുമായ മോര്‍ഗന്‍ ഫ്രീമാനും അരക്ക് താഴേക്ക് വളര്‍ച്ചയില്ലാത്ത അറബ് വംശജനായ ഗാനിം മുഫ്താഹും സംസാരിക്കുന്ന രംഗമുണ്ട്. ഉയരക്കാരനായ മോര്‍ഗന്‍ ഫ്രീമാന്‍ ഗാനിമിനൊപ്പമെത്താന്‍ വേദിയില്‍ ഇരുന്നാണ് സംസാരിക്കുന്നത്. ഒട്ടുമിക്ക അതിര്‍വരമ്പുകളും തുറന്നുവെക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ഉദ്ഘാടനവേദിയില്‍ നിന്ന് മാലോകര്‍ കേട്ടതും ഈ വിശുദ്ധ സന്ദേശം തന്നെയാണ്. അകലങ്ങള്‍ക്കിടയിലെ സാഹോദര്യമെന്ന യാഥാര്‍ഥ്യം തുറന്നുകാണിക്കുകയാണ് ഖുര്‍ആന്‍. നമുക്ക് വിദ്വേഷം വെച്ചു പുലര്‍ത്താന്‍ വകയില്ലെന്ന് ഉണര്‍ത്തുകയാണ്.
എന്നാല്‍ സ്രഷ്ടാവിന്റെ മുന്നില്‍ ഏറ്റവും നല്ല മനുഷ്യരാവാന്‍ നാം ശ്രമിക്കണമെന്നും അതിലൂടെ നീതിയും ധര്‍മവും സമൂഹത്തില്‍ പുലരുമെന്നും പഠിപ്പിക്കുന്നുണ്ട്. ഇത്തരം നല്ല മനുഷ്യരുടെ ആധിക്യം സഹിഷ്ണുതയും സഹവര്‍ത്തിത്തവും പ്രായോഗികവല്‍ക്കരിക്കപ്പെടാന്‍ കാരണമാവും. ജീവിക്കുന്ന മാതൃകകളാവാന്‍ തയ്യാറായ ആളുകളെയാണ് ഇന്ന് സമൂഹത്തിന് ആവശ്യം. ദൈനംദിന ജീവിതത്തിലും സാംസ്‌കാരിക ബോധത്തിലും ചിന്തയിലും പ്രവര്‍ത്തനത്തിലും സഹിഷ്ണുതയും മൈത്രിയും പുലര്‍ത്താന്‍ നമുക്ക് ഓരോരുത്തര്‍ക്കും സാധിക്കണം.
വ്യക്തികള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളോ വൈരാഗ്യമോ ഉണ്ടാവാന്‍ പാടില്ല. നാം മനസ്സിലാക്കിയ മതത്തെയും ആദര്‍ശത്തെയും നമ്മോടൊപ്പം ചേര്‍ത്തുനിര്‍ത്തണം. അതേസമയം, ഇതര മതങ്ങളെ പരിഹസിക്കുകയോ വെറുപ്പ് സൃഷ്ടിക്കുകയോ ചെയ്യുന്നവരാകരുത്. അഭിപ്രായ വ്യത്യാസങ്ങളെ ആദരിക്കാനും വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും സാധിക്കുന്ന ജനാധിപത്യ സാംസ്‌കാരിക ബോധം നമ്മിലുണ്ടാവണം. മതം ലക്ഷ്യമാക്കുന്ന മൂല്യസംഹിതയുടെ പ്രധാന ഉദ്ദേശ്യവും ഈ സഹിഷ്ണുതയും സഹവര്‍ത്തിത്തവുമാണ്. മതം ഒരാളുടെ ജീവിതത്തില്‍ പ്രായോഗികമാവുന്നത് സഹവര്‍ത്തിത്തത്തിന്റെ പ്രതിഫലനത്തിലൂടെയാണ്.

ലേഖനാവിഷ്‌കാരം:
അന്‍ഷിദ് നരിക്കുനി

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x