18 Thursday
April 2024
2024 April 18
1445 Chawwâl 9

സഹമുറിയനില്ലാത്ത രാത്രികള്‍

യൂസഫ് നടുവണ്ണൂര്‍


സഹമുറിയനില്ലാത്തൊരു രാത്രിയില്‍
അയാള്‍ മടക്കി വെച്ച
പ്രാര്‍ഥനാപുസ്തകം നിവര്‍ത്തുമ്പോള്‍
നിറയെ പൂക്കള്‍ ചിതറി വീഴുന്നു
വിവിധ നിറത്തിലുള്ളവ
ഓരോന്നിലും
ഓരോ വര്‍ണ പ്രപഞ്ചം!
കാണെക്കാണെ മുറിയാകെ
പൂക്കള്‍ കൊണ്ടു നിറയുന്നു
ഓരോന്നും മെല്ലെ മെല്ലെ
അതിന്റെ ചെടികളില്‍ ചെന്നിരിക്കുന്നു!

ഇപ്പോള്‍
മുറിയൊരു ചെറുപൂന്തോട്ടം!
പൂമണത്താല്‍
മത്തുപിടിച്ച ഞാന്‍
ഓരോ ചെടിയുടേയും
വേര് തിരയുന്നു
പടര്‍ന്നു കയറിപ്പോകുന്ന വേരുപടലം
ഒന്നിനുമേല്‍ മറ്റൊന്നായ്
അടര്‍ത്തിമാറ്റാനാകാത്ത കരളടുപ്പമായ്
ഭൂമി തുരന്നു തുരന്ന്
നീരുതേടിപ്പോയ അടയാളങ്ങളായ്
അതിരുകള്‍ മറികടന്ന്
കടലുകള്‍ നീന്തിക്കടന്ന്
ഭൂഖണ്ഡങ്ങള്‍ തുരന്ന്
അറ്റമില്ലാത്ത പ്രാര്‍ഥനകളായ്
നീണ്ടുകിടക്കുന്നു!

നോക്കൂ
പിഴുതെടുക്കുന്ന
ഓരോ വേരിലും
എത്ര മണല്‍ത്തരികളാണ്
വേര്‍പെടാന്‍ കൂട്ടാക്കാതെ
പറ്റിക്കിടക്കുന്നത് !

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x