3 Monday
February 2025
2025 February 3
1446 Chabân 4

സ്വഹാബികളുടെ ഇജ്തിഹാദ്

അബ്ദുല്‍ അലി മദനി


നബി(സ)യും ചില ഘട്ടങ്ങളില്‍ ഇജ്തിഹാദ് നടത്തിയിരുന്നു. ജനങ്ങള്‍ക്ക് മതവിധി അറിയിക്കാന്‍ നിശ്ചയിക്കപ്പെട്ടത് നബി(സ)യെയാണല്ലോ. പ്രവാചകന്റെ കാലത്ത് പഠിക്കാനും അറിയാനും സാമ്പത്തിക സാമൂഹിക കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നബി(സ)യെ അവലംബിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. അതില്‍ ചില വിഷയങ്ങളില്‍ വഹ്‌യ് അവതരിക്കും. മറ്റു ചിലപ്പോള്‍ പ്രവാചകന്‍ തീര്‍പ്പ് കല്പിക്കും. രണ്ടായാലും അവര്‍ ഒന്നടങ്കം അത് ശരിവെക്കും. ഇതായിരുന്നു അവസ്ഥ. മതത്തിന്റെ അടിസ്ഥാന കാര്യങ്ങളില്‍ നബി(സ)യില്‍ നിന്ന് വല്ലതും തിരുത്തേണ്ടതുണ്ടായാല്‍ അല്ലാഹു ദിവ്യബോധനം വഴി അത് ശരിപ്പെടുത്തിക്കൊടുക്കും. സാധാരണ ഗതിയില്‍ അല്ലാഹു അറിയിക്കുന്നതെല്ലാം ജനങ്ങള്‍ക്ക് വിശദമാക്കിക്കൊടുക്കാന്‍ പ്രവാചകനെ നേരത്തെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടുതാനും (ഖുര്‍ആന്‍ 16:44 നോക്കുക)
നബി(സ)യുടെ കാലഘട്ടത്തിലെ ചില സംഭവങ്ങളില്‍ കൂടിയാലോചനയിലൂടെയാണ് നബി(സ) പരിഹാരം കണ്ടിരുന്നത്. വഹ്‌യിന്റെയൊന്നും ആവശ്യം അതില്‍ വേണ്ടതില്ലാത്തതിനാലാകാം അത്. എന്നിരുന്നാലും നബി(സ)യുടെ തീരുമാനങ്ങള്‍ അവര്‍ സര്‍വാത്മനാ അംഗീകരിക്കുമായിരുന്നു. ഇത്തരം ചിലതില്‍ വഹ്‌യ് മുഖേന തിരുത്തല്‍ സംഭവിച്ചിട്ടുമുണ്ട്. അതില്‍പ്പെട്ട ഒന്നാണ് ബദ്ര്‍ യുദ്ധാനന്തരം പിടികൂടപ്പെട്ട ബന്ധനസ്ഥരുടെ പ്രശ്‌നം.
ബദ്‌റിലെ ബന്ധനസ്ഥരുടെ കാര്യത്തില്‍ രണ്ട് സുപ്രധാന അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നത്. (ഒന്ന്) പിടിക്കപ്പെട്ട മുഴുവന്‍ പേരെയും വധിക്കണമെന്നതാണ്. (രണ്ട്) അവരെയെല്ലാം നിരുപാധികം വിട്ടയക്കണമെന്നും. വിശ്വാസികള്‍ ദുര്‍ബലരായ ന്യൂനപക്ഷവും എതിരാളികള്‍ സുസജ്ജരായ ഭൂരിപക്ഷവുമായിരുന്ന പശ്ചാത്തലത്തില്‍ സംഭവിച്ചതാണല്ലോ ഈ യുദ്ധം. എന്നിട്ടും ബദ്‌റില്‍ എതിര്‍പക്ഷത്തിനു ദയനീയമായ പരാജയം സംഭവിച്ചു. അവരില്‍ പലരും മുസ്്‌ലിംകളുടെ അടുക്കല്‍ യുദ്ധത്തടവുകാരായി. മുസ്്‌ലിംകേളാട് ശത്രുക്കള്‍ സ്വീകരിച്ചിരുന്ന നിലപാട് പരിഗണിച്ചാല്‍ ഒന്നാമത്തെ അഭിപ്രായം തന്നെയാണ് നടപ്പിലാക്കേണ്ടിയിരുന്നതെന്ന് കാണാം. അതുകൊണ്ടുതന്നെ ഈ ഘട്ടത്തില്‍ അവരുടെ കാര്യത്തില്‍ എടുക്കുന്ന തീരുമാനം വളരെയേറെ നിര്‍ണായകമായതാണ്. ബദ്ര്‍ യുദ്ധവും അതിലൂടെ ഉരുത്തിരിഞ്ഞ സാമൂഹിക അവസ്ഥകളും മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ആദ്യത്തേതുമാണ്. തുടര്‍ന്നും യുദ്ധ സാധ്യതകളുണ്ടുതാനും. ഇനി മേലില്‍ യുദ്ധസാധ്യത കുറക്കാന്‍ നന്നാവുക ഒന്നാമത്തെ അഭിപ്രായം തന്നെയായിരുന്നു. എതിരാളിയുടെ ശക്തി ക്ഷയിപ്പിക്കല്‍ യുദ്ധത്തിന്റെ ഭാഗമാണല്ലോ.
എന്നാല്‍ നേരത്തെ സൂചിപ്പിച്ച രണ്ട് അഭിപ്രായങ്ങളുമല്ലാത്ത മറ്റൊരു നിലപാടാണ് നബി(സ) നടപ്പിലാക്കിയത്. അത് ബന്ധനസ്ഥര്‍ തങ്ങളുടെ കുടുംബക്കാരുടെ അടുക്കല്‍പോയി മോചനദ്രവ്യം കൊണ്ടുവന്നാല്‍ വിട്ടയക്കാമെന്നതാണ്. ഇത് യഥാര്‍ഥത്തില്‍ ശത്രുക്കളോടുള്ള ഉദാരനയമാണെന്നും അവരുടെ ശക്തി ക്ഷയിപ്പിക്കാന്‍ ഈ നടപടി അപര്യാപ്തമാണെന്നും അറിയിച്ചുകൊണ്ടാണ് അല്ലാഹു നബി(സ)യുടെ തീരുമാനത്തെ തിരുത്തിയത്. ഇസ്‌ലാമില്‍ ശത്രുക്കള്‍ മുസ്്‌ലിംകളോട് കാണിച്ച കണ്ണില്‍ ചോരയില്ലാത്ത ചെയ്തികളുടെ അനുഭവത്തിന് പകരമായി ഇത്രയൊന്നും ഉദാരത അവരോട് കാണിക്കേണ്ട അവസരമല്ല അതെന്ന് ഏവരും സമ്മതിക്കും.
അല്ലാഹു പറയുന്നു: ‘ഒരു പ്രവാചകനും (ശത്രുക്കളെ കീഴടക്കി) നാട്ടില്‍ ശക്തി സ്ഥാപിക്കുന്നതുവരെ യുദ്ധത്തടവുകാരുണ്ടായിരിക്കാന്‍ പാടില്ല. നിങ്ങള്‍ ഇഹലോകത്തെ ക്ഷണികമായ നേട്ടം ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ, പരലോകത്തെയും ഉദ്ദേശിക്കുന്നു. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു’ (വി ഖു 8:67)
ആയതിനാല്‍ ഈ ഘട്ടത്തില്‍ പിടിക്കപ്പെട്ടവരെ മോചനദ്രവ്യം വാങ്ങി വിട്ടയക്കാതെയുള്ള ക്ഷയിപ്പിക്കല്‍ സമീപനമായിരുന്നു സ്വീകരിക്കേണ്ടിയിരുന്നതെന്ന ധ്വനിയാണിതിലുള്ളത്. പരിപൂര്‍ണ വിജയം ലഭിച്ച് മക്കയെ നബി(സ) കീഴ്‌പ്പെടുത്തിയപ്പോള്‍ മാനവരാശിക്ക് എക്കാലത്തേക്കും ഓര്‍ക്കാനുതകുന്ന തുല്യതയില്ലാത്ത ഉദാരതയാണ് നബി(സ) കാണിച്ചതെന്ന് ചരിത്രം ഉദ്‌ഘോഷിക്കുന്നു. ഒരു വലിയ പക വീട്ടല്‍ സംഭവിക്കുമെന്ന് കരുതി മുന്നിലെത്തിയവരെ നിശ്ശബ്ദമാക്കി ‘നിങ്ങളെ വെറുതെ വിട്ടിരിക്കുന്നു’ എന്ന് നബി(സ) വിളിച്ചു പറഞ്ഞപ്പോള്‍ അതവര്‍ക്കെന്നല്ല, മാനവര്‍ക്കതാകമാനം പാഠമായി. മേല്‍ സൂചിപ്പിച്ച വിധമുള്ള തിരുത്തലുകള്‍ പ്രവാചകന്നും സത്യവിശ്വാസികള്‍ക്കും ആത്മധൈര്യം പകരുന്നതായിരുന്നു.
നബി(സ)യുടെ ഇജ്തിഹാദില്‍ ഈ വിധം വല്ലതും സംഭവിച്ചാല്‍ അല്ലാഹു അത് തിരുത്തിക്കൊടുത്തിരുന്നുവെന്നും വഹ്‌യ് ലഭിക്കാത്ത ഘട്ടത്തില്‍ കൂടിയാലോചനകള്‍ നടത്തി നബി(സ) തീരുമാനമെടുത്തിരുന്നുവെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം. കൂടിയാലോചനയിലൂടെ(ശൂറ) ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു തന്നെയാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. (വി.ഖു 42:38)
എന്നാല്‍, സാധാരണ മറ്റ് മുജ്തഹിദുകളെപ്പോലെയോ മുഫ്തികളെപ്പോലെയോ നബി(സ) ഇജ്തിഹാദ് ചെയ്തിരുന്നില്ല. ഇവിടെ സ്വാഭാവികമായി ഉണ്ടായേക്കാവുന്ന ഒരു സംശയമുണ്ട്. അഥവാ ഇത്തരം ഘട്ടത്തില്‍ എന്തുകൊണ്ടാണ് അല്ലാഹു നേരിട്ട് വഹ്‌യിലൂടെ കാര്യങ്ങളുടെ നിജസ്ഥിതി അറിയിക്കാതെ ഒരു തിരുത്തലായി ദിവ്യബോധനത്തിലൂടെ അറിയിക്കുന്നത് എന്നതാണത്.
മറുപടിയിതാണ്: മനുഷ്യര്‍ അവരുടെ അഭിപ്രായങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ചിലതിലെല്ലാം തിരുത്തുകള്‍ ആവശ്യമായിരിക്കുമെന്ന് അവരെ ബോധ്യപ്പെടുത്താനും പ്രവാചകന്‍ ഒരു മനുഷ്യനാണെന്ന് അറിയിക്കാനും അല്ലാഹുവില്‍ നിന്ന് ലഭിക്കുന്നതെല്ലാം വിശ്വാസികള്‍ സ്വീകരിക്കുന്നുണ്ടോ എന്നറിയാനും വേണ്ടിയാണത്. കൂടാതെ, ദീന്‍ എന്ന നിലയില്‍ മനുഷ്യബുദ്ധികൊണ്ട് കണ്ടെത്താന്‍ കഴിയാത്ത അറിവുകളിലൊന്നും തിരുത്തലുകള്‍ ആവശ്യമായി വരില്ലെന്നും അറിയിക്കാനാണ്.
ശരീഅത്ത് വിമര്‍ശകര്‍ പറയുന്നത് നബി(സ)യുടെ ഇത്തരം വിധികള്‍ പിന്‍പറ്റേണ്ടതില്ലെന്നാണ്. ഇസ്്‌ലാമിക ശരീഅത്തിനെ തന്നെ അംഗീകരിക്കാത്ത അത്തരക്കാര്‍ നബി(സ)യുടെ തീര്‍പ്പുകളെ എങ്ങനെ അംഗീകരിക്കാനാണ്? അവര്‍ അതിനെല്ലാം ചില ന്യായീകരണങ്ങള്‍ പറഞ്ഞു നടക്കും. കാര്യങ്ങളുടെ നിജസ്ഥിതി ഉള്‍ക്കൊള്ളാതെയുള്ള ധിക്കാരപരമായൊരു പ്രചരണം മാത്രമാണത്. ഇന്ന് ലോകത്ത് മനുഷ്യര്‍ക്കിടയില്‍ വ്യാപകമായിട്ടുള്ള തിന്മകളും അധര്‍മങ്ങളും അക്രമപരമായ പൈശാചികതകളുമെല്ലാം തെറ്റാണ്. മനുഷ്യത്വരഹിതമാണെന്ന് അവര്‍ക്കെങ്ങനെയാണ് സ്ഥാപിക്കാനാവുക? നല്ലതും ചീത്തയും വേര്‍തിരിക്കാനുള്ള മാനദണ്ഡമെന്താണ്? ഇതിനൊന്നും അവര്‍ക്ക് മറുപടിയില്ല. എന്നാല്‍ ശരീഅത്തിനെ അംഗീകരിക്കുന്നവര്‍ക്ക് ശരീഅത്ത് നല്ലതാണെന്ന് പ്രഖ്യാപിച്ചതും തിന്മയാണെന്ന് പറഞ്ഞതുമാണ് നന്മ തിന്മകളെ വേര്‍തിരിക്കാനുള്ള അളവുകോലെന്ന് സ്ഥാപിക്കാന്‍ കഴിയും. നന്മയും തിന്മയും ഒരേപോലെ പ്രവര്‍ത്തിച്ചാലും ശരീഅത്ത് വിരോധികള്‍ക്കൊരു പ്രശ്‌നവുമില്ല. അപ്പോള്‍ അവര്‍ ശരീഅത്ത് നിശ്ചയിച്ച ശിക്ഷാമുറകളെ തള്ളിപ്പറയും. അവരെ നമുക്ക് മുഖവിലക്കെടുക്കേണ്ടതില്ല. സത്യവും ന്യായവും സ്വീകരിക്കാതിരിക്കുകയെന്നത് അവരുടെ പിഴച്ച സംസ്‌കാരമായിരിക്കാം.
മതത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നും പഴവുണ്ടാവുകയോ തിരുത്തേണ്ടി വരികയോ ഉണ്ടായിട്ടില്ല. നബി(സ) തന്റെ റബ്ബിന്റെ ദൗത്യവാഹകനാണ്. വഹ്‌യ് ലഭിക്കാത്ത സന്ദര്‍ഭത്തിലും ജനങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാകാമല്ലോ. അതില്‍ വിധി പറയുന്നതില്‍ തകരാറു സംഭവിച്ചാല്‍ ശരിപ്പെടുത്തല്‍ അത്യാവശ്യമായി വരും. അപ്പോള്‍ അല്ലാഹു തിരുത്തും. വഹ്‌യ് ലഭിച്ചത് മൂടിവെച്ച് ജനങ്ങളെ അറിയിക്കാതെ താനെടുത്ത നിലപാട് തന്നെയാണ് ശരിയെന്ന് നബി(സ) ഒരിക്കലും അവകാശപ്പെട്ടിട്ടുമില്ല. പ്രവാചകരില്‍ വിശ്വസിക്കുകയെന്ന് പറയുമ്പോള്‍ തന്നെ സര്‍വാത്മനാ അവരെ അംഗീകരിക്കുകയെന്നതാണ്. പ്രവാചകാധ്യാപനങ്ങളെയും ശരീഅത്തിനെയും തള്ളിപ്പറയുന്നവര്‍ ചിലപ്പോള്‍ നബി(സ)യെ ഞങ്ങള്‍ അംഗീകരിക്കുന്നുണ്ടെന്ന് പറഞ്ഞേക്കാം. അതവര്‍ക്ക് നല്ലപിള്ള ചമയാന്‍ വേണ്ടി മാത്രമാണ്. സ്വന്തം യുക്തികൊണ്ട് ഇസ്്‌ലാമിക ശരീഅത്തിനെ തള്ളിപ്പറയുന്ന ഒരു മതവിരോധിയും തന്റ മരണാനന്തരം ഭൗതികജഡം സംസ്‌കരിക്കേണ്ടതില്ലെന്നോ മുസ്്‌ലിംകളുടെ പൊതു ശ്മശാനത്തില്‍ മറമാടാതെ കുട്ടികള്‍ കളിച്ചുനടക്കുന്ന വീടിന്നുള്ളിലോ പൊതുവഴിയിലോ ആവണമെന്നും വാദിക്കുന്നതായി കേള്‍ക്കാനാവില്ല. അഥവാ, ശറഇയ്യായ മയ്യിത്ത് സംസ്‌കരണം അവര്‍ക്ക് സ്വീകാര്യമാണെന്നര്‍ഥം. അത്തരക്കാരുടെ സ്വന്തക്കാര്‍ അര്‍പ്പിക്കുന്ന റീത്തുകള്‍ മോക്ഷം നല്‍കുമെന്ന വിശ്വാസത്തിലെ യുക്തി എന്തായിരിക്കും? നമുക്കറിയില്ല.
ആയതിനാല്‍, ശരീഅത്തിന്റെ മൗലിക തത്വങ്ങളല്ലാത്ത ശാഖാപരമായ ചിലതില്‍ ശരിപ്പെടുത്തല്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ മതവിരോധികള്‍ക്കതില്‍ ഇടപെടാന്‍ അവകാശമില്ല. ചിലപ്പോള്‍ ഇങ്ങനെയുള്ള തിരുത്തലുകള്‍ നബി(സ)യുടെ അനുചരന്മാരുടെ ഭാഗത്തുനിന്ന് നബി(സ)യുടെ സന്നിധിയില്‍ വെച്ചുമാകാം. നബി(സ)യുടെ അംഗീകാരം ലഭിച്ചാല്‍ മതി. ഉദാഹരമമായി ബദ്ര്‍ യുദ്ധത്തിനു പ്രവാചകന്‍ നിലയുറപ്പിച്ച സ്ഥലം അനുയോജ്യമല്ലെന്ന് മനസ്സിലാക്കിയ ഒരു സ്വഹാബി ഏറ്റവും നല്ലൊരു സ്ഥലം കാണിച്ചുകൊടുത്തതിലേക്ക് പ്രവാചകന്‍ മാറിനിന്നതായി ഉദ്ധരിക്കപ്പെട്ട സംഭവം അതിനുള്ള തെളിവാണ്. അതുപോലെതന്നെയാണ് ഈത്തപ്പനത്തോട്ടത്തില്‍ പരാഗണം നടത്തേണ്ടത് സംബന്ധമായി ആദ്യം അത് വേണ്ടതില്ലെന്ന് നബി(സ) അറിയിച്ചത് പിന്നീട് ഇത്തരം വിഷയങ്ങളില്‍ എന്നേക്കാള്‍ കൂടുതല്‍ അറിയുന്നവര്‍ നിങ്ങള്‍ തന്നെയാണെന്ന് പറഞ്ഞ് തിരുത്തിയതും.
മേല്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങളില്‍ നിന്നെല്ലാം നാം ഉള്‍ക്കൊള്ളേണ്ടത് ജനങ്ങള്‍ക്ക് അവരുടെ ബുദ്ധികൊണ്ടും ഗവേഷണ പാടവംകൊണ്ടും നേടിയെടുക്കാന്‍ കഴിയാത്ത കാര്യങ്ങളിലാണ് പ്രവാചകന്റെ ഇടപെടല്‍ ആവശ്യമായി വരുന്നതെന്നാണ്. അഥവാ, പ്രവാചകന്മാര്‍ വഹ്‌യിലൂടെ അറിയിക്കുന്ന മതാധ്യാപനങ്ങള്‍ മനുഷ്യരുടെ കണ്ടെത്തലുകള്‍ക്കപ്പുറത്തുള്ളവയാണെന്ന് സാരം. നേരത്തെ സൂചിപ്പിച്ച സൈന്യം നില്‌ക്കേണ്ട സ്ഥാനം, പരാഗണം നടത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ യുദ്ധതന്ത്രങ്ങളിലും കാര്‍ഷിക നിയമങ്ങളിലും പെട്ടതാണ്. നബി(സ) ഒരു യുദ്ധവീരനോ വ്യാവസായിക കാര്‍ഷിക ശാസ്ത്രീയ കലാപരമായ കാര്യങ്ങളില്‍ പ്രാവീണ്യം സിദ്ധിച്ചയാളോ ആയിരുന്നില്ല.
ശാസ്ത്രീയവും, വ്യാവസായിക, കാര്‍ഷികവുമായ നേട്ടകോട്ടങ്ങള്‍ മതവുമായി ബന്ധപ്പെട്ടവ മാത്രമേ പ്രവാചകന്‍ വിശദമാക്കേണ്ടതുള്ളൂ. യുദ്ധോപകരണങ്ങള്‍ നിര്‍മിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കല്‍ പ്രവാചകന്റെ ജോലിയല്ല. എന്നാല്‍ അത് എവിടെയെല്ലാം പ്രയോഗിക്കാം, പ്രയോഗിക്കരുത് എന്ന കാര്യം പ്രവാചകന്‍ പറഞ്ഞുതരും. കാര്‍ഷിക വിളകള്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമത കൈവരിക്കാന്‍ ഏതുതരം വിത്തും വളവും ഇറക്കണമെന്നോ ഭൂമിയ ഉഴുതുമറിക്കേണ്ടതെങ്ങനെയെന്നോ പഠിപ്പിക്കല്‍ പ്രവാചക ദൗത്യത്തില്‍ ഉള്‍പ്പെടുന്നവയല്ല. മറിച്ച്, കൊയ്‌തെടുത്ത വിഭവങ്ങളില്‍ നിന്ന് സകാത്തും സ്വദഖയും നല്‍കേണ്ടത് സംബന്ധമായ അറിവുകള്‍ പ്രവാചകന്‍ വിശദമാക്കിത്തരേണ്ടതുണ്ട്. കാരണം, പ്രവാചകന്മാര്‍ പഠിപ്പിക്കുന്ന അറിവുകളൊന്നും ഗവേഷണശാലകള്‍ക്കും മനുഷ്യരുടെ പഞ്ചേന്ദ്രിയങ്ങള്‍ക്കും വഴങ്ങുന്നവയല്ല. പ്രവാചകന്മാര്‍ രണ്ടുതരം ജോലികളാണ് നിര്‍വഹിക്കുന്നത്. ഒന്ന്, അല്ലാഹു അവതരിപ്പിക്കുന്നത് അതേപോലെ മനുഷ്യര്‍ക്കെത്തിക്കുക. രണ്ട്, അല്ലാഹു അവതരിപ്പിക്കുന്ന നിയമങ്ങളെ മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെടുത്തുക (തത്വ്ബീക്ക്)
പ്രവാചകന്റെ അടുക്കല്‍ വിധിലഭിക്കാനായി ഒരു കേസ് സമര്‍പ്പിക്കുന്നു. വാദിയും പ്രതിയും ഹാജരായി. ഇവരില്‍ നിന്ന് കേസില്‍ അനുകൂല വിധി ലഭിക്കത്തക്ക വാദങ്ങള്‍ സമര്‍ഥിക്കാന്‍ കൂടുതല്‍ കഴിവുള്ളവന്‍ പറഞ്ഞു കേട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രവാചകന്‍ അയാള്‍ക്കനുകൂലമായി വിധി പറഞ്ഞേക്കാം. ഇതാണ് തത്ബീക്ക് എന്നത്. ഇത്തരം ഘട്ടത്തില്‍ തകരാറു സംഭവിക്കാനും സാധ്യതയുണ്ട്. കാരണം, ഒരു കേസിലെ ന്യായ അന്യായങ്ങള്‍ വേര്‍തിരിച്ചു വിധി പറയാന്‍ വഹ്‌യ് കിട്ടിയിട്ടില്ലെങ്കില്‍ പ്രവാചകന്‍ പറയുന്ന വിധി എല്ലാവരും അംഗീകരിക്കണം. അതിലെ രഹസ്യമായതെല്ലാം അല്ലാഹുവിലേക്ക് വിടുകയും പ്രത്യക്ഷമായതില്‍ തീര്‍പ്പ് കല്പിക്കുകയും ചെയ്യലാണ് സംഭവിക്കുക.
ചുരുക്കത്തില്‍ പ്രവാചകന്‍ നടത്തുന്ന ഇജ്തിഹാദ് അല്ലാഹു അവതരിപ്പിച്ച നിയമങ്ങളെ പ്രായോഗികവത്ക്കരിക്കുന്നതില്‍ മാത്രമാണ്. അഥവാ തത്വ്ബീക്കിന്റെ ഘട്ടത്തില്‍. എന്തുതന്നെയായാലും നബി(സ) വിധി പ്രഖ്യാപിച്ചതിലൊന്നും പിഴവുണ്ടായിട്ടില്ല. ജനങ്ങളില്‍ വെച്ചേറ്റവും നീതിപൂര്‍വം തീര്‍പ്പ് കല്പിക്കുന്നവനാണ് അദ്ദേഹം. നബി(സ)യെ യഥേഷ്ടം കബളിപ്പിക്കാനൊന്നും ആര്‍ക്കും കഴിയില്ല. അനര്‍ഹമായി വിധി സമ്പാദിക്കുന്നവന്‍ ശിക്ഷാര്‍ഹനാകുമെന്ന് പഠിപ്പിച്ചതും പ്രവാചകനാണ്.
അല്ലാഹുവിന്റെ ദീന്‍ പൂര്‍ണരൂപത്തില്‍ മനുഷ്യരെ ബോധ്യപ്പെടുത്തിയശേഷം പ്രവാചകന്‍ വഫാത്തായി. അതിന്റെ പിറകിലായി ഒട്ടേറെ സംഭവങ്ങളുമുണ്ടായി. കൈസര്‍, കിസ്‌റാ രാജാക്കന്മാരുമായി അനിവാര്യ ഘട്ടത്തിലുണ്ടായ യുദ്ധങ്ങള്‍ അതില്‍ പെടുന്നു. ഇസ്‌ലാമികമായ ചിന്തകള്‍ മനുഷ്യര്‍ക്ക് ഉണ്ടാവാതിരിക്കാനാണവര്‍ ശ്രമിച്ചത്. തന്മൂലം ദഅ്‌വത്തിന്റെ മാര്‍ഗത്തില്‍ അത്യാവശ്യമായ സംഘട്ടനങ്ങളുണ്ടായി. നിര്‍ബന്ധ മതപരിവര്‍ത്തനം ഇസ്‌ലാമിന്റെയോ നബി(സ)യുടെ അനുചരന്മാരുടെയോ അജണ്ടയിലുള്ളതല്ല. മതത്തില്‍ ബലാല്‍ ക്കാരമില്ലെന്നും അത് പാടില്ലെന്നും പ്രഖ്യാപിച്ച മതദര്‍ശനമാണ് ഇസ്‌ലാം (വി.ഖു 2;256)
എന്നാല്‍ ധിക്കാരികളായ ചില രാജാക്കന്മാര്‍ അവരുടെ അധികാരപരിധിയില്‍ കഴിഞ്ഞുകൂടിയിരുന്ന സാധാരണക്കാരെ അവര്‍ ഇസ്‌ലാം ഉള്‍ക്കൊണ്ടാല്‍ രാജാക്കന്മാരുടെ അധികാരം തകരുമെന്ന തോന്നല്‍ കാരണമായി ജനങ്ങളെ അടക്കിനിര്‍ത്തിയിരുന്നു. കടുത്ത ധിക്കാരവാഴ്ചയാണ് അവര്‍ നടത്തിയിരുന്നത്. സത്യം, ധര്‍മം, നീതി, സാഹോദര്യം, സ്വാതന്ത്ര്യം, മാനവികത എന്നിവയുടെ സംസ്ഥാപനത്തിന്നായി മുസ്‌ലിംകള്‍ അവരുമായി ഏറ്റുമുട്ടി വിജയം വരിച്ചു. അതിന്റെ അനന്തരഫലമെന്നോണം ഒട്ടനേകം പേര്‍ ഇസ്‌ലാം മതാനുയായികളായ മാറി. അതിനാല്‍ അവര്‍ അറബികളുമായി ഇടകലരാനും വ്യത്യസ്തമായ ജീവിതരീതികളും സംസ്‌കാരങ്ങളും കണ്ടറിയാനും കളമൊരുക്കി. കൂട്ടത്തില്‍ സ്വാഭാവികമായും സ്വഹാബികള്‍ നബി (സ)യില്‍ നിന്ന് പഠിച്ചെടുത്തതല്ലാത്ത പലതും കാണാനിടയായി.
സാമൂഹിക കൂടിച്ചേലരുകളുടെ ഭാഗമാണിതെങ്കിലും മുസ്‌ലിംകള്‍ക്ക് അത്തരക്കാരെ തിരുത്തേണ്ടതായി വന്നു. സംശുദ്ധമായ ഇസ്‌ലാമിക ജീവിതരീതികളും മര്യാദകളും അധ്യാപനങ്ങളും അവരെ പഠിപ്പിക്കേണ്ടിവന്നു. പ്രവാചകനിലൂടെ മാനവരാശിക്കായി ലഭിച്ചിട്ടുള്ള നാഗരിക ക്രമങ്ങളും മനുഷ്യ നന്മകളും അതിന്റെ വിശ്വാസ കര്‍മങ്ങളിലൂടെ പുനക്രമീകരണം നടത്തേണ്ടതിന്റെ അനിവാര്യത സ്വഹാബികളുടെ കണ്ണ് തുറപ്പിച്ചു. തന്മൂലം അവര്‍ ഇസ്‌ലാമിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് ചിന്തകളെയും ഗവേഷണരംഗങ്ങളെയും പഠനങ്ങളെയും സജീവമാക്കി. ഇവിടെയാണ് സ്വഹാബികളുടെ ‘ഇജ്തിഹാദ്’ അത്യുജ്വലമാകുന്നത്.
അവര്‍ സമൂഹത്തെ ഗവേഷണ പഠനങ്ങളുടെ (ഇജ്തിഹാദിന്റെ) യഥാര്‍ഥ വഴിയിലേക്ക് തിരിച്ചുവിട്ടു. മതത്തെ തിരിച്ചറിയേണ്ടത് അതിന്റെ പ്രമാണങ്ങളില്‍ നിന്നാണെന്ന് അവരെ ബോധ്യപ്പെടുത്തി. ഇതില്‍ ഖുര്‍ആന്‍ വ്യക്തമാക്കിയ വസ്തുതകള്‍ക്കാണ് ഒന്നാം സ്ഥാനമെന്നും അറിയിച്ചു. അതിന്നൊരു ഉദാഹരണമാണ് മുസ്‌ലിംകള്‍ അധീനപ്പെടുത്തിയ ഭൂപ്രദേശങ്ങള്‍ മറ്റു യുദ്ധാനന്തര സ്വത്തുക്കള്‍ ഓഹരിവെച്ചെടുക്കുംപോലെ പാടില്ലെന്ന കാര്യം.
ഉമര്‍(റ)വിന്റെ കാലഘട്ടത്തില്‍ സ്വഹാബികള്‍ പലരും കീഴ്‌പ്പെടുത്തിയ ഭൂമിയും യോദ്ധാക്കള്‍ക്കിടയില്‍ വീതിക്കണമെന്ന വീക്ഷണക്കാരായിരുന്നു. എന്നാല്‍ ഉമര്‍(റ) അതിന് അനൂകൂലമായിരുന്നില്ല. മുന്ന് ദിവസത്തോളം അവര്‍ക്കിടയില്‍ ഈ വിഷയത്തിലുള്ള തര്‍ക്കങ്ങളുണ്ടായി. ഖുര്‍ആനിലെ 8:41 സൂക്തമായിരുന്നു യോദ്ധാക്കള്‍ എടുത്തുദ്ധരിച്ചത്. ഉമര്‍(റ) ആണെങ്കില്‍ ഭൂപ്രദേശങ്ങള്‍ ഇതില്‍ പെടുകയില്ലെന്ന അഭിപ്രായക്കാരനും. അതിന്നായി അദ്ദേഹം ഖുര്‍ആനിലെ 59:7 ാം സൂക്തം ഓതിക്കേള്‍പ്പിച്ചു. തത്സമയം അവരെല്ലാവരും ഉമര്‍(റ)വിന്റെ വീക്ഷണത്തോട് അനുകൂലിക്കുകയും തര്‍ക്കം അവസാനിപ്പിക്കുകയും ചെയ്തു.
ഖുര്‍ആന്‍ സൂക്തങ്ങളുടെ അവതരണ പശ്ചാത്തലത്തെപ്പറ്റി മനസ്സിലാക്കി ഒരു സൂക്തത്തെ മറ്റൊരു സൂക്തംകൊണ്ട് വ്യാഖ്യാനിക്കേണ്ടതെങ്ങനെയെന്ന് അവര്‍ ഉള്‍ക്കൊണ്ടു. ഇതായിരുന്നു സ്വഹാബികളുടെ നിലപാട്. ഖുര്‍ആനില്‍ നിന്ന് തെളിവ് ലഭിച്ചില്ലെങ്കില്‍ നബി(സ)യുടെ ചര്യയിലേക്ക് അവര്‍ മടങ്ങും. ഖുര്‍ആനിലും സുന്നത്തിലും തെളിവ് കണ്ടില്ലെങ്കില്‍ അവ രണ്ടും മുന്നില്‍വെച്ച് അവര്‍ ഗവേഷണം നടത്തും. അവരുടെ ഇജ്തിഹാദ് ഖുര്‍ആനിനും സുന്നത്തിനും എതിരാവുംവിധമുള്ളതോ അവയെ മറികടക്കുന്നതോ ആവുകയുമില്ല. അടിസ്ഥാനപരമായി ഇജ്തിഹാദുകളൊന്നും ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളിലോ വിശ്വാസ കാര്യങ്ങളിലോ(അഖീദ) അല്ലെന്നും മറിച്ച്, ശാഖാപരവും ഭൗതികവുമായ പ്രശ്‌നങ്ങളിലായിരിക്കുമെന്നും നാം നേരത്തെ സൂചിപ്പിച്ചതാണല്ലോ.
അത് സ്വഹാബികള്‍ക്കും മറ്റ് മുജ്തഹിദുകള്‍ക്കും ഒരേപോലെ ബാധകമായതുമാണ്. നബി(സ)യുടെ മേല്‍ അവിടുന്ന് പറയാത്തതും പ്രവര്‍ത്തിക്കാത്തതും വിചാരിക്കാത്തതുമായ ഒന്നും ആരോപിക്കപ്പെടരുതെന്ന ശാഠ്യക്കാരായിരുന്നു സ്വഹാബികള്‍. അതുകൊണ്ടുതന്നെ അവരുടെ ഇജ്തിഹാദ് മതത്തോടും മതാനുയായികളോടും പൊതുസമൂഹത്തോടും രാജ്യത്തോടുമെല്ലാം ഗുണകാംക്ഷയുള്ളതും അടിസ്ഥാനപ്രമാണങ്ങളില്‍ വന്നതിനോട് തുലനം ചെയ്യുന്നതുമായിരുന്നു. തികച്ചും പ്രമാണബദ്ധിതമായ ഗവേഷണമായിരുന്നു അവരുടേത്.
അതിനാല്‍ ഖുര്‍ആന്‍, സുന്നത്ത്, ഖിയാസ് എന്നതുതന്നെയാണ് സ്വഹാബികളുടെയും അവലംബം. എന്നിരുന്നാലും മനുഷ്യരെന്ന നിലയില്‍ ഏതെങ്കിലും വിഷയത്തില്‍ വീക്ഷണവ്യത്യാസമുണ്ടെങ്കില്‍ അതില്‍ തത്വദീക്ഷ പുലര്‍ത്താനും ഐക്യപ്പെടാനും അവര്‍ക്ക് സാധിച്ചിരുന്നു.
അവരുടെ ഐക്യപ്പെടല്‍ ഖുര്‍ആനും സുന്നത്തും അവലംബമാക്കിയുള്ളതാണ്. വീക്ഷണവ്യത്യാസങ്ങള്‍ മതത്തിന്റെ അടിസ്ഥാന തത്വങ്ങളിലുള്ളതുമല്ല. ഇജ്മാഉം, ഖിയാസും ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍നിന്നും വേറിട്ടു നില്‍ക്കുന്നവയുമല്ല. (തുടരും)

Back to Top