മാതൃകതീര്‍ത്ത സ്വഹാബി വനിതകള്‍
സയ്യിദ് സുല്ലമി
സ്വഹാബി വനിതകള്‍ ലോക ജനതക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മാതൃകയാണ്. സത്യനിഷേധവും ബഹുദൈവ ആരാധനയുമെല്ലാം ഉപേക്ഷിച്ചു ഏകദൈവ വിശ്വാസവും പരലോക ചിന്തയും സ്വീകരിച്ചു പ്രവാചകന്റെ കാലത്ത് സല്‍പ്രവര്‍ത്തനങ്ങളിലേക്ക് മുന്നിട്ട് വരികയും മാതൃകയായി മാറുകയും ചെയ്ത മഹിളകളാണവര്‍. ആതുരശുശ്രൂഷാ രംഗത്തും പടക്കളങ്ങളിലും തവക്കുല്‍ കൊണ്ടും ക്ഷമ കൊണ്ടും പ്രതിസന്ധികളെ നേരിട്ട അവര്‍ ലോകത്തിനു തന്നെ മാതൃകയാണ്.
റുഫൈദ(റ)
ചരിത്രത്തില്‍ ആദ്യമായി ജനങ്ങള്‍ക്ക് ചികിത്സ നല്‍കാന്‍ ഒരു കൂടാരം സ്ഥാപിച്ച് അതിന് നേതൃത്വം നല്‍കിയ വനിതാ രത്‌നമാണ് റുഫൈദ ബിന്‍ത് സഅദ് അല്‍ അന്‍സാരിയ്യ(റ). അക്കാലത്ത് സര്‍ജറി ചെയ്ത് ജനങ്ങള്‍ക്ക് സേവനം ചെയ്ത ഡോക്ടറായിരുന്നു അവര്‍. പല സ്ഥലങ്ങളിലേക്കും കൊണ്ട് പോകാവുന്ന ചികിത്സക്കായുള്ള ടെന്റ് നടത്തുന്നതിന് വേണ്ടി പ്രവാചകന്‍ (സ) തെരഞ്ഞെടുത്ത് ഏല്‍പ്പിച്ചത് റുഫൈദ(റ)യെയാണ്. യുദ്ധങ്ങളിലും മറ്റും മുറിവേല്‍ക്കുകയോ കയ്യിനും കാലിനും പൊട്ടല്‍ സംഭവിക്കുകയോ ചെയ്യുന്ന ആളുകള്‍ക്ക് ഉള്‍പ്പെടെ മദീന പള്ളിയില്‍ പോലും അവര്‍ക്ക് നേരത്തെ സൂചിപ്പിച്ച പ്രകാരം മെഡിക്കല്‍ ടെന്റ് ഉണ്ടായിരുന്നു. പ്രഗത്ഭ സ്വഹാബി സഅദ് ബിന്‍ മുആദിനെ(റ) ചികിത്സിച്ചത് അവരായിരുന്നു. നഴ്‌സിംഗ് രംഗത്ത് അവരെ സഹായിക്കാന്‍ വേറെയും സ്വഹാബി വനിതകള്‍ ഉണ്ടായിരുന്നു. ഒട്ടകപ്പുറത്ത് ആവശ്യമായ ഉപകരണങ്ങളും കൂടാരത്തിനുള്ള വസ്തുക്കളും വെച്ച് ചികിത്സ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് അവര്‍ പോയി, പരിക്ക് പറ്റിയവര്‍ക്കും രോഗികള്‍ക്കും അവര്‍ സേവനം അനുഷ്ഠിച്ചു. ഖൈബര്‍ യുദ്ധത്തില്‍ നബി(സ)യോടൊപ്പം അവര്‍ പങ്കെടുത്തു.
ശിഫ ബിന്‍ത്
അബ്ദുല്ല(റ)
വൈദ്യശാസ്ത്ര രംഗത്ത് എണ്ണമറ്റ സംഭാവനകള്‍ ചെയ്ത മഹതിയാണ് ശിഫ ബിന്‍ത് അബ്ദുല്ല അല്‍ ഖുറശിയ്യ(റ). എക്‌സിമ, അല്ലെങ്കില്‍ അറ്റോപിക് ഡെര്‍മറ്റൈറ്റിസ്, ചൊറിച്ചിലും വീക്കമുള്ള പാടുകളും ഉണ്ടാക്കുന്ന ഒരു ചര്‍മരോഗം തുടങ്ങിയവ ചികില്‍സിക്കുന്നതില്‍ അവര്‍ അഗ്രഗണ്യയായിരുന്നു. പ്രവാചകന്‍(സ) അവര്‍ക്ക് ചികിത്സക്ക് അനുവാദം നല്‍കുക മാത്രമല്ല പ്രോത്സാഹനവും നല്‍കിയതായി ചരിത്രം രേഖപ്പെടുത്തുന്നു. അവരുടെ ചികിത്സാ രീതിശാസ്ത്രം ജാഹിലിയ്യ കാലത്ത് ഉണ്ടായിരുന്ന ചികിത്സാ മുറകളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്നതായിരുന്നു. ചികിത്സാ ഉപകരണങ്ങളും വ്യതിരക്തത പുലര്‍ത്തുന്നതായിരുന്നു. പ്രവാചക കാലഘട്ടത്തില്‍ അറിയപ്പെട്ട ഒരു ചര്‍മ രോഗ വിദഗ്ധയായ ഡോക്ടര്‍ ആയിരുന്നു അവര്‍. (മൗസൂഅത്തു ത്വിബ്ബുന്നബവി / അല്‍ഇസ്ഫഹാനി)
ഉമയ്യ ബിന്‍ത് ഖൈസ്
യൗവനത്തിലേക്ക് പ്രവേശിച്ച കാലത്ത് തന്നെ നബി(സ)യോടൊപ്പം ഖൈബര്‍ യുദ്ധത്തില്‍ പങ്കെടുത്ത മഹതിയാണ് ഉമയ്യ ബിന്‍ത് ഖൈസ് അല്‍ ഖഫാരിയ്യ (റ). അന്ന് അവര്‍ക്ക് പതിനേഴ് വയസ്സ് ആകുന്നേയുണ്ടായിരുന്നുള്ളൂ. ഇബ്‌നു സഅദ്(റ) ത്വബഖാത്തുല്‍ കുബ്‌റയില്‍ ഉദ്ധരിക്കുന്നു: ‘ഉമയ്യ ബിന്‍ത് ഖൈസ് അല്‍ ഖഫാരിയ്യ (റ) ഹിജ്‌റക്ക് ശേഷമാണ് ഇസ്ലാം സ്വീകരിച്ചതും ബൈഅത്ത് ചെയ്തതും. റസൂലിന്റെ(സ) കൂടെ ഖൈബറില്‍ മുസ്ലിംകള്‍ക്ക് വേണ്ടി പടപൊരുതി. അവര്‍ പറഞ്ഞു: ബനൂഗഫാര്‍ ഗോത്രത്തിലെ സ്ത്രീകളോടൊപ്പം ഞാന്‍ റസൂലിന്റെ(സ) അടുക്കല്‍ ചെന്നു. അവര്‍ ഇങ്ങനെ പറഞ്ഞു: പ്രവാചകരേ, ഞങ്ങള്‍ അങ്ങയോടൊപ്പം ഖൈബറിലേക്ക് വരികയും മുറിവേറ്റ ഭടന്മാരെ ഞങ്ങള്‍ക്ക് സാധ്യമാകുന്നത്ര ചികില്‍സിക്കുകയും മുസ്ലിംകളെ സഹായിക്കുകയും ചെയ്യാം. റസൂല്‍(സ) പറഞ്ഞു: അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഉണ്ടാവട്ടെ.’ (ത്വബഖാത്തുല്‍ കുബ്‌റ)
ഉമ്മു അത്വിയ്യ (റ)
ചികിത്സാ രംഗത്ത് വൈദഗ്ധ്യമുള്ള മറ്റൊരു വനിതയായിരുന്നു ഉമ്മു അത്വിയ്യ അല്‍ അന്‍സാരിയ്യ (റ). നബി(സ)യോടൊപ്പം അവര്‍ യുദ്ധത്തില്‍ പോരാടി. മുറിവുകള്‍ പറ്റിയ യോദ്ധാക്കളെയും അസുഖം ബാധിച്ചവരെയും അവര്‍ ചികിത്സിച്ചു. ഇമാം മുസ്ലിം തന്റെ സ്വഹീഹില്‍ ഉദ്ധരിക്കുന്നു: ഉമ്മു അത്വിയ്യ അല്‍ അന്‍സാരിയ്യ(റ)യില്‍ നിന്നു നിവേദനം. അവര്‍ പറഞ്ഞു: ‘ഞാന്‍ റസൂലിനോടൊപ്പം(സ) ഏഴ് തവണ യുദ്ധം ചെയ്തിട്ടുണ്ട്. അവരുടെ യാത്രാ സംഘത്തെ പിന്തുടര്‍ന്നിട്ടുണ്ട്, അങ്ങനെ ഞാന്‍ അവര്‍ക്ക് ഭക്ഷണം തയ്യാറാക്കുകയും മുറിവേറ്റവരെ ചികിത്സിക്കുകയും രോഗബാധിതര്‍ക്ക് സേവനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. (മുസ്ലിം 1812). നബിയോട് ബൈഅത്ത് ചെയ്ത സ്വഹാബി വനിതയാണ് ഉമ്മു അത്വിയ്യ(റ). അവരാണ് പ്രവാചക പുത്രി സൈനബിന്റെ(റ) മയ്യത്ത് കുളിപ്പിച്ചത്. മതത്തില്‍ അവഗാഹമുള്ള പണ്ഡിതരായ സ്വാഹാബകളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടവരാണ് അവര്‍.
ഉമ്മുസുലൈം(റ)
റസൂലിനോടൊപ്പം(സ) അവര്‍ യുദ്ധങ്ങളില്‍ പങ്ക് കൊണ്ടു. ആയുധമേന്തിയ സൈനികയായിരുന്നു. പ്രവാചകന്റെ സേവകനായിരുന്ന അനസിന്റെ(റ) മാതാവായ അവരോടൊപ്പം അന്‍സാരികളില്‍പ്പെട്ട ചില വനിതകളും ഉണ്ടായിരുന്നു. അവര്‍ യോദ്ധാക്കള്‍ക്ക് വെള്ളവും പരുക്കേറ്റവര്‍ക്ക് ചികിത്സയും നല്‍കുമായിരിന്നു. യുദ്ധ രംഗത്തെ അവരുടെ സേവനങ്ങളെ സംബന്ധിച്ച് സ്വഹീഹുല്‍ ബുഖാരിയില്‍ കാണാം. അനസ്(റ) പറയുന്നു: യുദ്ധ മുഖത്ത് കണങ്കാലില്‍ പാദസരം അണിയുന്ന ഭാഗം വരെ തുണി കയറ്റി ഉടുത്ത് വെള്ളം മുതുകില്‍ ചുമന്നു കൊണ്ട് വരികയും ജനങ്ങള്‍ക്ക് കുടിക്കാന്‍ നല്‍കുകയും ചെയ്യുന്നതായി ആഇശ(റ)യേയും ഉമ്മു സുലൈമി(റ)നെയും ഞാന്‍ കണ്ടിട്ടുണ്ട്. (ബുഖാരി 3811)
ഇസ്ലാമിക മാര്‍ഗത്തില്‍ അവര്‍ ചെയ്ത സേവനങ്ങള്‍ അനല്‍പ്പമാണ്. ജാബിറിബ്‌നു അബ്ദില്ല(റ) പറയുന്നു: നബി (സ) പറഞ്ഞു: സ്വര്‍ഗത്തില്‍ ഞാന്‍ പ്രവേശിച്ചതായി എനിക്ക് സ്വപ്‌നദര്‍ശനം ഉണ്ടായി. അപ്പോഴതാ അവിടെ അബൂ ത്വല്‍ഹയുടെ പത്‌നി റുമൈസ്വാ എന്ന ഉമ്മു സുലൈം. (ബുഖാരി 3679)
ഉമ്മുസിനാന്‍
സലീമ(റ)
മുസ്ലിം സൈനികരില്‍ പെട്ട ഒരു വനിതയായിരുന്നു ഉമ്മു സിനാന്‍. ഉയര്‍ന്ന മനോബലത്തിന്റെയും ആത്മ വിശ്വാസത്തിന്റെയും ധീരതയുടെയും ഉടമയായിരുന്നു അവര്‍. ഖൈബര്‍ യുദ്ധമുഖത്തേക്ക് പോകാനൊരുങ്ങിയ നബി(സ)യെ അവര്‍ സമീപിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു: ഞാനും അങ്ങയോടൊപ്പം ഈ മാര്‍ഗത്തില്‍ പുറപ്പെടാന്‍ ആഗ്രഹിക്കുന്നു. കുടിവെള്ളം ശേഖരിക്കുകയും രോഗികളെയും പരിക്ക് പറ്റിയവരെയും ചികില്‍സിക്കുകയും ചെയ്യാം. നബി (സ) പറഞ്ഞു: നീ പുറപ്പെടുക. അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവട്ടെ. നിന്റെ ജനതയില്‍ പെട്ടവരും അല്ലാത്തവരുമായ, എന്നോട് സംസാരിക്കുകയും ഞാന്‍ അനുവാദം നല്‍കുകയും ചെയ്ത കൂട്ടുകാരികള്‍ നിനക്ക് അവിടെ ഉണ്ടായിരിക്കും. അങ്ങനെ അവര്‍ നബിയുടെ പത്‌നി ഉമ്മു സലമയുടെ കൂടെ പുറപ്പെട്ടു. ഖൈബര്‍ യുദ്ധത്തില്‍ അവര്‍ പങ്കെടുത്തു. അവിടെ പരിക്കേറ്റവരെ ചികിത്സിക്കുന്നതായിരുന്നു അവരുടെ ഒരു കര്‍ത്തവ്യം. (അസദുല്‍ ഗാബ)
ഉമ്മുഅമ്മാറ(റ)
ഉഹ്ദ് യുദ്ധത്തില്‍ ഭര്‍ത്താവിന്റെയും രണ്ട് പുത്രന്മാരുടെയും കൂടെ അടരാടിയ സ്വഹാബി വനിതയായിരുന്നു ഉമ്മുഅമ്മാറ നുസൈബ ബിന്‍ത് കഅബല്‍ അന്‍സാരിയ്യ(റ). ഉഹ്ദില്‍ സന്ദിഗ്ധ ഘട്ടത്തില്‍ റസൂലിനോടൊപ്പം അടിയുറച്ചു നില കൊള്ളുകയും യുദ്ധ പാടവമുള്ള യോദ്ധാക്കളെ പോലെ അദ്ദേഹത്തിന് വേണ്ടി പ്രതിരോധം തീര്‍ക്കുകയും ചെയ്തവരായ അല്‍പം ആളുകളില്‍ ഉമ്മു അമ്മാറ(റ)യും ഭര്‍ത്താവും മക്കളും ഉണ്ടായിരുന്നു. പ്രവാചകന്‍ അവര്‍ക്കായി പ്രാര്‍ഥിച്ചു: അല്ലാഹു നിങ്ങള്‍ക്ക് കാരുണ്യവും അനുഗ്രഹവും ചൊരിയട്ടെ. അവര്‍ നബിയോട് പറഞ്ഞു: അങ്ങയുടെ സാമീപ്യം സ്വര്‍ഗത്തില്‍ ഞങ്ങള്‍ക്ക് ലഭിക്കാന്‍ വേണ്ടി അങ്ങ് അല്ലാഹുവിനോട് ദുആ ചെയ്യണം. അവിടുന്ന് പ്രാര്‍ഥിച്ചു: അല്ലാഹുവേ, ഇവരെ സ്വര്‍ഗത്തില്‍ എന്റെ സാമീപ്യമുള്ളവരാക്കേണമേ. അപ്പോള്‍ അവര്‍ പറയുകയുണ്ടായി: അതിന് ശേഷം ഇഹലോകത്ത് എനിക്ക് ഉണ്ടായ പരീക്ഷണങ്ങള്‍ ഞാന്‍ ഗൗനിച്ചിട്ടില്ല. യമാമ യുദ്ധത്തില്‍ വെട്ടേറ്റു കൊണ്ട് അവരുടെ കൈ മുറിയുകയും പന്ത്രണ്ട് മുറിവുകള്‍ പറ്റുകയും ചെയ്തു. (ഇമാം ദഹബി/സിയറു അഅലാമിന്നുബലാ).