29 Wednesday
November 2023
2023 November 29
1445 Joumada I 16

സേഫ്റ്റി ഓഡിറ്റ് നടത്തണം


മലപ്പുറം ജില്ലയിലെ താനൂരില്‍ ടൂറിസ്റ്റ് ബോട്ട് അപകടത്തില്‍ 22 പേര്‍ മരണമടഞ്ഞ സംഭവം അത്യന്തം ദുഃഖകരമാണ്. അവധി ആഘോഷത്തിന്റെ ഭാഗമായി നിരവധി പേര്‍ എത്തിച്ചേരുന്ന കടപ്പുറത്തുണ്ടായ ദാരുണമായ സംഭവത്തിന് പിന്നില്‍ ഒട്ടേറെ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. വിനോദസഞ്ചാരത്തിന് പേര് കേട്ട സംസ്ഥാനമാണ് നമ്മുടേത്. കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന പരസ്യവാചകം പോലും ടൂറിസത്തിന്റെ ഭാഗമായി നാം സ്വീകരിച്ചതാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിനോദ സഞ്ചാര മേഖലയില്‍ സംസ്ഥാനം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയപരിപാടികളുടെ പൊതുവായ ലക്ഷ്യം റെസ്‌പോണ്‍സിബ്ള്‍ ടൂറിസം നടപ്പിലാക്കുക എന്നതാണ്.
പഠനം, വിനോദം, യാത്ര, സംഗമങ്ങള്‍, സൗഹൃദ സന്ദര്‍ശനം തുടങ്ങിയ പല ലക്ഷ്യങ്ങളിലായി ആളുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാറുണ്ട്. മധ്യവേനലവധി സമയങ്ങളില്‍ ഇത്തരം യാത്രകള്‍ സ്വാഭാവികമായി വര്‍ധിക്കുന്നു. ഈ യാത്രകളാണ് കേരളത്തിന്റെ ടൂറിസം സാധ്യതകളെ വികസിപ്പിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആളുകള്‍ കൂടിച്ചേരുന്ന ഇടങ്ങളും വിനോദ കേന്ദ്രങ്ങളും എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഉത്തരവാദ ടൂറിസം നടപ്പിലാക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ലഹരിയുടെ ഇഷ്ടസ്ഥലമാകുന്നതും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതും വിദേശീയരെ ചൂഷണം ചെയ്യുന്നതും തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതേ നയനിലപാട് മുന്നില്‍ വെച്ച് അപകടരഹിതമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാവണം.
താനൂരിലെ ബോട്ടപകടത്തില്‍ ഒട്ടേറെ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. ബോട്ടിന് ലൈസന്‍സ് ലഭിച്ചത് ദുരൂഹമായി തുടരുകയാണ്. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന യാനം രൂപമാറ്റം വരുത്തി ടൂറിസ്റ്റ് ആവശ്യത്തിന് ഉപയോഗിക്കുകയാണ് ഇവിടെ ചെയ്തത്. അനുവദിക്കപ്പെട്ടതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നത് പതിവാണ്. അനുവദിക്കപ്പെട്ട സമയത്തിനും അപ്പുറം സൂര്യാസ്തമയത്തിനുശേഷമാണ് സര്‍വീസ് നടത്തിയത്. യാത്രക്കാര്‍ക്ക് സുരക്ഷാ ഉപദേശങ്ങള്‍ നല്‍കിയിരുന്നില്ല. മുഴുവന്‍ യാത്രക്കാര്‍ക്കുമുള്ള ലൈഫ് ജാക്കറ്റ് സംവിധാനം ബോട്ടിലുണ്ടായിരുന്നില്ല. എത്ര പേരാണ് ബോട്ടിലുണ്ടായിരുന്നത് എന്ന് കൃത്യമായി കണക്കെടുക്കാവുന്ന ടിക്കറ്റ് സംവിധാനം അവിടെയില്ല. ഇങ്ങനെ പ്രാഥമികമായി തന്നെ ഒട്ടേറെ നിയമലംഘനങ്ങളിലൂടെയാണ് താനൂരിലെ ബോട്ട് സര്‍വീസ് മുന്നോട്ടുപോയിരുന്നത്.
ഉത്തരവാദ ടൂറിസം നയമായി സ്വീകരിച്ച ഒരു സംസ്ഥാനത്ത് എങ്ങനെയാണ് ഇത് സാധ്യമാവുന്നത്? ഇത് ക്ഷണിച്ചുവരുത്തിയ ഒരു ദുരന്തമായി തന്നെ കണക്കാക്കണം. ബോട്ടിന്റെ ഉടമയും ജീവനക്കാരും മാത്രമല്ല ഇതിലെ പ്രതികള്‍. നിയമവിരുദ്ധമായ വഴികളിലൂടെ സര്‍വീസ് തുടരാന്‍ കൂട്ടുനിന്ന മുഴുവന്‍ ഉദ്യോഗസ്ഥ- രാഷ്ട്രീയ നേതൃത്വങ്ങളെയും വെളിച്ചത്തുകൊണ്ടുവരണം. കേവലം ചില സാമ്പത്തിക നേട്ടങ്ങള്‍ക്കു വേണ്ടി ചില നടപടിക്രമങ്ങള്‍ തെറ്റിക്കുമ്പോള്‍, അതിന് നല്‍കേണ്ടി വരുന്ന വില നിരവധി ജീവനുകളാണ്. അപകടം ഉണ്ടാവുമ്പോള്‍ മാത്രം ഉണരുകയും പിന്നീട് കുറച്ച് കാലം നിയമവിധേയമായി തന്നെ പ്രവര്‍ത്തിക്കുന്ന പ്രസ്തുത മേഖലയിലെ സേവനങ്ങളെ പോലും തടഞ്ഞുവെക്കുന്ന തന്ത്രപരമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കാറുള്ളത്. സുരക്ഷ ഉറപ്പുവരുത്താന്‍ എന്തൊക്കെയോ ചെയ്യുന്നുവെന്ന ധാരണ ഉണ്ടാക്കാനുള്ള പൊടിക്കൈകളാണ് സര്‍ക്കാറിന്റെ നയനിലപാട് എങ്കില്‍ ഇനിയും ജീവനുകള്‍ പൊലിയും.
‘ഉത്തരവാദ ടൂറിസം’ എന്ന ടാഗ്‌ലൈനില്‍ സര്‍ക്കാറിന് ആത്മാര്‍ഥത ഉണ്ടെങ്കില്‍, മുഴുവന്‍ മേഖലകളിലും സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ടൂറിസം പ്രൊവൈഡര്‍മാരുടെ സഹകരണത്തോടെ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം. ഓരോ കേന്ദ്രത്തിലും കൃത്യമായ നിയമനടപടിക്രമങ്ങള്‍ നടപ്പാകുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. അപകട സാധ്യതയുള്ള വിനോദ പരിപാടികള്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ പരസ്യപ്പെടുത്തണം. അത് നടപ്പാകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വിനോദകേന്ദ്രങ്ങളിലെത്തുന്ന പൊതുജനങ്ങള്‍ക്ക് അവസരം ലഭിക്കുകയും വേണം. കേരളത്തിലെ ചെറുതും വലുതുമായ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സേഫ്റ്റി ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x