സഫലമാകേണ്ട യാത്ര
സി കെ റജീഷ്
ചക്രവര്‍ത്തി ചാള്‍സ് അഞ്ചാമന്റെ പരിചാരകന്‍ മരണാസന്നനായി കിടക്കുകയാണ്. അയാളുടെ സേവനത്തില്‍ ചക്രവര്‍ത്തി പൂര്‍ണ തൃപ്തനായിരുന്നു. ചക്രവര്‍ത്തിക്ക് പരിചാരകനോടുള്ള താല്പര്യം കൊണ്ടാണ് അന്ത്യസമയത്ത് അയാളെ സന്ദര്‍ശിക്കണമെന്ന് കരുതിയത്. പരിചാരകനെ സന്ദര്‍ശിച്ച ചക്രവര്‍ത്തി ചോദിച്ചു: നിങ്ങളുടെ അന്ത്യാഭിലാഷം എന്താണ്? അത് ഞാന്‍ സാധിപ്പിച്ചു തരാം. മരണത്തിനുള്ള നിമിഷങ്ങള്‍ എണ്ണിയെണ്ണി കഴിയുന്ന ആ മനുഷ്യന്‍ പറഞ്ഞു: എനിക്ക് ഒരു ദിവസം കൂടി ജീവിക്കണം. അയാളുടെ വാക്കുകള്‍ ചക്രവര്‍ത്തിയുടെ മനസ്സില്‍ ആഴത്തില്‍ സ്വാധീനിച്ചു. ചക്രവര്‍ത്തി പറഞ്ഞു: ഇത്രയും നാള്‍ രാജ്യത്തിന്റെ അധികാരം കൈവശം വെച്ച ആളാണ് ഞാന്‍. എന്തും ആര്‍ക്കും കൊടുക്കാനുള്ള കഴിവ് എനിക്കുണ്ടെന്ന് ഞാന്‍ ധരിച്ചു. പക്ഷേ ഏറ്റവും പ്രിയങ്കരനായ പരിചാരകന്‍ ഇപ്പോള്‍ എന്നോട് ചോദിച്ചത് നല്‍കാന്‍ ഞാന്‍ അശക്തനാണ്. ജീവിതമാണ് അദ്ദേഹം ചോദിച്ചത്. അത് ദൈവത്തിന്റെ ദാനമാണ്. ജീവിതത്തിലെ ഓരോ നിമിഷങ്ങളും ദൈവത്തിന്റെ ഔദാര്യമാണ്.
ലക്ഷ്യമുണ്ടാകേണ്ട ഒരു യാത്രയുടെ പേരാണ് ഈ ജീവിതം. സ്രഷ്ടാവ് കനിഞ്ഞരുളിയ മഹത്തായ അനുഗ്രഹമാണ് ആയുസ്സിലെ ഓരോ നിമിഷങ്ങളും. എപ്പോഴവസാനിക്കുമെന്ന് ഒട്ടും നിശ്ചയമില്ലാതെ തുടരുകയാണ് നാമീ യാത്ര. ലക്ഷ്യം സഫലമാക്കിയാണ് നമ്മുടെ യാത്രയെങ്കില്‍ സാര്‍ഥകമായിരിക്കും ഈ ജീവിതം. വഴിയോര കാഴ്ചകളില്‍ മനം മയങ്ങി ലക്ഷ്യം മറന്നാല്‍ വിഫലമാക്കിയ ആയുസ്സിനെ ഓര്‍ത്ത് നാം വിലപിക്കും.
നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്തിനാണെന്ന് സ്വയം ചോദിച്ചു നോക്കൂ. സൃഷ്ടിപ്പിന്റെ ലക്ഷ്യം പറഞ്ഞ് തന്ന സ്രഷ്ടാവിനെയറിഞ്ഞ് അവന് ജീവിതം സമര്‍പ്പിക്കുക എന്നതാണ് അതിനുള്ള ഉത്തരം. ഈ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് നമ്മുടെ പ്രയത്നങ്ങളെങ്കില്‍ ജീവിതം സഫലമാവും. ഏതൊരു വസ്തുവിന്റെ നിര്‍മ്മിതിയുടെ പിന്നിലും ഒരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം നിറവേറുന്ന തരത്തില്‍ വര്‍ത്തിക്കുമ്പോഴാണ് ആ വസ്തു ഉപകാരപ്രദമായിത്തീരുന്നത്. സമയം കൃത്യമായി കാണിക്കാത്ത ഒരു ക്ലോക്ക് ചുമരില്‍ തൂങ്ങിയത് കൊണ്ട് കാര്യമില്ല. അതൊരു അലങ്കാര വസ്തുവായി കാണാനും നമുക്ക് സാധ്യമല്ല.
വ്യത്യസ്ത വഴികളിലൂടെയുള്ള സഞ്ചാരമാണ് ഓരോരുത്തരുടെയും ജീവിതം. ഓരോരുത്തരും അവരുടെ ജീവിതം തങ്ങളുടേത് മാത്രമായ അനുഭവങ്ങളിലൂടെ നെയ്‌തെടുക്കുകയാണ്. ഒന്നിനേയും മറ്റൊന്നിനോട് താരതമ്യപ്പെടുത്താനോ സമം ചേര്‍ത്ത് പറയാനോ സാധ്യമല്ല. ആകസ്മികതകളും അനിവാര്യതകളും ഓരോരുത്തരുടെയും ജീവിതത്തില്‍ കടന്നുവരും. താളം തെറ്റാതെയുള്ള യാത്രക്ക് കടിഞ്ഞാണായി നമ്മുടെ മനസ്സു മാറണം. ദിശാബോധം നല്‍കുന്ന സദ്ചിന്തകള്‍ ലക്ഷ്യമുള്ള ജീവിതത്തെ അടയാളപ്പെടുത്തണം. നമ്മുടെ വേര്‍പാടില്‍ പിലപിക്കുന്നവര്‍, നമ്മുടെ കര്‍മ്മങ്ങളെയോര്‍ത്ത് ചാരിതാര്‍ഥ്യമടയുക കൂടി ചെയ്യുന്നുണ്ടെങ്കില്‍ ഈ ജീവിതവഴി സഫലമായി എന്ന് നമുക്കാശ്വാസിക്കാം.
ഒരിക്കല്‍ ഒരു സത്യാന്വേഷി മതപുരോഹിതനെ സമീപിച്ചു. വിശുദ്ധ ഗ്രന്ഥം വായിച്ചാല്‍ സന്തോഷം ലഭിക്കുമോ എന്ന് ചോദിച്ചു. പുരോഹിതന്‍ പറഞ്ഞു: നിങ്ങള്‍ റസ്റ്റോറ ന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറുമ്പോള്‍ കിട്ടുന്ന മെനുകാര്‍ഡ് കണ്ടാല്‍ നിങ്ങളുടെ വിശപ്പ് മാറുമോ? ഇല്ല എന്ന് തന്നെയാണ് ഉത്തരം. വേദഗ്രന്ഥങ്ങളുടെ അന്തസത്തയുള്‍ക്കൊണ്ട് പ്രവൃത്തിക്കുമ്പോഴേ ജീവിതം സന്തോഷകരമാകൂ. പ്രബോധനങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സദ്പ്രവൃത്തികള്‍ ചെയ്യണം. അതായിരിക്കും നമ്മുടെ ജീവിതപാതയെ പ്രകാശപൂരിതമാക്കുന്നത്. ഏതൊരു ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനാണോ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അതിലേക്കുള്ള വഴി എളുപ്പമാക്കപ്പെട്ടിരിക്കുന്നുവെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.