സ്വഫയും മര്‍വയും ദൈവിക നിദര്‍ശനങ്ങള്‍
എന്‍ജി. പി മമ്മദ് കോയ
Way to makka എന്നെഴുതിയ ചൂണ്ടുപലകയുടെ ദിശയിലേക്ക് ഞങ്ങള്‍ നടന്നു. അവിടെയാണ് സ്വഫാ മര്‍വാ മലകള്‍. ‘നിശ്ചയമായും സഫയും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളാണ്’ എന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ മലകള്‍. ഒരു പാട് ചരിത്രങ്ങള്‍ക്ക് സാക്ഷ്യം നിന്ന മലകള്‍ ഇന്ന് കേവലം അടയാളങ്ങള്‍ മാത്രമാണ്. ഹറം മസ്ജിദിന്റെ തറവിതാനത്തില്‍ നിന്ന് അല്പം ഉയര്‍ത്തി സംവിധാനിച്ച രണ്ട് കൃത്രിമ പാറക്കെട്ടുകള്‍ മാത്രം. അവക്കിടയിലുള്ള ഏതാണ്ട് 400 മീറ്റര്‍ സ്ഥലം മാര്‍ബിള്‍ വിരിച്ച് മനോഹരമാക്കിയിരിക്കുന്നു. ഇവയ്ക്കിടയില്‍ ഈ മാര്‍ബിള്‍ പാതയിലൂടെ ഏഴു തവണ നടക്കുന്നതാണ് സഅ്‌യ്.
ഇരുപത് മീറ്റര്‍ വീതിയുള്ള ഈ പാതയുടെ മധ്യഭാഗം ചക്രക്കസേരകള്‍ക്ക് പോക്കുവരവിനുള്ളതാണ്. അതിനിരുവശവും ‘വണ്‍വെ’ സംവിധാനമനുസരിച്ചാണ് ജനങ്ങള്‍ സഅ്‌യ് ചെയ്യുന്നത്. സ്വഫയും മര്‍വയും തമ്മില്‍ ബന്ധിപ്പിച്ച് മൂന്നു നിലകളില്‍ ശീതീകരിച്ച കെട്ടിടമുണ്ടാക്കുകയും അവ ഹറം മസ്ജിദിനോട് ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഞങ്ങള്‍ സ്വഫയില്‍ കയറി പരിശുദ്ധ കഅ്ബയെ നോക്കി അല്‍ബഖറ അധ്യായത്തിലെ 158-ാം വചനം പാരായണം ചെയ്തു: ‘ഇന്ന സ്വഫാ വല്‍ മര്‍വത മിന്‍ ശആഇരില്ലാഹ്……..!
”തീര്‍ച്ചയായും സ്വഫയും മര്‍വയും മത ചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറയോ നിര്‍വഹിക്കുന്ന ഏതൊരാള്‍ക്കും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ തെറ്റൊന്നുമില്ല. ആരെങ്കിലും സല്‍കര്‍മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ അല്ലാഹു അതറിഞ്ഞു അംഗീകരിക്കുന്നതാണ്.”
പരിശുദ്ധ പ്രവാചകന് മുമ്പ് അറബികള്‍ ഈ മലകളില്‍ വിഗ്രഹങ്ങള്‍ വെക്കുകയും അവയെ ആരാധിക്കുകയും ചെയ്യുക പതിവായിരുന്നു. അതുകൊണ്ട് ഈ മലകള്‍ക്കിടയില്‍ സഅ്‌യ് ചെയ്യുന്നതിന് മുസ്ലിംകള്‍ വിമുഖത കാണിച്ചു. ആ സമയത്ത് ഖുര്‍ആന്‍ അവര്‍ക്ക് ശരിയായ ദിശാബോധം നല്കിയ മേലുദ്ധരിച്ച സുക്തമാണ് സഅ്‌യ് തുടങ്ങുമ്പോള്‍ ചൊല്ലേണ്ടത്.
തുടര്‍ന്ന് ”അല്ലാഹു അല്ലാതെ ഒരാരാധ്യനുമില്ല, അവന്‍ ഏകന്‍, എല്ലാ ആധിപത്യവും സര്‍വ സ്തുതിയും അവനാണ്. അവന്‍ എല്ലാറ്റിനും കഴിവുളളവനാണ്. അല്ലാഹു അല്ലാതെ ആരാധ്യനില്ല. അവന്‍ ഏകന്‍, അവന്റെ കരാര്‍ അവന്‍ പാലിച്ചു. അവന്റെ അടിമയെ അവന്‍ സഹായിച്ചു. അവന്‍ തനിച്ച് സംഘങ്ങളെ പരാജയപ്പെടുത്തി” എ ന്ന അര്‍ഥംവരുന്ന പ്രാര്‍ഥനയ്ക്കുശേഷം മര്‍വ ലക്ഷ്യമാക്കി നടന്നു.
കുറച്ചു നടന്നാല്‍ പച്ചവിളക്കുകള്‍ അതിരിട്ടിരിക്കുന്ന സ്ഥലം കാണാം. ആ അതിരുകള്‍ക്കുള്ളില്‍ പുരുഷന്‍മാര്‍ മെല്ലെ ഓടണം സ്ത്രീകള്‍ ഓടേണ്ടതില്ല. പച്ച വെളിച്ചത്തിന്റെ അതിരു കഴിഞ്ഞാല്‍ വീണ്ടും പഴയപോലെ നടക്കണം. നേരെ മര്‍വയിലേക്ക്. അവിടെയും അല്പം ഉയര്‍ത്തി കൃത്രിമമായി ഒരു ചെറിയ കുന്നുരൂപത്തിലാക്കിയിട്ടുണ്ട്.
മുകളിലുള്ള മൂന്നു തട്ടുകളിലും ഇതുപോലെ സഅ്‌യ് ചെയ്യാന്‍ സൗകര്യമുണ്ട്. മുകളിലാകുമ്പോള്‍ തിരക്ക് നന്നെ കുറവായിരിക്കും. കഴിയുന്നിടത്തോളം താഴെനില തന്നെ ഉപയോഗിക്കുന്നതാണ് അഭിലഷണീയം. മര്‍വയിലെത്തിയപ്പോഴും അതേ പ്രാര്‍ഥനകള്‍ നടത്തി. സ്വഫയില്‍ നിന്ന് മര്‍വയിലെത്തിയാല്‍ ഒന്ന്, അവിടെ നിന്ന് വീണ്ടും സ്വഫയിലെത്തിയാല്‍ രണ്ട്, എന്നിങ്ങനെ ഏഴ് തവണയാണ് സഅ്‌യ് ചെയ്യേണ്ടത്. ഏഴാമത് മര്‍വയിലാണ് എത്തുക.
തന്റെ കുഞ്ഞിന് ദാഹജലമന്വേഷിച്ച് മാറിമാറി കുന്നില്‍ മുകളില്‍ കയറി വിദൂരതയിലേക്ക് നോക്കുന്ന ഹാജറ എന്ന മാതാവിന്റെ പ്രതീക്ഷാ നിര്‍ഭരമായ നടത്തം ഓര്‍മ്മിപ്പിക്കുന്നതാണ് സഅ്‌യ്. താഴ്‌വരയിലെ സമതലത്തിലെത്തുമ്പോള്‍ ഓടിയ സ്ഥലമാണ് പച്ച വെളിച്ചത്താല്‍ അതിരിട്ടിരിക്കുന്നത്. പാദാനു പാദം ഹാജറയെ അനുകരിച്ച് സഹസ്രാബ്ദങ്ങളായി അവരുടെ ത്യാഗ സുരഭിലമായ ജീവിതം ഓര്‍മിക്കുകയാണ് മുസ്ലിംകള്‍.
പ്രാര്‍ഥനകളും ദിക്‌റുകളും കൊണ്ട് സമ്പന്നമാക്കണം സഅ്‌യ്. ഇഹപര വിജയങ്ങള്‍ക്കായുള്ള പ്രാര്‍ഥനകള്‍ ഉറക്കെ ഉരുവിടുന്നവര്‍ – വിശുദ്ധ ഖുര്‍ആന്‍ നോക്കി പാരായണം ചെയ്തുകൊണ്ട് നടക്കുന്നവര്‍! ആകര്‍ഷകമായ ഈണത്തില്‍ പ്രാര്‍ഥനകള്‍ ചൊല്ലി ഒന്നിച്ച് നടന്നു നീങ്ങുന്ന തീര്‍ഥാടക സംഘങ്ങള്‍! അല്ലാഹുവിനോട് ആവലാതികള്‍ ബോധിപ്പിച്ചുകൊണ്ട് കണ്ണീരൊലിപ്പിച്ച് നടന്നു നീങ്ങുന്നവര്‍. വ്യത്യസ്തമായ പ്രാര്‍ഥനാ രീതികള്‍! എല്ലാ മനസ്സുകളും അല്ലാഹുവിന്റെ സവിധത്തിലര്‍പ്പിച്ച് ഇബാദത്തു ചെയ്യുന്ന വിശ്വാസികള്‍.
ഏഴാമത്തെ സഅ്‌യോട് കൂടി ഞങ്ങള്‍ മര്‍വയിലെത്തി. മര്‍വയില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞു പുറത്തു കടന്നു. ഇനി മുടി എടുത്താല്‍ ഇഹ്‌റാമില്‍ നിന്ന് മുക്തമാകും. ചെറിയ കത്രികയും ‘റേസറും’ കയ്യില്‍ കരുതുന്നത് നല്ലതാണെന്ന് ക്ലാസുകളില്‍ പറഞ്ഞത് ഉപകാരപ്പെട്ട സന്ദര്‍ഭം! സ്ത്രീകളുടെ മുടി ഒരു വിരല്‍ നീളത്തില്‍ മൂന്നു സ്ഥലത്ത് നിന്ന് വെട്ടണമെന്നാണ് നിര്‍ദ്ദേശം. പുരുഷന്‍മാര്‍ മുഴുവനായും വടിക്കണം.
മര്‍വക്കടുത്ത് തന്നെ അനേകം നല്ല ബാര്‍ബര്‍ ഷാപ്പുകളുണ്ട്. സീസണനുസരിച്ച് 15 റിയാലും 20 റിയാലും കൊടുക്കണം. റേസറും കത്രികയുമായി അനേകം താത്കാലിക ബാര്‍ബര്‍മാര്‍ നിരനിരയായി നില്കുന്നതും കാണാം. ഒരാള്‍ക്ക് 10 റിയാലാണ് അവര്‍ ഈടാക്കുന്നത്. ഞങ്ങള്‍ ദമ്പതികള്‍ പരസ്പരം സഹായിച്ച് പണം ലാഭിച്ചു. ഇതോടു കൂടി ഇഹ്‌റാമില്‍ നിന്ന് ‘തഹല്ലുല്‍’ ആയി. ഇനി ഇഹ്‌റാം വസ്ത്രം മാറി സാധാരണ വസ്ത്രം ധരിക്കാവുന്നതാണ്.
ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായി എന്നും ആഗസ്റ്റ് രണ്ടിന് ഹജ്ജ് മാസം ആരംഭിച്ചു എന്നും സുഊദി മന്ത്രാലയത്തിന്റെ പ്രഖ്യാപനം വന്നു. വിവാദങ്ങളോ വിഭാഗീയതയോ ഇല്ല.