3 Tuesday
December 2024
2024 December 3
1446 Joumada II 1

സഈദ് ഫാറൂഖി സൗമ്യശീലനായ പണ്ഡിതന്‍

സി പി ഉമര്‍ സുല്ലമി


സൗമ്യശീലനും എല്ലാവരോടും സ്‌നേഹത്തില്‍ വര്‍ത്തിക്കുന്നതുമായ പ്രകൃതമായിരുന്നു സഈദ് ഫാറൂഖിയുടേത്. പേര് അന്വര്‍ഥമാക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും. അദ്ദേഹത്തിന്റെ പിതാവ് സി എ മുഹമ്മദ് മൗലവിയുമായി എനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. ഈജിപ്തില്‍ നിന്നു ചെറിയ കുട്ടികള്‍ക്ക് ഖുര്‍ആനികാധ്യാപനം നടത്താനുള്ള പദ്ധതി അവതരിപ്പിക്കപ്പെട്ടപ്പോഴാണ് സഈദ് ഫാറൂഖിയെ കൂടുതല്‍ അറിയുന്നത്.
ആ ബോധനശൈലിയെ പൂര്‍ണമായി ഉള്‍ക്കൊണ്ട് അതിന്റെ പ്രചാരകനും പ്രവര്‍ത്തകനുമായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ ഈയൊരു കാല്‍വെപ്പ് പുതിയ തലമുറയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ ഉച്ചാരണശുദ്ധിയോടെ ഓതുന്നത് രക്ഷിതാക്കളില്‍ അത്ഭുതം സൃഷ്ടിച്ചു. ഹാഫിദുകള്‍ തെറ്റിച്ച് ഓതുമ്പോള്‍ അത് തിരുത്തി നല്കുന്ന കുട്ടികള്‍ കണ്‍കുളിര്‍മ നല്കുന്ന കാഴ്ചയായിരുന്നു. അല്‍ഫിത്റ പദ്ധതി കേരളത്തിലുടനീളം പ്രചരിപ്പിക്കുന്നതില്‍ മുന്‍കൈ എടുത്തത് അദ്ദേഹമായിരുന്നു. അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനും കൃത്യമായ ആസൂത്രണത്തോടെ അത് നടപ്പിലാക്കാനും അദ്ദേഹത്തിനായി.
തിരൂരങ്ങാടി യത്തീംഖാനയില്‍ മാനേജറായിരിക്കുന്ന സമയത്ത്, ഈ പദ്ധതി ഞാന്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. അല്‍ഫിത്റയുടെ പ്രവര്‍ത്തനം കണ്ടു മനസ്സിലാക്കി ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്തു. അന്ന് രക്ഷിതാക്കളോടും കമ്മിറ്റി അംഗങ്ങളോടുമായി സഈദ് ഫാറൂഖി നടത്തിയ ഉദ്‌ബോധനം ഇന്നും മനസില്‍ മായാതെ കിടപ്പുണ്ട്. അത്രയും ശ്രദ്ധേയമായ നിര്‍ദേശങ്ങളായിരുന്നു ഖുര്‍ആന്‍ പഠനവുമായി ബന്ധപ്പെട്ട് അദ്ദേഹം മുന്നോട്ടു വെച്ചിരുന്നത്.
അദ്ദേഹവുമൊന്നിച്ച് ചില യാത്രകള്‍ നടത്താന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ആദ്യം ഓര്‍മയില്‍ വരുന്നത് ശൈഖ് മുഹമ്മദ് മര്‍സൂഖ് ഹാരിസിയുടെ ശ്രമഫലമായി നാല്‍പതോളം പണ്ഡിതന്മാര്‍ക്ക് ഹറമില്‍ ഏര്‍പ്പെടുത്തിയ ഒരു മാസത്തെ ദഅ്‌വ കോഴ്‌സാണ്. ഞാനും സഈദ് ഫാറൂഖിയും കുട്ടശ്ശേരി മൗലവിയും കുടുംബ സമേതമായിരുന്നു അതില്‍ പങ്കെടുത്തിരുന്നത്. വൈജ്ഞാനിക ചര്‍ച്ചകള്‍ക്കിടയില്‍ അദ്ദേഹം ഉയര്‍ത്താറുണ്ടായിരുന്ന അഭിപ്രായങ്ങള്‍ വളരെ ഉള്‍ക്കാഴ്ച നിറഞ്ഞവയായിരുന്നു. അവയൊക്കെയും അദ്ദേഹത്തിന്റെ പാണ്ഡിത്യം വെളിവാക്കുന്നതായിരുന്നു. വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചാണ് അദ്ദേഹം കടന്നു പോയത്. മത ഭൗതിക വിദ്യാഭ്യാസരംഗത്ത് അദ്ദേഹം മാതൃകാധന്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചു. സി ഐ ഇ ആര്‍ സിലബസും കരിക്കുലവും തയ്യാറാക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ പാഠപുസ്തക കമ്മിറ്റിയിലും അദ്ദേഹം പങ്കാളിയായി.
രോഗശയ്യയിലായിരിക്കുന്ന അവസാന സമയത്തും അദ്ദേഹം കര്‍മഗോദയിലുണ്ടായിരുന്നു. ശബ്ദം പുറത്തു വരാതിരുന്നപ്പോഴും അദ്ദേഹം തളര്‍ന്നില്ല. കരിപ്പൂര്‍ മുജാഹിദ് സമ്മേളന നഗരിയില്‍ അദ്ദേഹം നടത്തിയ ഉദ്‌ബോധനം മറക്കാന്‍ കഴിയുന്നതല്ല. വലിയ ഒരു വിടവു ബാക്കിവെച്ചാണ് അദ്ദേഹത്തിന്റെ യാത്ര. പാരത്രിക ജീവിതം ധന്യമാകട്ടെ എന്നു നമുക്ക് പ്രാര്‍ഥിക്കാം.

Back to Top