സച്ചാര്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ റദ്ദ് ചെയ്ത പിണറായി സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ല – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: സംസ്ഥാനത്ത് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശിപാര്‍ശകള്‍ നടപ്പിലാക്കുന്നത് റദ്ദ് ചെയ്ത പിണറായി സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. സച്ചാര്‍ കമ്മീഷന്‍ ക്ഷേമ പദ്ധതികളുടെ വിഷയത്തില്‍ മുസ്‌ലിം സമുദായത്തെ കേള്‍ക്കാന്‍ പോലും തയ്യാറാവാതെ ധിക്കാരപൂര്‍വമുള്ള സര്‍ക്കാര്‍ നടപടി അപലപനീയമാണ്. മുന്നോക്ക സംവരണം നടപ്പിലാക്കുന്നതിലൂടെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്ന് പറഞ്ഞ് വഞ്ചിച്ച എല്‍ ഡി എഫ് സര്‍ക്കാര്‍ സച്ചാര്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ റദ്ദ് ചെയ്യുന്നതിലൂടെ മുസ്‌ലിംകള്‍ക്ക് ഒന്നും നഷ്ടപ്പെടില്ലെന്ന് പറയുന്നത് വിശ്വസിക്കാന്‍ മുസ്‌ലിം സമുദായം അത്രക്ക് വിഡ്ഢികളല്ല.
രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ ഉദ്യോഗ വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥക്ക് പരിഹാരമായി സച്ചാര്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത ക്ഷേമ പദ്ധതികള്‍ സംഘ്പരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും നടപ്പിലാക്കുമ്പോള്‍ ഇടതുപക്ഷ ഭരണത്തില്‍ റദ്ദ് ചെയ്യപ്പെടുന്നത് എന്ത് മാത്രം അപരാധമല്ല. ഉദ്യോഗ വിദ്യാഭ്യാസ മേഖലയെ കയ്യടക്കിവെച്ചിരിക്കുന്ന മുന്നാക്ക ജനവിഭാഗത്തിന് വേണ്ടി മുസ്‌ലിം പിന്നാക്ക ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് കൊടുക്കുന്നത് ന്യായീകരിക്കാന്‍ ആരു തന്നെ മുന്നോട്ട് വന്നാലും അവരെ രാഷ്ട്രീയ ഇച്ഛാശക്തിയോടെ മുസ്‌ലിം സമുദായം നേരിടണം.
നീതി നിഷേധിക്കപ്പെട്ട മുസ്‌ലിം ജനവിഭാഗത്തിന് വേണ്ടി ശബ്ദിക്കാന്‍ ബാധ്യതപ്പെട്ട യു ഡി എഫ് നേതൃത്വം ന്യൂനപക്ഷ ക്ഷേമ പദ്ധതി വിഷയത്തില്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്നത് നീതീകരിക്കാവതല്ലെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ വ്യക്തമാക്കി. പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാനം ചെയ്തു.