7 Wednesday
June 2023
2023 June 7
1444 Dhoul-Qida 18

‘സലഫിയ്യ’യുടെ നിര്‍മിതി സലഫിസത്തിന്റെ ആശയ ചരിത്രത്തിലൂടെ പുനരാലോചിക്കുമ്പോള്‍

ഡോ. ഹെന്റി ലോസിയര്‍ / വിവ: ഡോ. നൗഫല്‍ പി ടി


വൈജ്ഞാനികതയുടെ കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍, സലഫിസത്തെ (അസ്സലഫിയ്യ) കുറിച്ചുള്ള അനിശ്ചിതത്വങ്ങളും വൈരുധ്യങ്ങളും അതിന്റെ ഉത്ഭവവും അര്‍ഥവും സംബന്ധമായ എല്ലാ വ്യാഖ്യാനങ്ങളെയും സങ്കീര്‍ണമാക്കുകയാണുണ്ടായത്. സലഫിസത്തിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങളും വകഭേദങ്ങളും അക്കാദമിക – മാധ്യമ മണ്ഡലങ്ങളില്‍ പരിചിതമാണെങ്കിലും ആ പദവുമായി ബന്ധപ്പെട്ട ചില അവ്യക്തതകളുടെ മേഘപടലം നീക്കുക എന്നത് ഇന്നും വളരെ ശ്രമകരമായ ദൗത്യമാണ്. ആശയലോകം എന്നത് ആപേക്ഷികവും ദ്രവാത്മകവുമാണെന്നിരിക്കെ, ഈ അവസ്ഥാവിശേഷം അനിവാര്യമായാണ് തോന്നുന്നത്.
എന്നിരുന്നാലും, സലഫിസവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ അവ്യക്തതകള്‍ വികല പാണ്ഡിത്യത്തിന്റെ ഫലമാണെന്ന് മനസ്സിലാക്കുന്നതില്‍ തെറ്റില്ല. അതുപോലെ തന്നെ, സലഫിസത്തെക്കുറിച്ചുള്ള വിജ്ഞാനോദ്പാദനം നടക്കാത്ത കാലത്തോളം ഈ മതപരമായ ആഭിമുഖ്യത്തിന്റെ ചരിത്രവും സത്തയും കുഴഞ്ഞുമറിഞ്ഞിരിക്കും എന്നതും തീര്‍ച്ചയാണ്. അതേസമയം ഒരു പരിഹാരക്രിയ എന്ന നിലക്ക് സലഫിസത്തിന്റെ രാഷ്ട്രീയ ധൈഷണിക ഭൂമിശാസ്ത്ര വൈവിധ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന തരത്തില്‍ തയ്യാറാക്കപ്പെട്ട ആഴത്തിലുള്ള വൈജ്ഞാനിക പഠനങ്ങള്‍ സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയത്. കാരണം, സമകാലിക സലഫി വ്യവഹാരങ്ങളിലെ ദുര്‍ഗ്രാഹ്യതയുടെ അകക്കാമ്പായി വര്‍ത്തിക്കുന്ന ജ്ഞാനശാസ്ത്രപരമായ രണ്ട് പ്രശ്നങ്ങളെ അവ കാണാതെ പോയി എന്നതാണ്(1).
ഒന്ന്, സലഫിസം എന്ന ആശയം അതിന്റെ തന്നെ വിജയത്തിന്റെ ഒരു ഇരയായി മാറുകയുണ്ടായി. അതിന്റെ ചരിത്രപരതക്ക് ആവശ്യമായ പരിഗണന കൊടുക്കാതെയോ വ്യര്‍ഥമായിട്ടോ ആണ് സലഫിസം എന്ന ആശയം വ്യവഹരിക്കപ്പെട്ടത്. 9 ാം ശതകം മുതല്‍ 21 ാം ശതകം വരെ വിവിധ ചരിത്ര പശ്ചാത്തലങ്ങളില്‍ സലഫിസത്തിന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ തെളിവുകളെ സംബന്ധിക്കുന്ന പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. പക്ഷേ, പ്രസ്തുത തെളിവുകള്‍ ദുര്‍ബലമോ അവ്യക്തമോ പലപ്പോഴും അവാസ്തവമോ ആയിരുന്നു.(2) ഈ ദ്വിതീയ സാഹിത്യങ്ങളുടെ ദൃഢതയില്‍ വന്ന കുറവ്, ഓരോ കാലഘട്ടത്തിലും സലഫിസത്തിന്റെ ഓരോ വകഭേദങ്ങളായിരുന്നു ഉണ്ടായിരുന്നത് എന്ന വാദത്തെ പ്രതിഷ്ഠിക്കുകയും സാധൂകരിക്കുകയുംചെയ്യുന്നു.
സലഫിസം എന്ന സങ്കല്‍പനത്തിന്റെ വളര്‍ച്ചാവികാസങ്ങളെ രൂപപ്പെടുത്തിയ പ്രക്രിയയെത്തന്നെ നിരസിക്കുന്ന തരത്തിലുള്ള ചരിത്രത്തിനെതിരായ ഈ വഴുക്കലില്‍ ഒളിഞ്ഞിരിക്കുന്ന അനന്തര ഫലങ്ങളെ അവഗണിക്കാവതല്ല. ‘ജ്ഞാനോദയ’ത്തെ (Enlightenment) കുറിച്ചുള്ള ആശയക്കുഴപ്പം ഉദാഹരണമായി പരിഗണിക്കാവുന്നതാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ ഫ്രാന്‍സിലും ജര്‍മനിയിലുമായി ഉരുവംകൊണ്ട ജ്ഞാനോദയം എന്ന സങ്കല്‍പനത്തിന്റെയും പ്രസ്തുത പദം പ്രതിനിധാനം ചെയ്ത ‘യുക്തിചിന്ത’ പോലെ സ്വയമേവ കാലഗണനാപരമോ ഭൂമിശാസ്ത്രപരമോ ആയ യാതൊരു പരിധികളുമില്ലാത്ത ധൈഷണിക സവിശേഷതകളെയും ഒരു സമാന്തര ഉദാഹരണമായി മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ട്, മധ്യകാലഘട്ടത്തിലെ ‘പൗരാണിക സലഫിയ്യ’യെ (Classic Salafism) കുറിച്ച് എത്ര ഫലപ്രദമായി സംസാരിക്കുകയാണെങ്കിലും, പതിനാലാം നൂറ്റാണ്ടിലെ ‘നവോത്ഥാന ജ്ഞാനോദയ’ത്തെ(3) (The Renaissance Enlightenment) റഫര്‍ ചെയ്യുന്നത് ചോദ്യം ചെയ്യപ്പെടുന്നതിന് സമാനമായി, തെളിയിക്കാനുള്ള ആവശ്യമുയര്‍ന്നേക്കും. ഇതുകൊണ്ടെല്ലാം തന്നെ, ഇസ്ലാമിന്റെ ധൈഷണിക ചരിത്രത്തെ മനസ്സിലാക്കുന്നതിനു വേണ്ടി എങ്ങനെയാണ് അല്ലെങ്കില്‍, എന്തുകൊണ്ടാണ് ബുദ്ധിജീവികള്‍ ‘സലഫിസം’, ‘സലഫിയ്യ’ എന്നീ പദാവലികളെ പ്രയോഗിച്ചിരിക്കുന്നത് എന്നത് വിശദീകരിക്കപ്പെടേണ്ട ഒരു ചോദ്യമാണ്.
രണ്ട്, സലഫിസത്തിന്റെ ഒരു ഉപാഖ്യാനം സമീപ കാലങ്ങളില്‍ പരസ്പരവിരുദ്ധതയുടെ ഒരു അര്‍ഥമാണ് ഉള്‍വഹിക്കുന്നത്. ഇതു കാരണം ഇന്ന് പൊതുവെ നിലനില്‍ക്കുന്ന സലഫി ഇസ്ലാമിന്റെ ആശയങ്ങളില്‍ ഒരു അസംബന്ധമായി ഇത് മുഴച്ചുനില്‍ക്കുന്നു. സലഫിയ്യ എന്നതിനെ ആധുനിക യുഗത്തിലെ ഇസ്ലാമിന്റെയും മുസ്ലിം സമുദായത്തിന്റെയും ഉന്നമനത്തിനും പുനരുത്ഥാനത്തിനുമുള്ള ജ്ഞാനദീപ്തമായ ഒരു പരിഷ്‌കരണ പ്രസ്ഥാനമായിട്ടായിരുന്നു മിക്ക പാശ്ചാത്യ പണ്ഡിതന്മാരോടൊപ്പം മുസ്ലിം ലോകത്തു നിന്നുള്ള ചില പണ്ഡിതന്മാരും, ചില സ്വയം പ്രഖ്യാപിത സലഫി പ്രവര്‍ത്തകരും ദശാബ്ദങ്ങളായി മനസ്സിലാക്കിയിരുന്നത്. അതുവഴി, ഈ പദത്തിന് ഇസ്ലാമിക ആധുനികതയുമായും പ്രമുഖ പരിഷ്‌കര്‍ത്താക്കളായ ജമാലുദ്ദീന്‍ അഫ്ഗാനി (1897), മുഹമ്മദ് അബ്ദു (1905), റഷീദ് റിദാ (1935) തുടങ്ങിയവരുടെ കൃതികളുമായി ബന്ധപ്പെട്ടതുമായ തുറവിയുള്ളതും അയവുള്ളതുമായ ഒരു മതസമീപനത്തിന്റെ പരിവേഷം കിട്ടി(4). സലഫിസത്തെക്കുറിച്ച് ആധുനികത നല്‍കുന്ന ഈ വ്യാഖ്യാനം സമകാലിക സലഫിസത്തിന്റെ അംഗീകൃത വ്യാഖ്യാനത്തില്‍ നിന്നും ഗണ്യമായ രീതിയില്‍ വ്യത്യസ്തമാണ്.
ഇന്ന് സലഫിയ്യ എന്നത് സുന്നി ശുദ്ധിവാദക്കാര്‍ ഇസ്ലാമിനോടുള്ള തങ്ങളുടെ സമീപനത്തെ കുറിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദമായിട്ടുണ്ട്. സുഊദി അറേബ്യയിലെ മതവ്യവസ്ഥിതിയുമായി അഭേദ്യമാം വിധം ബന്ധപ്പെട്ടതോ വഹാബിസവുമായി ‘കുടുംബ സാദൃശ്യം’ (വിറ്റ്‌ഗെന്‍സ്റ്റൈന്റെ പ്രയോഗത്തോട് കടപ്പാട്) പങ്കുവെക്കുന്നതോ ആയ കണിശ മതവിശ്വാസത്തെയോ ഇസ്ലാമിക ദാര്‍ശനിക രീതിശാസ്ത്രത്തെയോ സൂചിപ്പിക്കുന്ന ഒരു പദമായി ഇത് മാറിക്കഴിഞ്ഞിട്ടുണ്ട്. അവര്‍ വ്യാഖ്യാനിക്കുന്ന രൂപത്തില്‍ ഇസ്ലാമിന്റെ പരിശുദ്ധി സാധ്യമാക്കുന്നതിന്, ഏകദൈവാരാധന എന്നതിന്റെ അതീവ നിഷ്‌കര്‍ഷതയുള്ള ഒരു വ്യാഖ്യാനമാണ് സമകാലിക സലഫികള്‍ മുന്നോട്ടുവെക്കുന്നത്.
മതത്തിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കലുകളെ (ബിദ്അത്ത്) സംബന്ധിച്ചുള്ള അവരുടെ വ്യാഖ്യാനം, അനുവദനീയമായ ഇസ്ലാമിക ചര്യകളുടെ ഭൂമികയെ തന്നെ കുടുസ്സാക്കി മാറ്റുന്ന തരത്തിലാണ്. അതുപോലെ തന്നെ, മതപരമായ വിഷയങ്ങളില്‍ പ്രാമാണിക ഗ്രന്ഥങ്ങള്‍ക്കതീതമായ സ്വാധീനങ്ങളെയും ജ്ഞാനസ്രോതസ്സുകളെയും കുറിച്ച് അവര്‍ സദാ അസ്വസ്ഥരായിട്ടാണ് കാണുന്നത്. ആധുനിക സലഫിസവും (modern salafism) ശുദ്ധിവാദ സലഫിസവും (purist salafism) തമ്മിലുള്ള വിടവിന്റെ വ്യാപ്തി ഇന്ന് വിജ്ഞാനതല്‍പരരെല്ലാം തന്നെ അംഗീകരിച്ചിട്ടുള്ള ഒരു വിഷയമാണ്. കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പ്രചോദനം നല്‍കുന്ന വിധത്തില്‍ വൈജ്ഞാനിക മണ്ഡലങ്ങളില്‍ അത് ഒരു അനിശ്ചിതത്വമായി നിലകൊള്ളുകയാണ്(5).
‘സലഫിയ്യ’ത്തിന്റെ സമകാലിക വ്യവസ്ഥിതിയിലേക്ക് സലഫി ആധുനികതയുടെ (salafi modernity) വ്യതിരിക്ത വാദഗതികളെ ചേര്‍ത്തിണക്കാനുള്ള ശ്രമങ്ങള്‍ക്കു മുന്‍പില്‍ ഇപ്പോഴും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന പ്രതിബന്ധങ്ങള്‍ അതിജയിക്കുന്നതിനേക്കാള്‍ എളുപ്പം അവഗണിക്കുന്നതായിരിക്കും.
ഇസ്ലാമിക ധൈഷണിക പാരമ്പര്യത്തിന്റെ നിര്‍മിതിയില്‍ അടിപ്പടവായി വര്‍ത്തിച്ച ധാരണകളുടെ ഒരു പുനഃപരിശോധന നിര്‍ബന്ധമാണ് എന്ന് ഈ പ്രശ്‌ന സങ്കീര്‍ണതകള്‍ വിളിച്ചോതുന്നുണ്ട്. അതുകൊണ്ട്, ‘സലഫിയ്യ’ എന്ന പദത്തിന്റെ വിവിധങ്ങളായ അര്‍ഥങ്ങള്‍ ഇഴപിരിച്ചു വ്യക്തമാക്കാനും, ഓരോന്നിനെയും വിശദമായി അപഗ്രഥിക്കാനുമാണ് ഈ ലേഖനം ശ്രമിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍, സലഫിസം രൂപം പ്രാപിച്ചതും വിവിധങ്ങളായ അര്‍ഥങ്ങളുടെ അടരുകള്‍ അതിനു മുകളില്‍ വന്നുചേര്‍ന്നതുമായ ചരിത്രസന്ധികളെയും സാഹചര്യങ്ങളെയും പ്രത്യേകം പ്രത്യേകമായി പഠിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
1988-ല്‍ സിറിയന്‍ മുഫ്തി മുഹമ്മദ് സയീദ് റമദാന്‍ അല്‍ബൂത്വി നടത്തിയ ഒരു നിരീക്ഷണത്തില്‍ നിന്നും വേറിട്ടു നിന്നുകൊണ്ടാണ് ഞാന്‍ തുടങ്ങുന്നത്. സലഫി രീതിശാസ്ത്രത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യവിമര്‍ശനത്തില്‍ അദ്ദേഹം ‘സലഫിയ്യ’ എന്ന പേര് രൂപപ്പെടുത്തുന്നതിനും അതിനെ പൊതുജന പിന്തുണക്കായി ദുരുപയോഗം ചെയ്യുന്നതിനും 19 ാം നൂറ്റാണ്ടിലെ ഇസ്ലാമിക ആധുനികതാവാദികളെ കുറ്റപ്പെടുത്തുന്നുണ്ട്. ചരിത്രപരവും അനുഭവജ്ഞാനപരവുമായുള്ള പോരായ്മകള്‍ അദ്ദേഹത്തിന്റെ നിരീക്ഷണത്തിനുണ്ട് എങ്കിലും, അദ്ദേഹം നടത്തിയ അതീവ സൂക്ഷ്മവും കൃത്യവുമായ ഒരു നിരീക്ഷണം ഇസ്ലാമിക ആധുനികതാവാദികള്‍ ‘സലഫിയ്യ’ എന്ന പദത്തെ ക്രമേണ, മറ്റു പലതിനോടൊപ്പം, തങ്ങളുടെ പ്രസിദ്ധീകരണാലയങ്ങളുടെ പേര് എന്ന നിലക്കും ഉപയോഗിക്കുകയുണ്ടായി എന്നതാണ് (6).
ഇതില്‍ ഏറ്റവും പ്രസിദ്ധമായത്, ആധുനിക സലഫി ശൃംഖലയുടെ ഭാഗമായ രണ്ട് സിറിയന്‍ അഭയാര്‍ഥികളായ മുഹിബ്ബുദ്ദീന്‍ അല്‍കാത്തിബ് (1969), അബ്ദുല്‍ഫത്താഹ് ഖത്ലാന്‍ (1931) എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കി നയിച്ചു പോന്നിരുന്ന കയ്‌റോയിലെ ‘സലഫിയ്യ പ്രസ് ആന്റ് ബുക്സ്റ്റോര്‍’ ആണ്. സലഫിസത്തിന്റെ ആശയചരിത്രം (conceptual history) വിശകലനം ചെയ്തു തുടങ്ങുന്നതിനുള്ള മികച്ച പ്രാരംഭബിന്ദുവാണ് ഈ സ്ഥാപനം.
ഈ ലേഖനം മൂന്ന് അടരുകളായാണ് അതിന്റെ വാദഗതികള്‍ അവതരിപ്പിക്കുന്നത്. ഒന്ന്, ‘സലഫിയ്യ’ എന്ന പദത്തിന് അഭൂതപൂര്‍വമായ ദൃശ്യത നല്‍കിക്കൊണ്ട് ‘സലഫിസം’ എന്ന ആശയത്തിന്റെ നിര്‍മിതിയില്‍, ‘സലഫിയ്യ പ്രസിദ്ധീകരണാലയവും ഗ്രന്ഥശാലയും’ (തുടര്‍ന്നുള്ള പ്രതിപാദനം ‘സലഫിയ്യ ഗ്രന്ഥശാല’) നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭം വരേക്കും സലഫിയ്യ എന്നത് ഒരു മുദ്രാവാക്യമായോ ആശയനിര്‍മിതിയായോ രൂപപ്പെട്ടിരുന്നില്ല എന്ന മറുവാദം ഈ പ്രസ്താവനയില്‍ അന്തര്‍ലീനമാണ്.
രണ്ട്, ഈ സ്ഥാപനം പ്രസിദ്ധീകരണ യോഗ്യതയുള്ള വിഷയങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ എടുത്ത നിലപാടുകള്‍ പില്‍ക്കാലത്ത് സലഫിസത്തിനു വളരാനുള്ള ഭൂമിക ഉഴുതൊരുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. അതായത്, ‘സലഫിയ്യ’ എന്നതിന്റെ അര്‍ഥധാരണകളെ ഇത് തിരുത്തുകയും, ഈ പദംകൊണ്ട് വിവക്ഷിക്കുന്നത് വിശാലാര്‍ഥത്തില്‍ ഇസ്ലാമിക ആധുനികതയാണെന്ന തരത്തിലുള്ള അര്‍ഥകല്പനകള്‍ മുമ്പോട്ടുവെക്കുന്നതിന് ചില നിരീക്ഷകരെ ഇത് പ്രേരിപ്പിക്കുകയും ചെയ്തു. പ്രസ്തുത അനുമാനങ്ങള്‍ അന്നും ഇന്നും വേണ്ട രൂപത്തില്‍ രേഖപ്പെട്ടിട്ടില്ല.
മൂന്ന്, സലഫിയ്യ ഗ്രന്ഥശാലയുടെ പരിണാമം കാണിക്കുന്നത്, സലഫി എന്ന വിശേഷണത്തെ വില്പനച്ചരക്കാക്കുക വഴി ഉദ്ദീപ്തമായ അര്‍ഥസന്ദിഗ്ധത 1920-കളോടെ തന്നെ സലഫിസവും (മെഹമളശാെ) വഹാബിസവും (wahabism) തമ്മില്‍ ആശയസമന്വയമുണ്ട് എന്ന് ധരിക്കുന്നതിനു ഇടയാക്കിഎന്നതാണ്.
എന്തുകൊണ്ട്
ആശയ ചരിത്രം?
സലഫിസത്തിന്റെ ചരിത്രത്തെകുറിച്ചുള്ള ഗഹനമായ ചര്‍ച്ച തുടങ്ങുന്നത് പൊതുവെ വേര്‍തിരിച്ചുവെക്കാത്ത രണ്ടുതരം വിശകലനങ്ങളെ തമ്മില്‍ ഇഴപിരിച്ചു മനസ്സിലാക്കിക്കൊണ്ടാവണം. ആദ്യത്തേത്, ആശയങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ടതും, യുക്തിവിരുദ്ധ മതദാര്‍ശനികതയും ഹദീസുകളിലുള്ള അമിതാവലംബനവും അടക്കം ഇന്നത്തെ സലഫിസത്തെ നിര്‍ണയിച്ചിട്ടുള്ള രീതിശാസ്ത്രം, വിശ്വാസങ്ങള്‍, ആചാരങ്ങള്‍ എന്നിവയുടെ ഉത്ഭവം അന്വേഷിക്കുന്നതുമാണ്. ഇങ്ങനെ നോക്കുമ്പോള്‍, സലഫിസം ഭാഗികമായെങ്കിലും അഹ്മദ് ബിന്‍ ഹന്‍ബലിന്റെ (855) കാലത്തോളം പഴക്കമുള്ളതാണ് എന്നുവരും(7). ആശയങ്ങളുടെ ചരിത്രം എന്നത്, ചരിത്രത്തിന്റെ ഏതെങ്കിലുമൊരു പ്രത്യേക ഘട്ടത്തില്‍ ഒരു പദം ഉപജീവിച്ച ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏകാത്മക അടയാളത്തിന്റെ ചരിത്രത്തില്‍ നിന്നു വിഭിന്നമായ ഒന്നാണ്. ഇക്കാര്യം വ്യക്തമായി മനസ്സിലാക്കിയിട്ടില്ലെങ്കില്‍ ആശയ ചരിത്രം എന്ന സമീപനം ഗൗരവകരമായ അവ്യക്തതക്ക് കാരണമാകും.
രണ്ടാമത്തെ വിശകലനം ആശയതലത്തിലുള്ളതാണ് (രീിരലുൗേമഹ). ചരിത്രപരമായ അന്വേഷണത്തിന്റെ ഊന്നലില്‍ നിന്ന്, ഉത്ഭവവും നിര്‍മിതിയും പരിണാമവും ഉള്ളടങ്ങിയ, സലഫിയ്യ (സലഫിസം) എന്ന ആശയം ഒരു സൂചക ഇനമായി മനസ്സിലാക്കുന്നതിലേക്ക് ദിശ നിര്‍ണയിക്കുന്നു. എവിടെ, എപ്പോഴാണ് ഈ ആശയം പ്രത്യക്ഷപ്പെട്ടത്? ആരാണ് അതിനെ വികസിപ്പിച്ചതും യഥാര്‍ഥത്തില്‍ ജനകീയമാക്കിയതും? എങ്ങനെ, എപ്പോഴാണ് വിവിധ രീതിശാസ്ത്രങ്ങളും വിശ്വാസങ്ങളും ധാരണകളും അതിന്റെ ഭാഗമായത്?
സലഫിസം എന്ന് ഇന്ന് വ്യാപരിക്കുന്ന സംഹിതയുടെ ഒരു പൂര്‍ണചിത്രം നിര്‍മിക്കുന്നതിന് ഈ രൂപത്തിലുള്ള അന്വേഷണം അപര്യാപ്തമാണ്. എങ്കിലും, പണ്ഡിതോചിതമായ അന്വേഷണങ്ങളിലെ തടസ്സങ്ങളെ നിര്‍ധാരണം ചെയ്യുന്നതിനും ബൗദ്ധിക വംശാവലികളില്‍ നിന്നുള്ള ആഖ്യാനങ്ങളെ പരിഷ്‌കരിക്കുന്നതിനും ഇത്തരമൊരു അന്വേഷണത്തിന് പ്രാപ്തിയുണ്ട്.
സലഫിയ്യ എന്നത് മധ്യകാലഘട്ടം മുതല്‍ക്കുള്ള ഒരു മതാഭിമുഖ്യമാണ് എന്ന് ആശയങ്ങളുടെ ചരിത്രത്തിന്റെ വീക്ഷണകോണില്‍ നിന്നു ഗ്രഹിക്കാമെങ്കിലും, ആശയതലത്തില്‍ ഇത് താര്‍ക്കികമായ ഒരു വിഷയമാണ്. ചില വിരുദ്ധ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും, മധ്യകാല മുസ്‌ലിം പണ്ഡിതര്‍ ‘സലഫിസം’ എന്ന് ഗഹനമായി അര്‍ഥമാക്കുന്ന തരത്തില്‍ ‘സലഫിയ്യ’ എന്ന പദം ഉപയോഗിച്ചിരുന്നു എന്നതിന് നിര്‍ണിതമായ തെളിവുകളൊന്നും അവശേഷിക്കുന്നില്ല. ചരിത്രകാരന്‍ ബെര്‍ണാഡ് ഹൈക്കല്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍, ഇബ്നു തൈമിയ്യ (1328) നല്‍കിയ ഒരു ഫത്വയില്‍ ‘അല്‍ സലഫിയ്യ’ എന്ന അറബി നാമം ഉപയോഗിച്ചതായി കാണുന്നു(8).
സലഫി വിശേഷണം ആധുനിക കാലഘട്ടത്തിനു മുമ്പുതന്നെ പ്രയോഗത്തിലിരുന്ന പദമായിരുന്നു എന്ന് ഇത് കാണിക്കുന്നു. എന്നാല്‍, ഹൈക്കല്‍ ‘സലഫിയ്യ’ എന്ന ആ പദത്തെ വിവര്‍ത്തനം ചെയ്യാതെ വിട്ടുവെങ്കിലും, അദ്ദേഹത്തിന്റെ ഈ പ്രയോഗം സ്വീകരിക്കപ്പെട്ടത്, മധ്യകാലഘട്ടം മുതല്‍ പ്രയോഗത്തിലിരിക്കുന്ന, സലഫിസം എന്ന് വിവര്‍ത്തനം ചെയ്യാവുന്ന ഏകവചന നാമം എന്ന രൂപത്തിലാണ്(9).
പ്രാഥമിക സ്രോതസ്സുകള്‍ പക്ഷേ ഈ വാദത്തെ ഖണ്ഡിതമായി സ്ഥിരീകരിക്കുന്നില്ല. സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ നിന്നും, ഇബ്നു തൈമിയ്യ അദ്ദേഹത്തിന്റെ നേരത്തെ പറഞ്ഞ ഫത്വയില്‍ ഈ പദത്തെ ഉപയോഗിക്കുന്ന രീതിയുടെ അവലോകനത്തില്‍ നിന്നും മനസ്സിലാകുന്നത്, അല്‍ സലഫിയ്യ എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ഒരു ഗഹനാര്‍ഥത്തിലുള്ള നാമമല്ല, മറിച്ച് ഒരു സംഘത്തെ കുറിക്കുന്ന നാമമായിട്ടാണ് അത് ഉപയോഗിച്ചിരിക്കുന്നത് എന്നാണ്.
അതായത്, ‘സലഫിസം’ എന്നതിലേറെ അതുകൊണ്ട് അര്‍ഥമാക്കിയിരിക്കുന്നത് ‘സലഫികള്‍’ എന്നാണ് (‘അല്‍-സൂഫിയ’ എന്നതിനര്‍ഥം ‘സൂഫിസം’ എന്നതല്ല, മറിച്ച് ‘സൂഫികള്‍’ എന്നാണ് എന്നതുപോലെ)(10). 2000- ല്‍ റിയാദിലെ ഇമാം മുഹമ്മദ് ഇബ്നു സുഊദ് ഇസ്ലാമിക് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു സുഊദി പണ്ഡിതന്‍ നടത്തിയ ഇംഗ്ലീഷ് വിവര്‍ത്തനത്തിലും ഇതേ നിഗമനത്തില്‍ എത്തിയതായി കാണാം(11).
ആശയങ്ങളെ വിലക്കെടുക്കാതെ വാക്കുകള്‍ക്ക് അമിതപ്രാധാന്യം നല്‍കുക എന്നത്, തീര്‍ച്ചയായും വിഹഗവീക്ഷണപരമായിരിക്കും എന്നതില്‍ സംശയമില്ല. (ദേശീയ പ്രസ്ഥാനങ്ങളുടെ ചരിത്രത്തെ ആ രേഖകളില്‍ ‘ദേശീയം’ എന്ന വാക്കിന്റെ സാന്നിധ്യത്തെ ചര്‍ച്ച ചെയ്യുന്നതിനുള്ള ഉപാധിയായി മാത്രം കാണുന്നത് യുക്തമല്ല). അതേസമയം, പദാവലിയുടെ തലങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള ഒരു വിശകലനം, സലഫിസത്തെക്കുറിച്ച് പ്രാധാന്യമുള്ള ഉള്‍ക്കാഴ്ചകള്‍ നല്‍കിയേക്കാവുന്ന ചില ചരിത്രഗതികളെ കാണാതെ പോവുന്നതിനും കാരണമായേക്കും. അതിലുപരിയായി, സമകാലിക സലഫികള്‍ വളരെ പ്രാധാന്യം നല്‍കുന്ന ഒരു മാനം കൂടിയാണ് അത്.
സൂഫിസം (തസവ്വുഫ്) എന്നത് ആദ്യകാല മുസ്ലിംകള്‍ക്ക് അന്യമായിരുന്നു എന്നും പഴയ ഇസ്ലാമിക ദൈവഭക്തിയെ സൂചിപ്പിക്കുവാന്‍ പില്‍ക്കാലങ്ങളില്‍ രൂപപ്പെട്ട പദമാണ് സൂഫിസം എന്നും തുറന്നു സമ്മതിക്കുന്ന സൂഫികളില്‍ നിന്ന് വ്യത്യസ്തമായി, തങ്ങള്‍ ഉപയോഗിക്കുന്ന പദം അവര്‍ അനുകരിക്കുന്ന പൂര്‍വപഥികരായ മുസ്ലിംകളുടെ ഇസ്ലാമിനോളം തന്നെ പഴക്കമുള്ളതും മുറപ്രകാരമുള്ളതാണെന്നുമുള്ള വാദം തെളിയിക്കാന്‍ സദാ പരിശ്രമിക്കുന്നവരാണ് സമകാലിക സലഫികള്‍(12).
യുഗാന്തരങ്ങളില്‍ അവര്‍ മധ്യകാല കൃതികളില്‍ നിന്ന് ‘സലഫി’ എന്ന പദം ഒരു നാമമായോ നാമവിശേഷണമായോ പ്രയോഗിച്ചിട്ടുള്ള അസംഖ്യം ഖണ്ഡികകള്‍ ഉദ്ധരിക്കുകയും, അനേകം പുസ്തങ്ങളിലൂടെയും ലഘുലേഖകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും അവ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു(13). തെളിവുകളുടെ അഭാവം അഭാവത്തിനുള്ള തെളിവാകില്ലായെങ്കിലും, ഈ രേഖകളില്‍ ഒന്നും തന്നെ ‘സലഫിയ്യ’ എന്നതിനെ (സലഫിസം എന്ന അര്‍ഥത്തിലുള്ള) ഗഹനാര്‍ഥത്തിലുള്ള നാമമായി ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയമാകുന്നത്, അത് ഒരു ചരിത്രപരമായ പ്രശ്നത്തെ നിര്‍ധാരണം ചെയ്യുന്നു എന്നതുകൊണ്ട് മാത്രമല്ല, അത് പുതിയൊരു പ്രശ്നം ഉരുവപ്പെടുത്തുന്നു എന്നതുകൊണ്ടും കൂടിയാണ്. എന്തുകൊണ്ടാണ് ഇന്ന് സാര്‍വത്രികമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ‘സലഫിയ്യ’ എന്ന ആശയത്തെ പൗരാണിക സ്രോതസ്സുകളില്‍ നിന്ന് കണ്ടെടുക്കാന്‍ സമകാലിക സലഫികള്‍ക്കു പോലും സാധിക്കാതെ വരുന്നത്?
(തുടരും)

കുറിപ്പുകള്‍
1 Bernard Rougier, ed., Qu’est-ce que le salafisme? (Paris: Presses Universitaires de France, 2008); Roel Meijer, ed., Global Salafism: Islam’s New Religious Movement (New York: Columbia University Press, 2009). The latter volume includes a noteworthy chapter by Bernard Haykel.
2 Emad Eldin Shahin, “Salafiyah,” in The Oxford Encyclopedia of the Islamic World, ed. John L. Esposito (New York: Oxford University Press, 2009), 5:28–35; E´ douard Me´te´nier, “Que sont ces chemins devenus? Re´flexion sur les e´volutions de la salafiyya irakienne de la fin du XVIIIe au milieu du XXe sie`cle,” in Le courant re´formiste musulman et sa re´ception dans les socie´te´s arabes, ed. Maher al-Charif and Salam Kawakibi (Damascus: Institut Franc¸ais du Proche-Orient, 2003), 85–113; Uwaidah M. Al Juhany, Najd Before the Salafi Reform Movement: Social, Political, and Religious Conditions During the Three Centuries Preceding the Rise of the Saudi State (Reading, U.K.: Ithaca Press, 2002); Ibrahim M. Abu-Rabi–, Contemporary Arab Thought: Studies in Post-1967 Arab Intellectual History (London: Pluto Press, 2004), 65–72. Abu-Rabi– based his analysis on the works of Arab intellectuals who use Salafism very loosely. For a typical example with respect to Moroccan history, see –Abd al-Jalil Baddu, al-Salafiyya wa-l-Islah (Tangier, Morocco: Siliki Ikhwan, 2007).
3 For a review of this problem in European intellectual history, see Tore Fra¨ngsmyr, A‘ la recherche des Lumie‘res: une perspective sue´doise, trans. Jean-Franc¸ois Battail and Marianne Battail (Bordeaux, France: Presses Universitaires de Bordeaux, 1999), 13, 16–22. The expression “Renaissance Enlightenment” comes from Ira O. Wade, The Intellectual Origins of the French Enlightenment (Princeton, N.J.: Princeton University Press, 1971).
4 P. Shinar and W. Ende, “Salafiyya,” in Encyclopaedia of Islam, 2nd ed. (hereafter EI2 ) (Leiden: E. J. Brill, 1960–2005). This subnarrative continues to inform contemporary studies. See Mahmoud Haddad, “The Manarists and Modernism: An Attempt to Fuse Society and Religion,” in Intellectuals in the Modern Islamic World: Transmission, Transformation, Communication, ed. Ste´phane A. Dudoignon, Komatsu Hisao, and Kosugi Yasushi (London: Routledge, 2006), 55–73. Outside of Western scholarship, see Muhammad –Imara, al-Imam Muhammad –Abduh: Mujaddid al-Dunya bi-Tajdid al-Din (Beirut: Dar al-Wahda li-l-Tiba–a wa-l-Nashr, 1985), 87–88; and –Allal al-Fasi, “al-Haraka al-Salafiyya fi al-Maghrib,” in Durus fi al-Haraka al- Salafiyya: al-Mashriq wa-l-Maghrib al-–Arabi, ed. Muhammad Fa»iq et al. (Casablanca, Morocco: Manshurat –Uyun, 1986), 129.
5 Madawi Al-Rasheed, Contesting the Saudi State: Islamic Voices from a New Generation (Cambridge: Cambridge University Press, 2007), 3; Bernard Haykel, “On the Nature of Salafi Thought and Action,” in Global Salafism, ed. Meijer, 34, 45–47; Arnaud Lenfant, “L’e´volution du salafisme en Syrie au XXe sie`cle,” in Qu’est-ce que le salafisme?, ed. Rougier, 161–178.
6 Muhammad Sa–id Ramadan al-Buti, al-Salafiyya: Marhala Zamaniyya Mubaraka la Madhhab Islami, 2nd ed. (Damascus: Dar al-Fikr, 1998), 234–35.
7 Muhammad –Imara, al-Salafiyya (Sousse, Tunisia: Dar al-Ma–arif li-l-Tiba–a wa-l-Nashr, n.d.), 12–16; Rougier, ed., “Introduction,” in Qu’est-ce que le salafisme?, 7–12.
8 Haykel, “On the Nature of Salafi Thought,” 38.
9 Meijer, ed., “Introduction,” in Global Salafism, 4.
10 Ibn Taymiyya, Majmu– Fatawa Shaykh al-Islam Ibn Taymiyya (Beirut: Matabi– Mu»assasat al-Risala, 1997), 33:177. In this passage, Ibn Taymiyya first discusses how the Jahmis (al-jahmiyya) misinterpreted the attributes of God and then examines how another group, the Salafis (al-salafiyya), had a correct understanding. For similar examples, see Ibn Taymiyya, Majmu– Fatawa, 6:379; idem, Dar» Ta arud al-Aql wa-l-Naql, ed. Muhammad Rashad Salim (Riyadh: Jami–at al-Imam ibn Sa–ud al-Islamiyya, 1980), 2:8; and idem, Bayan Talbis al-Jahmiyya fi Ta»sis Bida–ihim al-Kalamiyya (n.p.: Mu»assasat Qurtuba, 1980), 1:122.
11 Ibn Taymiyyah, Ibn Taymiyyah Expounds on Islam, trans. and ed. Muhammad –Abdul-Haqq Ansari (Riyadh: Muhammad Ibn Sa–ud University, 2000), 30.
12 See how al-Buti, who is a Sufi, approaches the question. Al-Buti, al-Salafiyya, 189.
13 The word is also used in the plural. On the Internet, see the exhaustive compilation by the Saudi-based Salafi scholar Milfi al-Sa–idi: http://fatwa1.com/anti-erhab/Salafiyah/tabseer.html (accessed 12 January 2010).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x