29 Sunday
June 2025
2025 June 29
1447 Mouharrem 3

സെയ്ത് മുഹമ്മദ് സര്‍വര്‍ ‘കേരളത്തിലെ ഉര്‍ദുവിന്റെ പിതാവ്’

ഹാറൂന്‍ കക്കാട്‌


ലോകസാഹിത്യത്തിലെ പുഷ്‌കലമായ പൈതൃകങ്ങള്‍ക്ക് ശക്തിയേകിയ അനിഷേധ്യ ഘടകമാണ് കവിതകള്‍. വിവിധ ഭാഷകള്‍ക്ക് കവിതാ സാഹിത്യം നല്‍കിയ സംഭാവനകള്‍ മഹത്തരമാണ്. വിവിധ കാലഘട്ടങ്ങളില്‍ സര്‍ഗധനരായ എഴുത്തുകാര്‍ വൈവിധ്യമാര്‍ന്ന പ്രതിഭാശേഷി നല്‍കി അതത് ഭാഷാസാഹിത്യങ്ങളെ സമ്പുഷ്ടമാക്കി. ഉര്‍ദു കാവ്യസാഹിത്യത്തിന് കേരളം നല്‍കിയ ശ്രദ്ധേയനായ പ്രതിഭയാണ് സെയ്ത് മുഹമ്മദ് സര്‍വര്‍. ആദ്യമായി ഉര്‍ദു കവിതാ പുസ്തകം പ്രസിദ്ധീകരിച്ച മലയാളിയായ ഉര്‍ദു കവിയാണ് എസ് എം സര്‍വര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട സെയ്ത് മുഹമ്മദ്.
തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ വെളിപറമ്പില്‍ അഹമദിന്റെയും വലിയകത്ത് ഫാത്തിമയുടെയും മകനായി 1916 ജൂണ്‍ 13നാണ് സെയ്ത് മുഹമ്മദ് സര്‍വറുടെ ജനനം. ചെറുപ്പത്തിലേ മതവിജ്ഞാനീയങ്ങളും അറബി ഭാഷയും പഠിച്ചു. പിന്നീട് ഉര്‍ദു ഭാഷയില്‍ താല്‍പര്യമുദിച്ചു. ഉര്‍ദു പണ്ഡിതന്‍ മുഹമ്മദ് ഫസലുല്ലയുടെ പ്രോത്സാഹനം അദ്ദേഹത്തിന് ഉര്‍ദു ഭാഷാ പഠനത്തിന് കൂടുതല്‍ ആവേശം പകര്‍ന്നു. തുടര്‍ന്ന് ബാംഗ്ലൂരില്‍ മൗലാന ഹബീബുല്ല നദ്വിയുടെ ശിഷ്യത്വം സീകരിച്ച് ഉര്‍ദു സാഹിത്യവും വ്യാകരണവും അഭ്യസിച്ചു. അക്കാലത്ത് സമ്പന്ന മുസ്ലിം കുടുംബങ്ങള്‍ മുശായറകള്‍ സംഘടിപ്പിക്കുന്ന പതിവുണ്ടായിരുന്നു. പല മുശായറകളിലും എസ് എം സര്‍വര്‍ പങ്കെടുത്തു. ഇത്തരം സദസ്സുകളില്‍ നിന്ന് നിര്‍ലോഭമായ പ്രോത്സാഹനങ്ങള്‍ ലഭിച്ചത് ഉര്‍ദു കാവ്യസാഹിത്യത്തില്‍ സക്രിയമായി ഇടപെടാന്‍ അദ്ദേഹത്തിന് ഉത്തേജനമായി.
സര്‍ സയ്യിദ് അഹ്മദ് ഖാന്‍ രൂപം നല്കിയ അഞ്ചുമന്‍ തറഖി ഉര്‍ദു 1934 ല്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ഉര്‍ദു ഭാഷാ സമ്മേളനത്തില്‍ സ്വാഗതഗാനമാലപിച്ചത് എസ് എം സര്‍വറായിരുന്നു. 1940ല്‍ ബാംഗ്ലൂരിലെ കന്റോണ്മെന്റ് മുഹമ്മദലി ഹാളില്‍ ആദ്യത്തെ കവിത അവതരിപ്പിച്ചപ്പോയാണ് നായകന്‍ എന്നര്‍ഥമുള്ള സര്‍വര്‍ എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്.
1942ല്‍ മദ്രാസ് യൂനിവേഴ്സിറ്റിയില്‍ നിന്ന് അദീബെ ഫാസില്‍ ബിരുദം നേടി. ബിരുദ പഠനത്തിനു ശേഷം കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ബ്രണ്ണന്‍ കോളജ്, സെന്റ് ജോസഫ് കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായി. 1944 മുതല്‍ 1971 വരെ മലപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഉര്‍ദു അധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം എസ് എം സര്‍വര്‍ ഉര്‍ദുവിന്റെ പ്രചാരണത്തിനു വേണ്ടി കൂടുതല്‍ സമയം കണ്ടെത്തി. 1972ല്‍ മലപ്പുറം മുണ്ടുപറമ്പിലെ വീടിനോട് ചേര്‍ന്ന് ഒരു കെട്ടിടമുണ്ടാക്കി അതില്‍ ‘ഉര്‍ദു അക്കാദമി’ സ്ഥാപിച്ചു. ഉര്‍ദു ഭാഷാ പ്രചാരണ രംഗത്ത് വളരെ പിറകിലായിരുന്ന കേരളത്തില്‍ ഭാഷാ വിപുലീകരണത്തിനായി അദ്ദേഹം നിരന്തരം പ്രയത്നിച്ചു. ഉര്‍ദു ഭാഷയുടെ വികാസത്തിന് ബസ്മേ അദബ്, ഉര്‍ദു ഡവലപ്മെന്റ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ രൂപീകരിച്ച് ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയ അനുഭവ പരിജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു.
പിന്നീട് മുണ്ടുപറമ്പില്‍ ഒരു ഉര്‍ദു മഹാസമ്മേളനവും സംഘടിപ്പിച്ചു. ഉര്‍ദു നഗര്‍ എന്നാണ് സമ്മേളനവേദിക്ക് പേര് നല്‍കിയത്. അക്കാദമിയില്‍ ഉര്‍ദു പഠനത്തിനുള്ള അവസരവും കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ അദീബെ ഫാസില്‍ കോഴ്സ് ചെയ്യുന്നതിനുള്ള പരിശീലന സൗകര്യവും ഉണ്ടായിരുന്നു. പിന്നീട് ഇത് ഓറിയന്റല്‍ ലൈബ്രറിയാക്കി മാറ്റി.
എസ് എം സര്‍വറിന്റെ ആദ്യത്തെ സാഹിത്യ സൃഷ്ടി ഗുന്‍ച എന്ന വാരികയില്‍ കുട്ടികള്‍ക്ക് വേണ്ടി എഴുതിയ നാടോടിക്കഥയാണ്. ആദ്യത്തെ കവിത ജവഹര്‍ സാഹിബിനെ കുറിച്ച് എഴുതിയ വിലാപ കാവ്യമായിരുന്നു. ഫാനൂസ് എന്ന ഉര്‍ദു മാസികയില്‍ സര്‍വറിന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു. മലയാളിയായ ഉര്‍ദു കവി എന്ന പേരില്‍ അദ്ദേഹത്തിന്റെ പ്രതിഭാധനതയെ കുറിച്ച് ശ്രദ്ധേയമായ ഒരു ലേഖനവും ഫാനൂസ് പ്രസിദ്ധീകരിച്ചു. ഇതോടെ സര്‍വര്‍ എന്ന തൂലികാനാമം കൂടുതല്‍ ശ്രദ്ധേയമായി.
കേരളത്തെക്കുറിച്ച് ഹമാരി സബാന്‍, മദീന ബജ്നൂര്‍, ആജ്കല്‍, തഹ്രീക് തുടങ്ങിയ മാഗസിനുകളില്‍ എസ് എം സര്‍വര്‍ ഒട്ടേറെ ലേഖനങ്ങള്‍ എഴുതിയിരുന്നു. നിരവധി കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും രണ്ടു സമാഹാരങ്ങളാണ് വെളിച്ചം കണ്ടത്. 1971ല്‍ പ്രസിദ്ധീകരിച്ച ‘അര്‍മഗാനെ കേരള’ മലയാളി എഴുതിയ ഏക സമ്പൂര്‍ണ ഉര്‍ദു കാവ്യകൃതിയായി വിലയിരുത്തപ്പെടുന്നു. അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍, ഉമ്മ, പെരുന്നാള്‍, ബൈത്തുല്‍ മുഖദ്ദിസ്, മിന്നാ മിന്നി, രാഷ്ട്രീയ സമുദായക നേതാക്കള്‍, എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളെ സംബന്ധിച്ചുള്ള മനോഹരമായ കാവ്യശേഖരമാണ് ‘അര്‍മഗാനെ കേരള’.
1988 ല്‍ പുറത്തിറക്കിയ ‘നവായെ സര്‍വര്‍’ എന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാം സമാഹാരം. അദ്ദേഹം 1971ന് ശേഷമെഴുതിയ കവിതകളും ആദ്യ സമാഹാരത്തില്‍ നിന്ന് തെരെഞ്ഞെടുത്ത ഏതാനും കവിതകളുമാണ് ‘നവായെ സര്‍വര്‍’ (സര്‍വര്‍ വചനങ്ങള്‍) എന്ന കൃതിയിലെ ഉള്ളടക്കം. കേരളത്തിലെ ഉര്‍ദുഭാഷയെ വിലയിരുത്തുന്ന സര്‍വറുടെ ലേഖനവും ഈ സമാഹാരത്തിലുണ്ട്.
സമകാലിക സാമൂഹ്യാവസ്ഥകള്‍ സൂക്ഷ്മതയോടെ വീക്ഷിക്കുകയും അവയോട് കവിതകളിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു എസ് എം സര്‍വര്‍. കേരളത്തിന്റെ മനോഹരമായ പ്രകൃതിസമ്പത്തും സംസ്‌കാരവും പലപ്പോഴും അദ്ദേഹത്തിന്റെ കവിതകളിലെ പ്രമേയമായിരുന്നു. അടുത്തിടപഴകിയിരുന്ന നിരവധി വ്യക്തികള്‍ അദ്ദേഹത്തിന്റെ കവിതയ്ക്ക് വിഷയമായിട്ടുണ്ട്.
കെ എം സീതി സാഹിബ്, അഹമദ് കുരിക്കള്‍, അബുസ്സ്വബാഹ് മൗലവി തുടങ്ങിയവര്‍ ഉദാഹരണം. വൈക്കം മുഹമ്മദ് ബഷീര്‍, വെട്ടൂര്‍ രാമന്‍ നായര്‍, എം ടി വാസുദേവന്‍ നായര്‍, പൊന്‍കുന്നം വര്‍ക്കി, പോഞ്ഞിക്കര റാഫി, വി കെ എന്‍, ടി പത്മനാഭന്‍ തുടങ്ങിയവരുടെ കഥകള്‍ ഉര്‍ദുവിലേക്ക് എസ് എം സര്‍വര്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഉര്‍ദു സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ ശാറിബ് റുദോല്‍വി സര്‍വറിനെ വിശേഷിപ്പിച്ചത് ‘കേരളത്തിലെ ഉര്‍ദുവിന്റെ പിതാവ്’ എന്നാണ്. കേരളത്തിലെ ഒറ്റയാള്‍ അക്കാദമിയാണ് സര്‍വറെന്നും അദ്ദേഹം പറയുന്നു. കേരളത്തില്‍ അര്‍ഹമായ ബഹുമതികള്‍ നേടാന്‍ കഴിയാതെ പോയ സര്‍വറിനെ കുറിച്ച് പ്രശസ്ത ഉത്തരേന്ത്യന്‍ കവി അര്‍ശാദ് സിദ്ദീഖി എഴുതിയത് ‘തെക്കെ ഇന്ത്യയിലെ ഒരു മൂലയിലിരുന്ന് മുഹമ്മദ് ഇഖ്ബാല്‍ എന്ന പൂങ്കുയില്‍ ഒരിക്കല്‍ കൂടി പാടുകയാണോ എന്ന് ഞാന്‍ സംശയിച്ചുപോകുന്നു. അത്രമേല്‍ മനോഹരമായിരുന്നു സര്‍വറുടെ കവിതകള്‍’ എന്നാണ്.
കേരളത്തിലെ ഉര്‍ദു ഭാഷാ പരിപോഷണത്തിനായി ഒറ്റയാള്‍ പ്രസ്ഥാനമായി പ്രവര്‍ത്തിച്ച മഹാനായ എഴുത്തുകാരനാണ് എസ് എം സര്‍വര്‍. ജീവിതത്തിന്റെ അവസാനകാലങ്ങളില്‍ ഏകാന്ത ജീവിതം ഇഷ്ടപ്പെട്ട എസ് എം സര്‍വറെ 1994 സെപ്റ്റംബര്‍ ആറിന് മലപ്പുറം മുണ്ടുപറമ്പിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടിലേക്ക് തപാല്‍ ഉരുപ്പടികളുമായി എത്തിയ പോസ്റ്റുമാനാണ് സര്‍വറിന്റെ മരണവാര്‍ത്ത പുറത്തറിയിച്ചത്. അതിന് രണ്ട് മൂന്ന് ദിവസം മുന്‍പെങ്കിലും അദ്ദേഹം മരിച്ചുവെന്നാണ് കരുതുന്നത്. ജന്മനാടായ തൃശൂര്‍ കാട്ടൂരിലെ ജുമാമസ്ജിദ്
ഖബര്‍സ്ഥാനില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചു.

Back to Top