20 Saturday
July 2024
2024 July 20
1446 Mouharrem 13

റഷ്യ ചരിത്രത്തില്‍ നിന്ന് ഒന്നും പഠിക്കുന്നില്ല

ഡോ. ടി കെ ജാബിര്‍


രണ്ടാം ലോക യുദ്ധാനന്തരം ലോകത്ത് ആധുനിക രാഷ്ട്രീയ സംസ്‌കാരം ജനാധിപത്യവത്കരണത്തിന്റെ പാതയില്‍ പരിണമിച്ചിരിക്കുന്നു എന്ന് പൊതുവെ പറയാറുണ്ട്. പക്ഷെ ജനാധിപത്യ സംസ്‌കാരത്തെ ശക്തമായി വെല്ലുവിളിച്ചു കൊണ്ട് ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ റഷ്യ ലോക ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തിയിരിക്കുന്നു. യുക്രൈനിലേക്ക് റഷ്യ ഏകപക്ഷീയമായ അധിനിവേശം നടത്തിയിരിക്കുന്നു. യൂറോപ്പ് രണ്ടാം ലോക യുദ്ധത്തിന് ശേഷം വീണ്ടും രക്തം കൊണ്ട് രാജ്യാതിര്‍ത്തികള്‍ മാറ്റി വരയ്ക്കുന്നു. മനുഷ്യരാശിക്കും അതോടൊപ്പം യൂറോപ്പ് ഇതുവരെ നേടിയ മാനവികമായ എല്ലാ നേട്ടങ്ങള്‍ക്കും ഒരു നാണക്കേടുണ്ടാക്കുന്നതാണ് യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം. മിക്കവാറും വാര്‍ത്താ മാധ്യമങ്ങള്‍ ഈ സൈനിക നടപടിയെ യുദ്ധമായി വിശേഷിപ്പിക്കുന്നു.
യഥാര്‍ഥത്തില്‍ ഇത് യുദ്ധമല്ല. ഇത് തികഞ്ഞ റഷ്യന്‍ സാമ്രാജ്യത്വ അധിനിവേശമാണ്. മലയാള മാധ്യമങ്ങള്‍ എങ്കിലും ഇനിയിത് തിരിച്ചറിഞ്ഞ് തിരുത്തേണ്ടതുണ്ട്. ഒരു രാജ്യം മറ്റൊരു പരമാധികാര രാജ്യത്തെ സകല അന്താരാഷ്ട്ര നിയമങ്ങളെയും നയങ്ങളെയും കീഴ്വഴക്കങ്ങളെയും എതിര്‍പ്പുകളെയും തള്ളിക്കളഞ്ഞ് കടന്നാക്രമണം നടത്തിയിരിക്കുന്നു. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ യുക്രൈന്‍ കീഴടക്കാമെന്നുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ പദ്ധതിയാണ് നാം കാണുന്നത്.
പക്ഷെ പുടിന്റെ കണക്ക് കൂട്ടല്‍ തെറ്റിയെന്ന് സമീപഭാവി നമ്മോട് പറയും. ലോകം ഒരു മഹാദുരന്തം – കോവിഡ് മഹാമാരിയെ നേരിടുന്നതേയുള്ളൂ. അതിനെ പൂര്‍ണമായും തുടച്ചു നീക്കാനായിട്ടില്ല. അതിന് ഇനിയും കാലമെടുക്കും. ലോകത്തെ ബഹുതലങ്ങളില്‍ പ്രതിസന്ധിയിലാക്കിയ ആ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു മനുഷ്യ നിര്‍മിത ദുരന്തം യുക്രൈന്‍ എന്ന രാജ്യത്തെ നിരപരാധികളായ ജനതയെ ജീവഹാനിയിലേക്കും ഭീഷണിയിലേക്കും തള്ളിവിട്ടു. ലക്ഷങ്ങളെ അഭയാര്‍ഥികളാക്കി കൊണ്ടിരിക്കുന്നു.
1945-ലാണ് രണ്ടാം ലോകയുദ്ധം അവസാനിച്ചത്. യൂറോപ്പായിരുന്നു ആ പോരാട്ടങ്ങളുടെ കേന്ദ്ര സ്ഥാനം. അതിന് ശേഷം, ഏഴു പതിറ്റാണ്ടിനിപ്പുറം ഒരു അധിനിവേശം യൂറോപ്പില്‍ തുടങ്ങിയിരിക്കുന്നു. കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ യുക്രൈന്‍ റഷ്യ കഴിഞ്ഞാല്‍ യൂറോപ്പില്‍ ഏറ്റവും വലുതാണ്. നാറ്റോ യില്‍ 30 രാജ്യങ്ങളുണ്ട്. റഷ്യയുടെ അയല്‍രാജ്യങ്ങളായ ലാത്വിയ, ലിത്വാനിയ, എസ്‌തോണിയ, പോളണ്ട്, സ്ലൊവാക്യ, ഹംഗറി എന്നീ രാജ്യങ്ങള്‍ റഷ്യയുടെ എതിര്‍ചേരിയിലുള്ള സൈനിക സഖ്യമായ നാറ്റോയില്‍ അംഗമായിട്ട് രണ്ടു ദശകങ്ങള്‍ക്കടുത്തായി. കൂടാതെ യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളുമാണ് ഈ രാഷ്ട്രങ്ങള്‍. എന്നാല്‍ യുക്രൈന്‍ ഇതില്‍ രണ്ടിലും അംഗമല്ല. അംഗമാവുന്നത് റഷ്യയ്ക്ക് ഭീഷണിയാകുമെന്ന് പറയുന്നത് അധിനിവേശം നടത്തുന്നതിനുള്ള റഷ്യന്‍ ന്യായീകരണം മാത്രമാണ്.
ലോകം ജനാധിപത്യവത്കരണത്തിലൂടെ പരിണമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍, ലോക രാഷ്ട്രീയ നേതാക്കള്‍ ഏകാധിപതികള്‍ ആകുവാനും സ്വേച്ഛാധിപത്യ ഭരണമാതൃക സ്വീകരിക്കാനും തയ്യാറായി കൊണ്ടിരിക്കുന്നു. അതിന് ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. ഒന്നാമത്തേത് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ തന്നെയാണ്. ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ സംയുക്തമായി നടത്തുക എന്ന പദ്ധതി, അഥവാ വണ്‍ നേഷന്‍ വണ്‍ ഇലക്ഷന്‍ നല്‍കുന്ന സൂചന അതാണെന്ന് നിരീക്ഷിക്കപ്പെടുന്നു. നൂറ്റാണ്ടുകളായി ഏകാധിപത്യ രാഷ്ട്രീയ സംസ്‌കാരം തുടരുന്ന റഷ്യ, ജനാധിപത്യ സംസ്‌കാരം വേണ്ടത്ര ശീലിച്ചിട്ടില്ല എന്നതാണ് ചരിത്രം. എന്നിട്ട് പോലും നൂറു കണക്കിന് യുദ്ധവിരുദ്ധ പ്രവര്‍ത്തകരാണ് യുക്രൈന്‍ അധിനിവേശത്തിനെതിരെ മോസ്‌കോയില്‍ സമരം ചെയ്ത് അറസ്റ്റ് വരിച്ച് പീഡനം ഏറ്റുവാങ്ങിയത്. കൂടാതെ കഴിഞ്ഞ കുറെ കാലങ്ങളായി സകലമാന പ്രതിപക്ഷ സ്വരങ്ങളെയും പുടിന്‍ അടിച്ചമര്‍ത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 22 വര്‍ഷമായി റഷ്യയുടെ ഭരണാധികാരിയാണ് പുടിന്‍. വേറൊരു യൂറോപ്യന്‍ രാജ്യത്തും ഇത്തരമൊരു ജനാധിപത്യ വിരുദ്ധ ഭരണകൂടമോ ഭരണാധികാരിയോ ഇല്ല. രാഷ്ട്രീയ കുതന്ത്രങ്ങള്‍ ധാരാളമായി പ്രയോഗിക്കുന്ന ഭരണാധികാരിയാണ് പുടിന്‍. ബലപ്രയോഗത്തിലൂടെയാണെങ്കിലും ലക്ഷ്യം നേടിയിരിക്കും പുടിന്‍. റഷ്യയിലെ കണക്കില്ലാത്ത രാഷ്ട്രീയ തടവുകാര്‍ ഇതിനെ അടിവരയിടുന്നുണ്ട്.
എന്ത്‌കൊണ്ട് യുക്രൈനെ ആക്രമിക്കുന്നു?
അമേരിക്കന്‍ നേതൃത്വത്തിലുള്ള പാശ്ചാത്യ രാഷ്ട്രീയ കൂട്ടായ്മ കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ അല്‍പം ദുര്‍ബലമായി, ലോകാധിപത്യം കുറെ നഷ്ടപ്പെട്ടിരിക്കുന്നു. ആ ഇടത്തിലേയ്ക്ക് ചൈനയുടെ സഹായത്തോടെ എത്തുകയെന്നുള്ളതാണ് പുടിന്‍ ആഗ്രഹിക്കുന്നത്. റഷ്യന്‍ സാമ്രാജ്യത്വ വികസനമാണ് യുക്രൈനെ ആക്രമിക്കുന്നതിനുള്ള വ്യക്തമായ ഒരു കാരണം. പുടിന്‍ പറയുന്നത്, യുക്രൈന് ഒരു രാഷ്ട്രപദവിയേ (statehood) ഇല്ലെന്നാണ്. ഈ രാജ്യം പഴയ സോവിയറ്റ് യൂണിയനില്‍ ഉള്ള പ്രദേശമാണ്. യുക്രൈന്‍ എന്നത് ഒരു കൃത്രിമ സൃഷ്ടിയാണെന്നും യുക്രൈന്‍കാരും റഷ്യക്കാരും ഒരേ ജനതയാണെന്നും പുടിന്‍ പറയുന്നു.
എന്നാല്‍ ഈ വാദം വസ്തുനിഷ്ഠമല്ല. സോവിയറ്റ് യൂണിയനില്‍ അംഗമായിരുന്നു യുക്രൈന്‍ എന്നുള്ളത് നേരാണ്. പക്ഷെ ആ പ്രദേശത്തെ ബലപ്രയോഗത്തിലൂടെ 1922-ല്‍ സോവിയറ്റ് യൂണിയനില്‍ ചേര്‍ത്തതാണ്. 77% യുക്രൈന്‍ വംശജരാണ് യുൈക്രനിലുള്ളത്. യുക്രേനിയന്‍ അഥവാ റുഥേനിന്‍ എന്ന സ്വന്തമായ ഭാഷ തന്നെ യുക്രൈനുണ്ട്. വേറെയും ഭാഷകള്‍ അവിടെ സംസാരിക്കപ്പെടുന്നുണ്ട്. യുക്രൈനില്‍ 17% റഷ്യന്‍ വംശജരും, റഷ്യന്‍ ഭാഷയുമുണ്ട് എന്നത് നേരാണ്. ലോകത്ത് ഒരു രാഷ്ട്രവും ഏക ഭാഷയും, ഏക വംശജരുമായിട്ടുള്ളതല്ല. ന്യൂനപക്ഷങ്ങളില്ലാത്ത രാഷ്ട്രങ്ങളില്ല. പിന്നെങ്ങനെ യുക്രൈന്‍ ഒരു കൃത്രിമ സൃഷ്ടിയാകും? ആ യുക്തി വച്ച് നോക്കിയാല്‍ ലോകത്തെ സകല രാഷ്ട്രങ്ങളും കൃത്രിമമെന്ന് പറയേണ്ടി വരും. വസ്തുത ഇതായിരിക്കെ യുക്രൈനെ ആക്രമിക്കാന്‍ പുടിന്‍ നിരവധി അസത്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അതെല്ലാം പ്രൊപഗണ്ടയാണെന്നത് പകല്‍ പോലെ വ്യക്തവുമാണ്.
ക്രിമിയ എന്ന തന്ത്രപ്രധാന ഉപദ്വീപ്
ഡോണെസ്‌ക്, ലുഹാന്‍സ്‌ക് എന്നീ ഭൂപ്രദേശങ്ങളെ യുക്രൈനില്‍ നിന്ന് ആദ്യമേ തന്ത്രപൂര്‍വം അടര്‍ത്തിയെടുക്കുകയായിരുന്നു റഷ്യ. 2014-ല്‍ ക്രിമിയ എന്ന ദക്ഷിണ യുക്രൈന്‍ പ്രദേശം സൈനിക നടപടിയിലൂടെ റഷ്യ പിടിച്ചടക്കിയപ്പോള്‍ ലോകം വേണ്ടത്ര പ്രാധാന്യം ആ രാഷ്ട്രീയ അതിക്രമത്തിന് കൊടുത്തില്ല. വിഷയം കൂടുതലായി ചര്‍ച്ചയാക്കിയത് അമേരിക്കന്‍ മാധ്യമങ്ങളാണ്. അത് പഴയ സോവിയറ്റ് യൂണിയന്‍ വിരോധം കൊണ്ടാണെന്ന് പലരും തെറ്റിദ്ധരിച്ചു.
ഇപ്പോഴത്തെ അധിനിവേശത്തിന് വിധേയമായിരിക്കുന്ന യുക്രൈനിന്റെ ദക്ഷിണഭാഗത്ത് കരിങ്കടലില്‍ ഉള്ള ഒരു ഉപദ്വീപ് ആണ് ക്രിമിയ. റഷ്യയ്ക്ക് നേരിട്ട് അതിര്‍ത്തിയില്ല ക്രിമിയയ്ക്ക്. പക്ഷെ യുക്രൈനിനെ കീഴടക്കാന്‍ ആദ്യം വേണ്ടത് ക്രിമിയ കീഴടക്കുക എന്ന തന്ത്രമാണ് അവിടെ പുടിന്‍ നടപ്പിലാക്കിയത്. അതുകൊണ്ട് കരിങ്കടലിലേക്ക് റഷ്യയ്ക്ക് നേരിട്ട് പ്രവേശനം ലഭിച്ചു. വലിയ അടിസ്ഥാന സൗകര്യ വികസന നടപടികള്‍, റോഡുകള്‍, ആശുപത്രികള്‍, പാലങ്ങള്‍, എയര്‍പോര്‍ട്ട് നവീകരണം എന്നതെല്ലാം ഇവിടെ റഷ്യ ചെയ്തു വച്ചു. ആദ്യമായി പൊളിറ്റിക്കല്‍ ലെജിറ്റിമസി നേടുക പിന്നെ സമീപ ഭാവിയില്‍ യുക്രൈന്‍ എന്ന വലിയൊരു രാഷ്ട്രത്തെ കീഴടക്കുക എന്നതായിരുന്നു റഷ്യയുടെ ലക്ഷ്യം. അതാണ് ഇപ്പോള്‍ കാണുന്നത്.
ജി-7 എന്നത് വികസിത രാഷ്ടങ്ങളുടെ ഒരു കൂട്ടായ്മയാണ്. 1997-ല്‍ റഷ്യ വന്നപ്പോഴാണ് കൂട്ടായ്മ ജി-8 ആയി മാറിയത്. 2014-ലെ ക്രിമിയ അധിനിവേശത്തോടെ ഈ കൂട്ടായ്മയില്‍ നിന്നും റഷ്യയെ പുറത്താക്കി. താന്‍ ധീരനാണെന്നും തന്ത്രശാലിയാണെന്നും അറിയിക്കുന്നതിന് വേണ്ടി തന്റെ പലവിധ വ്യക്തിത്വ പ്രദര്‍ശനങ്ങളും പുടിന്‍ നടത്തിയിട്ടുണ്ട്. ഇവിടെയെല്ലാം തന്റെ കെ ജി ബി പരിശീലനം ഉപയോഗപ്പെടുത്തിയെന്നാണ് കണക്കാക്കുന്നത്. 2014-ലെ ക്രിമിയന്‍ അധിനിവേശത്തെ തുടര്‍ന്ന് പല രഹസ്യ നടപടികളും യുക്രൈനില്‍ റഷ്യ നടത്തിക്കൊണ്ടിരിക്കുന്നുണ്ട് എന്ന് ബ്രിട്ടീഷ് പത്രമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ 14,000 പേരെങ്കിലും അതെ തുടര്‍ന്ന് കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യയ്ക്ക് നാറ്റോ ഭീഷണിയേ അല്ല
നാറ്റോയുടെ ഭീഷണി റഷ്യയ്ക്കുണ്ട് എന്ന പ്രചാരണം റഷ്യ തന്നെ വികസിപ്പിച്ചെടുത്തതാണ്. ആ ഒരു കാരണത്താലേ യുക്രൈനിനെ ആക്രമിക്കാന്‍ കഴിയൂ. ലോകത്ത് ഏറ്റവുമധികം ആണവായുധങ്ങള്‍ ഉള്ള രാജ്യമാണ് റഷ്യ. അമേരിക്കയെക്കാള്‍ ആണവായുധ ശേഖരം റഷ്യയ്ക്കുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുടെ സ്ഥിര സുരക്ഷാസമിതി അംഗങ്ങള്‍ അഞ്ച് രാഷ്ട്രങ്ങളാണ്- യു എസ്, യു കെ, ഫ്രാന്‍സ്, ചൈന, റഷ്യ. ഇതില്‍ അംഗങ്ങളായാല്‍ മതി ഐക്യരാഷ്ട്ര സഭയെന്ന ആഗോള രാഷ്ട്രീയ സഭയെ വീറ്റോ പവര്‍ കൊണ്ട് വരുതിയില്‍ നിര്‍ത്താന്‍. ഒരൊറ്റ അംഗത്തിന്റെ എതിര്‍ വോട്ട് മതി ഏതൊരു യു എന്‍ പ്രമേയവും പരാജയപ്പടുത്തുവാന്‍. വര്‍ഷങ്ങളായി അമേരിക്ക ചെയ്യുന്നതും അത് തന്നെ. അതുകൊണ്ടാണ് ഈ അധിനിവേശത്തില്‍ ഐക്യരാഷ്ട്ര സഭയുടെ എതിര്‍പ്പുകളെ തൃണവല്‍ഗണിക്കുവാന്‍ റഷ്യക്ക് എളുപ്പത്തില്‍ കഴിഞ്ഞത്.
ആണവായുധമുള്ള ഒരു രാഷ്ട്രത്തെ വേറൊരു രാഷ്ട്രം ആക്രമിക്കില്ല എന്നുള്ളത് ഒരു ലോക രാഷ്ട്രീയ നിയമമാണ്. കാരണം മറ്റൊന്നല്ല, ആണവായുധങ്ങളുടെ സംഹാരാത്മകത തന്നെ. ആക്രമിച്ചാല്‍ ആണവായുധങ്ങളുമായി തിരിച്ചാക്രമിക്കും എന്ന ബോധമാണത്. ഒരുപക്ഷെ ആണവായുധങ്ങള്‍ കൈവശം വയ്ക്കുമ്പോള്‍ യുദ്ധം ഉണ്ടാകാതെ ഇരിക്കുകയാണ് ചെയ്യുകയെന്ന ഒരു പ്രയോഗം പോലുമുണ്ട്. ലോകപ്രശസ്ത അന്താരാഷ്ട്രീയ പഠന വിദഗ്ധനായ കെന്നത് വാള്‍ട്‌സ് ഇത് എഴുതിയിട്ടുണ്ട്. യുക്രൈനില്‍ റഷ്യ ആണവായുധം പ്രയോഗിക്കില്ല എന്ന് നിസ്സംശയം പറയാം. റഷ്യ, യുക്രൈനെ ദീര്‍ഘ കാലമായി ഉപയോഗപ്പെടുത്താമെന്ന് മോഹിച്ചാണ് ആക്രമണം അഴിച്ചു വിടുന്നത്. ആണവായുധം പ്രയോഗിക്കപ്പെട്ടാല്‍ ആ നാട് ദീര്‍ഘമായ കാലഘട്ടം ഉപയോഗ ശൂന്യമായി തീരും. മനുഷ്യന്റെ ജൈവികമായ വാസം തന്നെ അപ്രകാരം നഷ്ടപ്പെടും. ആ തിരിച്ചറിവ് റഷ്യക്ക് ഉണ്ടാവേണ്ടതാണ്.
ഏഷ്യയിലെ മുഖ്യ രാഷ്ട്രീയ-സാമ്പത്തിക ശക്തിയായ ചൈന ഈ അധിനിവേശം ഉത്സാഹത്തോടെ കണ്ടിരിക്കുന്നു എന്നത് നാം കാണേണ്ടതാണ്. ഒന്നാമതായി അമേരിക്കയെയും നാറ്റോയെയും ഈ കടന്നാക്രമണം വെല്ലുവിളിക്കുന്നു എന്നതാണ് ചൈനയുടെ താല്പര്യത്തിന് ഹേതു. കൂടാതെ, ഹോങ്കോങ്ങിലുള്ള ചൈനീസ് അധിനിവേശത്തെ ന്യായീകരിക്കാനുള്ള അവസരം ഇവിടെയുണ്ട്. പിന്നെ തായ്വാനില്‍ ചൈനയുടെ അധിനിവേശ താല്പര്യങ്ങള്‍ക്ക് ഒരു നീതീകരണമായി ഇതിനെ കാണാനും കഴിയും.
യുക്രൈനില്‍
നാസിവത്കരണം തടയാന്‍
പുടിനു കഴിയുമോ?

പുടിന്‍ കടന്നാക്രമണത്തെ ന്യായീകരിക്കുവാന്‍ പറയുന്ന പ്രധാനപ്പെട്ട മറ്റൊരു അസത്യമാണ് യുക്രൈനിലെ നാസിവല്‍ക്കരണം. വംശീയത പൊതുവെ യൂറോപ്പില്‍ നിന്നും ഉന്മൂലനം നടത്താനാകാത്ത ഒരു സാമൂഹ്യ ദുരന്തമാണ്. യൂറോപ്പില്‍ വംശീയതക്കെതിരെ നിരന്തരമായ ബോധവല്‍ക്കരണം നടന്നു കൊണ്ടിരിക്കുന്നു. കായിക രംഗത്ത് അത് വളരെ വ്യക്തമാണ്.
നവ നാസികളാണ് യുക്രൈന്‍ ഭരിക്കുന്നത് എന്ന പുടിന്റെ വാദം മറ്റൊരു വ്യാജ പ്രചാരണമാണ്. യുക്രൈന്‍ പ്രസിഡന്റ് സെലാന്‍സ്‌കി ജൂതനാണ്. അദ്ദേഹത്തിന്റെ പൂര്‍വികര്‍ ഹിറ്റ്‌ലറിന്റെ ഹോളോകോസ്റ്റ് ജൂത കൂട്ടക്കൊലയുടെ ഇരകളുമാണ്. രണ്ടാം യുദ്ധ കാലഘട്ടത്തില്‍, 1941-ല്‍ വലിയ ജൂത കൂട്ടക്കൊല നടന്നത് യുക്രൈന്‍ തലസ്ഥാനത്തിന് അടുത്താണ്. പതിനായിരക്കണക്കിന് ജൂതരാണ് ഇവിടെ ജര്‍മന്‍ നാസികളാല്‍ കൊല്ലപ്പെട്ടത്. നാസികളോടൊപ്പം പ്രവര്‍ത്തിച്ച ഒരു ന്യൂനപക്ഷമായ യുക്രൈന്‍കാര്‍ ചരിത്രത്തില്‍ ഉണ്ടെന്നത് വാസ്തവമാണ്. അക്കാര്യം റഷ്യയിലെ മുന്‍ അമേരിക്കന്‍ അംബാസഡര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ അതൊന്നും ഇപ്പോഴത്തെ റഷ്യന്‍ അധിനിവേശത്തിന് കാരണമാകുന്നില്ല. അവിടെ നാസികളുടെ വ്യാപനമുണ്ടായാല്‍ അത് പ്രതിരോധിക്കുവാനുള്ള സംവിധാനം ഇന്ന് ലോകത്ത് ഉണ്ട്. യുക്രൈനിലെ തീവ്ര വലതുപക്ഷ ദേശീയവാദികളായ അസോവ് പ്രസ്ഥാനം നവ നാസി ആശയങ്ങളുള്ളവരാണ്. പക്ഷെ അവരുടെ പൊതുജന പിന്തുണ വളരെ കുറവാണ്. മറ്റൊരു തീവ്ര വലതുപക്ഷ പാര്‍ട്ടി സ്വൊബോധയ്ക്ക് പാര്‍ലമെന്റില്‍ ഒരൊറ്റ സീറ്റ് മാത്രമാണുള്ളത്.
സ്വന്തം ദേശത്തോടും ജനതയോടും തികഞ്ഞ ആത്മാര്‍ഥതയുള്ളത് കൊണ്ടാണ് റഷ്യയെ അപേക്ഷിച്ച് വളരെ ചെറിയൊരു സൈനിക ശക്തിയായ യുക്രൈന്‍ ഇതുവരെയും സ്വന്തം നാട്ടില്‍ നിന്ന് ചെറുത്ത് നിന്നത്. ആ ആത്മാര്‍ഥതയെയാണ് യഥാര്‍ഥത്തില്‍ ദേശീയതയായി, ദേശസ്‌നേഹമായി നാം കാണേണ്ടത്. അല്ലാതെ സ്വന്തം ജനതയെ തന്നെ ഭിന്നിപ്പിക്കുന്ന ഹിന്ദുത്വ പോലുള്ള ഇന്ത്യന്‍ ആശയങ്ങളല്ല.
ലോകത്ത് 2019 മെയില്‍ ജൂതരായ പ്രധാനമന്ത്രിയും, പ്രസിഡന്റും, ഇസ്രായേല്‍ കഴിഞ്ഞാല്‍ ഉണ്ടായിട്ടുള്ളത് യുക്രൈനിലാണ് എന്ന പ്രതിരോധ വാക്കുകളിലൂടെയാണ് സെലന്‍സ്‌കി പുടിന്റെ നാസി പ്രയോഗത്തെ തടഞ്ഞത്. മധ്യ-കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ വച്ച് ഏറ്റവുമധികം ജൂതരെ അംഗീകരിക്കുന്ന രാജ്യം കൂടിയാണ് യുക്രൈന്‍ എന്ന് അമേരിക്കന്‍ പ്യു റിസര്‍ച്ച് സെന്റര്‍ 2018 -ലെ ഒരു റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.
യുക്രൈനില്‍ റഷ്യയ്ക്ക് എന്ത് സംഭവിക്കും?
റഷ്യ ചരിത്രത്തില്‍ നിന്ന് ഒരു രാഷ്ട്രീയ സാമൂഹിക പാഠങ്ങളും പഠിയ്ക്കുന്നില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ലോകത്തെ ബഹുഭൂരിപക്ഷം അധിനിവേശങ്ങളും പരാജയങ്ങളും ദുരന്തങ്ങളുമാണെന്ന് ചരിത്രം അടിവരയിട്ടു പറയുന്നു. ഒടുവിലെ ഉദാഹരണം, പരമ ദരിദ്ര രാഷ്ട്രമായ അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കയെന്ന ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തി, രണ്ടു ദശകത്തെ അധിനിവേശ-ഇടപെടലിന് ശേഷം രായ്ക്ക് രാമാനം ഒളിച്ചോടിയത് ലോകം ഞെട്ടലോടെ കണ്ടതാണ്. കഴിഞ്ഞ വര്‍ഷമാണത് സംഭവിച്ചത്.
ഇരുപത് വര്‍ഷങ്ങള്‍ കൊണ്ട് അമേരിക്ക അഫ്ഗാനില്‍ നേടിയത് വട്ടപ്പൂജ്യമാണെന്ന് അമേരിക്കന്‍ ജനത തിരിച്ചറിഞ്ഞു. ഇറാഖിലും, വിയറ്റ്‌നാമിലും ഒക്കെ ചരിത്രം ആവര്‍ത്തിച്ചതാണ്. പക്ഷെ അതിലും തീവ്രാനുഭവത്തോടെ പുടിന്‍ കാണേണ്ടത് റഷ്യയ്ക്ക് അഫ്ഗാനില്‍ എന്ത് സംഭവിച്ചു എന്നതാണ്. അഫ്ഗാനിലെ റഷ്യന്‍ അധിനിവേശ (1979- 1989) കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ വിഭാഗമായ കെ ജി ബി യുടെ ഉദ്യോഗസ്ഥനായിരുന്ന പുടിന്‍ റഷ്യയുടെ അഫ്ഗാനിലെ വീഴ്ച നന്നായിട്ട് അറിയുന്നയാളാണ്.
ലോകത്തെ രാഷ്ട്രീയ ശക്തികളിലും സാദാ രാഷ്ട്രങ്ങളിലും വച്ച് ചൈനയും യു എ ഇയും മാത്രമാണ് റഷ്യക്കൊപ്പമുള്ളത്. ഇന്ത്യ പ്രത്യക്ഷത്തില്‍ ഇരു ഭാഗത്തും ചേര്‍ന്നിട്ടില്ല. ബാക്കി എല്ലാ രാഷ്ട്രങ്ങളും, ഇസ്‌റാഈല്‍ ഉള്‍പ്പടെ യുക്രൈന് പിന്തുണ നല്‍കിയിരിക്കുന്നു. വന്‍ശക്തി രാഷ്ട്രങ്ങള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി, വ്യോമമേഖല റഷ്യയ്ക്ക് നിരോധിച്ചു. കായിക രംഗത്ത് വിവിധ സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ റഷ്യക്ക് മേല്‍ പലവിധത്തിലുള്ള വിലക്കുകള്‍ ഏര്‍പ്പെടുത്തുകയാണ്. റഷ്യ തികച്ചും അന്യഗ്രഹത്തിലെത്തിയത് പോലെയായിട്ടുണ്ട്. ഇനി സംഭവിക്കുന്നത് യുക്രൈന്‍ എന്ന കെണിയില്‍ പെട്ടു എന്ന് തിരിച്ചറിയുന്ന റഷ്യ രക്ഷപ്പെടാനായി പല രാഷ്ട്രീയ തന്ത്രങ്ങളും പയറ്റും. അത് പലതും പുടിനു നാണക്കേടുണ്ടാക്കുന്നതായിരിക്കും. അപ്പോള്‍ അതില്‍ ഏറെ കഷ്ടപ്പെടുന്നത് റഷ്യയിലെ ജനതയും യുക്രൈന്‍ ജനതയുമായിരിക്കും. അമേരിക്ക സ്ഥാപിച്ചെടുത്തത് പോലെയുള്ള അന്താരാഷ്ട്ര സാമ്പത്തിക, സൈനിക, സാംസ്‌കാരിക, രാഷ്ട്രീയ ആധിപത്യം റഷ്യ നേടിയെടുത്തിട്ടില്ല. വരും ഭാവിയിലെ ഒരു പ്രത്യേക കാലഘട്ടത്തില്‍ റഷ്യ-യുക്രൈന്‍ പ്രതിസന്ധി നിലനില്‍ക്കുമെങ്കിലും പോസ്റ്റ്-പുടിന്‍ കാലഘട്ടത്തിലല്ലാതെ ഈ പ്രതിസന്ധിയ്ക്ക് സുഗമമായ പരിഹാരം കണ്ടെത്താനാവുമെന്ന് നിരീക്ഷിക്കുക സാധ്യമല്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x