13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

റുകൂഇല്‍ ഇമാമിനെ തുടര്‍ന്നാല്‍ റക്അത്ത് ലഭിക്കുമോ?

പി കെ മൊയ്തീന്‍ സുല്ലമി


റുകൂഇല്‍ ഇമാമിനെ തുടര്‍ന്നാല്‍ റക്അത്ത് ലഭിക്കുമോ എന്നത് പലരും ഉന്നയിക്കുന്ന സംശയമാണ്. ശാഫിഈ മദ്ഹബ് പ്രകാരം ഇമാമിനോടൊപ്പം റുകൂഅ് ലഭിച്ചാല്‍ പ്രസ്തുത റക്അത്ത് ലഭിക്കുന്നതാണ്. കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ക്ക് ലഭ്യമായ ഹദീസുകളുടെ അടിസ്ഥാനത്തിലാണ് അവരുടെ വീക്ഷണങ്ങള്‍. അതുകൊണ്ടു തന്നെ അവര്‍ക്കിടയില്‍ വീക്ഷണ വൈവിധ്യങ്ങള്‍ വന്നേക്കാം.
ഹദീസ് നിദാനശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മാറ്റിനിര്‍ത്തിയതും ദുര്‍ബലവുമായ ഒരു റിപ്പോര്‍ട്ടാണ് ‘മഅ്മൂമുകള്‍ക്ക് അവസാന റക്അത്തില്‍ റുകൂഅ് ലഭിച്ചാല്‍ പ്രസ്തുത റക്അത്ത് കിട്ടു’മെന്നത്. ”വെള്ളിയാഴ്ച ദിവസം അവസാന റക്അത്തില്‍ ഒരാള്‍ക്ക് റുകൂഅ് ലഭിക്കുന്നപക്ഷം അയാള്‍ മറ്റൊരു റക്അത്തും കൂടി അതിലേക്ക് ചേര്‍ത്തു നമസ്‌കരിച്ചാല്‍ മതിയാകുന്നതാണ്” (ദാറഖുത്‌നി).
ഈ ഹദീസ് സ്വഹീഹല്ല. ഇത് മാറ്റിനിര്‍ത്തേണ്ട ഒരു വ്യക്തിയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതാണ്. ഇമാം ശൗകാനി പ്രസ്താവിച്ചു: ”ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് (വിശ്വാസയോഗ്യനല്ലാത്ത) യാസീനുബ്‌നു മുആദ് വഴിയാണ്. അദ്ദേഹം ഹദീസിന്റെ വിഷയത്തില്‍ ഒഴിവാക്കപ്പെടേണ്ടവനാണ്” (നൈലുല്‍ ഔത്വാര്‍ 2:44). രണ്ടാമതായി ഈ ഹദീസ് ശാദ്ദില്‍ ഉള്‍പ്പെടുന്നതാണ്. ഏറ്റവും വിശ്വസ്തരായ ആളുകളില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസുകള്‍ക്ക് വിരുദ്ധമായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സഹീഹായ ഹദീസുകള്‍ക്കാണ് ശാദ്ദ് എന്നു പറയുന്നത്.
ഈ ഹദീസ് ഏറ്റവും വിശ്വസ്തരായ റിപ്പോര്‍ട്ടര്‍മാരായ ഇമാം ബൂഖാരിക്കും മുസ്‌ലിമിനും എതിരാണ്. അപ്പോള്‍ ഈ ഹദീസ് സ്വഹീഹാണെങ്കില്‍ തന്നെ പ്രമാണമാക്കാവുന്നതല്ല. ഈ ഹദീസ് സ്വഹീഹുമല്ല. ഒരാള്‍ക്ക് നമസ്‌കാരം (ജമാഅത്ത്) ലഭിക്കണമെങ്കില്‍ ഒരു റക്അത്തെങ്കിലും ലഭിക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നബി(സ) പറഞ്ഞു: ”നമസ്‌കാരത്തില്‍ ഒരു റക്അത്ത് ലഭിച്ചവന് തീര്‍ച്ചയായും നമസ്‌കാരം ലഭിച്ചു” (ബുഖാരി 580, മുസ്‌ലിം 607).
ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം നവവി രേഖപ്പെടുത്തി: ”ഇമാമിനെ തുടര്‍ന്നവന് ഇമാമിനോടൊപ്പം ഒറു റക്അത്ത് ലഭിക്കുന്നപക്ഷം അവന് ജമാഅത്ത് ലഭിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല” (ശറഹു മുസ്‌ലിം 3:115).
ഒരു റക്അത്ത് ലഭിക്കണമെങ്കില്‍ ഫാതിഹ സൂറത്ത് ലഭിക്കല്‍ നിര്‍ബന്ധവുമാണ്. നബി(സ) അരുളി: ”ഫാതിഹ സൂറത്ത് ലഭിക്കാത്തവന് നമസ്‌കാരമില്ല” (ബുഖാരി, മുസ്‌ലിം). ”ഉമ്മുല്‍ ഖുര്‍ആന്‍ (ഫാത്തിഹ സൂറത്ത്) ഓതാത്തവന് നമസ്‌കാരമില്ല” (മുസ്‌ലിം). ”ഒരാള്‍ നമസ്‌കാരം നിര്‍വഹിക്കുകയും അതില്‍ ഉമ്മുല്‍ ഖുര്‍ആന്‍ ഓതാതിരിക്കുകയും ചെയ്യുന്നപക്ഷം പ്രസ്തുത നമസ്‌കാരം അപൂര്‍ണമാണ്. നബി(സ) മൂന്നു തവണ ആവര്‍ത്തിച്ചു” (മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, നസാഈ).
നബി(സ)യുടെ സാന്നിധ്യത്തില്‍ തെറ്റായ രീതിയില്‍ നമസ്‌കരിച്ച ഒരു സ്വഹാബിക്ക് നബി(സ) നമസ്‌കാരം പഠിപ്പിച്ചുകൊടുത്തതായി ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്. പ്രസ്തുത സ്വഹാബിക്ക് ഫാതിഹ സൂറത്ത് പഠിപ്പിച്ചുകൊടുത്തുകൊണ്ട് നബി(സ) അദ്ദേഹത്തോട് ഇപ്രകാരം കല്‍പിച്ചു: ”അനന്തരം താങ്കള്‍ എല്ലാ നമസ്‌കാരത്തിലും (റക്അത്തുകളിലും) അപ്രകാരം ചെയ്യുക” (ബുഖാരി, മുസ്‌ലിം).
പ്രസ്തുത ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇബ്‌നു ഹജര്‍ രേഖപ്പെടുത്തി: ”ഫാതിഹ സൂറത്ത് ഓതാന്‍ കല്‍പിച്ചതിനു ശേഷം ‘താങ്കള്‍ അപ്രകാരം എല്ലാ റക്അത്തുകളിലും ചെയ്യണം’ എന്ന് നബി(സ) നിഷ്‌കര്‍ഷിച്ചു. ഇപ്രകാരം ഇമാം അഹ്‌മദും ഇബ്‌നു ഹിബ്ബാനും രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇത് മഅ്മൂമുകള്‍ എല്ലാ റക്അത്തുകളിലും ഫാതിഹ സൂറത്ത് നിര്‍ബന്ധമായും ഓതണം എന്നതിന് തെളിവാണ്. പതുക്കെ ഓതുന്ന നമസ്‌കാരമായിരുന്നാലും ഉറക്കെ ഓതുന്ന നമസ്‌കാരമായിരുന്നാലും ശരി” (ഫത്ഹുല്‍ബാരി 3:187). ”അഅ്‌റാബിയോട് ‘അനന്തരം അപ്രകാരം എല്ലാ നമസ്‌കാരത്തിലും (റക്അത്തിലും) ചെയ്യണം’ എന്ന നബി(സ)യുടെ കല്‍പന പ്രകാരം മുന്‍ഗാമികളില്‍ നിന്നും പിന്‍ഗാമികളില്‍ നിന്നും ബഹൂഭൂരിപക്ഷം പണ്ഡിതന്മാരും ഏറ്റവും സ്വഹീഹായി ഉദ്ധരിച്ചത് എല്ലാ റക്അത്തുകളിലും ഫാതിഹ സൂറത്ത് ഓതല്‍ നിര്‍ബന്ധമാണ് എന്നതാണ്” (നവവി, ശറഹു മുസ്‌ലിം 2:34).
ഈ വിഷയത്തില്‍ വന്ന ഇബ്‌നു അബ്ബാസി(റ)ന്റെ പ്രസ്താവന: ”ഇമാം ഉറക്കെ ഓതുന്ന നമസ്‌കാരമായിരുന്നാലും പതുക്കെ ഓതുന്ന നമസ്‌കാരമായിരുന്നാലും ഇമാമിന്റെ കൂടെ ഫാതിഹ സൂറത്ത് ഓതല്‍ നിര്‍ബന്ധമാണ്” (ബൈഹഖി, ഇബ്‌നു അബീശൈബ, അബ്ദുര്‍റസാഖ്). ഈ വിഷയത്തില്‍ വന്ന മറ്റൊരു ഹദീസ്: ഉബാദ(റ) പ്രസ്താവിച്ചു: ”നബി(സ) ഒരിക്കല്‍ സുബ്ഹി നമസ്‌കാരത്തില്‍ നിന്നു വിരമിച്ചപ്പോള്‍ ഇപ്രകാരം പറഞ്ഞു: നിങ്ങളെ ഞാന്‍ ഇമാമിന്റെ പിറകില്‍ (ഉച്ചത്തില്‍) ഓതുന്നവരായി കാണുന്നു. ഞങ്ങള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അതെ.’ നബി(സ) പറഞ്ഞു: അപ്രകാരം നിങ്ങള്‍ ചെയ്യരുത്. ഫാതിഹ സൂറത്തല്ലാതെ നിങ്ങള്‍ ഓതരുത്. നിശ്ചയം, അത് ഓതാത്തവന്ന് നമസ്‌കാരമില്ല” (അബൂദാവൂദ്, തിര്‍മിദി, അഹ്‌മദ്).
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: ”അപ്രകാരം നിങ്ങള്‍ ചെയ്യരുത്. നിങ്ങള്‍ ഓരോരുത്തരും ഫാതിഹ സൂറത്ത് പതുക്കെ ചൊല്ലേണ്ടതാണ്” (അബ്ദുര്‍റസാഖ്). അഥവാ ഇമാമിനെ മുന്‍കടക്കാത്ത വിധത്തില്‍ ഫാതിഹ സൂറത്ത് പതുക്കെ ചൊല്ലേണ്ടതാണ്. ഇമാം സൂറത്ത് ഓതുമ്പോള്‍ അത് ശ്രദ്ധിച്ചുകേള്‍ക്കേണ്ടതുമാണ്. ഈ വിഷയത്തില്‍ ഇമാം ശൗകാനിയുടെ പ്രസ്താവന ശ്രദ്ധിക്കുക: ”എല്ലാ റക്അത്തുകളിലും ഫാതിഹ സൂറത്ത് ഓതല്‍ നിര്‍ബന്ധമാണ് എന്ന് ഇമാം നവവി ഫത്ഹുല്‍ബാരിയിലും ബഹുഭൂരിപക്ഷം പണ്ഡിതന്മാരില്‍ നിന്നും ഉദ്ധരിച്ചിട്ടുണ്ട്. അപ്രകാരം ഇബ്‌നു സയ്യിദ്ന്നാബ് എന്ന പണ്ഡിതന്‍ അബ്ദുസൗര്‍, ഔസാഈ, ഇബ്‌നു ദൗഹ്, ജാബിര്‍, അലി(റ) എന്നിവരില്‍ നിന്നും ഇമാം തിര്‍മിദിയുടെ വ്യാഖ്യാനത്തില്‍ ഉദ്ധരിച്ചിട്ടുമുണ്ട്. ഇമാം അഹ്‌മദും ദാവൂദും ഇമാം മാലികുമെല്ലാം അതേ അഭിപ്രായക്കാര്‍ തന്നെയാണ്” (നൈലുല്‍ ഔത്വാര്‍ 2:237).
അദ്ദേഹം (ശൗകാനി) വീണ്ടും പറഞ്ഞു: ”ഫാതിഹയില്ലാതെ ഏതെങ്കിലും നമസ്‌കാരം സ്വീകരിക്കപ്പെടുമെന്നോ റക്അത്ത് കിട്ടുമെന്നോ വല്ലവനും ജല്‍പിക്കുന്ന പക്ഷം അത്തരക്കാര്‍ അതിനു പ്രമാണം (തെളിവ്) കൊണ്ടുവരല്‍ ആവശ്യമാണ്” (നൈലുല്‍ ഔത്വാര്‍ 2:244). ഇപ്രകാരം നസാഈയുടെ സുന്നത്തിന്റെ ശറഹ് 2:138ലും ഉസ്താദ് സയ്യിദ് സാബിഖിന്റെ ഫിഖ്ഹുസ്സുന്ന 1:135ലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
എന്നാല്‍ റക്അത്ത് കിട്ടില്ലെങ്കിലും റുകൂഇലോ സുജൂദിലോ ഇമാമിനെ തുടരാമെന്നതില്‍ വിരോധമില്ല. താഴെ വരുന്ന ഹദീസ് അക്കാര്യം ബോധ്യപ്പെടുത്തുന്നു: ”നബി(സ) അരുളി: ഞങ്ങള്‍ സുജൂദിലായിരിക്കെ നിങ്ങള്‍ നമസ്‌കരിക്കാന്‍ വരുന്നപക്ഷം നിങ്ങളും സുജൂദില്‍ പ്രവേശിക്കുക. ഒരു റക്അത്ത് ലഭിച്ചവനേ നമസ്‌കാരം (ജമാഅത്ത്) ലഭിക്കൂ” (അബീദാവൂദ്, നമ്പര്‍ 893).
മുജാഹിദുകള്‍ ആദ്യകാലം മുതലേ ഫാതിഹ കിട്ടാത്തവന് റക്അത്ത് കിട്ടില്ല എന്ന സഹീഹായി വന്ന ഹദീസുകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ്. പക്ഷേ, ഇപ്പോള്‍ ചിലര്‍ സമസ്തക്കാരെ പിന്തുടര്‍ന്നുകൊണ്ട് ദുര്‍ബലവും ശാദ്ദുമായ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഫാതിഹ കിട്ടാത്തവനും റക്അത്ത് കിട്ടുമെന്ന് ജല്‍പിക്കുകയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x