14 Saturday
June 2025
2025 June 14
1446 Dhoul-Hijja 18

സര്‍ക്കാര്‍ തലത്തിലെ ആര്‍ എസ് എസ് സ്വാധീനം എല്‍ ഡി എഫ് നിസ്സംഗത വെടിയണം -കെ എന്‍ എം മര്‍കസുദ്ദഅ്‌വ

കോഴിക്കോട്: സംസ്ഥാനത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന കാര്യം നിസ്സാരമായി കാണാനാവില്ലെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ആഭ്യന്തര വകുപ്പില്‍ പ്രത്യേകിച്ചും ഇതര വകുപ്പുകളില്‍ പൊതുവായും വര്‍ഗീയമായ വിവേചന നടപടികള്‍ നടന്നു വരുന്നുവെന്ന പൊതു പ്രവര്‍ത്തകരുടെയും മുസ്‌ലിം സംഘടനകളുടെയും ആക്ഷേപം എല്‍ ഡി എഫ് നേതൃത്വം ഗൗരവമായെടുക്കണം. ആഭ്യന്തര വകുപ്പില്‍ നിന്ന് മുസ്‌ലിംകളടക്കമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ പല സന്ദര്‍ഭങ്ങളിലായി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന കാര്യം നിഷേധിക്കാവതല്ല.
ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഭീഷണിയാണെന്ന് വരുത്തി തീര്‍ക്കും വിധമുള്ള ഹയര്‍ സെക്കന്ററി തുല്യതാ പരീക്ഷയിലെ ചോദ്യം അതീവ ഗൗരവതരമാണ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഹയര്‍ സെക്കന്ററി വിഭാഗം നടത്തുന്ന പരീക്ഷക്ക് ഇങ്ങനെ ചോദ്യം വരാനിടയായത് കൈ പിഴയാണെന്ന് കരുതാവതല്ല. ഉത്തരവാദികളെ കണ്ടെത്തി ശിക്ഷ ഉറപ്പുവരുത്താനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാറിനുണ്ട്.
ആര്‍ ടി പി സി ആര്‍ ടെസ്റ്റിന്റെ മറവില്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പ്രവാസികളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് അഡ്വ. എം മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ജലീല്‍, പ്രഫ. കെ പി സകരിയ്യ, ഡോ. ജാബിര്‍ അമാനി, കെ എല്‍ പി ഹാരിസ്, പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, അഡ്വ. പി മുഹമ്മദ് ഹനീഫ, കെ പി അബ്ദുറഹ്മാന്‍, ഡോ. ഐ പി അബ്ദുസ്സലാം, ഇസ്മാഈല്‍ കരിയാട്, ബി പി എ ഗഫൂര്‍, കെ എം കുഞ്ഞമ്മദ് മദനി, പി പി ഖാലിദ്, പ്രഫ. പി അബ്ദുല്‍അലി മദനി, കെ അബ്ദുസ്സലാം മാസ്റ്റര്‍, എം അഹ്മദ് കുട്ടി മദനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, മമ്മു കോട്ടക്കല്‍, അബ്ദുസ്സലാം പുത്തൂര്‍, ഡോ. സുല്‍ഫീക്കര്‍ അലി, ഡോ. അന്‍വര്‍ സാദത്ത്, ആദില്‍ നസീഫ് മങ്കട, വി സി മറിയക്കുട്ടി സുല്ലമിയ്യ, അഫ്‌നിദ പുളിക്കല്‍ പ്രസംഗിച്ചു.

Back to Top