1 Tuesday
July 2025
2025 July 1
1447 Mouharrem 5

റോസാചെടിയിലെ പൂവും മുള്ളും

സി കെ റജീഷ്‌

ഒരു ഗ്രാമത്തിലെ ജ്ഞാനിയുടെ അടുത്ത് അപരിചിതന്‍ വന്ന് ചോദിച്ചു: ”എനിക്ക് ഈ ഗ്രാമത്തില്‍ താമസിക്കണമെന്നുണ്ട്. ഇവിടെയുള്ളവരുടെ സ്വഭാവം എങ്ങനെയാണ്?” ജ്ഞാനി അയാളോട് ചോദിച്ചു. ”ഇപ്പോള്‍ നിങ്ങള്‍ താമസിക്കുന്ന ഗ്രാമത്തിലെ ആളുകള്‍ എങ്ങനെ?” അയാള്‍ പറഞ്ഞു. ”അവര്‍ നീചരും ദുഷ്ടരുമാണ്.” ഇത് കേട്ട് ജ്ഞാനി പറഞ്ഞു. ”ഈ ഗ്രാമത്തിലും അത്തരക്കാര്‍ തന്നെയാണ്.” കുറച്ചു കാലത്തിന് ശേഷം മറ്റൊരാള്‍ ജ്ഞാനിയുടെ അടുത്തെത്തി. നേരത്തെ വന്ന ആളുടെ അതേ ചോദ്യമാണ് ഇദ്ദേഹവും ആവര്‍ത്തിച്ചത്. ജ്ഞാനി അയാളോടും ചോദിച്ചു. ”നിങ്ങളുടെ ഗ്രാമവാസികള്‍ എങ്ങനെ? ആഗതന്‍ പറഞ്ഞു. ”അവര്‍ ദയാശീലരും മാന്യന്മാരുമാണ്.” ജ്ഞാനി അപ്പോഴും പറഞ്ഞു. ”അത്തരക്കാരെ ഇവിടെയും ധാരാളം കാണാം.”
നാം മിക്കപ്പോഴും വിലയിരുത്തി വിധി പറയാനുള്ള വ്യഗ്രത കാണിക്കാറുണ്ട്. അവലോകനം നടത്തുമ്പോള്‍ അല്പം നാം ആലോചിക്കുകയും ചെയ്യും. ഗുണദോഷ സമ്മിശ്രമാണ് എല്ലാം. ഗുണദോഷങ്ങളുടെ തീര്‍പ്പിലേക്ക് നാമെത്തുന്നതിന് ആധാരം അവയോടുള്ള മനോഭാവമാണ്. ഓരോന്നിനോടുമുള്ള മനോഭാവമാണ് നമ്മുടെ സ്വഭാവമായി പരിണമിക്കുന്നത്.
സമൂഹത്തെ മാറ്റാനുള്ള മാന്ത്രിക വിദ്യയൊന്നും ആരുടെ കൈയിലുമില്ല. എന്നാല്‍ സ്വയം മാറാനുള്ള സാധ്യത എല്ലാവരിലുമുണ്ട്. സമൂഹത്തെ വിലയിരുത്തുന്നതിന് മുമ്പ് സ്വയം വിലയിരുത്തലിന് നാം സന്നദ്ധമാവണം. വ്യവസ്ഥിതിയെ വിമര്‍ശിക്കുകയാണ് ആദ്യം വേണ്ടത്.
ഏത് കാര്യത്തെയും പോസിറ്റീവും നെഗറ്റീവുമാക്കുന്നത് നമ്മുടെ മനോഭാവമാണ്. നിന്ന് പോയ ഒരു ക്ലോക്ക് പോലും രണ്ടു നേരം കൃത്യസമയം കാണിക്കുന്നു. പകുതി വെള്ളമുള്ള ഗ്ലാസ് തന്നെയാണ് പകുതി കാലിയായ ഗ്ലാസും. റോസാചെടിയില്‍ മുള്ളുകളുമുണ്ട്, പൂവുകളുമുണ്ട്. മുള്ള് എണ്ണുന്നവര്‍ മുള്ള് മാത്രം കാണുന്നു. പൂവ് എത്രയുണ്ടായിട്ടും കാര്യമില്ല. പൂവ് തിരയുന്നവര്‍ക്ക് അത് ഒരെണ്ണം ആണെങ്കില്‍ പോലും പൂവിന്റെ സൗന്ദര്യമാസ്വദിക്കാം. ഇരുട്ടിനെപ്പറ്റി മാത്രം ചിന്തിക്കുന്നവര്‍ക്ക് വെളിച്ചം എപ്പോഴും അന്യമാണ്. നൂറ്റാണ്ടുകളായി ഇരുട്ടിലായ മുറിയില്‍ പ്രകാശം പരക്കാന്‍ ഒരു തീപ്പെട്ടി ഉരയ്ക്കുന്ന സമയം മതി.
നമ്മുടെ മനോഭാവത്തിന്റെ ഉത്തരവാദി നാം തന്നയാണ്. സാഹചര്യങ്ങളുടെയും സൗഹൃദത്തിന്റെയും ഒക്കെ സ്വാധീനം അതിന് കാണും. നാം സ്വീകരിക്കേണ്ട മനോഭാവം നാം തന്നെ നിശ്ചയിക്കണം. ദോഷങ്ങളെ പരതുകയല്ല, ഗുണങ്ങളെ നേടുകയാണ് നാം വേണ്ടത്. ദോഷങ്ങളിലേക്ക് മാത്രം നോക്കുന്നവര്‍ പ്രശ്‌നങ്ങളെപ്പറ്റി സംസാരിക്കാനില്ലെങ്കില്‍ അസന്തുഷ്ടരാകുന്നു. സൂര്യനുദിക്കുന്നത് തന്നെ നിഴലുകളുണ്ടാക്കാനാണെന്ന് വിശ്വസിക്കാനാണ് അവര്‍ക്കിഷ്ടം. എല്ലാവരെയും വിലയിരുത്തുന്നത് ശീലമാക്കിയ ചിലരുണ്ട്. സ്വയം വിലയിരുത്തലിന് സന്നദ്ധമാകാത്ത അവര്‍ക്ക് ആരുമായും സ്‌നേഹബന്ധം പുലര്‍ത്താന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. നിങ്ങള്‍ ജനങ്ങളെ വിമര്‍ശിക്കുകയാണെങ്കില്‍ ജനങ്ങള്‍ നിങ്ങളെയും വിമര്‍ശിക്കുമെന്ന് തിരുനബി ഉണര്‍ത്തിയിട്ടുണ്ട്.

Back to Top