വേരുകള്‍
ഇല്യാസ് ചൂരല്‍മല
എനിക്കായ്
നിനക്കായ്
ആഴ്ന്നിറങ്ങിയ
ചില വേരുകളുണ്ട്,
നമ്മില്‍ വിരിയും
വസന്തത്തിനായ്
വിയര്‍പ്പൊഴുക്കിയ
ചില വേരുകള്‍
പലപ്പോഴും
നാം കണ്ടില്ലെന്നു
നടിക്കുന്ന
പലരില്‍ നിന്നും
അകറ്റി നിര്‍ത്തുന്ന
വിയര്‍പ്പിന്റെ സുഗന്ധമുള്ള
ചില വേരുകള്‍
മണ്ണിലൂന്നിയ
വേരുപോലെ
പുറത്തെടുത്താല്‍ മാത്രം
പുറമെ വരുന്ന വേരുകള്‍
ആഴങ്ങളിലൂളിയിട്ട്
കിട്ടുന്നതൊക്കെയും
നമ്മിലൂര്‍ജം പകരാനായ്
പുതു നാമ്പുകള്‍ വിടരാനായ്
പകര്‍ന്നു നല്‍കുന്ന
ചില വേരുകള്‍
എത്രമേല്‍
അവശനായാലും
അറിയിക്കാറില്ല
നാമൊട്ട് അറിയാറുമില്ല
അവരൊന്ന്
ഓട്ടം നിര്‍ത്തിയാല്‍
നമ്മില്‍ നിന്നുമറ്റുപോയാല്‍
ഞാനും നീയും വാടിയുണങ്ങും
ചിലപ്പോള്‍ കടപുഴകി വീഴും
അച്ഛനെന്നോ
അമ്മയെന്നോ
ചേട്ടനെന്നോ അങ്ങനെ
പലപേരുകളുണ്ടാ
വേരുകള്‍ക്ക്..!