4 Sunday
January 2026
2026 January 4
1447 Rajab 15

90 റോഹിങ്ക്യകളുമായി യാത്ര ചെയ്ത ബോട്ട് മുങ്ങി


ബംഗ്ലാദേശിന്റെ തെക്കന്‍ ഭാഗത്ത് കോക്‌സ് ബസാര്‍ കടല്‍തീരത്ത് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി. 90 അഭയാര്‍ഥികളുമായി തെക്കുകിഴക്കന്‍ ഏഷ്യ ലക്ഷ്യമാക്കി പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പെട്ടത്. എട്ട് പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ളവരെ സന്നദ്ധസേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. ആറ് ദിവസം മുന്‍പ് ബോട്ടിന്റെ എന്‍ജിന്‍ തകരാറിലാവുകയായിരുന്നു. തുടര്‍ന്നാണ് ബോട്ട് മുങ്ങിയത്. ഇന്ത്യയിലെ ആന്തമാന്‍ ദ്വീപ് ലക്ഷ്യമാക്കിയായിരുന്നു ബോട്ട് നീങ്ങിയത്. ബോട്ടില്‍ സാറ്റലൈറ്റ് ഫോണും ഒരു ജീവനക്കാരനുമാണ് ഉണ്ടായിരുന്നതെന്ന് സന്നദ്ധ സേനയായ തായ്‌ലാന്റ് ആസ്ഥാനമായുള്ള ‘അര്‍കാന്‍ പ്രോജക്റ്റ്’ അറിയിച്ചു. ബോട്ടില്‍ 65 സ്ത്രീകളും രണ്ട് കുട്ടികളും 20 പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞയാഴ്ചയായിരുന്നു അപകടം. ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ നിന്നും റോഹിങ്ക്യകള്‍ ജീവന്‍രക്ഷാര്‍ഥം അയല്‍നാടുകളിലേക്ക് പലായനം ചെയ്യുന്നത് നിത്യസംഭവമാണ്. പഴകിദ്രവിച്ച ബോട്ടില്‍ താങ്ങാവുന്നതിലും ഇരട്ടിയിലധികം അഭയാര്‍ഥികളുമായാണ് യാത്ര. ഇത്തരം ബോട്ടുകള്‍ പതിവായി അപകടത്തില്‍പെടുകയും നിരവധി പേര്‍ മുങ്ങി മരിക്കുകയും ചെയ്യാറുണ്ട്.

Back to Top