റോഹിങ്ക്യകള്‍ നേരിടുന്നത് സമാനതകളില്ലാത്ത ദുരന്തം: ആഗോള മുസ്‌ലിം പണ്ഡിതസഭ
2024 ന്റെ തുടക്കം മുതല്‍ വിഘടനവാദികളായ റാഖൈന്‍ ആര്‍മിയും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ കടുത്ത യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ് റോഹിങ്ക്യയില്‍. മുസ്ലിം ജനവാസ മേഖലയിലാണ് ഈ സംഘര്‍ഷം നടന്നുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി വംശഹത്യക്കിരയായിക്കൊണ്ടിരിക്കുന്ന റോഹിങ്ക്യന്‍ ജനതയെ ഈ യുദ്ധം വലിയ മാനുഷിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. റാഖൈന്‍ സ്റ്റേറ്റിന്റെ സ്വയംഭരണം ആവശ്യപ്പെട്ടുകൊണ്ടാണ് വിഘടനവാദികള്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇത് മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുകയാണ് . ഏറ്റുമുട്ടലില്‍ ഏകദേശം രണ്ടു ലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളാവുകയും ഒട്ടനവധി പേര്‍ കൊല്ലപ്പെടുകയും, ഡസന്‍ കണക്കിന് റോഹിങ്ക്യന്‍ വീടുകള്‍ അഗ്‌നിക്കിരയാക്കപ്പെടുകയും ചെയ്തു. റോഹിങ്ക്യന്‍ ജനത കടന്നുപോകുന്ന സാഹചര്യം അങ്ങേയറ്റം പ്രതിസന്ധി നിറഞ്ഞതാണെന്ന് ഇത് തുറന്നുകാട്ടുന്നു. മുന്‍ വര്‍ഷങ്ങളില്‍ നടന്നതിന് സമാനമായ അക്രമ സംഭവങ്ങളും, വംശീയ ഉന്മൂലനവും ഈ സംഘര്‍ഷത്തിടയില്‍ ആവര്‍ത്തിച്ചേക്കുമെന്ന ഭയം റോഹിങ്ക്യന്‍ മുസ്ലിംകളെ അലട്ടുന്നുണ്ട്. യുക്രൈന്‍- റഷ്യ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള മാധ്യമങ്ങള്‍ റോഹിങ്ക്യന്‍ പ്രതിസന്ധിയെ വേണ്ടവിധം പരിഗണിക്കുന്നില്ല എന്നതാണ് വസ്തുത. റാഖൈന്‍ സ്റ്റേറ്റ് ഇന്റര്‍നെറ്റിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വിഷയത്തെ പുറത്തെത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ നിലവിലെ പ്രതിസന്ധികള്‍ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരാനും റോഹിങ്ക്യന്‍ മുസ്‌ലിം പ്രശ്‌നം പരിഹരിക്കാനാവശ്യമായ ഇടപെടലുകള്‍ നടത്താനും അവര്‍ക്ക് മാനുഷിക സഹായം ലഭ്യമാക്കുവാനും അന്താരാഷ്ട്ര സമൂഹത്തോട് ആഗോള മുസ്ലിം പണ്ഡിത സഭ ആഹ്വാനം ചെയ്തു.