രിസ്ഖ് എന്നാല്‍ സമ്പത്ത് മാത്രമല്ല
ഷാനവാസ് പേരാമ്പ്ര
നമസ്‌കാരവും മറ്റ് ആരാധനകളും പോലെ സജീവമാവേണ്ട മറ്റൊരു പ്രധാന മേഖലയാണ് സഹജീവികളും സമസൃഷ്ടികളുമായുള്ള ഇടപാടുകളും വ്യവഹാരങ്ങളും. ”അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും പ്രാര്‍ഥന അഥവാ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവര്‍” (അല്‍ബഖറ 3). നാം നല്‍കിയത് എന്നതിന് റസഖ എന്ന പദമാണ് ഉപയോഗിച്ചത്. അല്ലാഹുവിനെക്കുറിച്ച് റാസിഖ്, റസ്സാഖ് എന്നീ വിശേഷണങ്ങളും കാണാം. അവന്റെ രിസ്ഖില്‍ നിന്ന് ചെലവഴിക്കുക എന്ന ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങളിലധികവും സമ്പത്തിനെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമാണ് അല്ലാഹു സംസാരിക്കുന്നത്.
ഇങ്ങനെ ചെലവഴിക്കുന്നതില്‍ പ്രധാനം ജീവിതവിഭവങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുക എന്നതുതന്നെയാണ്. ഒരു വിശ്വാസിയുടെ സമ്പാദ്യത്തില്‍ നിന്ന് ഒരു വിഹിതം പാവപ്പെട്ടവന്റെ ഉപജീവനത്തിന് മാറ്റിവെക്കുമ്പോഴാണ് അത് വിശുദ്ധമായിത്തീരുന്നത്. എന്റെ സമ്പാദ്യം എന്റെ കഴിവു കൊണ്ടും ബിരുദം കാരണമായും കിട്ടിയതല്ല. അങ്ങനെയെങ്കില്‍, എന്നെപ്പോലെ തത്തുല്യ യോഗ്യതകള്‍ ഉള്ളവര്‍ക്കെല്ലാം അവ ലഭിക്കണം. എന്നാല്‍ എന്നേക്കാള്‍ യോഗ്യതയുള്ളവര്‍ക്കുപോലും ജീവിതവിഭവങ്ങള്‍ വളരെ പരിമിതമാണ്. അപ്പോള്‍ സമ്പത്ത് അല്ലാഹുവിന്റെ ദാനവും ഔദാര്യവുമാണ്.
”ഇക്കൂട്ടരെയും അക്കൂട്ടരെയും എല്ലാം തന്നെ (ഇവിടെ വെച്ച്) നാം സഹായിക്കുന്നതാണ്. നിന്റെ രക്ഷിതാവിന്റെ ദാനത്തില്‍ പെട്ടതത്രേ അത്. നിന്റെ രക്ഷിതാവിന്റെ ദാനം തടഞ്ഞുവെക്കപ്പെടുന്നതല്ല” (17:20). ഈ കാഴ്ചപ്പാടാണ് വിശ്വാസികളെ ലോകമൊട്ടുക്കും കഷ്ടപ്പെടുന്നവന്റെ കണ്ണീരൊപ്പാന്‍ മുന്‍നിരപ്പോരാളികളായി ഇറങ്ങാന്‍ പ്രേരിപ്പിക്കുന്നത്. സമ്പന്നരെയും ദരിദ്രരെയും രണ്ടു തട്ടിലാക്കി കുറേ മുതലാളിമാരെയും കീഴാളരെയും ഉണ്ടാക്കുകയല്ല, മറിച്ച്, ഈ തരംതിരിവ് രണ്ടു കൂട്ടര്‍ക്കും പരീക്ഷണമാണെന്നാണ് ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നത് (43:32). സത്യവിശ്വാസം സ്വീകരിച്ചവന്‍ തിരിച്ചറിയേണ്ട രണ്ടാമത്തെ ബാധ്യതയാണ് തന്റെ ധനത്തില്‍ പാവപ്പെട്ടവരുടെ അന്നമുണ്ട് എന്ന യാഥാര്‍ഥ്യം. (വി.ഖു 51:19)
മുഹാജിറുകളും അന്‍സ്വാരികളും വിസ്മയമാവുന്നത് ഈ പങ്കുവെപ്പിലാണ്. മക്കയില്‍ നിന്ന് വെറുംകൈയോടെ മദീനയിലെത്തിയ മുഹാജിറുകള്‍ക്കു അന്‍സാറുകള്‍ എല്ലാം പകുത്തുനല്‍കി. കച്ചവടവും തൊഴിലും വീടും ഭൂമിയും തുടങ്ങി ദാമ്പത്യജീവിതത്തിലേക്കു വരെ ആ സഹായഹസ്തങ്ങള്‍ നീണ്ടു. ഇന്ന് നാം നിര്‍വഹിക്കുന്ന നിര്‍ബന്ധവും ഐച്ഛികവുമായ ദാനധര്‍മങ്ങളെല്ലാം ഈ ബാധ്യത നിറവേറ്റുന്നതിന്റെ ഭാഗമാണ്. അതിന് തയ്യാറല്ലാത്തവരെ പിശുക്കന്മാരായും ശാശ്വതമായ നഷ്ടക്കാരായും ഖുര്‍ആന്‍ ആക്ഷേപിക്കുന്നു.
ദൈവവിശ്വാസവും പരലോകബോധ്യവും ക്രൂരമായ ചോദ്യം ചെയ്യലുകള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമാവുമ്പോള്‍, മതത്തിന്റെ ദൈവിക തലവും മാനവിക തലവും ജീവിതം കൊണ്ട് അടയാളപ്പെടുത്താന്‍ നമുക്ക് കഴിയണം. അക്കൂട്ടരെക്കുറിച്ചാണ് വിജയികള്‍ എന്ന് ഖുര്‍ആന്‍ പറയുന്നത്. (വി.ഖു 2:5). അല്ലാഹുവിന്റെ രിസ്ഖ് സമ്പത്തിലും ഭക്ഷണത്തിലും മാത്രം ഒതുങ്ങുന്നതല്ല എന്നത് വിവിധ സന്ദര്‍ഭങ്ങളില്‍ നിന്ന് നമുക്ക് ബോധ്യപ്പെടും. നമുക്ക് ലഭിച്ച എല്ലാ വിഭവങ്ങളും രിസ്ഖ് എന്ന പദം ഉള്‍ക്കൊള്ളുന്നുണ്ട്. ബുദ്ധിയും വിവരവും സമയവും തിരിച്ചറിവുമെല്ലാം ഈ ഔദാര്യത്തിന്റെ ഭാഗമാണ്.
നമുക്ക് ലഭിച്ച മറ്റ് വിഭവശേഷികളും മറ്റുള്ളവര്‍ക്കു വേണ്ടി ചെലവഴിക്കാന്‍ നാം കൂടുതല്‍ സന്നദ്ധരാവേണ്ടതുണ്ട്. വൈജ്ഞാനിക വിസ്‌ഫോടനവും വിപ്ലവവും സമ്പന്നമാക്കിയ നമ്മുടെ കാലഘട്ടത്തില്‍ ഏറ്റവും വലിയ യുദ്ധം നടക്കുന്നതും അവിടെത്തന്നെയാണ്. ഒരുവേള സായുധ സംഘട്ടനം നടക്കുന്ന രണഭൂമിയേക്കാള്‍ ദൂരവ്യാപകമായ കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാവുന്നത് വൈജ്ഞാനിക സംഘര്‍ഷങ്ങളിലാണ്.
ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്തും ചരിത്രപുരുഷന്മാരെ അപഹസിച്ചും ദുരാരോപണങ്ങള്‍ പടച്ചുണ്ടാക്കിയും മതമൂല്യങ്ങളെ ഉള്ളില്‍ നിന്നുതന്നെ ചിലര്‍ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, ശാസ്ത്രവും യുക്തിയുമൊക്കെയാണെന്ന് എഴുന്നള്ളിച്ച് മതം നിരര്‍ഥകമാണെന്ന് തെളിയിക്കാനുള്ള യുദ്ധമാണ് നാസ്തികരും ലിബറല്‍വാദികളും പുറത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.