12 Thursday
December 2024
2024 December 12
1446 Joumada II 10

പ്രതികളെ വെറുതെ വിടുമ്പോള്‍


2017മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കാസര്‍കോട് പഴയ ചൂരി പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന റിയാസ് മൗലവിയെ ഒരു സംഘം അക്രമികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രദേശത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വര്‍ഗീയമായി ചേരിതിരിഞ്ഞുള്ള പ്രശ്‌നങ്ങള്‍ പതിവായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം മുസ്ലിം വിരോധം തീര്‍ക്കാനാണ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടുകയും ജയിലിലടക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ മൂന്ന് പ്രതികളെയും കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിടുകയാണ് കോടതി ചെയ്തത്. കുറ്റം തെളിയിക്കുന്നതില്‍ അന്വേഷണ സംഘവും കോടതിയില്‍ തെളിവുകള്‍ സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷനും പരാജയപ്പെട്ടുവെന്നാണ് കോടതി രേഖകളിലുള്ളത്.
റിയാസ് മൗലവി വധത്തില്‍ പ്രതികളെ വെറുതെ വിട്ട സംഭവം പരക്കെ വിമര്‍ശിക്കപ്പെടുന്നുണ്ട്. ഏറെ ചര്‍ച്ചയായ ഈ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നായിരുന്നു പൊലീസിന്റെയും പരാതിക്കാരുടെയും പ്രതീക്ഷ. പൊലീസ് എഫ് ഐ ആര്‍ അനുസരിച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകരായ മൂന്ന് പേര്‍ മുസ്ലിം വിരോധം തീര്‍ക്കാനായി യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു മുസ്ലിമിനെ പള്ളിയില്‍ കയറി കൊലപ്പെടുത്തി എന്നാണ് കേസ്. എന്നാല്‍ ഇത് സ്ഥാപിക്കുന്നതിനാവശ്യമായ തെളിവുകള്‍ കണ്ടെത്തുന്നതില്‍ അന്വേഷണ സംഘം പരാജയപ്പെട്ടുവെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്. പ്രതികളുടെ ആര്‍ എസ് എസ് ബന്ധം തെളിയിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് കോടതി പറയുന്നത്. അതുകൊണ്ട് തന്നെ കുറ്റം ചെയ്യാനുള്ള പ്രേരകമായി വര്‍ത്തിച്ചിട്ടുള്ള മുസ്ലിം വിരോധം തെളിയിക്കാനും സാധിച്ചിട്ടില്ല.
കേസിന്റെ തുടക്കം മുതല്‍ തന്നെ ഇതില്‍ ഗൂഢാലോചന കുറ്റം പൊലീസ് അന്വേഷിച്ചിരുന്നില്ല. പരാതിക്കാരും ആക്ഷന്‍ കമ്മറ്റിയും അത് ഗൗരവതരമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഗൂഢാലോചന ഇല്ല എന്ന നിലപാടാണ് പൊലീസ് എടുത്തിരുന്നത്. ഈ നിലപാടാണ് ഇപ്പോള്‍ വിനയായിരിക്കുന്നത് എന്നാണ് നിയമരംഗത്തുള്ളവര്‍ പറയുന്നത്. ഗൂഢാലോചന ഇല്ല എന്നിരിക്കെ പ്രതികളുടെ മോട്ടീവ് തെളിയിക്കാന്‍ പോലീസിന് സാധിക്കാതെ വരികയും ചെയ്തതോടെ കേസ് ദുര്‍ബലമാകുന്ന സ്ഥിതിയാണുണ്ടായത്. സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പ്രദേശത്ത് നടന്ന പ്രകോപനപരമായ പ്രസംഗത്തെക്കുറിച്ചും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും യാതൊരു സൂചനയും പൊലീസ് അന്വേഷണത്തിലില്ല. തുടക്കം മുതല്‍ തെന്ന ഈ കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങളുണ്ടായി എന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണം സംബന്ധിച്ച വിശദമായ പരാതി അന്ന് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു.
കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് സാധിക്കാതെ പോയതു കൊണ്ട് തന്നെ അതിന്റെ തുടര്‍ച്ചയെന്നോണം കോടതിയില്‍ ശക്തമായ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. എന്നാല്‍, ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസ് എന്ന നിലയില്‍ കൃത്യവും വ്യക്തവുമായ സാഹചര്യ തെളിവുകള്‍ ഹാജരാക്കിയിട്ടും അതിനെ പരിഗണിക്കാന്‍ കോടതിക്ക് സാധിച്ചില്ല. റിയാസ് മൗലവി കൊല്ലപ്പെട്ടു എന്നത് അനിഷേധ്യമായ വസ്തുതയാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് എല്ലാവരുടെയും താല്‍പര്യം. സംഭവം നടന്ന ആദ്യ മണിക്കൂറുകളില്‍ ശേഖരിക്കേണ്ട തെളിവുകള്‍ സംബന്ധിച്ച് ഇനിയൊന്നും ചെയ്യാനില്ല. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകളുണ്ടായോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനായി മേല്‍ക്കോടതികളെ സമീപിക്കണം.
കേസിലെ പ്രതികള്‍ക്ക് ഇതുവരെയും ജാമ്യം ലഭിച്ചിരുന്നില്ല. അക്കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത, കേസന്വേഷണത്തിലും പ്രോസിക്യൂഷനിലും ഉണ്ടായില്ല എന്നതാണ് വിമര്‍ശനം. അതുകൊണ്ടു തന്നെ നീതി നടപ്പിലാവും വിധം കേസില്‍ അപ്പീല്‍ നല്‍കണം. ശക്തമായ വാദമുഖങ്ങള്‍ കൊണ്ട് സംഭവത്തിന്റെ യഥാര്‍ഥ മോട്ടീവും പ്രതികള്‍ക്ക് കുറ്റവുമായുള്ള ബന്ധവും തെളിയിക്കാന്‍ സാധിക്കണം. അതിന് സാധ്യമായ നിയമത്തിന്റെ എല്ലാ വഴികളും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഒരു കൊലപാതകം നടന്ന് അതിലെ പ്രതികള്‍ മുഴുവന്‍ സ്വതന്ത്രരാക്കപ്പെടുമ്പോള്‍ രാജ്യത്ത് അരക്ഷിതാവസ്ഥയും അരാജകത്വവും വളരും എന്നത് നാം ഗൗരവത്തോടെ മനസ്സിലാക്കണം. നീതിനിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്.

Back to Top