28 Thursday
March 2024
2024 March 28
1445 Ramadân 18

മുഹമ്മദിന്റെ മൂന്നു റിയാല്‍

ഫാരിസ് മെഹര്‍


ഒമാനിലെ നിസവയില്‍ ഒരു സര്‍വീസ് സ്റ്റേഷനില്‍ ഫോര്‍മാനായിരുന്നു ഞാന്‍. ജോലിയൊഴിഞ്ഞ സമയം വിരളമാണ്. ജോലിയേക്കാള്‍ വലിയ മിനക്കേടാണ് അവിടെ വരുന്ന ഒമാനികളോടുള്ള തല്ലുപിടുത്തം. വാഹനം നല്ലത് പോലെ കഴുകിയില്ല, തുടച്ചില്ല, മിനുക്കിയില്ലാ തുടങ്ങിയ പരാതികളാണ് പതിവ്. ഇടക്കൊക്കെ ചില കുറുമ്പ് കൂടിയ ബദുക്കള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല, റിയാല്‍ കണക്കാണ്! അതെ, മുഹമ്മദുമായുള്ള പ്രശ്‌നത്തിന്റെ തുടക്കവും വെറും മൂന്ന് റിയാലിന്റെ പേരിലാണ്.
വാഹനം കഴുകിയതിനു ശേഷം പതിവ് പോലെ ഡിസ്‌കൗണ്ട് വേണം മുഹമ്മദിന്. എന്നാല്‍ ചെയ്യാന്‍ കഴിയുന്ന ഡിസ്‌കൗണ്ട് കഴിച്ച് മൂന്ന് റിയാലിന്റെ ബില്ല് ഞാനവന് കൊടുത്തു. അത് കൂടുതലാണ് എന്നവന്‍ തര്‍ക്കിച്ചു. നേരത്തെ വില പറഞ്ഞിട്ടാണല്ലോ കാര്‍ കഴുകാന്‍ കയറ്റിയതെന്ന് ഞാനും കയര്‍ത്തു. എന്റെ മുറിയാല്‍ അറബി അനര്‍ഗള നിര്‍ഗളമൊഴുകി. കാര്യം നടക്കില്ലെന്ന് കണ്ടപ്പോള്‍ വണ്ടി കഴുകിയത് വൃത്തിയായില്ലെന്നായി അവന്‍.
പൈസ കിട്ടിയില്ലെങ്കില്‍ മൂന്നു റിയാല്‍ എന്റെ കയ്യില്‍ നിന്നും നല്‍കേണ്ടി വരുമെന്നൊക്കെ വളരെ സൗമ്യമായി പറഞ്ഞു നോക്കി. അവനൊരു കുലുക്കവുമില്ല. ഇനി നിവൃത്തിയില്ല. അവസാനത്തെ അടവായ പടച്ചവനെ കൂട്ടുപിടിക്കുക തന്നെ.
‘സഹോദരാ, നിനക്ക് എന്നെ കബളിപ്പിക്കാന്‍ പറ്റുമായിരിക്കും പക്ഷെ നാളെ മുകളിലിരിക്കുന്നവന്റെ പിടിയില്‍ നിന്നും നീയെങ്ങിനെ രക്ഷപെടും?’ -വളരെ ഫിലോസഫിക്കലി ഞാനത് പറഞ്ഞൊപ്പിച്ചു. പക്ഷെ അതുമേറ്റില്ല. ദേഷ്യം പിടിച്ച മുഹമ്മദ് കാറിന്റരികിലേക്ക് പാഞ്ഞു. ഞാന്‍ അവന്റെ പുറകേയും.
പൈസ തരാതെ കാറും കൊണ്ട് കടന്നുകളയാനാണ് മുഹമ്മദിന്റെ ശ്രമം. ഞാന്‍ വീണ്ടും അവനോട് പൈസക്ക് കെഞ്ചി. അവന്‍ കൂട്ടാക്കിയില്ല. വൈകിട്ട് കണക്ക് കൊടുക്കുമ്പോള്‍ ഈ മൂന്ന് റിയാലിന്റെ കുറവ് മതി മനുഷ്യന്റെ സമാധാനം നഷ്ടപ്പെടാന്‍. ഞാന്‍ കാറിന്റെ മുന്നിലേക്ക് നിന്നവനെ തടയാന്‍ ശ്രമിച്ചു. അവന്‍ കാര്‍ മുന്നോട്ടെടുത്തു, എന്റെ കാലിലുരച്ചു ഹോണ്‍ മുഴക്കി മുന്നോട്ട് തന്നെ എടുത്തുകൊണ്ടേയിരുന്നു. ഭയന്ന ഞാന്‍ കാറിന്റെ മുന്നില്‍ നിന്നും ചാടിമാറി. അവന്‍ സര്‍വീസ് സ്റ്റേഷന് പുറത്തേക്ക് കാറോടിച്ചു പോകുകയും ചെയ്തു. ഞാന്‍ വേഗം നമ്പര്‍ നോട്ട് ചെയ്ത് അര്‍ബാബിനെ വിളിച്ചു പറഞ്ഞു.
അന്നത്തെ കണക്ക് കിറുകൃത്യമായിരുന്നു. മൂന്ന് റിയാലിന്റെ കുറവുണ്ട്! ഇതുപോലെ പൈസ തരാതെ പോയ രണ്ടോ മൂന്നോ പേരുടെ കാറിന്റെ നമ്പര്‍ എഴുതിവെച്ചിരിക്കുന്ന ഫയലില്‍ മുഹമ്മദിന്റെ കാര്‍ നമ്പറും കുറിച്ചിട്ടു.
മൂന്ന് റിയാല്‍ നഷ്ടപ്പെട്ടത് മാത്രമായിരുന്നില്ല എന്റെ പ്രശ്‌നം, എല്ലാവരുടേയും മുന്‍പില്‍ വെച്ചു എന്റെമേല്‍ കാറുകൊണ്ടിടിക്കാന്‍ ശ്രമിച്ചതിലാണ് എന്റെ സങ്കടം. കാര്യം ഞാന്‍ അര്‍ബാബിനോട് വിളിച്ചു പറഞ്ഞു. പക്ഷേ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. പിന്നീട് അതേ മോഡല്‍ കാറുകള്‍ കാണുമ്പോഴൊക്കെ ഞാന്‍ മുഹമ്മദിനെ വേറെ തേടും. എന്നാല്‍ അവരൊക്കെ വേറെ മുഹമ്മദ്മാരാവാറാണ് പതിവ്.
അങ്ങനെയൊരു ദിവസം രാവിലെ സര്‍വീസ് സ്റ്റേഷന്‍ന്റെ ഗേറ്റ് തുറന്നപ്പോള്‍ മുന്‍പിലതാ സാക്ഷാല്‍ മുഹമ്മദ്, അവന്റെ അതേ കാറില്‍! മുഹമ്മദ് എന്നോട് ചിരിച്ചു കൊണ്ട് സലാം പറഞ്ഞു. ഞാന്‍ സലാം മടക്കി. നീ ദേഷ്യത്തില്‍ ആണോ സഹോദരാ എന്ന് ചോദിച്ചെനിക്കു കൈനീട്ടി. ഒട്ടും രസിക്കാതെ ഞാന്‍ മുഹമ്മദിനു കൈ നല്‍കി. അവനെന്റെ കൈ ലേശം അമര്‍ത്തി എന്നോട് സോറി പറഞ്ഞു.
‘ദൈവത്തെയോര്‍ത്ത് നീയെനിക്ക് പൊറുത്തു തരണം. ഞാന്‍ നിന്നോട് തെറ്റ് ചെയ്തു’ എന്ന് മുഹമ്മദ് പറഞ്ഞപ്പോള്‍ എനിക്കുണ്ടായ ആനന്ദം അതിരുകളില്ലാത്തതായിരുന്നു. മുഹമ്മദ് മൂന്ന് റിയാലെടുത്തു എന്റെ കയ്യിലേക്ക് വെച്ചു തന്നു. കൈകള്‍ വിടാതെ എന്റെ കൈപ്പത്തിയില്‍ തന്നെ വെച്ചു ഒരിക്കല്‍ കൂടി ക്ഷമാപണം നടത്തി. മഞ്ഞുരുകിയ ആ നിമിഷത്തില്‍ മുഹമ്മദ് എനിക്കൊരു സഹോദരന് തുല്യനായി.
മുഹമ്മദ് പിന്നീട് ഞങ്ങളുടെ സര്‍വീസ് സ്റ്റേഷനിലക്കു വരുമ്പോഴൊക്കെ എനിക്ക് പെപ്‌സിയോ ഡൂവോ കൊണ്ട് വരും. ഒരിക്കല്‍ അവനൊരു കുഞ്ഞ് ജനിച്ചപ്പോള്‍ ആ വാര്‍ത്ത പറയാന്‍ വേണ്ടി മാത്രമവന്‍ എന്നെ കാണാന്‍ വന്നത് ഞാനോര്‍ക്കുന്നു.
വിസ കാന്‍സല്‍ ചെയ്ത് നാട്ടിലേക്കു മടങ്ങുന്ന ദിവസം മുഹമ്മദ് എന്നെ കാണാന്‍ വന്നു. കാര്‍ നിറയെ ഈത്തപ്പഴവുമായിട്ടാണ് വന്നത്. അവന്റെ തന്നെ മസ്‌റയിലുണ്ടായ ഈത്തപ്പഴം. എനിക്ക് വേണ്ടി പൊട്ടിച്ചു മാറ്റി വെച്ചതാണെന്നും വീട്ടിലുള്ളവര്‍ക്കൊക്കെ നല്‍കണമെന്നും മുഹമ്മദ് പറഞ്ഞു.
മുഹമ്മദ് മടങ്ങി പോകാനായി കാറില്‍ കയറിയപ്പോഴാണ് ഞാന്‍ ചുമ്മാ അത് ചോദിച്ചത്. കുറച്ചായി മനസ്സില്‍ ചോദിക്കണമെന്നു കരുതിയതായിരുന്നു.
‘പൈസ തരാതെ പോയ നീ പിന്നെ എന്തിനു എന്നെ അന്വേഷിച്ചു വന്നു മുഹമ്മദ്?’
മുഹമ്മദ് അതിനു പറഞ്ഞ മറുപടി ഞാന്‍ ഇന്നുമോര്‍ക്കുന്നു: ‘ആ മൂന്ന് റിയാലിന്റെ പേരില്‍ ദൈവത്തിന്റെ കോടതിയില്‍ കുറ്റക്കാരനാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല സഹോദരാ’.
മുഹമ്മദ് ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. പിന്നീട് സംസാരിച്ചിട്ടില്ല. പക്ഷെ മുഹമ്മദിന്റെ ആ മറുപടി ഇടയ്ക്കിടയ്ക്ക് ഓര്‍മയില്‍ വരും.
ഓര്‍മകളുടെ ഞരമ്പ് വരിഞ്ഞു മുറുകും.

2.8 4 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x