28 Thursday
March 2024
2024 March 28
1445 Ramadân 18

രിയാല്‍ മൂസ സാഹിബ് വ്യത്യസ്തനായ പ്രബോധകന്‍

അബ്ദുന്നാസര്‍ നദ്‌വി

ദീനീ പ്രബോധനത്തിന് പുതിയ മാര്‍ഗങ്ങളും ശൈലിയും പരീക്ഷിക്കുന്ന പുതിയലോകത്ത് വേറിട്ട മാതൃക തീര്‍ത്ത വ്യക്തിത്വമായിരുന്നു രിയാല്‍ മൂസ സാഹിബ്. ലക്‌നൗവിലെ ദാറുല്‍ഉലൂം നദ്‌വത്തുല്‍ ഉലമയില്‍ കേരള വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഒരു ദഅ്‌വ ക്ലാസില്‍വച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്ന്, തൗഹീദ്, രിസാലത്ത്, ആഖിറത്ത് തുടങ്ങിയ അടിസ്ഥാന വിഷയങ്ങളെ വിവരിക്കുന്നേടത്ത് ഖുര്‍ആന്‍ ‘അന്നാസ്’ എന്ന വാക്ക് പ്രയോഗിച്ചതിലെ ആശയവ്യാപ്തിയെ ബോര്‍ഡില്‍ എഴുതി വിശദീകരിച്ചു. ഒരു വൃത്തം വരച്ച് അതിനുള്ളില്‍ ഖൈര്‍ ഉമ്മത്ത് എന്നും മറ്റൊരു വൃത്തത്തില്‍ ലിന്നാസ് എന്നും എഴുതി സൂറത്ത് ആലുഇംറാനിലെ 110-ാം ആയത്ത് പാരായണം ചെയ്തു. ശേഷം ഖൈര്‍ ഉമ്മത്തെന്ന് എഴുതിയ വൃത്തത്തിനു മുകളില്‍ 20 ശതമാനമെന്നും ലിന്നാസ് എന്ന് എഴുതിയ വൃത്തത്തിനു മുകളില്‍ എണ്‍പതു ശതമാനമെന്നും എഴുതി. തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: നോക്കു, അതിര്‍വരമ്പുകള്‍ നിര്‍ണയിക്കപ്പെട്ട ലോകത്ത് അല്ലാഹു നമ്മെ നിയോഗിച്ചത് ഇന്ത്യയിലാണ്. ഈ കാണുന്ന 20 ശതമാനത്തോളം വരുന്ന നമ്മെ എണ്‍പതു ശതമാനം ജനങ്ങള്‍ക്കുവേണ്ടി പ്രപഞ്ചനാഥന്‍ കൊണ്ട് വന്നിരിക്കുകയാണ്. അതിനാല്‍ ഖുര്‍ആന്‍ എന്ന മുഅ്ജിസത്ത് ഉപയോഗപ്പെടുത്തി നമുക്ക് പിറകിലുള്ള ഒരു ജനതക്ക് വഴിവിളക്കായി നാം മാറണം. അല്ലാത്ത പക്ഷം അല്ലാഹുവില്‍ നിന്നുള്ള ശിക്ഷക്ക് നാം പാത്രീഭവിക്കും.
പത്തുമിനിറ്റ് മാത്രം നീണ്ടു നിന്ന ചിന്തോദീപകമായ ആ ക്ലാസ് മനസ്സിനെയും ചിന്തയെയും വല്ലാതെ പിടിച്ചുലച്ചു. മുന്‍കാല ദൈവദൂതന്മാര്‍ക്ക് അവര്‍ക്കു നല്‍കിയ വേദങ്ങളെയല്ല മുഅജിസത്താക്കിയത്, മറിച്ച് ചില പ്രവൃത്തികളെയാണ്. അത്, അവരില്‍ മാത്രം നിക്ഷിപ്തവുമായിരുന്നു. എന്നാല്‍ അന്ത്യദൂതനിലൂടെ നല്‍കിയ ഖുര്‍ആന്‍ എന്ന വേദത്തെ തന്നെ മുഅ്ജിസത്താക്കുകയും, അന്ത്യദൂതനോടൊപ്പം അത് സമയാസമയം ഉപയോഗിക്കാനുള്ള അവസരം ആ ദൂതനെ നേരെ ചൊവ്വേ പിന്‍പറ്റുന്നവര്‍ക്കെല്ലാം നല്‍കുകയും ചെയ്തു. ഒരു സത്യവിശ്വാസിക്ക് ദൈവദൂതന്മാരോടൊപ്പം ചേര്‍ന്ന്‌നില്‍ക്കാന്‍ അവസരമേകുന്നതും ഉത്തമ സമൂഹമായി വിശ്വാസികള്‍ മാറുന്നതും ഖുര്‍ആനെ കര്‍മതലത്തില്‍ പ്രയോഗിക്കുന്നതിലോടെ മാത്രമാണെന്ന ബോധം എന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു.
ഖുര്‍ആന്‍ മുഅജിസത്താണെന്നു പറയാനുള്ളതല്ല പ്രയോഗിക്കാനുള്ളതാണെന്ന ആദ്യ ബോധം പകര്‍ന്ന രിയാല്‍ സാഹിബെന്ന മനുഷ്യന്‍ വല്ലാത്തൊരു ആവേശമായി. അലി മിയാനെ തേടിയുള്ള സഫലമായ യാത്രക്കു ശേഷം പൈഗാമേ ഇന്‍സാനിയത്തിന്റെ മറ്റൊരു ദൂതന്‍ രിയാല്‍ സാഹിബിനെയും തേടി തമിഴ്‌നാട്ടിലെ ഉമറാബാദിലെ ജാമിഅ ദാറുസ്സലാമിലെത്തി. ഒരു കേരളക്കാരന്‍ വിദ്യാര്‍ഥിയെ കിട്ടിയ സന്തോഷം അദ്ദേഹത്തിന്റെ മുഖത്തും സംസാരത്തിലും നിഴലിച്ചു നിന്നു. എന്നെ വീട്ടിലേക്കു ക്ഷണിച്ചു സല്‍ക്കരിച്ചു.
രിയാല്‍ മൂസ മലബാരി എന്ന് കേരളത്തിന്ന് പുറത്തുള്ളവര്‍ വിളിക്കുന്ന ആ മനുഷ്യനെ അവിടെ വച്ചാണ് ഞാന്‍ അടുത്തറിയുന്നത്. സമ്പന്നനായ വ്യക്തി. ചുറ്റും, ഇന്ത്യയിലെ പ്രശസ്തമായ വിവിധ ദീനീ കലാലയങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ പണ്ഡിതന്മാരായ ശിഷ്യന്മാര്‍. ഒരിടത്തു നിന്നും മറ്റൊരിടത്തേക്കുള്ള നിരന്തരയാത്ര. നദ്‌വത്തുല്‍ ഉലമ, ദയൂബന്ദ് തുടങ്ങി ചെറുതും വലുതുമായ ഉത്തരേന്ത്യയിലെ ഒട്ടുമിക്ക ദീനീ കലാലയങ്ങളിലെയും പണ്ഡിതന്മാര്‍ക്കിടയിലെ ആദരണീയ വ്യക്തിത്വം. എഴുത്തും ചിന്തയും സംസാരവും ദൈവദൂതന്മാര്‍ ഉയര്‍ത്തിയ കാരുണ്യസന്ദേശത്തെകുറിച്ചും മുസ്‌ലിം ഉമ്മത്തിന്റെ ഭാവിയെ കുറിച്ചും മാത്രം. ലളിതമായ ഭക്ഷണവും വസ്ത്ര രീതിയും. ട്രെയിനിലും ബസ്സിലും മസ്ജിദുകളുടെ വരാന്തകളിലും ഉറക്കം. സുബ്ഹി ബാങ്കിന് മണിക്കൂറുകള്‍ മുമ്പ് എഴുന്നേറ്റ് പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവും. പ്രവാചകന്മാരുടെ ദൗത്യം നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വലാത്തു തഹജ്ജുദ് നിര്‍വഹിക്കണമെന്നും സമസൃഷ്ടികളുടെ ഹിദായത്തിനു എന്റെ വാക്കും പ്രവൃത്തിയും നിമിത്തമാകണേ എന്ന് പ്രാര്‍ഥിക്കുവാനും കൂടെയുള്ള പ്രബോധകരായ പണ്ഡിതന്മാരോട് ആവശ്യപ്പെട്ടു.
കേരളീയ മുസ്‌ലിം സമൂഹം അവരുടെ അഭിപ്രായ ഭിന്നതകള്‍ പുലര്‍ത്തുമ്പോള്‍ തന്നെ പരസ്പരം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യതയെ പലപ്പോഴും സൂചിപ്പിച്ചു. ചുറ്റുപാടുകളില്‍ ജീവിക്കുന്ന ഇതര ജനവിഭാഗങ്ങളെ അവഗണിച്ചുകൊണ്ടുള്ള പൊതു ഇടങ്ങളിലെ കോലാഹലങ്ങള്‍ ഇസ്‌ലാമിനെ കുറിച്ചുള്ള മതിപ്പ് നഷ്ടപ്പെടുത്തുന്നുണ്ടെന്നു നമ്മുടെ സമൂഹം തിരിച്ചറിയുന്നില്ലങ്കില്‍ ഭാവിയില്‍ അതു വലിയ പ്രത്യാഘതങ്ങള്‍ക്കു ഇടവരുത്തുമെന്ന് പലപ്പോഴും സൂചിപ്പിച്ചു. ഒരു ജനതക്ക് ഹിദായത്തിനുള്ള വഴി ഒരുക്കേണ്ടതുണ്ടന്ന തിരിച്ചറിവ് നഷ്ടപ്പെട്ടതു തന്നെയാണ് നമ്മുടെ അടിസ്ഥാന പ്രശ്‌നം.
ഖുര്‍ആന്‍ എന്ന മുഅ്ജിസത്തിനെ നമ്മുടെ പരിസരങ്ങളില്‍ അന്ത്യദൂതനെ യഥാവിധി പിന്‍പറ്റി പ്രയോഗിക്കുന്നതില്‍ ഒരു ജനത അലംഭാവം പുലര്‍ത്തുകയോ അശ്രദ്ധ കാണിക്കുകയോ ചെയ്തപ്പോള്‍ നാലാം ക്ലാസുകാരനായ ഒരു ബിസിനസ്സുകാരന്‍ അത് ശരിയായ രൂപത്തില്‍ താന്‍ നടന്നുപോയ വഴികളില്‍ പ്രയോഗിക്കുകയും വലിയൊരു ജനതക്ക് അതിലൂടെ ഹിദായത്തിന്റെ വെളിച്ചം നുകരുകയും ചെയ്തു. പേരും പ്രശസ്തിയും ആഗ്രഹിക്കാതെ, എല്ലാ സൗഭാഗ്യങ്ങള്‍ക്കു നടുവിലും അതിനോട് മുഖം തിരിഞ്ഞുനിന്ന് തനിക്ക് ലഭിച്ചതെല്ലാം താന്‍ വളര്‍ത്തിക്കൊണ്ടുവന്ന പണ്ഡിതന്മാര്‍ക്കും പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും വീതിച്ചു നല്‍കിയും ഒന്നുമില്ലാതെ ആ മഹാ മനുഷ്യന്‍ കടന്നുപോയി. നമുക്കു മുമ്പില്‍ മങ്ങാത്ത ചന്ദ്രശോഭയായി റിയാല്‍ സാഹിബ് തെളിഞ്ഞു നില്‍ക്കുന്നു. അദ്ദേഹത്തിന് അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു നല്‍കി സ്വര്‍ഗത്തില്‍ ഉന്നതമായ സ്ഥാനം നല്‍കി അനുഗ്രഹിക്കട്ടെ.`

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x