ഋഷി സുനകും സോണിയയും
അബ്ദുല്‍ ഹസീബ്
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു വടവൃക്ഷമായി വളര്‍ന്ന്, പ്രധാനമന്ത്രി വരെ ആയേക്കുമെന്ന സംസാരങ്ങള്‍ക്കിടയിലാണ് സോണിയാ ഗാന്ധി വിദേശിയാണെന്ന പ്രചാരണവും വിദ്വേഷ പ്രസാരണവും നടക്കുന്നത്. ഒരു വിദേശി ഇന്ത്യയെ ഭരിക്കുകയോ എന്ന വൈകാരികമായി ചോദ്യം ഉയര്‍ത്തിയായിരുന്നു ബി ജെ പി പ്രതിഷേധത്തിന് ഒരുങ്ങിയത്. സോണിയ പ്രധാനമന്ത്രിയായാല്‍ രണ്ടാം സ്വാതന്ത്ര്യസമരം ആരംഭിക്കുമെന്നുവരെ അന്ന് ബി ജെ പി നേതൃത്വങ്ങളില്‍ നിന്ന് പ്രസ്താവനകള്‍ ഉയര്‍ന്നു. അന്ന് സോണിയാ ഗാന്ധി ആത്മാഭിമാനം പണയം വെക്കാന്‍ തയ്യാറായില്ല. അവര്‍ പിന്മാറി. ഇതേ കൂട്ടര്‍ തന്നെയാണിപ്പോള്‍ റിഷി സുനക് പ്രധാനമന്ത്രിയാകുന്നത് ആഘോഷിക്കുന്നത്. എന്തൊരു വിരോധാഭാസം!
ഹിന്ദു പാരമ്പര്യമുണ്ട് എന്ന തോന്നലിലാണ് ഈ ആഘോഷമൊക്കെ. എന്നാല്‍, റിഷി സുനകും ഇന്ത്യയും തമ്മിലെന്താണ് ബന്ധം എന്ന കാര്യം ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. സുനക് ജനിച്ചതും വളര്‍ന്നതും ബ്രിട്ടീഷ് പൗരനായിട്ടാണ്. സുനകിനോ മാതാപിതാക്കള്‍ക്കോ ഇന്ത്യയുമായി ഒരു ബന്ധവുമില്ല. അവരെല്ലാം ബ്രിട്ടീഷ് പൗരന്‍മാരാണ്. ഇതാണ് എല്ലാവരും ആഘോഷിക്കുന്ന ‘ഇന്ത്യന്‍ വംശജന്റെ’ യഥാര്‍ഥ അടിവേര്. അച്ഛന്റെയും മുത്തച്ഛന്റെയും വംശം നോക്കിയാല്‍ മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനും നിലവിലെ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമൊക്കെ ഇന്ത്യന്‍ വംശജരാണ്. അവരാരും പ്രധാനമന്ത്രിയാവുമ്പോള്‍ ‘ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രിയായേ’ എന്ന കൂവല്‍ കേള്‍ക്കാറില്ല.
ഇന്ത്യന്‍ വംശജനായതുകൊണ്ടല്ല, തീവ്രവലതുപക്ഷക്കാര്‍ പറയുന്ന ഹിന്ദുത്വ പാരമ്പര്യം ജീവിതത്തില്‍ കൊണ്ടുനടക്കുന്നതുകൊണ്ടാണ് സുനകിനെ ഇന്ത്യന്‍ വംശജന്‍ എന്ന നിലയില്‍ ആഘോഷിക്കുന്നതെന്നതു വ്യക്തമാണ്.