21 Saturday
December 2024
2024 December 21
1446 Joumada II 19

ഋജുപാതയില്‍ നിന്നുള്ള വ്യതിയാനം

മുസ്തഫ നിലമ്പൂര്‍


പ്രവാചകന്‍(സ) ലോകര്‍ക്ക് ഉദാത്ത മാതൃക കാണിച്ചാണ് ദൗത്യം പൂര്‍ത്തീകരിച്ചത്. അദ്ദേഹത്തെ പിന്‍പറ്റി ജീവിച്ച സ്വഹാബിമാര്‍ അല്ലാഹുവിനെ തൃപ്തിപ്പെട്ടവരും അല്ലാഹു അവരെ തൃപ്തിപ്പെട്ടവരുമായ സമൂഹമായിരുന്നു. അവര്‍ ദീനിന്റെ പാശത്തില്‍ ഉറച്ചുനിന്നു. എന്നാല്‍ പില്‍ക്കാലത്ത് ഛിദ്രതയും ഭിന്നിപ്പും മുഖേന ഇസ്രായീല്‍ സന്തതികളെക്കാള്‍ ഭിന്നമായി പോകുമെന്ന് പ്രവാചകന്‍ മുന്നറിയിപ്പ് നല്‍കി. അവര്‍ക്ക് സംഭവിച്ച ദുരന്തം ചാണിന് ചാണായും മുഴത്തിനു മുഴമായും പിന്തുടരുന്ന വിഭാഗം പില്‍ക്കാലത്ത് വരാനിരിക്കുന്നുവെന്നും അന്ന് സത്യത്തിന്റെ പാതയില്‍ ന്യൂനപക്ഷമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും നബി(സ) അറിയിച്ചു.
അംറുബ്‌നു ഔഫ്(റ) പറയുന്നു: നബി(സ) പറഞ്ഞു: തീര്‍ച്ചയായും ദീന്‍ ഹിജാസിലേക്ക് ഉള്‍വലിയും, സര്‍പ്പം മാളത്തിലേക്ക് ഉള്‍വലിയുന്ന പോലെ. പര്‍വതത്തിന്റെ ഉച്ചിയില്‍ സുരക്ഷാ സ്ഥാനം കണ്ടെത്തുന്നതുപോലെ ദീന്‍ ഹിജാസില്‍ അഭയം കണ്ടെത്തും. പുതുമയോടെ അപരിചിതമായി ആരംഭിച്ച ദീന്‍ അതേ അവസ്ഥയിലേക്ക് തിരിച്ചുപോകും. അതിനാല്‍ അപരിചിതര്‍ക്ക് ഭാവുകം! എനിക്കു ശേഷം ജനങ്ങള്‍ വികൃതമാക്കിയ എന്റെ ചര്യ പുനസ്ഥാപിക്കുന്നവരാണവര്‍. (സുനനു തിര്‍മിദി 2630)
പൂര്‍വ പ്രവാചകന്മാരുടെ ജനത അവരുടെ പ്രവാചകന്‍ കൊണ്ടുവന്ന സന്ദേശത്തില്‍ മായം കലര്‍ത്തിയതുപോലെ, പില്‍ക്കാലത്ത് പുരോഹിത കൈകടത്തലുകള്‍ ഇസ്ലാമിന്റെ ലേബലില്‍ കടന്നുവന്നു. വിശുദ്ധ ഖുര്‍ആനിനെ അല്ലാഹു പ്രത്യേക സംരക്ഷണ ഗ്രന്ഥമാക്കിയതിനാല്‍, പ്രവാചകന്റെ പേരില്‍ വ്യാജം കെട്ടിച്ചമച്ച് അല്ലാഹുവിന്റെ ഏകത്വത്തില്‍ നിന്നും സ്ഥിരപ്പെട്ട സുന്നത്തില്‍ നിന്നും വ്യതിചലിപ്പിക്കാന്‍, നിര്‍മിത വാദങ്ങളും തന്ത്രങ്ങളുമായി പൈശാചിക പ്രവര്‍ത്തനങ്ങള്‍ ഈ സമുദായത്തിന്റെ പേരിലും ഉണ്ടായി. മുസ്ലിം വേഷം കെട്ടിയ ജൂതന്മാര്‍ അവരുടെ കുതന്ത്രങ്ങള്‍ മുഖേന സമുദായത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കി.
യമനിലെ അബ്ദുല്ലാഹിബ്‌നു സബഅ എന്ന ജൂതനാണ് ഇതിനു നേതൃത്വം കൊടുത്തത്. അത് മുഖേന മുസ്ലിംകളെ ഭിന്നിപ്പിച്ച് സമുദായത്തില്‍ കുഴപ്പം സൃഷ്ടിച്ചു. ‘ഈസാ നബിയേക്കാള്‍ ശ്രേഷ്ഠനായ മുഹമ്മദ് നബിയും ഈസാ നബിയെ പോലെ ഉയര്‍ത്തെഴുന്നേറ്റു വരും, എല്ലാ പ്രവാചകന്മാര്‍ക്കും അദ്ദേഹത്തിന്റെ വസ്വിയ്യത്ത് പ്രകാരം ഉള്ള ഒരു പിന്‍ഗാമി ഉണ്ടാകും. നബിയുടെ പിന്‍ഗാമി അലിയാണ്. അലിക്ക് അല്ലാഹു നേരിട്ട് അധികാരം നല്‍കിയിരിക്കുന്നു. ഖിലാഫത്ത് അലിയില്‍ നിന്ന് തട്ടിയെടുക്കപ്പെട്ടതാണ്’ എന്നിങ്ങനെയുള്ള വിതണ്ഡവാദങ്ങളുമായിട്ടാണ് അയാള്‍ രംഗപ്രവേശം ചെയ്തത്.
നബികുടുംബത്തോടുള്ള സ്‌നേഹം പ്രകടമാക്കി, സന്മാര്‍ഗ ഉപദേശത്തിന്റെയും ദുര്‍മാര്‍ഗ നിരോധനത്തിന്റെയും വക്താവായി സ്വയം വേഷം കെട്ടുകയും ചെയ്തതിനാല്‍ അയാളുടെ വിതണ്ഡ വാദങ്ങളും കള്ളക്കഥകളും വിശ്വസിക്കുന്ന ചില ആളുകള്‍ ഉണ്ടായി. ഇയാള്‍ സമൂഹത്തില്‍ കുഴപ്പങ്ങള്‍ വ്യാപിപ്പിക്കുന്നു എന്ന് മനസ്സിലാക്കിയ ബസ്വറയിലെ ഗവര്‍ണര്‍ ഇബ്‌നു ആമിര്‍ അയാളെ കൂഫയിലേക്ക് മാറ്റി. അവിടെ അയാള്‍ സ്വഹാബികളെ അധിക്ഷേപിക്കുകയും ഉസ്മാനെ(റ) സംബന്ധിച്ച് കള്ള പ്രചാരണങ്ങള്‍ നടത്തി, അദ്ദേഹത്തിന് എതിരെ ശത്രുക്കളെ ഉണ്ടാക്കി, കൂഫയില്‍ രഹസ്യ യോഗങ്ങള്‍ സംഘടിപ്പിക്കുകയും ഖലീഫയെ ശപിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ കൂഫ ഗവര്‍ണര്‍ ഇയാളെ സിറിയയിലേക്ക് മാറ്റി. എന്നാല്‍ ശക്തനായ മുആവിയ(റ)യുടെ നാട്ടില്‍ അയാളുടെ തന്ത്രം ഫലിച്ചില്ല. പിന്നീട് ഇയാള്‍ ഈജിപ്തിലേക്ക് പോയി. അയാളുടെ ദുഷ്ടമായ ആശയങ്ങള്‍ അവിടെ പ്രചരിപ്പിക്കാന്‍ തുടങ്ങി.
കള്ള ഹദീസുകള്‍ നിര്‍മിക്കുകയും പേര്‍ഷ്യന്‍ ചിന്താഗതികളെ ഇസ്ലാമിന്റെ പകിട്ടു നല്‍കി അവതരിപ്പിക്കുകയും ഇസ്ലാമിന്റെ വിശുദ്ധ പാതയെ വക്രീകരിക്കുകയും ചെയ്തു. ഉസ്മാനെ(റ) അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായി വിഭാഗങ്ങളുണ്ടായി. അനുകൂലിക്കുന്നവരെ ഉസ്മാനിയ്യ എന്നും പ്രതികൂലിക്കുന്നവരെ സബഇയ്യ എന്നും വിളിച്ചു. സബഇയ്യ വിഭാഗത്തില്‍ പിന്നെയും പിളര്‍പ്പുണ്ടായി. ഒരു വിഭാഗം ശീഅത്തു അലി (അലവിയ്യ) എന്നും മറ്റേത് ഖവാരിജ് (ഹറൂറിയ്യ) എന്നും അറിയപ്പെട്ടു. അവര്‍ക്കിടയില്‍ പിന്നെയും മാറ്റങ്ങള്‍ സംഭവിച്ചു. ഉസ്മാനിയ്യ വിഭാഗം അലി(റ)യെ പരസ്യമായി ആക്ഷേപിക്കുന്ന അവസ്ഥ വന്നു. അലവിയ്യ വിഭാഗവും സ്വഹാബിമാരെ ചീത്ത പറയാന്‍ തുടങ്ങി. രാഷ്ട്രീയ ഭിന്നതകള്‍ മതപരമായ മേഖലയില്‍ സ്വാധീനിച്ചു. പിഴച്ചവരാണെന്ന് അവര്‍ പരസ്പരം ആക്ഷേപിച്ചു. സ്വച്ഛമായ ഇസ്ലാമിന്റെ സുന്ദര സരണിയില്‍ നിന്നു അവര്‍ വ്യതിചലിച്ചു. പ്രമാണങ്ങള്‍ക്ക് പകരം ആചാരങ്ങളെ പുല്‍കുകയും ഇസ്ലാമിന്റെ ഋജുവായ പാതയെ വക്രീകരിക്കുകയും അന്ധവിശ്വാസങ്ങള്‍ കൂട്ടിക്കലര്‍ത്തുകയും ചെയ്തു.
വിവിധ തരം വിശ്വാസങ്ങളും ചിന്താഗതികളും രൂപം കൊള്ളുകയും വിവിധതരം ത്വരീഖത്ത് പ്രചരിക്കുകയും ചെയ്തു. സുഖലോലുപരായ ഭരണാധികാരികളോടുള്ള വിദ്വേഷത്താല്‍ ഭൗതിക വിരക്തരായി സൂഫിസത്തിന്റെ ആശയം പ്രചരിക്കുകയും ചെയ്തു. അടിസ്ഥാനപരമായി ഇവരെല്ലാം ശീആ വിശ്വാസികളാണ്. ശീആകള്‍ അടിസ്ഥാനപരമായി തന്നെ അഹ്‌ലുസ്സുന്നയോട് വിരുദ്ധ ആദര്‍ശം വെച്ച് പുലര്‍ത്തുന്നവരാണ്. രാഷ്ട്രീയമാണ് അവര്‍ക്ക് പ്രാമുഖ്യം. പ്രവാചക കുടുംബത്തോടുള്ള സ്‌നേഹം പ്രകടമാക്കി സ്വഹാബികളെ ആക്ഷേപിക്കുന്ന വിഭാഗമാകുന്നു അവര്‍.
കേരളത്തില്‍ ശീആ സ്വാധീനം ഉണ്ടായത് ബോംബെയില്‍ നിന്ന് വന്ന മുഹമ്മദ് ഷാ എന്ന വ്യക്തി മുഖേന, മമ്മീഷാ ത്വരീഖത്ത് (കൊണ്ടോട്ടി കൈ) പ്രചരിച്ചതിലൂടെയാണ്. ഈ ദുഷിച്ച ആശയത്തെ പൊന്നാനി സൈനുദ്ദീന്‍ മഖ്ദൂം തങ്ങള്‍ ശക്തമായി എതിര്‍ത്തു. അദ്ദേഹം അഹ്ലുസ്സുന്നയുടെ ആദര്‍ശത്തിന് വേണ്ടി നിലകൊണ്ടു. ശീഅ ആശയങ്ങള്‍ സുന്നികളില്‍ സ്വാധീനിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമങ്ങള്‍ ഉണ്ടായി. ഒരു പരിധിവരെ അതിലവര്‍ വിജയിച്ചു. സുന്നികളുടെ പല ആചാരങ്ങളിലും ഈ ആശയം കടന്നു കൂടിയിട്ടുണ്ട്.
എന്നാല്‍ ഇത് അറിയാത്ത സാധാരണക്കാര്‍ അഹ്‌ലുസ്സുന്നയുടെ നിലപാടാണെന്ന് മനസ്സിലാക്കി ആ ആദര്‍ശത്തില്‍ മുന്നോട്ടുപോകുന്നു. കേരളത്തില്‍ ഇപ്പോഴും ശീഅ ആദര്‍ശത്തിന് വേണ്ടിയുള്ള നിതാന്തമായ പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ശീഅ ആശയങ്ങള്‍ക്കായി വളരെ ആസൂത്രിതമായ വലയാണ് ഇറാന്‍ വിരിച്ചത്. ശീഅ ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഖുമൈനി, അലിശരീഅത്തി, മുര്‍തദാ മുത്വഹ്ഹരി മുതലായവരുടെ കൃതികളും ഇതില്‍പ്പെടുന്നു. ചില മീഡിയകളില്‍ പോലും അവര്‍ക്ക് സ്വാധീനവും ലഭിച്ചിട്ടുണ്ട്. ഇപ്രകാരം ആശയമാറ്റം സംഭവിച്ചതിന്റെ അടയാളങ്ങളാണ് കുട്ടിപ്പാട്ടുകളിലും കുറത്തി പാട്ടുകളിലും പക്ഷിപ്പാട്ടുകളിലും പ്രകടമായി കാണുന്നത്.
മുഹ്യുദ്ദീന്‍ ശൈഖിന്റെ പേരില്‍ ഖാദിരീ ത്വരീഖത്തും അതിനെ പ്രതിരോധിക്കാന്‍ ഖാദി മുഹമ്മദ് രചിച്ച മുഹ്‌യുദ്ദീന്‍ മാലയും ഉണ്ടായി. ശിര്‍ക്കിലേക്കും അനാചാരങ്ങളിലേക്കും വഴുതിവീഴുന്ന വരികളാണ് അവയില്‍ പലതും. ഈ ദുരന്തത്തില്‍ നിന്നു ജനങ്ങളെ സത്യപാതയിലേക്ക് നയിക്കുന്നതിന് വേണ്ടിയാണ് ഇസ്ലാഹി പ്രസ്ഥാനം രൂപം കൊണ്ടത്.
പരിശുദ്ധ ഖുര്‍ആനും പ്രവാചകന്റെ സുന്നത്തും പ്രമാണമായി സ്വീകരിച്ച് യഥാര്‍ഥ ഇസ്ലാമിന്റെ ആദര്‍ശത്തിലേക്ക് ക്ഷണിക്കുകയാണ് ഈ പ്രസ്ഥാനം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഹൈടെക് സംവിധാനങ്ങള്‍ ഉപയോഗിച്ച് ശീആ ആദര്‍ശം അഹ്ലുസ്സുന്നയുടെ പേരില്‍ പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നതാണ് വസ്തുത. ഇതിന്റെ ഗുരുതരാവസ്ഥ സമൂഹത്തിനും സമുദായത്തിനും നേതൃത്വം നല്‍കുന്നവര്‍ വിസ്മരിച്ചു കളയുന്നത് ആത്മഹത്യാപരമാണ്.

Back to Top