ഉദാരമതിയായ കോടീശ്വരന്‍
സി കെ റജീഷ്
അമേരിക്കക്കാരനായ ജോണ്‍ ഡി റോക്കഫെല്ലറുടെ ജീവിതകഥ കേട്ടിട്ടുണ്ടോ? ലോകപ്രശസ്തനായ കോടീശ്വരനാണദ്ദേഹം. യുവാവായിരിക്കെ ബിസിനസ്സിലേക്ക് ഇറങ്ങിയ റോക്കഫെല്ലറുടെ ആസ്തി 31-ാം വയസ്സില്‍ പത്തുലക്ഷം ഡോളറാണ്. എണ്ണയുല്പാദനത്തിലൂടെയാണ് വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്തിയത്. 53-ാം വയസ്സില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കോടീശ്വരനായി മാറി. ബിസിനസ്സില്‍ മാത്രമായിരുന്നു മുഴുശ്രദ്ധ. പെട്ടെന്നാണ് അദ്ദേഹം രോഗബാധിതനാവുന്നത്.
ഭക്ഷണം ദഹിക്കാന്‍ കഴിയാത്ത അസാധാരണ രോഗം അേദ്ദഹത്തെ പിടിമുറുക്കി. കണ്ണിന്റെ പുരികം പോലും കൊഴിഞ്ഞ് ശരീരം വിരൂപമായി. ഉറക്കമില്ലാത്ത രാത്രികള്‍ അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥനാക്കി. ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ഇനി അസാധ്യമാണെന്ന് എല്ലാവരും വിധിയെഴുതി. മരണം കാത്ത്, കിടപ്പുമുറിയില്‍ വേദനയോടെ കഴിയുന്ന റോക്ക്ഫെല്ലര്‍ക്ക് ഒരു രാത്രിയില്‍ ഉള്‍വിളിയുണ്ടായി:
ഇനിയും എത്ര നാള്‍ ഇവിടെയുണ്ടാകുമെന്ന് ഒരു നിശ്ചയവുമില്ല. ഒരു ചില്ലിക്കാശ് പോലും കൂടെ കൊണ്ടുപോകാന്‍ എനിക്കാവില്ല. താന്‍ സമ്പാദിച്ച പണമെല്ലാം എന്തിന് വേണ്ടി?
രോഗാതുരരായ റോക്ക്ഫെല്ലര്‍ക്ക് പണത്തോടുള്ള കാഴ്ചപ്പാട് മാറി. പണം സമ്പാദിച്ച് പൂഴ്ത്തിവെക്കാനുള്ളതല്ല, വിനിയോഗിച്ച് സംതൃപ്തിയടാനുള്ളതാണ് എന്ന് രോഗം ഈ കോടീശ്വരനെ പഠിപ്പിച്ചു. പരാധീനത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ നിരവധി പദ്ധതികള്‍ക്ക് റോക്ക്ഫെല്ലര്‍ തുടക്കം കുറിച്ചു. പെന്‍സിലിന്‍ കണ്ടുപിടിക്കാന്‍ ധനസഹായം നല്കി. മലേറിയ നിവാരണത്തിനും ക്ഷയരോഗ നിര്‍മാര്‍ജനത്തിനും പണം വാരിക്കോരി ചെലവഴിച്ചു. പാവപ്പെട്ടവര്‍ക്ക് പഠന സഹായം നല്‍കി. പണം നല്‍കുന്നതിലെ ആനന്ദം റോക്കഫെല്ലറുടെ ആ ശരീരത്തെയും മനസ്സിനെയും ആരോഗ്യമുള്ളതാക്കി. നല്‍കുന്നതിലാണ് നിര്‍വൃതിയെന്ന് ഉദാരമതിയായ ആ കോടീശ്വരന്റെ അനുഭവ സാക്ഷ്യം നമ്മോട് പറയുന്നു.
എന്തെല്ലാം ഉണ്ട് എന്നതല്ല, ഉള്ളതെല്ലാം എങ്ങനെ ഉപയോഗിക്കുന്നുവെന്നതാണ് മികവിന്റെ മാനദണ്ഡം. ഉള്ളില്‍ സംഗീതമുണ്ട് എന്നത് തെളിയേണ്ടത് സഞ്ചരിക്കുന്ന പാട്ടിന്റെ വഴികളിലൂടെയാണ്. ഒരുപാട്ട് പോലും പാടാത്തവര്‍ക്ക് സപ്ത സ്വരങ്ങളുടെ ആവശ്യമില്ലല്ലോ? ഉപകരിക്കാത്ത സ്ഥിരനിക്ഷേപങ്ങള്‍ കൊണ്ട് ഉള്ള് നിറയുന്ന ആനന്ദമോ ഉന്മേഷമോ അനുഭവിക്കാനാകില്ല. സമ്പാദ്യങ്ങളുടെ പേരിലല്ല ആരെയും വിലയിരുത്തേണ്ടത്. സമ്പത്ത് എങ്ങനെ വിനിയോഗിക്കുന്നുവെന്നതിന്റെ പേരിലാണ്.
ജീവന് വില പറയുന്ന രോഗം നമ്മെ പിടിമുറുക്കുന്നു. ജീവിതം തന്നെ അതിനായി നല്‍കാന്‍ മനസ്സ് കാണിക്കുന്നവരാണ് നാം. ജീവനും ജീവിതവും തന്നെയാണ് വലുതെന്ന് രോഗം നമ്മെ പഠിപ്പിച്ചേക്കും. പക്ഷേ സമ്പാദ്യത്തില്‍ നിന്ന് വിനിയോഗിക്കാന്‍ മരണം വരെ കാത്തു നില്‍ക്കരുത്. തനിക്ക് ഉപകരിക്കാതിരിക്കുമ്പോള്‍ ഉദാരമനസ്‌കത കാണിക്കുന്നതിലല്ല കാര്യം. പ്രിയപ്പെട്ടതിനെ ഇഷ്ടത്തോടെ വിനിയോഗിക്കാനുള്ള സുമനസ്സാണ് വേണ്ടത്. ‘നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല’ എന്ന് ഖുര്‍ആന്‍ (3:92) ഉണര്‍ത്തിയിട്ടുണ്ട്.
രോഗവും മരണവും മനുഷ്യനെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. ചില മുന്‍കരുതലുകള്‍ എടുക്കാനുള്ള മുന്നറിയിപ്പുകളാണ് അവയെന്ന് മനുഷ്യന്‍ മറന്നുപോകുന്നു. മരണത്തെ മുന്നില്‍ കാണുമ്പോഴും അവന്‍ ആര്‍ത്തിയുടെ അടിമയാണ്. കിഴക്കേ ആഫ്രിക്കയിലെ പുരാതന നഗരമായ മൊമ്പാസയിലെ പറങ്കികളുടെ കഥയാണ് ഓര്‍മ വരുന്നത്. പറങ്കികള്‍ അവിടെ കയ്യേറിയപ്പോള്‍ അവരുടെ കൈവശം ധാരാളം രത്‌നങ്ങളും പവിഴങ്ങളുമുണ്ടായിരുന്നു. ഒമാന്‍ അറബികള്‍ മൊമ്പാസ പരിശോധിച്ചപ്പോള്‍ പറങ്കികള്‍ പട്ടിണി കൊണ്ട് പൊറുതി മുട്ടി. ആഹാരം കിട്ടാതെ പലരും മരിച്ചു വീണു. കടുത്ത ക്ഷീണം കാരണം വേച്ചു വേച്ചു നടന്ന പറങ്കികള്‍ പരസ്പരം അപ്പോഴും പോരടിച്ചത് രത്നങ്ങള്‍ കൈവശപ്പെടുത്താനായിരുന്നു. മരിച്ചുവീഴുന്നവരില്‍ നിന്ന് രത്നങ്ങള്‍ വാരിക്കൂട്ടി സ്വന്തമാക്കാനുള്ള തത്രപ്പാടായിരുന്നു അവര്‍ കാണിച്ചത്. മനുഷ്യന്റെ വയറു നിറയ്ക്കാന്‍ മണ്ണിനല്ലാതെ കഴിയില്ലെന്ന് നബി(സ) അരുളിയത് എത്ര അര്‍ഥവത്താണ്.