8 Sunday
December 2024
2024 December 8
1446 Joumada II 6

സംവരണത്തിന്റെ പ്രസക്തിയും ചരിത്രവും

ശുക്കൂര്‍ കോണിക്കല്‍


സംവരണം എന്നത് നമ്മുടെ രാജ്യത്ത് എന്നും ചൂടുള്ള ചര്‍ച്ചയാണ്. ലോകസഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ വിധി നിര്‍ണയങ്ങളിലടക്കം സംവരണവും അനുബന്ധ ചര്‍ച്ചകളും സ്വാധീനം ചെലുത്താറുണ്ട്. ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥയും തൊട്ടുകൂടായ്മയും ചില വിഭാഗങ്ങളെ സാമൂഹികമായി പിന്നാക്കമാക്കി. ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ ഭാഗമായി ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ നാല് വിഭാഗങ്ങള്‍ രൂപപ്പെട്ടു. രാജ്യത്ത് ജാതി വ്യവസ്ഥ ശക്തിപ്പെട്ടപ്പോള്‍ താഴ്ന്ന ജാതിക്കാര്‍ എന്ന പേരില്‍ നല്ലൊരു വിഭാഗം മനുഷ്യര്‍ വിവേചനത്തിന്റെ ഇരകളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. ഇവര്‍ക്ക് നല്ല വിദ്യാഭ്യാസം, നല്ല തൊഴില്‍ തുടങ്ങിയവ സാധ്യമായില്ല. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ മേല്‍ക്കോയ്മ മനസ്സ് എന്നും ജാതി ചിന്തിക്കുന്നവര്‍ക്ക് ഒപ്പമായിരുന്നു.
ഉന്നതകുലജാതികള്‍ക്കും സാമ്പത്തിക ശേഷിയുള്ളവര്‍ക്കും മാത്രമായി ഇംഗ്ലീഷ് വിദ്യാഭ്യാസം പരിമിതപ്പെട്ടു. 1910 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ തൊഴില്‍ റിക്രൂട്ട്‌മെന്റില്‍ ഇംഗ്ലീഷ് പ്രാവീണ്യമുള്ളവര്‍ നിയമിക്കപ്പെട്ടു. സര്‍ക്കാര്‍ ജോലി ഉന്നത ജാതിയില്‍പ്പെട്ടവര്‍ക്ക് മാത്രമായി ചുരുങ്ങി. മദ്രാസ് പ്രൊവിന്‍സില്‍ 3% മാത്രം ജനസംഖ്യ പ്രാതിനിധ്യമുള്ള ബ്രാഹ്മണര്‍ ജോലിയുടെ 80% കൈയടക്കി. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ തൊഴില്‍-അധികാര രംഗങ്ങളിലെ നിര്‍ണായക സ്ഥാനങ്ങളിലെല്ലാം ഉയര്‍ന്ന ജാതിക്കാര്‍ക്ക് പ്രാമുഖ്യം കിട്ടി.
ഡോ. അംബേദ്ക്കറുടെയും മറ്റും ശ്രമഫലമായി അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് മുഖ്യധാരയില്‍ ഇടം വേണമെന്ന ചര്‍ച്ച രാജ്യത്ത് ഉയര്‍ന്നു. സ്വാതന്ത്ര്യത്തിന് ശേഷം പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ തൊഴില്‍, തെരഞ്ഞെടുപ്പ് രംഗങ്ങളില്‍ സംവരണമാവാമെന്ന കാര്യത്തില്‍ പൊതുവെ എല്ലാവരും യോജിച്ചു. ലോകസഭയിലും നിയമസഭകളിലും 10 വര്‍ഷത്തേക്ക് അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് ഭരണഘടനയില്‍ പരാമര്‍ശമുണ്ടായി. 10 വര്‍ഷം കൊണ്ട് രാജ്യത്ത് ജാതീയ ഉച്ഛനീചത്വങ്ങള്‍ ഇല്ലാതാകുമെന്ന ശുഭപ്രതീക്ഷയിലാണ് അങ്ങനെ പറഞ്ഞതെങ്കിലും പ്രായോഗികമായി അങ്ങനെ ഉണ്ടായില്ല. അതിനാല്‍ ഇന്നും സംവരണം തുടരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15 ല്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാതി- ലിംഗം – മതം എന്നിവയുടെ പേരില്‍ വിവേചനം പാടില്ലെന്ന് എടുത്ത് പറയുന്നുണ്ട്.
ഭരണഘടനാപരമായി ലഭിക്കേണ്ട അവസരസമത്വവും പരിഗണനകളും സംബന്ധിച്ച് പിന്നാക്ക വിഭാഗങ്ങള്‍ക്ക് കുറച്ചൊക്കെ ബോധ്യം ഉണ്ടാവുകയും വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളില്‍ അവസരങ്ങള്‍ ലഭ്യമാവണമെന്ന മുറവിളി ഉയരുകയും ചെയ്തു. മദ്രാസ് മേഖലയില്‍ അക്കാലത്ത് പിന്നാക്കക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഉണ്ടായിരുന്നു. ചമ്പകം ദൊരൈരാജന്‍ എന്നയാള്‍ സംവരണത്തിനെതിരെ 1951 ല്‍ കോടതിയെ സമീപിക്കുകയും കോടതി സംവരണത്തെ എതിര്‍ക്കുകയും ചെയ്തു.
എന്നാല്‍ 1952 ല്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15 ല്‍ ഭേദഗതി നടത്തി പിന്നാക്കക്കാര്‍ക്ക് അവരുടെ ഉന്നമനത്തിനായി വിദ്യാഭ്യസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ സംവരണമാകാമെന്ന വ്യവസ്ഥയുണ്ടായി. ആര്‍ട്ടിക്കിള്‍ 16 ല്‍ തൊഴില്‍ സംവരണം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും തോന്നിയപോലെ സംവരണം നല്‍കുന്ന നില വന്നപ്പോള്‍ എം ആര്‍ ബാലാജി നല്‍കിയ കേസില്‍ സംവരണം ഒരിക്കലും 50 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും 50 ശതമാനം ജനറല്‍ മെറിറ്റിനായി വിട്ടുകൊടുക്കണമെന്നും സുപ്രീം കോടതി വിധിച്ചു. സാമൂഹികമായും വിദ്യാഭ്യാസപരമായും ചരിത്രപരമായും പിന്നാക്കമായിപ്പോയ ഗണങ്ങളെയാണ് പിന്നാക്കമായി നിര്‍വചിക്കപ്പെട്ടതെങ്കിലും ആദ്യകാലത്ത് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെയാണ് ഇതില്‍ പരിഗണിച്ചിരുന്നത്.
എന്നാല്‍ പില്‍ക്കാലത്ത് ഇതര സാമൂഹിക വിഭാഗങ്ങളില്‍ പിന്നാക്കാവസ്ഥ നേരിടുന്നവര്‍ ധാരാളമുണ്ടെന്നും അവരെ കണ്ടെത്തി സംവരണം നല്‍കണമെന്നും ആവശ്യമുയര്‍ന്നു. 1980 ല്‍ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കെ ബി പി മണ്ഡല്‍ അധ്യക്ഷനായി ഒരു കമ്മീഷന്‍ രൂപീകരിച്ചു. ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്തുകയും അവര്‍ക്ക് സംവരണം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
എസ് സി, എസ് ടി വിഭാഗങ്ങളെ കൂടാതെ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്ന പട്ടികയില്‍ തൊഴില്‍-വിദ്യാഭ്യാസ സംവരണം ആവശ്യമുള്ള നല്ലൊരു വിഭാഗം ജനങ്ങള്‍ രാജ്യത്തുണ്ടെന്നും ഇത് ജനസംഖ്യയുടെ 50 ശതമാനത്തോളം വരുമെന്നും മണ്ഡല്‍ കമ്മറ്റി കണ്ടെത്തി. ഇവര്‍ക്ക് 27% സംവരണം ഏര്‍പ്പെടുത്തണമെന്നും ശിപാര്‍ശ ചെയ്തു. 1990 ല്‍ വി പി സിംഗ് പ്രധാനമന്ത്രിയായിരിക്കെ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ഒ ബി സി കള്‍ക്ക് 27 ശതമാനം സംവരണം നടപ്പാക്കുകയും ചെയ്തു. എസ് സി വിഭാഗത്തിന് 7.5 ശതമാനം, എസ് ടി വിഭാഗത്തിന് 15 ശതമാനം, ഒ ബി സികള്‍ക്ക് 27 ശതമാനം എന്ന രീതിയില്‍ സംവരണം ക്രമപ്പെടുത്തി. 1991 ല്‍ പി വി നരസിംഹറാവു അധികാരത്തിലിരിക്കെ ക്രീമിലെയര്‍ മാനദണ്ഡം കൊണ്ടു വന്നു.
ഒ ബി സി വിഭാഗത്തില്‍ നിശ്ചിത സാമ്പത്തിക വരുമാനത്തിന് താഴെയുള്ളവര്‍ക്കായി സംവരണം പരിമിതപ്പെടുത്തി. അതോടൊപ്പം തന്നെ ഉയര്‍ന്ന വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണവും കൊണ്ടു വന്നു. എന്നാല്‍ 1993 ല്‍ പ്രശസ്തമായ ഇന്ദിര സാഹ്നി കേസില്‍ സുപ്രീം കോടതി സംവരണ വിഷയത്തില്‍ സുപ്രധാന വിധി പുറപ്പെടുവിച്ചു. സംവരണം ഒരിക്കലും 50 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും ഒ ബി സികള്‍ക്ക് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് സാധുവാണെന്നും മുന്നോക്കത്തിലെ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍ക്കുള്ള ഋണട 10 ശതമാനം സംവരണം നിലനില്‍ക്കില്ലെന്നും കോടതി വിധിച്ചു. ക്രീമിലെയര്‍ സാമ്പത്തിക പരിധിക്ക് താഴെയുള്ളവര്‍ക്ക് മാത്രമാണ് ഒ ബി സി സംവരണം ലഭിക്കുക എന്നും കോടതി വിധിച്ചു. ഋണട ലെ 10 ശതമാനം സംവരണം നിലനില്‍ക്കില്ലെന്ന് കോടതി പറയാന്‍ കാരണം ഭരണഘടനയില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയിലുള്ളവരാണ് പിന്നാക്ക നിര്‍വചനത്തില്‍ പെടുന്നത് എന്നതുകൊണ്ടും സാമ്പത്തിക പിന്നാക്കാവസ്ഥയല്ല എന്നതുകൊണ്ടുമായിരുന്നു.
2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ 104-ാം ഭരണ ഘടന ഭേദഗതിയിലൂടെ മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവരുടെ ഉന്നമനത്തിന് സംവരണമാകാമെന്നും ഋണട വിഭാഗത്തിന് 10 ശതമാനം സംവരണം നല്‍കാമെന്നുമുള്ള നിയമം കൊണ്ടുവന്നു. യഥാര്‍ഥത്തില്‍ സംവരണം 50 ശതമാനത്തില്‍ കൂടാന്‍ പാടില്ല എന്ന സുപ്രീം കോടതി വിധിയുടെ അന്തഃസത്തക്ക് വിരുദ്ധമായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ തീരുമാനമെടുത്തത്. സംവരണം എന്നത് സാമൂഹിക നീതിക്കായുള്ള പ്രായോഗിക രീതിയാണ്. അതിന് അട്ടിമറിക്കാന്‍ ചരിത്രബോധമുള്ളവര്‍ കൂട്ടുനില്‍ക്കുകയില്ല.
എസ് സി /എസ് ടി വിഭാഗങ്ങള്‍ക്ക് കേന്ദ്ര ലിസ്റ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഒ ബി സി വിഭാഗത്തിന് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വെവ്വേറെ ലിസ്റ്റാണ് ഉണ്ടായിരുന്നത്. 102-ാം ഭരണഘടന ഭേദഗതിയുടെ ചുവടു പിടിച്ച് നാഷണല്‍ കമ്മീഷന്‍ ഫോര്‍ ബാക്ക്‌വേര്‍ഡ് ക്ലാസ് രൂപീകരിക്കുകയും കമ്മീഷന്‍ ശിപാര്‍ശ പ്രകാരം ഒ ബി സി ലിസ്റ്റില്‍ മാറ്റത്തിന് അവകാശം കേന്ദ്രത്തില്‍ പരിമിതപ്പെടുത്തുകയും ചെയ്തു. പിന്നീട് മറാഠ സംവരണം വിവാദമുണ്ടായപ്പോഴാണ്, ഒ ബി സി ലിസ്റ്റില്‍ ആവശ്യമായ പുനഃക്രമീകരണങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്നത്.
രാജ്യത്തിന്റെ പുരോഗതിയും ശാക്തീകരണവും ഉണ്ടാകുന്നത് എല്ലാ വിഭാഗം പൗരന്‍മാര്‍ക്കും അര്‍ഹമായ അവകാശങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോഴാണ്. ചരിത്രപരമായും സാമൂഹികമായും നൂറ്റാണ്ടുകളായി പിന്നാക്കം നില്‍ക്കുന്ന സമൂഹത്തെ മുഖ്യധാരയിലേക്ക് എത്തിക്കണമെങ്കില്‍ വിദ്യാഭ്യാസ-തൊഴില്‍ രംഗങ്ങളില്‍ അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണം.
രാജ്യത്ത് കാലാകാലങ്ങളായി രൂപീകരിക്കപ്പെട്ട വിവിധ കമ്മീഷനുകള്‍ ഇതിന്റെ ആവശ്യകത നിരന്തരം ബോധ്യപ്പെടുത്തിയിട്ടുണ്ട്. പൊരുതി നേടിയ സംവരണ ആനുകൂല്യങ്ങളില്‍ അല്‍പാല്‍പം വെള്ളം ചേര്‍ത്ത് ഉള്ളത് തന്നെ ഇല്ലാതാക്കുന്ന നയങ്ങളാണ് കേരളത്തിലുള്‍പ്പെടെ കാണുന്നത്. ഇതിനെതിരെ പിന്നാക്ക വിഭാഗങ്ങളുടെ ശക്തമായ പ്രതിഷേധം രൂപപ്പെടേണ്ടതുണ്ട്.

Back to Top