29 Wednesday
March 2023
2023 March 29
1444 Ramadân 7

സംവരണവും സാമൂഹ്യനീതിയും


2019ല്‍ 103ാം ഭരണഘടനാ ഭേദഗതിയായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുന്നാക്ക സംവരണം സുപ്രീംകോടതി ശരിവെച്ചുകൊണ്ട് ഭൂരിപക്ഷ വിധി പുറപ്പെടുവിക്കുകയുണ്ടായി. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്നു പേരും ഭേദഗതിയെ പിന്തുണച്ചപ്പോള്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ടും ചീഫ് ജസ്റ്റിസുമാണ് വിയോജിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നത് സംവരണത്തിന് പരിഗണിക്കാവുന്ന കാറ്റഗറിയാണോ? സാമ്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ക്ക് എതിരാണോ? സംവരണം 50 ശതമാനത്തില്‍ കൂടരുത് എന്ന തത്വം നിരാകരിക്കപ്പെടുന്നുണ്ടോ? ഇത്യാദി കാര്യങ്ങളാണ് കോടതി പ്രധാനമായും പരിശോധിച്ചത്. ഈ പരിശോധനയില്‍ കോടതി എത്തിച്ചേര്‍ന്ന ഭൂരിപക്ഷ തീര്‍പ്പ് നിരാശാജനകമാണ്.
സംവരണം എന്തിനാണ് നടപ്പാക്കുന്നത് എന്നതു സംബന്ധിച്ച സൈദ്ധാന്തിക ചോദ്യത്തിലേക്ക് കോടതി പ്രവേശിച്ചിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയോ സാമ്പത്തിക സുരക്ഷയോ അല്ല സംവരണം. വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഭരണഘടനാ ശില്‍പികള്‍ കണ്ടെത്തിയ മാര്‍ഗമാണിത്.
എന്നാല്‍ കാലക്രമത്തില്‍ സംവരണം എന്തിനാണ് നടപ്പാക്കുന്നത് എന്നതുപോലും രാഷ്ട്രീയ പാര്‍ട്ടികള്‍ മറന്നുപോയിട്ടുണ്ട്. ഇതു സംബന്ധിച്ച ബില്‍ ലോക്‌സഭയില്‍ വന്നപ്പോള്‍ മൂന്നു വോട്ടുകള്‍ മാത്രമാണ് എതിര്‍ശബ്ദമായി രേഖപ്പെട്ടത്. അതില്‍ രണ്ടു വോട്ടുകളും കേരളത്തില്‍ നിന്നായിരുന്നു എന്നത് പരാമര്‍ശം അര്‍ഹിക്കുന്നു.
സംവരണം രൂപപ്പെട്ട ചരിത്ര പശ്ചാത്തലം മനസ്സിലാക്കുമ്പോഴാണ് അതിന്റെ യഥാര്‍ഥ ഉദ്ദേശ്യം തിരിച്ചറിയുക. ജാതീയതയുടെ പേരില്‍ നൂറ്റാണ്ടുകളോളം പൊതുഇടങ്ങളില്‍ നിന്നും വിദ്യാഭ്യാസരംഗത്തുനിന്നും അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ജനവിഭാഗങ്ങളാണ് ഇന്ത്യയിലെ ഭൂരിപക്ഷം ജനതയും. അംബേദ്കര്‍ നിരീക്ഷിക്കുന്നതുപോലെ ഇന്ത്യയിലെ ശ്രേണീകൃതമായ ജാതിവ്യവസ്ഥ ഒരു സര്‍വാംഗീകൃത തത്വമെന്ന നിലയിലാണ് ആചരിച്ചുപോന്നിരുന്നത്. അതുകൊണ്ടുതന്നെ ജനസംഖ്യയിലെ ന്യൂനാല്‍ ന്യൂനപക്ഷമായ സവര്‍ണ വിഭാഗങ്ങളാണ് എല്ലാ മേഖലകളും കൈയടക്കി വെച്ചിരുന്നത്. മുന്നാക്ക വിഭാഗം എന്ന് അവരെ വിളിച്ചത് അതുകൊണ്ടാണ്.
അധികാര-സാംസ്‌കാരിക-ഉദ്യോഗ രംഗങ്ങളിലെല്ലാം ജനസംഖ്യയെക്കാളേറെ പ്രാതിനിധ്യവും ദൃശ്യതയും മുന്നാക്കവിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂമി കൈവശം വെക്കുന്നവര്‍ മുന്നാക്കവിഭാഗങ്ങളിലെ വ്യക്തികളോ അവരുമായി ബന്ധപ്പെട്ട സാമൂഹിക സ്ഥാപനങ്ങളോ ആയിരിക്കും. രാഷ്ട്രീയ നേതാക്കളുടെ എണ്ണത്തിലും അധികാര കേന്ദ്രങ്ങളില്‍ വിരാജിക്കുന്നവരുടെ എണ്ണം എടുത്തുനോക്കിയാലും അതിലെല്ലാം വലിയൊരു ശതമാനം മുന്നാക്കവിഭാഗത്തില്‍ നിന്നാണെന്ന് കാണാന്‍ സാധിക്കും. സാമൂഹിക വിഭാഗം എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിട്ടുള്ളതും മുന്നാക്ക വിഭാഗത്തിനാണ്. ഈ കാരണങ്ങളെല്ലാം കൊണ്ടുതന്നെയാണ് വേണ്ടത്ര പ്രാതിനിധ്യമില്ലാത്ത ജനവിഭാഗങ്ങള്‍ക്ക് സംവരണത്തിലൂടെ നീതി ഉറപ്പുവരുത്താനുള്ള ശ്രമം ഉണ്ടായത്.
ഏതെങ്കിലും വ്യക്തികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനോ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനോ ഉള്ള മാര്‍ഗമായി സംവരണത്തെ ഉപയോഗിച്ചിട്ടില്ല. സംവരണം വ്യക്തികള്‍ക്കല്ല ലഭിക്കുന്നത്. അതൊരു സാമൂഹിക വിഭാഗത്തിന്റെ അവകാശമാണ്. പ്രായോഗികമായി, ഒരു സമുദായത്തിന്റെ പ്രാതിനിധ്യം എന്നാല്‍ ആ സമുദായത്തിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ സാന്നിധ്യം വഴിയാണല്ലോ സാധ്യമാവുക. അതിനാല്‍ സംവരണം ഒരു വ്യക്തിക്ക് ലഭിക്കുന്നു എന്ന് കരുതിയാലും ആ വ്യക്തിയുടെ എന്തെങ്കിലും പോരായ്മകള്‍ കൊണ്ടോ പ്രിവിലേജ് കൊണ്ടോ ലഭിക്കുന്ന ഒന്നല്ല സംവരണം. ഒരു സാമൂഹിക ജനവിഭാഗത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് ആ വ്യക്തി സംവരണത്തിന് അര്‍ഹനാകുന്നത്.
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവര്‍ ഉണ്ടാകാം. അവര്‍ക്കു വേണ്ടത് ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളും ക്ഷേമപദ്ധതികളുമാണ്. അധികാര പങ്കാളിത്തത്തില്‍ അവരുടെ പ്രാതിനിധ്യമോ ദൃശ്യതയോ ഒട്ടും പിറകിലല്ല. അതുകൊണ്ടുതന്നെ സംവരണം നല്‍കി അധികാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ട അവസ്ഥ മുന്നാക്കവിഭാഗങ്ങള്‍ക്കില്ല. നിലവില്‍ പ്രാതിനിധ്യത്തില്‍ ഏറെ മുമ്പില്‍ നില്‍ക്കുന്നവര്‍ക്ക് വീണ്ടും സംവരണം നല്‍കുക വഴി, നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ജാതിവിവേചനത്തിന്റെ ഇരകളായിത്തീര്‍ന്ന പിന്നാക്കവിഭാഗങ്ങള്‍ അധികാരകേന്ദ്രങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാവുക.

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x