29 Friday
November 2024
2024 November 29
1446 Joumada I 27

റിസര്‍ച്ചിന് കളമൊരുക്കാന്‍ കോളജുകള്‍ക്ക് സാധിക്കുമോ?

ഡോ. മലീഷ് സി എം


സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോളജുകള്‍ വിജ്ഞാന പ്രസാരണത്തിന്റെയും സര്‍വകലാശാലകള്‍ വിജ്ഞാന ഉല്‍പാദനത്തിന്റെയും കേന്ദ്രങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഗവേഷണവും അധ്യാപനവും സംയോജിപ്പിക്കുക വഴി അറിവ് വികസിപ്പിക്കാന്‍ സാധിക്കുമെന്ന് ഹംബോള്‍ട്ടന്‍ മാതൃക പറയുന്നു. 2020ലെ ദേശീയ വിദ്യാഭ്യാസ നയം (NEP) പ്രകാരം നാലു വര്‍ഷത്തെ ഗവേഷണ (Four Year Degree with Research – FYDR) പ്രോഗ്രാമിലൂടെ ബിരുദതലത്തില്‍ ഗവേഷണം അവതരിപ്പിക്കുന്നതിലൂടെ കോളജുകള്‍ അധ്യാപനത്തിനു മാത്രമുള്ളതാണെന്ന ധാരണ തിരുത്തപ്പെടുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ വര്‍ഷം മുതല്‍ FYDR തുടങ്ങുകയാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് ഉപയോഗിക്കുന്ന പാരാമീറ്ററുകളിലൊന്നാണ് ഗവേഷണത്തിലും പ്രൊഫഷണല്‍ പ്രാക്ടീസുകളിലുമുള്ള മികവ്. 2021ല്‍ ആദ്യ നൂറു സ്ഥാനങ്ങളില്‍ എത്തിയ കോളജുകളുടെ ഈ പാരാമീറ്ററിലെ സ്‌കോറുകളുടെ വിശകലനത്തെ അടിസ്ഥാനമാക്കി, ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് കോളജുകളില്‍ മതിയായ ബൗദ്ധിക വിഭവങ്ങളുടെയും സൗകര്യങ്ങളുടെയും ലഭ്യതയാണ് ഈ ലേഖനം പരിശോധിക്കുന്നത്. എന്‍ഐആര്‍എഫില്‍ റാങ്ക് നേടിയിട്ടുള്ള കോളജുകള്‍ക്കു പോലും ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനു മതിയായ ബൗദ്ധിക വിഭവങ്ങളും സാഹചര്യങ്ങളും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ഇത് കോളജുകളില്‍ എഫ്‌വൈഡിആര്‍ നടപ്പാക്കുന്നതിന് വലിയ തടസ്സമാകും.
ഉന്നത വിദ്യാഭ്യാസവും ഗവേഷണവും
സമീപകാല നയരേഖകളില്‍ ഗവേഷണങ്ങള്‍ക്ക് വലിയ ശ്രദ്ധ ലഭിച്ചിട്ടുണ്ട്. ചഋജ 2020, സയന്‍സ് ടെക്‌നോളജി ആന്റ് ഇന്നൊവേഷന്‍ പോളിസി (STIP) എന്നിവ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഗവേഷണങ്ങളോടുള്ള അവഗണനയെ അഭിസംബോധന ചെയ്യുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തില്‍ നിന്നുള്ള ഗവേഷണ ഫലങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഗവേഷണ കഴിവുകളുള്ള മതിയായ ആളുകളെ സൃഷ്ടിക്കുന്നതിനും അത് ഊന്നല്‍ നല്‍കുന്നു. ആഗോള വിജ്ഞാന സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന പങ്കാളിയാകാനുള്ള രാജ്യത്തിന്റെ അഭിലാഷത്തിന് അനുസൃതമാണിത്. ഭരണനിര്‍വഹണം, ഗവേണന്‍സ്, മാനേജ്‌മെന്റ്, ഫിനാന്‍സ്, ഉന്നതവിദ്യാഭ്യാസ പഠന പരിപാടികളുടെ അക്കാദമിക ഘടന, ദൈര്‍ഘ്യം തുടങ്ങിയ മേഖലകളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ NEP 2020 നിര്‍ദേശിക്കുന്നുണ്ട്.
നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ 2020 പോലുള്ള പുതിയ ഫണ്ടിങ് സംവിധാനങ്ങള്‍, ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവേഷണത്തിന് മെച്ചപ്പെട്ട ധനസഹായം നല്‍കാന്‍ ലക്ഷ്യമിടുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ മുഴുസമയ ഗവേഷകരുടെ എണ്ണവും ഗവേഷണ-വികസന (R&D) മേഖലയിലെ മൊത്ത ചെലവും ഇരട്ടിയാക്കുന്നതിനു പുറമേ, ഗവേഷണ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിന് ഗവേഷണ-വികസന സ്ഥാപനങ്ങളുമായും വ്യവസായ മേഖലകളുമായും സഹകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് STIP നിര്‍ദേശിക്കുന്നു. പരമ്പരാഗതമായി, വിദ്യാര്‍ഥികളുടെ ഗവേഷണമെന്നാല്‍ എംഫില്‍, പിഎച്ച്ഡി പ്രോഗ്രാമുകളില്‍ ഒതുങ്ങുന്നതാണ്. എന്നാല്‍ ഗവേഷണാധിഷ്ഠിത പ്രബന്ധം പല സര്‍വകലാശാലകളിലും ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഭാഗമായി നിലവിലുണ്ട്.

പക്ഷേ, എംഫില്‍-പിഎച്ച്ഡി ഗവേഷണ ബിരുദങ്ങള്‍ ഒഴികെയുള്ള വിദ്യാര്‍ഥികളുടെ ഗവേഷണങ്ങള്‍ അപൂര്‍വമായി മാത്രമേ ശ്രദ്ധിക്കപ്പെടാറുള്ളൂ. സ്ഥാപനങ്ങളും റഗുലേറ്ററി ബോഡികളും പലപ്പോഴും ഇത്തരം ഗവേഷണങ്ങളെ ശ്രദ്ധിക്കാറില്ല. അതുകൊണ്ടുതന്നെ ഗവേഷണം എന്നാല്‍ ഫാക്കല്‍റ്റി അംഗങ്ങള്‍ നടത്തുന്ന ഗവേഷണമാണെന്ന വിശ്വാസം പ്രബലമാണ്. ഈ ലേഖനം രണ്ടാമത്തെ തരം ഗവേഷണത്തില്‍, അതായത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന ഗവേഷണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വിവിധ വിഷയങ്ങള്‍ക്ക് ആവശ്യമായ ഗവേഷണ വൈദഗ്ധ്യമുള്ള പണ്ഡിതന്മാരെ സൃഷ്ടിക്കുന്നതില്‍ ഡോക്ടറല്‍ പ്രോഗ്രാമുകള്‍ക്ക് വലിയ സ്ഥാനമുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഡോക്ടറല്‍ പ്രോഗ്രാമുകളിലെ എന്റോള്‍മെന്റില്‍ വളര്‍ച്ചയുണ്ടെങ്കിലും, ഡോക്ടറല്‍ ലെവല്‍ പ്രോഗ്രാമുകളില്‍ എന്റോള്‍ ചെയ്ത വിദ്യാര്‍ഥികളുടെ മൊത്തത്തിലുള്ള പങ്ക് 0.6% വരെ മാത്രമേയുള്ളൂ. ഇത് വളരെ കുറവാണ്. പിജി ഡിസര്‍ട്ടേഷന്റെ ഭാഗമായി നടക്കുന്ന ഗവേഷണം ഇന്ത്യയില്‍ അവഗണിക്കപ്പെട്ട ഒരു മേഖലയാണ്. പൊതുവേ, ബിരുദാനന്തര പ്രബന്ധങ്ങളുടെ ഗുണനിലവാരം അക്കാദമിക് ആസൂത്രണത്തിലും സ്ഥാപനതലങ്ങളിലും വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല.
ആഗോളതലത്തില്‍, ബിരുദ ഗവേഷണം ഉന്നത വിദ്യാഭ്യാസത്തിന്റെ ഒരു പൊതു സവിശേഷതയാണ്. ബിരുദ വിദ്യാര്‍ഥികള്‍ അവരുടെ സൂപ്പര്‍വൈസിങ് അധ്യാപകരുമായി ചേര്‍ന്നോ സ്വതന്ത്രമായോ ഇത്തരം ഗവേഷണങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിദേശത്തുള്ള മിക്ക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാധാരണമാണ്. ഉന്നത വിദ്യാഭ്യാസത്തില്‍ അന്വേഷണാധിഷ്ഠിത പഠനത്തിന്റെ (inquiry-based learning) നിര്‍ണായക ഘടകമാണ് ബിരുദ ഗവേഷണം. ഗവേഷണ പഠനം തുടരാനും ഗവേഷണാധിഷ്ഠിത കരിയറില്‍ തൊഴില്‍ തേടാനും വിദ്യാര്‍ഥികളില്‍ ഇത് താല്‍പര്യം ജനിപ്പിക്കുന്നു. അധ്യാപകരില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശ പിന്തുണ, പുതിയ പെഡഗോജിക്കല്‍ സമീപനങ്ങള്‍, കാംപസിലും ക്ലാസ്മുറികളിലും ഗവേഷണാത്മക സാഹചര്യങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവ ഇതിന് അനിവാര്യമാണ്. സ്വാഭാവികമായും ബിരുദ ഗവേഷണത്തിലൂടെ കോളജുകളുടെ അക്കാദമികവും സാമൂഹികവുമായ മേഖലകളില്‍ ആഴത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. അതിനാല്‍ എഫ്‌വൈഡിആര്‍ പ്രോഗ്രാം അവതരിപ്പിക്കാനുള്ള എന്‍ഇപിയുടെ നിര്‍ദേശം ബിരുദ കോഴ്‌സിന്റെ കാലാവധിയില്‍ കേവലം ഒരു വര്‍ഷത്തെ കൂട്ടിച്ചേര്‍ക്കലായി കാണരുത്. പകരം, ഒരു വലിയ സമൂഹത്തിന്റെ പ്രയോജനത്തിനായി കഴിവുകളെ അഭിവൃദ്ധിപ്പെടുത്തുന്നതിന് അനുകൂലമായി കോളജ് വിദ്യാഭ്യാസത്തിന്റെ ഘടനയെയും പ്രക്രിയയെയും പരിവര്‍ത്തനം ചെയ്യുന്നതിനുള്ള വലിയ സാധ്യതകള്‍ ഇതു നല്‍കുന്നു.
നാലു വര്‍ഷ
ബിരുദവും
ഗവേഷണവും

ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണതല്‍പരരായ ആളുകളെ സൃഷ്ടിക്കുന്നതിനുമാണ് ഈ നാലു വര്‍ഷ ബിരുദം അവതരിപ്പിച്ചിരിക്കുന്നത്. മള്‍ട്ടിപ്പിള്‍ എന്‍ട്രി എക്‌സിറ്റ് സ്‌കീമുകള്‍ (MEES), അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റുകള്‍, ഒരു വര്‍ഷത്തെ മാസ്റ്റര്‍ ഡിഗ്രി പ്രോഗ്രാം എന്നിവ പോലുള്ള ചഋജയുടെ മറ്റ് നിര്‍ദേശങ്ങളുമായി ഇത് യോജിക്കുന്നു. NEP പറയുന്നത് ഇങ്ങനെയാണ്: ‘ഒരു PhD ഗവേഷണത്തിന് ചേരുവാന്‍ ബിരുദാനന്തര ബിരുദമോ നാലു വര്‍ഷത്തെ ബാച്ചിലേഴ്‌സ് ബിരുദമോ ആവശ്യമാണ്. എംഫില്‍ പ്രോഗ്രാം നിര്‍ത്തലാക്കും.’ FYDR പ്രോഗ്രാമിന് ബിരുദാനന്തര ബിരുദ-ഡോക്ടറല്‍ തലത്തിലുള്ള പഠനങ്ങളില്‍ വലിയ സ്വാധീനം ഉണ്ടാകുമെന്നാണ് ഇതിനര്‍ഥം.
FYDR യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് നേരിട്ട് അര്‍ഹതയുണ്ട്. എന്നിരുന്നാലും, അധ്യാപക ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമായി തുടരും. ബിരുദാനന്തര ബിരുദതല കോഴ്‌സുകളിലേക്ക് നിയമിക്കപ്പെടുന്ന അധ്യാപകരുടെ യോഗ്യതയെക്കുറിച്ച് ഗൗരവപ്പെട്ട ചോദ്യങ്ങള്‍ ഇത് ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയില്‍ എന്‍ജിനീയറിംഗ്, മെഡിസിന്‍ തുടങ്ങിയ ചില പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഒഴികെ മിക്ക ബിരുദ കോഴ്‌സുകളും മൂന്നു വര്‍ഷത്തെ കാലാവധിയുള്ളതാണ്.
FYDR പ്രോഗ്രാം വരുന്നതോടെ ഈ രീതി മാറുകയാണ്. നിലവിലെ ബിരുദ പ്രോഗ്രാമുകളുടെ അവസാന എക്‌സിറ്റ് പോയിന്റായ മൂന്നാമത്തെ വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം, FYDR വിദ്യാര്‍ഥികള്‍ ഒരു വര്‍ഷത്തെ വിദ്യാഭ്യാസത്തിനായി എന്റോള്‍ ചെയ്യും. നാലാം വര്‍ഷത്തില്‍ ഈ വിദ്യാര്‍ഥികള്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ അവര്‍ തിരഞ്ഞെടുത്ത വിഷയങ്ങളില്‍ സ്വതന്ത്ര ഗവേഷണം നടത്തുകയും പ്രബന്ധങ്ങള്‍ എഴുതുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
അധ്യാപക-വിദ്യാര്‍ഥി എന്‍ഗേജ്‌മെന്റിന്റെ നിലവിലുള്ള രൂപങ്ങളും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളോടുള്ള സംവേദനക്ഷമതയുടെ അഭാവവും ഗുണനിലവാരമുള്ള ബിരുദ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന തടസ്സങ്ങളായി വന്നേക്കാം. പ്രത്യേകിച്ച് ദരിദ്ര വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കിടയില്‍ ഡ്രോപ്ഔട്ട് നിയമാനുസൃതമാക്കുന്നതിനുള്ള ഒരു സംവിധാനമായി മള്‍ട്ടിപ്പിള്‍ എന്‍ട്രി എക്‌സിറ്റ് സ്‌കീമുകള്‍ പ്രവര്‍ത്തിച്ചേക്കാം. നാലാം വര്‍ഷത്തെ ഗവേഷണ പഠനത്തില്‍, ചരിത്രപരമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ മതിയായ പങ്കാളിത്തം ഉറപ്പാക്കാന്‍ സജീവമായ ഇടപെടലുകള്‍ ആവശ്യമായിവന്നേക്കാം.

സ്‌കൂളുകളില്‍ നിന്ന് സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അന്വേഷണാധിഷ്ഠിത പഠനത്തിന്റെയും അക്കാദമിക് എഴുത്തിന്റെയും അടിസ്ഥാന കഴിവുകള്‍ ഉണ്ടെങ്കില്‍ അത് ഉല്‍പാദനക്ഷമവും കാര്യക്ഷമവുമാകും. സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ പ്രബലമായ പഠനരീതി വിശകലന വൈദഗ്ധ്യവും സ്വതന്ത്രമായ എഴുത്തും പ്രോത്സാഹിപ്പിക്കുന്നതല്ല, മനഃപാഠം പരിശീലിപ്പിക്കുന്നതാണ്. അതിനാല്‍ FYDR പ്രോഗ്രാം വിജയകരമാകുന്നതിന് അന്വേഷണാധിഷ്ഠിത പഠനം ഉള്‍പ്പെടുന്ന രൂപത്തില്‍ സ്‌കൂള്‍തലത്തില്‍ ആവശ്യമായ പെഡഗോജിക്കല്‍ മാറ്റങ്ങള്‍ അനിവാര്യമാണ്.
പ്രബന്ധങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് ഭാഷയില്‍ കഴിവ് വളര്‍ത്തിയെടുക്കുക എന്നത് മുന്നുപാധിയാണ്. എഴുതാനുള്ള കഴിവ് വികസിപ്പിക്കുന്നതില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. ബിരുദതലത്തില്‍ ഗവേഷണ ഘടകത്തിന് അനുസൃതമായി സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പെഡഗോജിക്കല്‍ മാനങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെങ്കില്‍, FYDR പ്രോഗ്രാമിന് വിപരീത ഫലമുണ്ടാകാം. ഉദാഹരണത്തിന്, ഗവേഷണം നടത്തുന്നതിനും ഗവേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പണം നല്‍കിയുള്ള മാര്‍ഗനിര്‍ദേശം നല്‍കാന്‍ സ്വകാര്യ അധ്യാപകരും ഏജന്‍സികളും മുന്നോട്ടുവന്നേക്കാം. ഇത് ഈ പരിഷ്‌കാരത്തിന്റെ പ്രധാന ലക്ഷ്യത്തെ പരാജയപ്പെടുത്തുക മാത്രമല്ല, വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
കോളജുകള്‍
തയ്യാറായിട്ടുണ്ടോ?

ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കു വേണ്ടി കൂടുതല്‍ സമയം നീക്കിവെക്കാന്‍ അധ്യാപകര്‍ തയ്യാറാവേണ്ടതുണ്ട്. ഡിഗ്രി പ്രോഗ്രാമിന്റെ ആദ്യ മൂന്നു വര്‍ഷങ്ങളിലെ യഥാര്‍ഥ അധ്യാപന-പഠന സാഹചര്യങ്ങളില്‍ അന്വേഷണാധിഷ്ഠിത പഠനം എങ്ങനെ പ്രയോഗവത്കരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ വിജയം. ഒരുപക്ഷേ, ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഗവേഷണ മാര്‍ഗനിര്‍ദേശം നല്‍കുന്നത് ബിരുദാനന്തര-ഡോക്ടറല്‍ വിദ്യാര്‍ഥികളെ ഗവേഷണത്തിന് നയിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടേറിയ കാര്യമാണ്. മൂന്നു വര്‍ഷത്തെ ബിരുദ കോഴ്‌സ് പ്രാഥമികമായി വിഷയങ്ങളുടെ അടിത്തറ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകണം. എന്നാല്‍ ഗവേഷണഘട്ടമെത്തുമ്പോള്‍ അത് ഡൊമെയ്‌നിലെ ഏറ്റവും പുതിയ വികാസവുമായി നിര്‍ണായക ഇടപെടലും ശാസ്ത്രീയ അന്വേഷണരീതിയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും അനിവാര്യമാക്കുന്നു.
നാലാം വര്‍ഷ ക്ലാസുകളിലേക്ക് എത്ര വിദ്യാര്‍ഥികള്‍ ചേരും എന്ന കാര്യത്തിലുള്ള അവ്യക്തത അധ്യാപക റിക്രൂട്ട്‌മെന്റിലും മാനേജ്‌മെന്റിലും വെല്ലുവിളി സൃഷ്ടിച്ചേക്കാം. പിഎച്ച്ഡി സ്വമേധയാ ഏറ്റെടുക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് വ്യത്യസ്തമായി, ഗവേഷണം നടത്താന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കാന്‍ എഥഉഞ പ്രോഗ്രാം അധ്യാപകരെ നിര്‍ബന്ധിതരാക്കും. രണ്ട് സെമസ്റ്ററിനുള്ളില്‍, ഗവേഷണ ശേഷി വികസിപ്പിക്കുന്നതിനും വൈജ്ഞാനിക സംഭാവനകള്‍ ചെയ്യുന്നതിനുമുള്ള ഇരട്ട ദൗത്യം അധ്യാപകരില്‍ നിന്ന് കൂടുതല്‍ തീവ്രമായ ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട്. അതിനാല്‍, നാലു വര്‍ഷ ബിരുദ പദ്ധതി വിജയിക്കണമെങ്കില്‍ ഗുണനിലവാരമുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവരും ഗവേഷണമേഖലയില്‍ മതിയായ എക്‌സ്‌പോഷര്‍ ഉള്ളവരുമായ അധ്യാപകര്‍ അനിവാര്യമാണ്.
ഗവേഷണത്തിന് ആവശ്യമായ ഒരു ആവാസവ്യവസ്ഥ കോളജുകളില്‍ ഉണ്ടോ എന്നതിനെ സംബന്ധിച്ച് NIRF ചില ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുണ്ട്. 2016ലാണ് ചകഞഎ റാങ്കിംഗ് ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന 42,343 കോളജുകളില്‍ നിന്ന് മികച്ച 100 കോളജുകളെ എന്‍ഐആര്‍എഫ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. കോളജുകളെ റാങ്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന അഞ്ച് പ്രധാന പാരാമീറ്ററുകള്‍ ഇവയാണ്: 1. അധ്യാപനവും പഠനവും വിഭവങ്ങളും, 2. ഗവേഷണവും പ്രൊഫഷണല്‍ പരിശീലനവും, 3. ബിരുദ ഫലങ്ങള്‍, 4. വ്യാപനവും ഉള്‍ക്കൊള്ളലും, 5. കാഴ്ചപ്പാടും വീക്ഷണവും. കോളജുകളിലെ അധ്യാപനത്തിനും പഠനത്തിനും വിഭവങ്ങള്‍ക്കും ശേഷം (0.40) ചകഞഎല്‍ ഏറ്റവും ഉയര്‍ന്ന വെയിറ്റേജ് ലഭിക്കുന്നത് ഗവേഷണത്തിനും പ്രൊഫഷണല്‍ പരിശീലനത്തിനും (0.15) ആണ്.
പൊതുവേ, ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ളതും ഏറ്റവും താഴെ റാങ്കിലുള്ളതുമായ കോളജുകളുടെ പ്രകടന നിലവാരത്തില്‍ വലിയ വ്യതിയാനങ്ങള്‍ ഒരു നല്ല സൂചനയല്ല. നേരത്തെ സൂചിപ്പിച്ച അഞ്ച് പാരാമീറ്ററുകളില്‍ മുകളിലും താഴെയുമുള്ള കോളജുകള്‍ തമ്മിലുള്ള സ്‌കോറുകളുടെ വിടവ് ഇങ്ങനെയാണ്: 27.77 (അധ്യാപനം, പഠനം, വിഭവങ്ങള്‍), 97.61 (ഗവേഷണവും പ്രൊഫഷണല്‍ പരിശീലനവും), 44.96 (ബിരുദ ഫലങ്ങള്‍), 66.57 (വ്യാപനവും ഉള്‍ക്കൊള്ളലും), കാഴ്ചപ്പാടും വീക്ഷണവും (100). മൊത്തത്തിലുള്ള വിടവ് 25.07 പോയിന്റാണ്. ഗവേഷണ-പ്രൊഫഷണല്‍ പ്രാക്ടീസുകളുടെ കാര്യത്തില്‍ ഉന്നത-താഴെ റാങ്കിലുള്ള കോളജുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വലിയ വിടവ് സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടതുണ്ട്.

ഇതിലെ പട്ടിക 1 കോളജുകള്‍ക്കിടയില്‍ ഗവേഷണത്തെയും പ്രൊഫഷണല്‍ പരിശീലനത്തെയും കുറിച്ചുള്ള സ്‌കോറുകളെ കാണിക്കുന്നു. കുറഞ്ഞത് 4 ശതമാനം കോളജുകളെങ്കിലും ഗവേഷണത്തില്‍ 1ല്‍ താഴെ സ്‌കോര്‍ നേടിയിട്ടുള്ളൂ. 11 ശതമാനം കോളജുകള്‍ 5ല്‍ താഴെയേ സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ഈ കോളജുകളിലൊന്നും തന്നെ ഗവേഷണം നിലവിലില്ല. എന്നിരുന്നാലും, മറ്റ് പാരാമീറ്ററുകളില്‍ ഉയര്‍ന്ന സ്‌കോറുകള്‍ ഉള്ളതിനാല്‍ അവരുടെ മൊത്തത്തിലുള്ള റാങ്കിങ് ഉയര്‍ന്നതാണ്. 66% കോളജുകളും 30ല്‍ താഴെയാണ് സ്‌കോര്‍ ചെയ്തത് എന്നത് ആശങ്കാജനകമായ വസ്തുതയാണ്. 14% കോളജുകള്‍ മാത്രമാണ് 50നും അതിനു മുകളിലും സ്‌കോര്‍ ചെയ്തത് എന്നത് പോളിസി മേക്കര്‍മാരുടെയും സ്ഥാപനമേധാവികളുടെയും കണ്ണു തുറപ്പിക്കേണ്ട കാര്യമാണ്. (ടേബിള്‍ കാണുക)

ഗവേഷണത്തിലെ
മോശം പ്രകടനം

അധ്യാപകരുടെ പ്രസിദ്ധീകരണങ്ങള്‍, കോളജുകളില്‍ നടക്കുന്ന ഗവേഷണങ്ങളുടെ ഗുണനിലവാരം, ഗവേഷണ പ്രസിദ്ധീകരണ മേഖലയില്‍ തെളിയിക്കപ്പെട്ട റെക്കോഡുകളുള്ള അധ്യാപകര്‍ തുടങ്ങിയവ കണക്കിലെടുത്താണ് ചകഞഎലെ ഗവേഷണത്തിന്റെ റാങ്കിങ് കണക്കാക്കുന്നത്. ഈ മേഖലകളിലെ പരിതാപകരമായ അവസ്ഥയിലേക്കാണ് റാങ്കിങ് വിരല്‍ ചൂണ്ടുന്നത്. യുവമനസ്സുകള്‍ക്ക് പ്രസക്തവും നൂതനവുമായ ഗവേഷണ ചോദ്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഉചിതമായ രീതിശാസ്ത്രങ്ങള്‍ പരിശീലിക്കുന്നതിനും അറിവിന്റെയും സമൂഹത്തിന്റെയും വലിയ നേട്ടത്തിനായി പുതിയ കണ്ടെത്തലുകളും നൂതന ആശയങ്ങളും കൊണ്ടുവരുന്നതിനും അനുയോജ്യമായ അവസ്ഥ നിലവില്‍ കോളജുകളിലില്ല.
രാജ്യത്തെ മുന്‍നിര കോളജുകളില്‍ ഗണ്യമായ പങ്കും അധ്യാപകരുടെ ഗവേഷണത്തിന്റെയും പ്രസിദ്ധീകരണങ്ങളുടെയും കാര്യത്തില്‍ വളരെ പിറകിലാണ്. ചകഞഎന്റെ ഭാഗമല്ലാത്ത ബഹുഭൂരിപക്ഷം കോളജുകളുടെയും പരിതാപകരമായ അവസ്ഥയെക്കുറിച്ചുകൂടി ഇത് സൂചന നല്‍കുന്നുണ്ട്. അതത് കോളജുകളുടെ പ്രശ്‌നമായി ഇതിനെ കാണരുത്. മറിച്ച്, പതിറ്റാണ്ടുകളായി കോളജ് വിദ്യാഭ്യാസം വിഭാവനം ചെയ്തതും പ്രോത്സാഹിപ്പിക്കപ്പെട്ടതുമായ വഴികളുടെ പ്രതിഫലനമാണ്. പലരും വാദിക്കുന്നതുപോലെ, അധ്യാപകരെ പ്രധാനമായും പഠിപ്പിക്കുന്നതിനാണ് കോളജുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ചുരുക്കം ചിലതൊഴിച്ചാല്‍, ഗവേഷണം കോളജുകളിലെ പ്രധാന പ്രവര്‍ത്തനങ്ങളുടെ ഭാഗമല്ല. ഈ അവസ്ഥ ഒറ്റ രാത്രി കൊണ്ട് മാറ്റാനാകില്ല. മാത്രമല്ല, അധ്യാപകരുടെ കുറവും വിദ്യാര്‍ഥികളുടെ പ്രവേശനം വര്‍ധിച്ചതും കാരണം കോളജുകളില്‍ അധ്യാപന ജോലിഭാരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡിഗ്രി പ്രോഗ്രാമുകളിലേക്ക് ഒരു വര്‍ഷം കൂടി ചേര്‍ക്കുമ്പോള്‍ അധ്യാപക ക്ഷാമം കോളജുകളില്‍ ഗുരുതര പ്രശ്‌നമായി മാറും. അതിനാല്‍ അധ്യാപകര്‍ എഥഉഞ വിദ്യാര്‍ഥികള്‍ക്കായി ചെലവഴിക്കുന്ന സമയം കണക്കിലെടുത്ത് അവരുടെ ജോലിഭാരം കണക്കാക്കാന്‍ പുതിയ ഫോര്‍മുലകള്‍ ആവശ്യമാണ്. എഥഉഞ പ്രോഗ്രാം വിദ്യാര്‍ഥികള്‍ക്കു മേല്‍ വ്യക്തിഗത ശ്രദ്ധ ആവശ്യപ്പെടുന്നതിനാല്‍, കോളജുകളിലെ അധ്യാപകരുടെ ജോലിഭാരവും എണ്ണവും കണക്കാക്കുന്നതിന് പുതിയ ഫോര്‍മുലകള്‍ ആവശ്യമാണ്.
മുന്നോട്ടുള്ള വഴി
ഓള്‍ ഇന്ത്യാ സര്‍വേ ഓഫ് ഹയര്‍ എജ്യൂക്കേഷന്റെ (AISHE), 2019-20ലെ കണക്കുകള്‍ പ്രകാരം 38.5 ദശലക്ഷം വിദ്യാര്‍ഥികളില്‍ 79.5% വിദ്യാര്‍ഥികളും കോളജുകള്‍ നടത്തുന്ന ബിരുദ പ്രോഗ്രാമുകളില്‍ ചേര്‍ന്നവരാണ്. ഏതാനും സര്‍വകലാശാലകള്‍ മാത്രമാണ് ബിരുദ കോഴ്‌സുകള്‍ നടത്തുന്നത്. അതിനാല്‍, കോളജുകള്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മുഖ്യ കേന്ദ്രമാണ്. ഗവേഷണവും പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങളും അളക്കാന്‍ ചകഞഎ ഉപയോഗിക്കുന്ന പാരാമീറ്ററുകള്‍ വിശ്വസനീയവും സാധുതയുള്ളതുമാണെങ്കില്‍, ചകഞഎ റാങ്കുള്ള പല കോളജുകളിലും എഥഉഞ പ്രോഗ്രാം ഉടനടി ആരംഭിക്കുന്നതിനു മുമ്പായി ചില സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. മികച്ച റാങ്കുള്ള കോളജുകള്‍ക്കു പോലും ഗവേഷണത്തിന് അനുയോജ്യമായ ഭൗതികവും ബൗദ്ധികവുമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. ഉയര്‍ന്ന റാങ്കുള്ള കോളജുകളുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ ബാക്കിയുള്ള കോളജുകളുടെ പരിതാപകരമായ അവസ്ഥ ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. ഒരുപക്ഷേ, ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍, ഗവേഷണത്തില്‍ തെളിയിക്കപ്പെട്ട റെക്കോര്‍ഡുള്ള സ്ഥിരം അധ്യാപകരുടെ റിക്രൂട്ട്‌മെന്റ് എന്നിവ പോലുള്ള വിഭവങ്ങള്‍ നല്‍കുന്നതില്‍ സര്‍ക്കാരുകളോ മാനേജ്‌മെന്റുകളോ സമയബന്ധിതമായ ഇടപെടല്‍ നടത്തിയാല്‍ പരിമിതിയുടെ ചില ഘടകങ്ങളെ മറികടക്കാന്‍ സഹായിച്ചേക്കാം.
എഥഉഞ പ്രോഗ്രാം നടപ്പാക്കുന്നതിനു മുമ്പ് കോളജുകള്‍ക്ക് പ്രാഥമികമായി രണ്ടു തരത്തിലുള്ള മൂല്യനിര്‍ണയം ആവശ്യമാണ്: 1. കോളജുകളില്‍ ആവശ്യത്തിന് റഗുലര്‍ അധ്യാപകരുടെ ലഭ്യത. 2. ഗവേഷണത്തിന്റെയും പ്രസിദ്ധീകരണങ്ങളുടെയും തെളിയിക്കപ്പെട്ട രേഖകളുള്ള സ്ഥിരം അധ്യാപകരുടെ ലഭ്യത.
ഫാക്കല്‍റ്റി റിക്രൂട്ട്‌മെന്റിന് പിഎച്ച്ഡി നിര്‍ബന്ധമാക്കേണ്ടതില്ലെന്ന സമീപകാല നയം ഭാവിയില്‍ എഥഉഞ പ്രോഗ്രാം നടപ്പാക്കുന്നതിനുള്ള കോളജുകളുടെ സ്ഥാപനശേഷിയെ പ്രതികൂലമായി ബാധിക്കും. ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കോളജുകള്‍ പുതുതായി റിക്രൂട്ട് ചെയ്ത അധ്യാപകര്‍ക്ക് പിഎച്ച്ഡിയും നല്ല പ്രസിദ്ധീകരണ റെക്കോര്‍ഡുകളും ഉണ്ടെന്ന് ഉറപ്പാക്കണം. മതിയായ യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുന്നതുവഴി പ്രശ്‌നം ഭാഗികമായി പരിഹരിക്കാനാവും. എന്നാല്‍ റിക്രൂട്ട്‌മെന്റ് മാത്രം പോരാ, കലാലയങ്ങള്‍ അധ്യാപനത്തിനു മാത്രമുള്ളതാണെന്ന പഴഞ്ചന്‍ സങ്കല്‍പം മാറ്റാനുള്ള വലിയ ശ്രമങ്ങള്‍ ഇതോടൊപ്പം ഉണ്ടാകണം. ഇതിന് സ്ഥാപനപരമായ ഘടനകളിലും സ്ഥാപന മേധാവികള്‍, അധ്യാപകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരുടെ മനോഭാവത്തിലും വലിയ മാറ്റങ്ങള്‍ ആവശ്യമാണ്. കോളജുകളെ അന്വേഷണാധിഷ്ഠിത പഠനത്തിനും വിജ്ഞാന ഉല്‍പാദനത്തിനുമുള്ള കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് കൃത്യമായ ആസൂത്രണവും തയ്യാറെടുപ്പും ആവശ്യമാണ്. വേണ്ടത്ര തയ്യാറെടുപ്പില്ലാതെ ഗവേഷണാധിഷ്ഠിത നാലു വര്‍ഷ ബിരുദം നടപ്പാക്കുന്നത് വിദ്യാര്‍ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.
(ബോംബെ ഐഐടിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
വിവര്‍ത്തനം:
നാദിര്‍ ജമാല്‍

റഫറന്‍സുകള്‍
l Department of Science and Technology (2020): Draft National Science Technology and Innovation Policy (NSTIP) 2020, New Delhi.
l Kinkead, J (2003): Learning Through Inquiry: An Overview of Undergraduate Research, New Directions for Teaching and Learning, Vol. 93, pp. 5-17, https://doi.org/10.1002/tl.85.
l Krishna, V V and Swapan Kumar Patra (2016): Research and Innovations in Universities in India, Indian Higher Education Report 2015, N V Varghese and Garima Malik (eds), pp. 163-97, New Delhi, Routledge.
l Malish, C M (2022), Classroom as a Site of Exclusion in Massified Higher Education in India, Comprehending Equity: Context of Northeast India, Kedilezo Kikhi and D R Gautam (eds), pp. 187-203, New Delhi, Routledge.
l Ministry of Human Resource Development (2020a): National Education Policy 2020, Government of India, New Delhi.
l All India Survey of Higher Education 2019-20, Government of India, New Delhi, Ministry of Education (2021): National Institutional Ranking Framework, https://www.nirfindia.org/Home.
l Sabharwal, Nidhi S and C M Malish (2018): Student Diversity and Social Inclusion: An Empirical Analysis of Higher Education Institutions in India, CPRHE Research Papers 10, Centre for Policy Research in Higher Education, National Institute of Educational Planning and Administration, New Delhi.
l University of Delhi (2021): Recommendations of the National Education Policy 2020 Implementation Committee, Delhi, http://du.ac.in/uploads/20-02-2021-NIC%20Recommendations-UG%20Structure.pdf.
l Varghese, N V (2020), The Role of Doctoral Education in Developing Research Capacities in India, Trends and Issues in Doctoral Education: A Global Perspective, M Yudkevich, Philip Altbach and Hans De Wit (eds), pp. 295-315, NewDelhi,Sage.

Back to Top