5 Tuesday
March 2024
2024 March 5
1445 Chabân 24

ഖുര്‍ആനിലെ ആവര്‍ത്തനങ്ങള്‍; പൊരുളും ലക്ഷ്യവും

സി കെ റജീഷ്‌


വിശുദ്ധ ഖുര്‍ആനിന്റെ പ്രതിപാദനരീതി അതീവ ഹൃദ്യവും ആകര്‍ഷകവുമാണ്. ഭാഷാപരവും സാഹിത്യപരവും വൈജ്ഞാനികവുമായ ഖുര്‍ആനിന്റെ അമാനുഷികത കാലദേശാതീതമായി നിലനില്‍ക്കുന്നു. ദൈവിക വചനമായ വിശുദ്ധ ഖുര്‍ആനിലുള്ള ആവര്‍ത്തനങ്ങള്‍ പോലും അതിലെ ആശയാവിഷ്‌കാര സൗകുമാര്യത വെളിപ്പെടുത്തുന്നവയാണ്. അവ ആഴമുള്ള ആലോചനകളിലേക്കും ആശയ വ്യക്തതയിലൂടെ ദൃഢവിശ്വാസത്തിലേക്കും നമ്മെ നയി ക്കുന്നു.
വിശുദ്ധ ഖുര്‍ആനിലെ ആവര്‍ത്തിത വചനങ്ങള്‍ വിരസതയുടെ വായനാനുഭവമല്ല സമ്മാനിക്കുന്നത്. സാന്ദര്‍ഭിക വായനക്ക് അവസരമൊരുക്കി ആ ആവര്‍ത്തനങ്ങളിലടങ്ങിയ പൊരുളന്വേഷിക്കാനുള്ള ഉള്‍പ്രേരണയാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വിശുദ്ധ ഖുര്‍ആനിലെ പദങ്ങളില്‍, ആശയങ്ങളില്‍, പ്രയോഗങ്ങളില്‍, ശൈലികളില്‍ ഒക്കെ വന്നിട്ടുള്ള ആവര്‍ത്തനങ്ങള്‍ ഖുര്‍ആന്‍ നിദാനശാസ്ത്രത്തില്‍ പഠനവിധേയമാക്കിയിട്ടുണ്ട്.
ഖുര്‍ആനിലെ
ആവര്‍ത്തനങ്ങള്‍

വിശുദ്ധ ഖുര്‍ആനിലെ പദങ്ങള്‍, വചനങ്ങള്‍, പ്രയോഗശൈലികള്‍ ഒന്നിലധികം തവണ ഒരു അധ്യായത്തിലോ പല അധ്യായങ്ങളിലോ ആയി ആവര്‍ത്തിച്ചുവരുന്നതിനെയാണ് ഖുര്‍ആനിലെ ആവര്‍ത്തനങ്ങള്‍(തക്‌റാര്‍) കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം ആവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ള യുക്തിരഹസ്യങ്ങളും അവയുടെ പ്രയോജനങ്ങളും ചിന്തനീയ വിഷയമാണ്. സ്ഫുടമായ അറബി ഭാഷയില്‍ അവതീര്‍ണമായ വിശുദ്ധ ഖുര്‍ആനിലെ ആശയങ്ങളെക്കുറിച്ച് കൂടുതല്‍ ഉറ്റാലോചിക്കാനും അതുവഴി സന്മാര്‍ഗബോധത്തിലധിഷ്ഠിതമായ ഉള്‍ക്കാഴ്ച ലഭിക്കാനും ഇത് ഉപകരിക്കും.
പദ സ്ഫുടതയും ശബ്ദസൗന്ദര്യവും പൂര്‍ണമായി ഭാഷാന്തരം ചെയ്യാന്‍ സാധിക്കാത്തവിധം ഖുര്‍ആനില്‍ കാണുന്ന അത്യുല്‍കൃഷ്ട പ്രതിപാദന രീതിയുടെ ഒരു ഭാഗം മാത്രമാണ് ദൈവികവചനങ്ങളിലെ ആവര്‍ത്തനങ്ങള്‍. കൃത്യമായ താളപ്പൊരുത്തത്തില്‍ അല്ലാഹു നടത്തിയ പദവിന്യാസം ഖുര്‍ആനിലെ ആവര്‍ത്തന വചനങ്ങളില്‍ പ്രകടമാവുന്നു. അതാകട്ടെ ഖുര്‍ആനിന്റെ സാഹിത്യഭംഗിയെ കാലാതിവര്‍ത്തിയാക്കുന്നു. ഖുര്‍ആന്‍ വചനങ്ങളില്‍ കാണുന്ന ആവര്‍ത്തനങ്ങള്‍ അവയില്‍ ഉള്ളടങ്ങിയ ആശയഭദ്രതയുടെയും യുക്തിപരതയുടെയും തെളിവും കൂടിയാണെന്ന് പഠനത്തിലൂടെ നമുക്ക് ബോധ്യപ്പെടും. അല്ലാഹു പറയുന്നു: ‘യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവില്‍ നിന്നുള്ള ഗ്രന്ഥം. ആശയഭദ്രതയും വിശദീകരണ സ്വഭാവവുമുള്ള പ്രമാണ ഗ്രന്ഥമാണിത്’ (11:1)
ആവര്‍ത്തനങ്ങളും
പ്രാപഞ്ചിക വ്യവസ്ഥയും

അല്ലാഹു നിശ്ചയിച്ച പ്രാപഞ്ചിക വ്യവസ്ഥയുടെ ഭാഗം തന്നെയാണ് ആവര്‍ത്തനങ്ങള്‍. ഈ പ്രകൃതിയിലെ ആവര്‍ത്തനങ്ങള്‍ക്ക് നാം ദിനേന സാക്ഷികളായിക്കൊണ്ടേയിരിക്കുന്നു. ഓരോ പ്രഭാതത്തിലും സൂര്യന്‍ ഉദിക്കുന്നത്, ഓരോ വസന്തത്തിലും പൂക്കള്‍ വിരിയുന്നത്, മഴയും മഞ്ഞും വെയിലും തണുപ്പും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നത്. അല്ലാഹു നിശ്ചയിച്ച ഈ പ്രകൃതിയുടെ അന്യൂന വ്യവസ്ഥയുടെ ഭാഗം തന്നെയാണ്.
പുഴകള്‍ ഒഴുകിക്കൊണ്ടിരിക്കുമ്പോഴും കാറ്റുകള്‍ വീശിക്കൊണ്ടിരിക്കുമ്പോഴും ഹൃദയം മിടിച്ചുകൊണ്ടിരിക്കുമ്പോഴുമെല്ലാം ഈ പ്രപഞ്ചത്തിലെ ജീവനും ജീവിതവും ആവര്‍ത്തന വ്യവസ്ഥയില്‍ കേന്ദ്രീകൃതമായി നിലനില്‍ക്കുന്നുവെന്ന് വ്യക്തമാവുന്നു. പൊതുവില്‍ മനുഷ്യ മനസ്സ് പുതുമയെ തേടുന്നതുകൊണ്ട് ആവര്‍ത്തനങ്ങള്‍ അവനില്‍ വിരസതയുണ്ടാക്കുന്നു. എങ്കിലും ആവര്‍ത്തനങ്ങളിലധിഷ്ഠിതമായ പ്രാപഞ്ചിക വ്യവസ്ഥയില്‍ മനുഷ്യനത് മടുപ്പ് ഉണ്ടാക്കുന്നില്ല.
മറിച്ച് അവനത് അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. സൂര്യന്റെയും ചന്ദ്രന്റെയും ഉദയാസ്തമയങ്ങളും നക്ഷത്രങ്ങള്‍ മിന്നിമറയുന്നതും എല്ലാം പ്രകൃതിയിലെ ആവര്‍ത്തന സംഭവങ്ങളാണെങ്കിലും ആര്‍ക്കുമത് മടുപ്പുളവാക്കുന്നില്ല. ഈ ആവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ള അന്യൂന വ്യവസ്ഥയുടെ താളപ്പൊരുത്തവും യുക്തിഭദ്രതയും അംഗീകരിച്ചുകൊണ്ട് അതിന് അനുഭവ സാക്ഷികളായി ജീവിക്കുന്ന മനുഷ്യന് പ്രപഞ്ച സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവവും അവയ്ക്ക് പിന്നിലുള്ള യുക്തിരഹസ്യങ്ങളും ബോധ്യപ്പെടും.

സാഹിത്യഭംഗി
അന്യൂനമായ ഈ പ്രാപഞ്ചിക വ്യവസ്ഥകളുടെ ഭാഗമായി ആവര്‍ത്തനങ്ങള്‍ പ്രകടമാവുന്നതുപോലെ, അന്യൂനമായ ദൈവികമാര്‍ഗദര്‍ശന ഗ്രന്ഥത്തിലും ആവര്‍ത്തനങ്ങള്‍ നമുക്ക് ദര്‍ശിക്കാനാവും. അവ സ്ഫുടമായ അറബിഭാഷ ശൈലിയുടെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്നു. പദാവലികളിലും വാചക ഘടനയിലും വരുന്ന ആവര്‍ത്തനങ്ങള്‍, ആശയ വ്യക്തത, ശബ്ദസൗകുമാര്യത, ശില്‍പഭദ്രത, ഹൃദിസ്ഥമാക്കാനുള്ള എളുപ്പം എന്നീ സവിശേഷതകളാണ് ഭാഷയിലും സാഹിത്യത്തിലും ആവര്‍ത്തനങ്ങളുടെ ഭംഗിയും മൂല്യവും വര്‍ധിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ ഖുര്‍ആനിലുള്ള ആവര്‍ത്തനങ്ങള്‍ അസ്ഥാനത്തുള്ളതോ, അര്‍ഥരഹിതമായ കേവലം അലങ്കാര പൊലിയോ, ഭാവന ചമല്‍ക്കാരങ്ങളോടെയോ അല്ലെന്ന് സുവ്യക്തമാണ്. വിശേഷിച്ചും അറബി ശൈലിയിലും സാഹിത്യപ്രയോഗങ്ങളിലും ആവര്‍ത്തനങ്ങള്‍ക്ക് വലിയ അര്‍ഥവും സൗന്ദര്യവും ഉള്ളതുകൊണ്ട് സാന്ദര്‍ഭികതയുള്‍ക്കൊണ്ട് അതിന്റെ അര്‍ഥതലത്തെ മനസ്സിലാക്കാനാണ് ഖുര്‍ആന്‍ പണ്ഡിതര്‍ ശ്രമിച്ചത്.
ഇമാം സുയൂത്വി രേഖപ്പെടുത്തുന്നു: അറബി ഭാഷയുടെ സാഹിത്യശൈലി പ്രയോഗത്തെക്കുറിച്ച് അറിയാത്തവരാണ് ഖുര്‍ആനിലുള്ള ആവര്‍ത്തനത്തെ അവഗണിക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ ചെയ്യുന്നത്. അറബി സാഹിത്യ മൂല്യത്തെക്കുറിച്ചും ഖുര്‍ആനിന്റെ ആശയാവിഷ്‌ക്കാര ലക്ഷ്യത്തെക്കുറിച്ചും അജ്ഞതയുള്ളവര്‍ ഖുര്‍ആനില്‍ വന്ന ആവര്‍ത്തനങ്ങളില്‍ കൗതുകങ്ങള്‍ കാണുന്നേയില്ല.
എന്നാല്‍ സത്യാന്വേഷിയായ വിജ്ഞാനകുതുകി അതിലെ യുക്തിരഹസ്യം മനസ്സിലാക്കും. ആശയദൃഢതയ്ക്കുവേണ്ടി സ്ഫുടമായ ഭാഷയില്‍ ലളിതവും മനോഹരവുമായി പ്രയോഗിക്കുന്ന ശൈലിയായിട്ടാണ് ഖുര്‍ആനില്‍ ആവര്‍ത്തനങ്ങള്‍ വന്നത്. ഉച്ചാരണ ഭംഗിക്കോ ശ്രവണ സൗന്ദര്യത്തിനോ വേണ്ടി പദാവലികളെ വൃഥാ ആവര്‍ത്തിച്ചതായി അതിനെ മനസ്സിലാക്കുന്നത് ശരിയല്ല. (അല്‍ഇത്ഖാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍ 280/3)
ഭാഷയില്‍ പൊതുവില്‍ പ്രയോഗിക്കുന്ന ശൈലിയാണ് ആവര്‍ത്തനങ്ങള്‍. വിശേഷിച്ചും അറബിഭാഷയില്‍ ആവര്‍ത്തനങ്ങള്‍ ശൈലീപ്രധാനമായ രീതി മാത്രമായി കാണുന്നതിലുപരി സ്പഷ്ടമായ ആശയസ്വാംശീകരണത്തിനുള്ള മാനദണ്ഡമോ അവലംബമോ ആയി അതിനെ പരിഗണിക്കണമെന്ന ഭാഷാ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത് ഖുര്‍ആനിലെ ആശയാവിഷ്‌കാര പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ അതിലെ സംബോധിതരായ മനുഷ്യര്‍ക്കുള്ള ഗുണപാഠങ്ങളും ഉദ്‌ബോധനങ്ങളും ശക്തമായ താക്കീതുകളും അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാനാവും. ആ അര്‍ഥത്തില്‍ ആവര്‍ത്തനങ്ങള്‍ ഖുര്‍ആനിന്റെ അജയ്യതക്കും സമഗ്രതയ്ക്കുമുള്ള തെളിവുകൂടിയാണ്.
ഇനങ്ങള്‍
വിശുദ്ധ ഖുര്‍ആനില്‍ വന്ന ആവര്‍ത്തനങ്ങള്‍ പൊതുവില്‍ ഏഴിനങ്ങളിലായി ഖുര്‍ആന്‍ നിദാന ശാസ്ത്രത്തില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. ഒന്ന്) അര്‍ഥത്തില്‍ വ്യത്യാസമില്ലാതെ പദങ്ങള്‍ ആവര്‍ത്തിക്കല്‍ – ഒരു ആയത്തില്‍ തന്നെ പദങ്ങള്‍ ആവര്‍ത്തിച്ചുവരുന്ന രീതിയാണിത്. ഉദാ: സൂറത്തുല്‍ മുഅ്മിനൂനിലെ 36ാമത്തെ ആയത്തില്‍ വന്ന ‘ഹയ്ഹാത്ത’ എന്ന പദം സൂറത്ത് ഇന്‍സാനിലെ 15,16 ആയത്തുകളില്‍ ആവര്‍ത്തിച്ച ഖവാരീറ എന്ന പദം, സൂറത്തുല്‍ ഫജ്‌റിലെ 21ാം ആയത്തില്‍ ആവര്‍ത്തിച്ച ദക്ക എന്ന പദം, സൂറത്തുശറഹിലെ 5,6 ആയത്തുകളില്‍ ആവര്‍ത്തിച്ച ഇന്ന മഅല്‍ ഉസ്‌രി യുസ്‌റ എന്ന വചനം ഇതിന് ഉദാഹരണങ്ങളാണ്.
രണ്ട്), ഒരു വചനം ഒന്നിലധികം തവണ ഒരു അധ്യായത്തില്‍ തന്നെ ആവര്‍ത്തിച്ചുവരുന്ന രീതി. ഇതിന് ഉദാഹരണങ്ങളാണ് താഴെ പറയുന്നവ.وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ എന്ന വചനം സൂറത്തുശ്ശുഅറാഇല്‍ എട്ടു തവണ വന്നിട്ടുണ്ട്. وَيْلٌۭ يَوْمَئِذٍۢ لِّلْمُكَذِّبِينَ എന്ന വചനം സൂറത്തുല്‍ മുര്‍സലാത്തില്‍ പത്ത് തവണ ആവര്‍ത്തിച്ചിട്ടുണ്ട്. فبأي آلاء ربكما تكذبان എന്ന വചനം സൂറത്തുര്‍റഹ്മാനില്‍ 31 തവണ ആവര്‍ത്തിച്ചിട്ടുണ്ട്.
മൂന്ന്) ഒരു സൂക്തം വിവിധ അധ്യായങ്ങളിലായി ആവര്‍ത്തിച്ചുവരുന്ന രീതിയാണിത്. ഉദാ:
وَيَقولونَ مَتىٰ هٰذَا الوَعدُ إِن كُنتُم ഈ വചനം ഒറ്റത്തവണ അന്‍ബിയാഅ് 38, അന്നംല് 71, സബഅ് 29, യൂനുസ് 48, അല്‍മുല്‍ക് 25 എന്നീ അധ്യായങ്ങളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്:
നാല്) പദങ്ങള്‍ അതേപടി ആവര്‍ത്തിക്കാതെ ആശയം ആവര്‍ത്തിക്കുന്ന രീതി. പ്രവാചകന്മാരുടെ ചരിത്രം, വ്യത്യസ്ത ജനവിഭാഗങ്ങള്‍ പ്രവാചകന്മാരോടു കാണിച്ച സമീപനം, സ്വര്‍ഗീയ അനുഗ്രഹങ്ങളെക്കുറിച്ചുള്ള വിവരണം, നരക ശിക്ഷയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നിവ ഇതിന് ഉദാഹരണമാണ്.
അഞ്ച്), ഒരു നാമപദത്തിന്റെ ആവര്‍ത്തനങ്ങള്‍ വ്യത്യസ്ത അര്‍ഥതലങ്ങളിലായി വരുന്ന രൂപമാണിത്. ഉദാഹരണം: നബി(സ)യുടെ നാമത്തെക്കുറിക്കുന്ന വ്യത്യസ്ത പദപ്രയോഗങ്ങള്‍ വന്നത് ഈ ഗണത്തില്‍ പെടുന്ന ആവര്‍ത്തനങ്ങളാണ്. മുഹമ്മദ്, അഹമ്മദ്, പുറമെ ഹദീസില്‍ വന്നിരി ക്കുന്ന അല്‍ഹാശിര്‍, അല്‍ആഖിബ്, അല്‍മുഖഫ്ഫ, നബിയ്യുര്‍റഹ്മ, നബിയ്യുത്തൗബ എന്നിവ ഉദാഹരണങ്ങളാണ്.
ആറ്), ഒരു നാമത്തിന്റെ വിശേഷണങ്ങളായി വരുന്ന ആവര്‍ത്തനങ്ങള്‍ താഴെ പറയും പ്രകാരമാണ്. ഉദാഹരണം ഖുര്‍ആന്‍ എന്നതിന്റെ വിശേഷണ നാമങ്ങളായി ഖുര്‍ആനില്‍ വന്ന ആവര്‍ത്തനങ്ങള്‍, ഫുര്‍ഖാന്‍, ബയാന്‍, ബസ്വാഇര്‍, ശിഫാഅ്, നൂര്‍, റഹ്മത്ത്, റൂഹ് എന്നിവ. അല്ലാഹുവിന്റെ വിശേഷണ നാമങ്ങളായി ആവര്‍ത്തിച്ചു വന്നവ. ഉദാ: അല്‍മലിക്, അല്‍ഖുദ്ദൂസ്, അസ്സലാം, അല്‍മുഅ്മിന്‍, അല്‍മുഹയ്മിന്‍, അല്‍അസീസ്, അല്‍ജബ്ബാര്‍, അല്‍മുതകബ്ബിര്‍, അല്‍ഖാലിക് തുടങ്ങിയവ.
ഏഴ്), ഒരു സൂക്തത്തില്‍ ഭാഗികമായി പരാമര്‍ശിച്ചതിന്റെ പൂര്‍ണമായ രൂപം മറ്റൊരു സൂറത്തിലെ സൂക്തത്തില്‍ പരാമര്‍ശിക്കുന്ന രീതിയാണിത്. ആദ്യ സൂക്തത്തില്‍ പ്രയോഗിച്ച പദങ്ങളോ ശൈലികളോ ആവര്‍ത്തിക്കുകയും ശേഷം അതിന്റെ വിശദീകരണമെന്നോണം കാര്യങ്ങള്‍ ചേര്‍ത്തുപറയുകയും ചെയ്യുന്ന രീതി.
വിശുദ്ധ ഖുര്‍ആനിലെ പ്രതിപാദന രീതിയില്‍ വരുന്ന ആവര്‍ത്തനങ്ങളുടെ സ്വഭാവം പരിഗണിക്കുമ്പോള്‍ വിശുദ്ധ വചനങ്ങളില്‍ തനിയാവര്‍ത്തനങ്ങളില്ലെന്ന് വ്യക്തമാകുന്നു. ഓരോ സൂക്തത്തിന്റെയും അവതരണ പശ്ചാത്തലവും കൂടി പരിഗണിക്കുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകുന്നു.

ആവര്‍ത്തനങ്ങളുടെ
ലക്ഷ്യങ്ങള്‍

ഇബ്‌നുതൈമിയ്യ രേഖപ്പെടുത്തി: ‘ഖുര്‍ആനില്‍ തനിയാവര്‍ത്തനങ്ങളില്ല. ഓരോ പ്രതിപാദനങ്ങളിലും ഓരോ അഭിസംബോധനയുണ്ട്. ആ സംബോധിതരെ പരിഗണിച്ചുകൊണ്ട് അര്‍ഥം ഗ്രഹിക്കുമ്പോള്‍ ആവര്‍ത്തിത വചനങ്ങളുടെയും പദങ്ങളുടെയും ലക്ഷ്യം നമുക്ക് വ്യക്തമാണ്.’ (മജ്മൂഉല്‍ ഫത്‌വ-4 408/14). വിശുദ്ധ ഖുര്‍ആനില്‍ വന്ന ആവര്‍ത്തനങ്ങളുടെ ഉദ്ദേശ്യങ്ങളെ വിശകലന വിധേയമാക്കിയ പണ്ഡിതര്‍ ഇവ്വിഷയകമായി സൂചിപ്പിച്ച കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.
വിശ്വാസ ദൃഢീകരണം
ഖുര്‍ആനില്‍ പരാമര്‍ശിച്ച ചരിത്രസംഭവങ്ങള്‍, കഥകള്‍ ഇവയിലെല്ലാം കൃത്യമായ ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്. അതോടൊപ്പം നിഷേധികള്‍ക്കുള്ള താക്കീതും അവരുടെ അബദ്ധജഡിലമായ വാദഗതികള്‍ക്കുള്ള ഖണ്ഡിതമായ മറുപടിയും അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. വിശ്വാസികള്‍ക്ക് ദൃഢവിശ്വാസവും അല്ലാഹുവിലുള്ള പ്രതീക്ഷയും വര്‍ധിക്കാനും നിഷേധികള്‍ക്ക് ശക്തമായ സ്വരത്തില്‍ മുന്നറിയിപ്പ് നല്‍കാനും വേണ്ടിയാണ് ചില സ്ഥലങ്ങളില്‍ ഖുര്‍ആനില്‍ ആവര്‍ത്തനങ്ങള്‍ പദങ്ങളിലോ, വചനങ്ങളിലോ ആശയങ്ങളിലോ ഉള്‍പ്പെട്ടതായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. അല്ലാഹു പറയുന്നു: ‘അപ്രകാരം അറബിയില്‍ പാരായണം ചെയ്യപ്പെടുന്ന ഒരു ഗ്രന്ഥമായി നാം ഇതിനെ അവതരിപ്പിച്ചിരിക്കുന്നു. ഇതില്‍ നാം താക്കീത് വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. അവര്‍ സൂക്ഷ്മതയുള്ളവരാകുകയോ അവര്‍ക്ക് ബോധമുളവാക്കുകയോ ചെയ്യുന്നതിനുവേണ്ടി’ (20:113)
ഊന്നിപ്പറയല്‍
ഖുര്‍ആനില്‍ ഒരു സൂക്തത്തില്‍ തന്നെ ഒരേ പദപ്രയോഗങ്ങള്‍ ചേര്‍ത്തുപറയുന്ന ശൈലി കാണാം. ചിലപ്പോഴത് രണ്ട് സൂക്തങ്ങളിലായി ആവര്‍ത്തിക്കുന്ന രീതിയിലും വന്നിട്ടുണ്ട്. ഇത്തരം ആവര്‍ത്തനത്തിന്റെ ലക്ഷ്യം ഊന്നിപ്പറയുക എന്നതാണ്.
സംശയത്തിന്റെയും തെറ്റിദ്ധാരണയുടെയും പഴുതുകളടച്ച് കൃത്യതയും വ്യക്തതയുമുള്ള ആശയതലത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ്. സൂറത്തുല്‍ഗാഫിറിലെ 38,39 സൂക്തങ്ങളിലായി ആവര്‍ത്തിച്ച യാ ഖൗമി എന്ന പരാമര്‍ശവും ഇന്ന റബ്ബക്ക എന്ന സൂറത്തുന്നഹ്‌ലിലെ 110,119 വചനത്തിലെ ആവര്‍ത്തനവും ഇതിന് ഉദാഹരണമാണ്.
മഹത്വപ്പെടുത്തലും
ഗൗരവത്തെ ഓര്‍മിപ്പിക്കലും

ഖുര്‍ആന്‍ വചനങ്ങളില്‍ പരാമര്‍ശിക്കുന്ന വിഷയങ്ങളുടെ സ്വഭാവമനുസരിച്ച് അനുയോജ്യമായ പദങ്ങളും പ്രയോഗങ്ങളും ശൈലികളും സ്വീകരിക്കുന്ന രീതിയാണ് വിശുദ്ധ ഖുര്‍ആനിലെ ആശയാവിഷ്‌ക്കാരത്തെ സവിശേഷമാക്കുന്നത്. പ്രതിപാദ്യ വിഷയങ്ങളില്‍ ഗൗരവമായ ശ്രദ്ധ ക്ഷണിക്കുന്നതിന് ആവര്‍ത്തനശൈലി ഖുര്‍ആനില്‍ സ്വീകരിച്ചിട്ടുണ്ട്. അന്ത്യദിനവുമായി ബന്ധപ്പെട്ട സംഭവത്തെ ഉദ്ദേശിച്ചുകൊണ്ട് സൂറത്തുല്‍ഹാഖയിലെ പ്രയോഗം ഇതിന് ഉദാഹരണം.
അല്‍ഹാഖ എന്ന പദം തന്നെ ഈ അധ്യായത്തില്‍ യഥാര്‍ഥ സംഭവം എന്നര്‍ഥത്തില്‍ മൂന്നു തവണ പ്രയോഗിച്ചിട്ടുണ്ട്. ഭയങ്കര സംഭവം എന്ന അര്‍ഥത്തില്‍ അല്‍ഖാരിഅയില്‍ പ്രയോഗിച്ചിട്ടുണ്ട്. സ്വര്‍ഗവാസികളെ ഉദ്ദേശിച്ചുകൊണ്ട് പ്രയോഗിച്ച അസ്ഹാബുല്‍മയ്മന എന്ന പ്രയോഗവും നരകാവകാശികളെ ഉദ്ദേശിച്ച് അസ്ഹാബുല്‍മശ്അമ എന്ന പ്രയോഗവും സൂറത്തുല്‍ വാഖിഅയില്‍ ചോദ്യരൂപത്തില്‍ അല്ലാഹു ആവര്‍ത്തിക്കുന്നത് പ്രസ്താവ്യ വിഷയങ്ങളുടെ ഗൗരവത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ്.
ഇമാം ഇബ്‌നുല്‍ ജൗസിയുടെ സാദുല്‍മസീര്‍ ഫീ ഇല്‍മിത്തഫ്‌സീര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ആവര്‍ത്തനങ്ങള്‍ അറബികളുടെ സംസാരശൈലിയില്‍ പ്രയോഗിച്ച് കാണുന്നത് ഊന്നല്‍ നല്‍കി ഒരു വിഷയത്തെ ശ്രോതാവിലേക്ക് എത്തിക്കുന്നതിനും കൂടുതല്‍ വ്യക്തത അക്കാര്യത്തില്‍ ഉണ്ടായിത്തീരുന്നതിനുമാണ്. എന്നാല്‍ അതോടൊപ്പം ഗൗരവമായ മുന്നറിയിപ്പിന്റെയും പ്രതിപാദ്യവിഷയത്തിന്റെ മഹത്വമുള്‍ക്കൊണ്ട് അതിനെ സമീപിക്കാനുമുള്ള ആഹ്വാനവും ആവര്‍ത്തനങ്ങളുടെ ലക്ഷ്യമാണ്.
സൂറത്തുര്‍റഹ്മാനില്‍ 31 തവണ

فبأي آلاء ربكما تكذبان

എന്ന പരാമര്‍ശം ആവര്‍ത്തിച്ചിട്ടുണ്ട്. അല്ലാഹു നല്‍കിയ അനുഗ്രഹത്തിന്റെ മഹത്വമുള്‍ക്കൊള്ളാനും അവന്റെ അപാരമായ കഴിവിനെ മനസ്സിലാക്കി അവനോട് വിനയം കാണിക്കാനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഇതില്‍ അടങ്ങിയിരിക്കുന്നത് (സാദുല്‍മസീര്‍ 461/5)
മനസ്സില്‍
സ്ഥിരപ്പെടുത്തല്‍

ഖുര്‍ആന്‍ ചിന്തിക്കാനും പഠിക്കാനും അല്ലാഹു എളുപ്പമാക്കിയിട്ടുണ്ട് (54:17). അതിലെ വചനങ്ങള്‍ ആവര്‍ത്തനസ്വഭാവമുള്ളതുകൊണ്ട് അത് ഹൃദിസ്ഥമാക്കാനും മനസ്സില്‍ സൂക്ഷിക്കാനും ആവര്‍ത്തിച്ചുള്ള പാരായണവും അനിവാര്യമാണ്. ഖുര്‍ആനുമായി കൂടുതല്‍ അടുത്തബന്ധം നിലനിര്‍ത്തുകയും ആവര്‍ത്തന വചനങ്ങളിലൂടെ അതിലെ ആശയങ്ങള്‍ മനസ്സില്‍ കൂടുതല്‍ സ്ഥിരപ്പെടുകയും ചെയ്യുമ്പോള്‍ ഖുര്‍ആന്‍പഠനം സരളമായിത്തീരും.
മനുഷ്യമനസ്സിന്റെ ബലഹീനതയെ ഏറ്റവും നന്നായി അറിയുന്ന സ്രഷ്ടാവ് ഖുര്‍ആന്‍ പഠനം എളുപ്പമാക്കുക എന്ന ലക്ഷ്യപൂര്‍ത്തീകരണത്തിനായി കൃത്യമായ ഉദ്ദേശ്യലക്ഷ്യത്തോടെയാണ് ഖുര്‍ആനിലെ ഭാഷാ പ്രയോഗങ്ങളും വാചകഘടനയും ക്രമീകരിച്ചിരിക്കുന്നത്. ബൗദ്ധിക നിലവാരത്തില്‍ വ്യത്യസ്തരായ മനുഷ്യരുടെ പ്രകൃതിക്കനുസരിച്ച് ഖുര്‍ആനിനെ എളുപ്പമാക്കാനും അത് മനുഷ്യന്‍ പ്രദാനം ചെയ്യുന്ന സന്മാര്‍ഗബോധത്തെ നേടിയെടുക്കാനും സ്രഷ്ടാവ് തന്നെ വഴി എളുപ്പമാക്കിത്തന്നിരിക്കുന്നു.
മൂല്യവും
മനോഹാരിതയും

വിശുദ്ധ ഖുര്‍ആന്‍, മാനവകുലത്തിന് വഴികാട്ടിയായി അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥം. മനുഷ്യര്‍ക്ക് അതിന്റെ ഉള്ളടക്കമോ പദഘടനയോ അതുപോലെ അനുകരിച്ച് മറ്റൊന്ന് കൊണ്ടുവരാന്‍ സാധ്യമല്ല എന്ന അര്‍ഥത്തിലാണ് ഖുര്‍ആനിന്റെ അമാനുഷികത നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ആശയതലത്തിലും ഭാഷാസാഹിത്യതലത്തിലും സൗന്ദര്യവും മൂല്യവും ഉള്‍ക്കൊള്ളുന്നതാണ് അതിലെ ഓരോ വചനങ്ങളും.
വിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തനങ്ങളായി വന്നിട്ടുള്ള വചനങ്ങളും പദങ്ങളും ശൈലികളും പ്രയോഗങ്ങളുമെല്ലാം ശിക്ഷണപരമായ മൂല്യവും ഭാഷാപരമായ സൗന്ദര്യവും ഉള്‍ച്ചേര്‍ന്നതാണ്. ഇതാകട്ടെ ഖുര്‍ആനിന്റെ ഭാഷാപരവും സാഹിത്യപരവും വൈജ്ഞാനികവുമായ അമാനുഷികതയുടെ അടയാളം കൂടിയാണ്. വിശ്വാസം, സ്വഭാവം, സംസ്‌കാരം എന്നിവയിലെല്ലാം ദൈവിക സന്ദേശത്തിലൂടെ ധാര്‍മിക മൂല്യങ്ങള്‍ പ്രസരിപ്പിക്കുന്ന ഖുര്‍ആന്‍ പഠിതാവിന് ഉള്‍ക്കൊള്ളാനാവുന്നു.
ചിന്തോദ്ദീപകമായ ദൃഷ്ടാന്തങ്ങളിലൂടെ വേദവെളിച്ചം നുകരാനും സംശയലേശമെന്യേ വിശ്വാസം മനസ്സിലേക്ക് ആഴ്ന്നിറങ്ങാനും ഉപയുക്തമായ ഭാഷയാണ് ഖുര്‍ആനിലുള്ളത്. അതുകൊണ്ട് വിശ്വാസതലത്തിലും ഭാഷാ സാഹിത്യ തലത്തിലും ദൈവികമാര്‍ഗദര്‍ശന ഗ്രന്ഥത്തെ സമീപിക്കുന്ന ഖുര്‍ആന്‍ പഠിതാവിന് ആവര്‍ത്തന വചനങ്ങളുടെ പൊരുളും ലക്ഷ്യവും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x