2 Thursday
January 2025
2025 January 2
1446 Rajab 2

മതപാഠശാലകളുടെ ദര്‍ശനവും ദൗത്യവും

ഡോ. പി എം മുസ്തഫ കൊച്ചിന്‍


സകല ലോകസംരക്ഷകനു സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുന്നതു മുഖേന ആര്‍ജിക്കുന്ന സ്വസ്ഥതയും സമാധാനത്തിനും ശാന്തിക്കും പറയുന്ന പേരാണ് ഇസ്‌ലാം. സ്വസ്ഥത, സമാധാനം, ശാന്തി എന്നീ അര്‍ഥങ്ങള്‍ വരുന്ന ക്രിയാധാതുവാണ് (മസ്ദര്‍) സില്‍മ്. സ്വസ്ഥത നല്‍കി, സമാധാനം പകര്‍ന്നു, ശാന്തിയേകി എന്നര്‍ഥം വരുന്ന അസ്‌ലമ എന്ന സകര്‍മക ക്രിയയില്‍ നിന്നുണ്ടായ ക്രിയാനാമമായ ഇസ്‌ലാമിനു സമര്‍പ്പിക്കല്‍ എന്ന അര്‍ഥകല്‍പനയുമുണ്ട്. ഒരുവന്‍ സ്വന്തത്തെത്തന്നെ അഖിലലോക സ്രഷ്ടാവിന് സമര്‍പ്പിക്കുന്ന അവസ്ഥയാണത്. സ്വന്തത്തിനും അപരര്‍ക്കും ഭൂലോകത്തെ എല്ലാറ്റിനും സ്വസ്ഥത നല്‍കുകയും സമാധാനം പകരലും ശാന്തിയേകലുമാണ് ഇസ്‌ലാമിക ധര്‍മം. ഈ ഇസ്‌ലാമിനെ സ്വാംശീകരിച്ചവനാണ് മുസ്‌ലിം.
സില്‍മും (peace) ഇല്‍മും (science) തമ്മില്‍ വളരെയധികം ബന്ധമുണ്ട് എന്നതിലേക്കുള്ള സൂചനയാണ് ആദ്യം അവതരിച്ച ഖുര്‍ആനിക വചനങ്ങള്‍. ”ഗര്‍ഭപിണ്ഡത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവന് അറിയാത്തത് പേന കൊണ്ട് അവന് വിദ്യാഭ്യാസം നല്‍കുകയും ചെയ്ത അത്യുദാരനായ നിന്റെ സംരക്ഷകന്റെ നാമത്തില്‍ നീ വായിച്ചു കേള്‍പ്പിക്കുക” (96:1-5). വിദ്യയോടുള്ള ഇസ്‌ലാമിന്റെ സമീപനം എന്താണെന്നു മനസ്സിലാക്കിയാലേ ഇസ്‌ലാം മതപാഠശാല എത്തരമാകണമെന്ന് വ്യക്തമാകൂ. ഇസ്‌ലാമില്‍ വിദ്യയെ ആത്മീയം (മതപരം), ഭൗതികം എന്ന് യഥാര്‍ഥത്തില്‍ വേര്‍തിരിക്കുന്നില്ല എന്നതാണ് ഖുര്‍ആനിക വചനം നമ്മോട് പറയുന്നത്. ഭൗതിക കാര്യങ്ങളും ദൈവഭയവുമായി ബന്ധപ്പെടുത്തി വിദ്യയെ പരാമര്‍ശിക്കുന്നുണ്ട് ഖുര്‍ആനില്‍.
മഴ വര്‍ഷിപ്പിക്കുകയും ഫലവര്‍ഗങ്ങളിലെയും മലമ്പാതകളിലെയും മനുഷ്യരിലെയും കന്നുകാലികൡലെയും വര്‍ണവൈവിധ്യമായ ഭൗതിക വിദ്യയെ സൂചിപ്പിക്കുന്ന ഉടനെയാണ് ”അല്ലാഹുവെ ഭയപ്പെടുന്നത് അവന്റെ ദാസരിലെ വിദ്യാസമ്പന്നര്‍ (ഉലമാ) മാത്രമാകുന്നു” എന്നു ഖുര്‍ആന്‍ (35:28) പറയുന്നത്. ഇവിടെ ഉലമാ എന്ന പദം മത-ഭൗതിക ശാസ്ത്രജ്ഞരെക്കുറിച്ചാണ് ഉപയോഗിച്ചത്. അപ്പോള്‍ വിദ്യയില്‍ (ഇല്‍മ്) ആത്മീയതയുടെയും ഭൗതികതയുടെയും ഉദ്ഗ്രഥനമുണ്ടെന്നു മനസ്സിലാക്കാം. അങ്ങനെയെങ്കില്‍ മതധാരണയില്ലാത്ത ഭൗതിക ശാസ്ത്രജ്ഞരും ഭൗതിക ജ്ഞാനമില്ലാത്ത മതപുരോഹിതനും യഥാര്‍ഥത്തില്‍ ഉലമ ആകുമോ എന്ന് നാം ചിന്തിച്ചുനോക്കുക.
ഇസ്‌ലാം ഖുര്‍ആനിലൂടെ മുന്നോട്ടുവെക്കുന്ന വിദ്യ കലര്‍പ്പില്ലാത്ത പ്രകാശമാണ്. ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്കാണ് അല്ലാഹുവും (2:257) ഖുര്‍ആനും (14:1) മുഹമ്മദ് നബിയും (65:11) മൂസാ നബിയും (14: 5) ഒക്കെ നയിച്ചതെന്നു ഖുര്‍ആന്‍ പറയുന്നു. വിദ്യാഭ്യാസ വിചക്ഷണനായ അലെന്‍ ദാവീദ് ബ്ലൂമിയുടെ (1930-92) വിദ്യാഭ്യാസ നിര്‍വചനവും ഇതിനോട് ഒട്ടിനില്‍ക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞത് ”വിദ്യാഭ്യാസം എന്നത് ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള പ്രയാണമാണ്” എന്നാണ്. അലെന്‍ പറഞ്ഞത് ഇരുട്ട് (റമൃസില)ൈ എന്നാണെങ്കില്‍ ഖുര്‍ആനില്‍ അതിന്റെ ബഹുവചനമായ ഇരുട്ടുകള്‍ (ളുലുമാത്) എന്നാണെന്ന ഒരു വ്യത്യാസം മാത്രം. സമ്പൂര്‍ണ സത്യം പ്രകാശമാണെങ്കില്‍ അര്‍ധസത്യങ്ങളും അസത്യങ്ങളും ഇരുട്ടുകളാണെന്ന് നാം മനസ്സിലാക്കുക.
ഇസ്‌ലാമിലെ വിദ്യാഭ്യാസ പ്രക്രിയ സര്‍വം പ്രകാശമയമാണ്. മണ്ണിന്റെയും വിണ്ണിന്റെയും പ്രകാശമായ അല്ലാഹു (24:35), പ്രകാശത്തില്‍ നിന്നു സൃഷ്ടിച്ച ജിബ്‌രീല്‍ എന്ന മാലാഖ (മുസ്‌ലിം, അഹ്മദ്) മുഖേന പ്രകാശമാകുന്ന ഖുര്‍ആന്‍ (4:174), പ്രകാശം (സിറാജ്) ആയ മുഹമ്മദ് നബി(33:46)യിലൂടെയാണ് തലമുറകള്‍ക്ക് ദിവ്യവേദത്തിലെ വിദ്യാഭ്യാസം നല്‍കുന്നത്.
നെറിവും തിരിച്ചറിവും
ഇസ്‌ലാമിലെ വിദ്യാഭ്യാസ പ്രക്രിയയിലെ രണ്ടു പദപ്രയോഗങ്ങളാണ് നെറിവ്, തിരിച്ചറിവ് എന്നിവ. ഇവ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാത്ത പദങ്ങളാണ്. നെറിവിനെ ഖുര്‍ആന്‍ മഅ്‌റൂഫ് (സുപ്രസിദ്ധം) എന്നും തിരിച്ചറിവിനെ തഅര്‍റുഫ്, ഇഅ്തിറാഫ്, തആറുഫ് എന്നിങ്ങനെയും പരാമര്‍ശിക്കുന്നു. ഖുര്‍ആനില്‍ ഉപയോഗിച്ച റുഷ്ദും ദിക്‌റും തിരിച്ചറിവുകള്‍ തന്നെയാണ്. ‘അ’, ‘റ’, ‘ഫ’ എന്നീ മൂന്ന് അക്ഷരങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള അറബി പദങ്ങളാണ് മഅ്‌രിഫ, ഇര്‍ഫാന്‍, തഅര്‍റുഫ്, ഇഅ്തിറാഫ്, തആറുഫ്, മഅ്‌റൂഫ് എന്നിവ. അറിവിന്റെ വകഭേദങ്ങളാണ് ഈ പദപ്രയോഗങ്ങളൊക്കെയും. (10:42, 49:12, 09:102, 67:11, 65:6, 2:273, 22:73, 27:93, 47:30, 83:24 നോക്കുക)
ലോകം അംഗീകരിക്കുന്ന സുപ്രസിദ്ധ ധര്‍മങ്ങളാണ് നെറിവ് (മഅ്‌റൂഫ്). അതിന്റെ വിപരീതമായ മുന്‍കര്‍ എന്നത് നെറികേടുമാണ്. കുപ്രസിദ്ധങ്ങളായ അധര്‍മങ്ങള്‍. ഇസ്‌ലാമിക വിദ്യാഭ്യാസ പ്രക്രിയയില്‍ ഏഴു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു പോലും നെറിവുകള്‍ പരിശീലിപ്പിച്ചുകൊടുക്കാം.
ഇസ്‌ലാം മതപാഠശാല
ഇസ്‌ലാമിലെ മതപാഠശാല ഒരു ശീലാലയമാണ്. സ്വാംശീകരണത്തിന് ഉപയുക്തമായ നിലയില്‍ അനുഭവാത്മക പഠനം, സഹവാസ പഠനം, പരസ്പരാശ്രയ പഠനം എന്നിവ സാധ്യമാകുന്നു അവിടെ. ഒരു പണിയാല എന്നു വേണമെങ്കില്‍ ആ ഘടനയെ പറയാം. മുഹമ്മദ് നബി(സ) ദൗത്യമേറ്റെടുത്ത കാലത്ത് അര്‍ഖം ബിന്‍ അര്‍ഖമിന്റെയും അദ്ദേഹത്തിന്റെ സഹധര്‍മിണി ഹിന്ദ് ബിന്‍ത് അബ്ദില്ലായുടെയും ഭവനമായ ദാറുല്‍ അര്‍ഖമിലായിരുന്നു അന്നത്തെ ആദ്യത്തെ ഗൃഹ മതപാഠശാല പ്രവര്‍ത്തിച്ചത്. അതിന്റെ കരിക്കുലം ഖുര്‍ആനും അതിന്റെ നേതൃത്വം മുഹമ്മദ് നബിക്കുമായിരുന്നു. മദീനാ ഹിജ്‌റാനന്തരം മസ്ജിദുന്നബവിയില്‍ മുഹമ്മദ് നബിയുടെ സെഷനുകള്‍ ഉണ്ടായിരുന്നു. മക്കയില്‍ പില്‍ക്കാലത്ത് കഅ്ബയുടെ പരിസരത്ത് മസ്ജിദുല്‍ ഹറമില്‍ ഇബ്‌നു അബ്ബാസും(റ) മദീനയില്‍ റബീഅതുര്‍റഅ്‌യും ഇസ്‌ലാം മതപാഠശാലാ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
ഭൂഗോള ചരിത്രത്തിലെ ആദ്യ ഗുരുവായി ഒരു കാക്കയെ അയച്ചതിനെപ്പറ്റി ഖുര്‍ആന്‍ (5:31) പറയുന്നുണ്ട്. ‘എങ്ങനെയാണ് സഹോദരന്റെ മൃതദേഹം മറമാടേണ്ടത്’ എന്ന രീതിശാസ്ത്രമാണ് കാക്ക പ്രവര്‍ത്തിച്ചു കാണിച്ചു പഠിപ്പിച്ചു കൊടുത്തത്. തന്നേക്കാള്‍ താഴ്ന്നവരില്‍ നിന്നും പഠിക്കാമെന്ന മഹത്തായ പാഠമാണ് ഇതില്‍ നിന്ന് നേടേണ്ടത്. ആദം-ഹവ്വ ദമ്പതികള്‍ക്ക് അല്ലാഹു അനുഭവത്തിലൂടെ നല്‍കിയ പാഠം ‘വൃക്ഷനിയമ’ വാക്യങ്ങളില്‍ ഖുര്‍ആന്‍ നല്‍കുന്നുണ്ട്. ആദമിനും ആവശ്യമുള്ള നാമങ്ങള്‍ അല്ലാഹു പരിശീലനം നല്‍കിയ കാര്യവും ഖുര്‍ആന്‍ (2:31) പറയുന്നുണ്ട്. മൂസാ നബിയുടെയും ഒരു ദൈവദാസന്റെയും ചരിത്രസംഭവ വിവരണം സൂറതുല്‍ കഹ്ഫിലെ 65 മുതല്‍ 78 വരെയുള്ള വാക്യങ്ങളില്‍ കാണാം. ഇസ്‌ലാം മതപാഠശാലകള്‍ മെച്ചപ്പെടുത്താനുള്ള ഒരുപിടി നിര്‍ദേശങ്ങള്‍ അവയിലുണ്ട്. ഗുരുവിനേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ള ഉലുല്‍ അസ്മ് (46:35) കാറ്റഗറിയില്‍പ്പെട്ട ശിഷ്യനായാണ് മൂസാനബി(അ)യെ ഇതില്‍ അവതരിപ്പിക്കുന്നത്. തിരിച്ചറിവ് നേടാനായി ഗുരുവിന്റെ കൂടെ സഹവസിക്കുന്ന ശിഷ്യനായ മൂസാ(അ), സ്ഥിരചിത്തതയും അനുഭവ പരിജ്ഞാനവും കൈമുതലാക്കുന്ന ശിഷ്യനായ മൂസാ(അ), ‘ആരാധനാ ഭാവം’ കൈമാറാത്ത, പേര് പറയപ്പെടാത്ത ഗുരു എന്നിങ്ങനെ പോകുന്നു ഇതിലെ പാഠങ്ങള്‍.
മെന്ററിങിന്റെ താല്‍പര്യം
ഇസ്‌ലാം മതപാഠശാലകളില്‍ മെന്ററിങ് ആണ് നടക്കേണ്ടത്. ഖുര്‍ആനില്‍ സൂറത്തുല്‍ അഅ്‌റാഫില്‍ ഹൂദ് (7:68), സാലിഹ് (7:79) ശുഐബ് (7:93) എന്നീ പ്രവാചകന്മാരെ മെന്റര്‍ (നാസിഹ്) ആയാണ് പരിചയപ്പെടുത്തുന്നത.് കരണീയമായ വിദ്യാഭ്യാസ രീതിയല്ല സ്വതന്ത്രപഠനവും ആശ്രയ പഠനവും. അധ്യാപകരും വിദ്യാര്‍ഥികളും പരസ്പരം വളര്‍ത്തുന്ന രീതിയിലുള്ള ഇന്റര്‍ ഡിപെന്റന്റ് ആയ പഠനമാണ് വേണ്ടത്. ഖുര്‍ആന്റെ ഭാഷയില്‍ ഇതിനെ റബ്ബാനീ (3:79) എന്നു പറയും. ഈ കാഴ്ചപ്പാടില്‍ അധ്യാപകരും വിദ്യാര്‍ഥിയും സ്വതന്ത്രരും ആശ്രിതരുമല്ല, പരസ്പരാശ്രിതരാണ്.
സിനെര്‍ജിയും
ഡെലിഗേഷനും

ഇസ്‌ലാം മതപാഠശാലകളുടെ അക്കാദമിക കാര്യങ്ങള്‍ കൂടിയാലോചിക്കേണ്ടത് വിദ്യാഭ്യാസ വിചക്ഷണരായിരിക്കണം. ഇസ്‌ലാമിലെ ശൂറാ സംവിധാനം ശൂറാ അംഗങ്ങളുടെ പരിധിയില്‍ പെട്ട കാര്യങ്ങള്‍ കൂടിയാലോചിച്ചു തീരുമാനിക്കുക എന്നതാണ്. ”തങ്ങളുടെ കാര്യം തീരുമാനിക്കേണ്ടത് അവര്‍ പരസ്പരം കൂടിയാലോചിക്കുന്നതിലൂടെയായിരിക്കും” (42:38) എന്ന് സത്യവിശ്വാസികളെപ്പറ്റി ഖുര്‍ആനില്‍ ശൂറാ അധ്യായത്തില്‍ പറയുന്നു. ത്വലാഖുമായി ബന്ധപ്പെട്ട വിഷയത്തില്‍ നെറിവോടെയുള്ള കൂടിയാലോചനയെക്കുറിച്ച് (65:6) ഖുര്‍ആന്‍ പറയുന്നുണ്ട്.
മാനവവിഭവശേഷിയുടെ വ്യത്യസ്ത നൈപുണികള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയിരുന്നു മുഹമ്മദ് നബി(സ). ഭാഷാപരമായ നൈപുണിയുള്ള ഹസ്സാനുബ്‌നു സാബിത്തി(റ)നെ കവിതാരചനയിലും സംഗീതാത്മക ശേഷിയുള്ള ബിലാലി(റ)നെ ബാങ്ക്‌വിളി മേഖലയിലും ശാരീരിക ചലനാത്മക കഴിവുള്ള ഖാലിദുബ്‌നുല്‍ വലീദി(റ)നെ സൈനികരംഗത്തും വ്യക്ത്യാന്തര നൈപുണിയുള്ള ഉസ്മാനെ(റ) സന്ധിസംഭാഷണത്തിലും നബി(സ) വിദഗ്ധമായി ഉപയോഗപ്പെടുത്തിയില്‍ ഡെലിഗേഷന്റെയും സിനെര്‍ജിയുടെയും ഉത്തമ പാഠങ്ങള്‍ ദര്‍ശിക്കാം. ഇസ്‌ലാമിക വിദ്യാലയത്തിലെ വിവിധ വകുപ്പിലെ ശൂറായില്‍ മാനവവിഭവശേഷിയുടെ വിനിയോഗം കാര്യക്ഷമമാകണം.
മത ശാസ്ത്ര പഠനം
ഇസ്‌ലാം മതപാഠശാലകളിലെ മതശാസ്ത്ര പഠനത്തിന് വ്യവസ്ഥാപിതത്വം അനിവാര്യമാണ്. ആത്മീയ-ഭൗതിക സമന്വയം (ഇന്റഗ്രേഷന്‍) ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഖുര്‍ആന്‍ വെളിച്ചമേകുന്ന മേഖലകളില്‍ വ്യവസ്ഥാപിത പഠനം നടക്കണം. ദൈവശാസ്ത്രം (theology), വിശ്വാസശാസ്ത്രം (pisteology), മോക്ഷശാസ്ത്രം (soteriology), വിശുദ്ധകാര്യപഠനം (hierology), മനസ്സിനെ നിയന്ത്രിക്കുന്ന നിയതത്വശാസ്ത്രം (nomology), സത്യത്തെക്കുറിച്ച പഠനം (alethiloogy), രേഖകള്‍ പരിശോധിച്ച് ആധികാരികത ഉറപ്പിക്കുന്ന പഠനം (bibliotics), പാപപഠനം (hamartio logy), മതവിരുദ്ധവാദപഠനം (herosiology), അറിവിനെക്കുറിച്ച പഠനം (gnosiology) എന്നീ മേഖലകളില്‍ ഇസ്‌ലാമിന് പറയാനുള്ളതുകൂടി പഠനവിധേയമാക്കണം.
മാലിന്യപഠനം ആത്മീയതലത്തിലൂടെ ഉദ്ഗ്രഥനവും സമന്വയവും നടത്തുമ്പോഴേ വിശ്വാസമലിനീകരണവും ആത്മീയമലിനീകരണവും ചര്‍ച്ചാവിഷയമാവുകയുള്ളൂ. വിമലീകരണത്തിന് ഏറ്റവും അനുഗുണമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് ആത്മീയ വിമലീകരണം. കാഴ്ചശക്തി പഠനം, അന്ധതാ പഠനം എന്നിവയില്‍ എന്താണ് കാണേണ്ടത്, എങ്ങനെ കാണണം, യഥാര്‍ഥ അന്ധത എന്നിവ അനാവരണം ചെയ്യണം. ചെകുത്താന്‍ പഠനങ്ങളായ സാത്താനോളജി, ഡിമെനോളജി, ഡയാബോളജീ എന്നിവയില്‍ പിശാചുക്കളില്‍ നിന്ന് മോചനത്തിനുള്ള വഴികള്‍ പഠിപ്പിക്കപ്പെടണം. കാല്‍പ്പാദവുമായി ബന്ധപ്പെട്ട പഠനങ്ങളായ പിഡോളജി, പോഡിയാട്രീ, ചിറോപോഡി എന്നിവയില്‍ വിനയത്തോടു കൂടിയുള്ള നടത്തം പരാമര്‍ശവിഷയമാവണം. ചുരുക്കിപ്പറഞ്ഞാല്‍, ഭൗതികശാസ്ത്ര പഠനശാഖകളൊക്കെ ഒരു നിലയ്ക്ക് മതശാസ്ത്ര പഠനങ്ങളാണ്. ഇവ രണ്ടിനെയും എങ്ങനെ വിദഗ്ധമായി ഉദ്ഗ്രഥിതമാക്കും എന്നിടത്തു മാത്രമേ പ്രശ്‌നമുള്ളൂ.
മനസ്സും മനസ്സും തമ്മില്‍
മനസ്സും മനസ്സും തമ്മിലുള്ള കൈമാറ്റമാണ് വിദ്യാഭ്യാസത്തില്‍ നടക്കേണ്ടതെന്ന് ഉറച്ചു വിശ്വസിക്കുന്നു ഇസ്‌ലാം. അതിനാല്‍ സ്മാര്‍ട്ട് സംവിധാനങ്ങളുടെയോ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെയോ പിറകെ പോകേണ്ടതില്ല ഇസ്‌ലാമിസ്റ്റുകള്‍. മനസ്സും മനസ്സും തമ്മില്‍ ആശയവിനിമയത്തിന് തടസ്സം സൃഷ്ടിക്കരുത് യന്ത്രങ്ങള്‍. മാനസിക മാറ്റങ്ങള്‍ക്ക് ഗുണം ചെയ്യുന്നത് നേരിട്ടുള്ള ആശയവിനിമയങ്ങളാണ്. ”ഏതൊരു ജനതയും തങ്ങളുടെ സ്വന്തം മനോഭാവങ്ങളില്‍ മാറ്റം വരുത്തുന്നതുവരെ അല്ലാഹു അവരുടെ സ്ഥിതിഗതികളില്‍ മാറ്റം വരുത്തുകയില്ല” (ഖുര്‍ആന്‍ 11:11).
ശരിയായ ജീവിതവീക്ഷണങ്ങളും മനോഭാവങ്ങളും കരുപ്പിടിപ്പിക്കാന്‍ ഉതകുന്നതാകണം ഇസ്്‌ലാം മതശാലകള്‍. മനോഭാവങ്ങളിലെ പാളിച്ചയാണ് ജിന്നുപിശാചായ ഇബ്‌ലീസിനെയും മനുഷ്യപ്പിശാചായ ഫിര്‍ഔനിനെയും നരകത്തിലെത്തിച്ചത് (17:63, 40:45) എന്ന് ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കാം. ”എന്റെ ജനങ്ങളേ, ഈജിപ്തിന്റെ രാജാധിപത്യം എനിക്കല്ലേ? ഈ പുഴകള്‍ ഒഴുകുന്നത് എന്റെ കീഴിലല്ലേ? ഹീനനും സ്ഫുടമായി സംസാരിക്കാന്‍ കഴിയാത്തവനുമായ മൂസയെക്കാള്‍ ഉത്തമന്‍ ഞാന്‍ തന്നെയല്ലേ” എന്ന് ഫിര്‍ഔന്‍ തന്റെ ജനങ്ങള്‍ക്കിടയില്‍ ഒരു വിളംബരം നടത്തിയതായി ഖുര്‍ആന്‍ (43:51,52) പറയുന്നു. ‘കളിമണ്ണില്‍ നിന്ന് അല്ലാഹു സൃഷ്ടിച്ച മനുഷ്യനായ ആദമിനെക്കാള്‍ തീയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ജിന്നായ ഇബ്്‌ലീസ് ഉത്തമനാണ്’ എന്ന മനോഭാവമായിരുന്ന അല്ലാഹുവിന്റെ നിര്‍ദേശം പാലിക്കാന്‍ ഇബ്‌ലീസിന് തടസ്സമായതെന്ന് ഖുര്‍ആന്‍ (7:12, 38:76) പറയുന്നു. അഹങ്കാര മനോഭാവവും, ‘ഞാന്‍ ഉത്തമന്‍, അപരര്‍ നീചര്‍’ എന്ന ജീവിതവീക്ഷണവും ഇസ്‌ലാമിക കലാലയങ്ങളിലെ സന്തതികളില്‍ ഉണ്ടാവരുത്.
സ്പാനിഷ് പാഠം
”അവര്‍ക്കു മീതെ ആകാശത്തട്ടില്‍ വിധേയത്വത്തോടെ ചിറകു വിരിച്ചതും ചുരുക്കിയതുമായ നിലയിലുള്ള പക്ഷികളെപ്പറ്റി അവര്‍ ചിന്തിച്ചുനോക്കിയിട്ടില്ലേ? പരമകാരുണികനായ അല്ലാഹുവല്ലാതെ മറ്റാരും തന്നെ അവയെ താങ്ങിനിര്‍ത്തുന്നില്ല” (16:79, 67:19) എന്ന ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ബൗദ്ധിക (ഭൗതികം+ആത്മീയം) ദര്‍ശനത്തില്‍ വിജ്ഞാനത്തിന്റെ ഉദ്ഗ്രഥിത സമീപനം കാണാനാവും. അതു മനസ്സിലാക്കി ഖുര്‍ആന്‍ പണ്ഡിതനും പക്ഷി നിരീക്ഷകനുമായ സ്പാനിഷ് ശാസ്ത്രജ്ഞന്‍ അബ്ബാസ് ബിന്‍ ഫിര്‍നാസുല്‍ അന്ദലൂസി (ക്രി.ശേ. 810-887) ഗവേഷണത്തില്‍ മുഴുകി വ്യോമയാന ശാസ്ത്രത്തിന്റെ പിതാവായി മാറിയ ചരിത്രം നാം കണ്ടതാണ്. ‘ന്റുപ്പൂപ്പാക്കൊരാനെണ്ടാര്‍ന്നു’ എന്ന് ഗീര്‍വാണം മുഴക്കാനും അയവിറക്കാനുമുള്ളതാകരുത് ഇസ്‌ലാമിക കാമ്പസ്.
എട്ടുകാലി മമ്മൂഞ്ഞ്
അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ തോമസ് ആല്‍വാ എഡിസന്‍ (1847-1931) ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം ബള്‍ബിന്റെ കണ്ടുപിടിത്തത്തിലേക്കുള്ള സൂചന ഖുര്‍ആനില്‍ (24:35) ഉണ്ടെന്നു പറയുന്നത് എട്ടുകാലി മമ്മൂഞ്ഞിന്റെ തത്വശാസ്ത്രമാണ്. ഇങ്ങനത്തെ നിലപാടില്‍ അബദ്ധങ്ങള്‍ പിണയാന്‍ സാധ്യതയേറെയാണ്. പച്ചിലയില്‍ നിന്ന് പെട്രോള്‍ ഉല്‍പാദിപ്പിക്കുന്നതിനെക്കുറിച്ച് ഖുര്‍ആന്‍ (36:81) പറയുന്നുണ്ടെന്ന് വാദിച്ചവര്‍ പിന്നീട് ഇളിഭ്യരായ സംഭവവും നമ്മുടെ മുന്നിലുണ്ട്.
ഇരുലോക സൗഭാഗ്യം
ഇഹലോക ക്ഷേമത്തിനും പരലോക മോക്ഷത്തിനുമുള്ളതാണ് ഇസ്‌ലാം (2:38, 20:1,2,123,124) എന്ന് ഖുര്‍ആനില്‍ നിന്ന് മനസ്സിലാക്കാം. ഇരുലോക സൗഭാഗ്യത്തിനുള്ള വിദ്യകളുള്ള ദിവ്യവേദമാണ് ഖുര്‍ആന്‍ എന്ന ആശയം ഇസ്‌ലാം മതവിദ്യാലയങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കണം. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ അല്ലാഹുമ്മ ലാ തഖ്തുല്‍നാ ബിഗദബിക വലാ തുഹ്‌ലിക്‌നാ ബി അദാബിക വ ആഫിനാ ഖബ്‌ല ദാലിക എന്ന പ്രാര്‍ഥന പഠിക്കുമ്പോള്‍ തന്നെ ഖുര്‍ആനില്‍ പറയുന്ന ഇടിമിന്നലുകളെക്കുറിച്ച് മനസ്സിലാക്കി അതിന്റെ ഉപദ്രവം ഏല്‍ക്കാതെ ജാഗ്രത പാലിക്കുന്നതിനെക്കുറിച്ച് പഠിക്കുകയും അതിന്റെ അനുഗ്രഹം ലഭ്യമാക്കാനുള്ള വഴികളെക്കുറിച്ച് പഠിക്കുകയും വേണം.
ദര്‍ശനവും ദൗത്യവും
ഇസ്‌ലാം മാര്‍ഗമാണെങ്കിലും അതിനൊരു ലക്ഷ്യമുണ്ട്. ”ഇസ്‌ലാമാകുന്ന മാര്‍ഗത്തില്‍ നിലനിര്‍ത്തണമേ” (1:6) എന്നത് സത്യവിശ്വാസികളുടെ പ്രാര്‍ഥനയാണല്ലോ. ‘സമ്പൂര്‍ണ സത്യത്തിനായി തലമുറകളുടെ മനസ്സിനെ തിരിച്ചറിവിന്റെ വെളിച്ചത്തില്‍ രൂപാന്തരപ്പെടുത്തുക’ എന്നതാകണം ഇസ്‌ലാമിക മതപാഠശാലകളുടെ ദൗത്യം. ആ ദൗത്യാധിഷ്ഠിത സമീപനമായിരിക്കണം അടിസ്ഥാനമാക്കേണ്ടത്. ഖുര്‍ആന്‍ പറയുന്നു: ”സമ്പൂര്‍ണ സത്യവിശ്വാസിയായ നിലയില്‍ ആരെങ്കിലും അന്ത്യദിനം ഉദ്ദേശിക്കുകയും അതിനായി അതിനനുസരിച്ചുള്ള പ്രയത്‌നം ചെയ്യുന്നപക്ഷം അവരുടെ പരിശ്രമം സ്തുത്യര്‍ഹമായിരിക്കും” (17:19). സത്യവിശ്വാസിയുടെ പരിശ്രമങ്ങളില്‍ ദര്‍ശനം (vision) ഉണ്ടാവണമെന്നും ആ ദര്‍ശനത്തിനു അനുഗുണമായ ദൗത്യനിര്‍വഹണം (mission) ഉണ്ടായിരിക്കണമെന്നും ഈ ഖുര്‍ആനിക വചനം നമ്മെ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. ഹ

Back to Top