10 Tuesday
June 2025
2025 June 10
1446 Dhoul-Hijja 14

മതം നോക്കി മുഖത്തടിപ്പിക്കുന്നവര്‍


ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം. ക്ലാസ് മുറിയില്‍ വെച്ച് മുസ്ലിം വിദ്യാര്‍ഥിയെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി മറ്റ് വിദ്യാര്‍ഥികളെ കൊണ്ട് മുഖത്തടിപ്പിച്ച് രസിക്കുന്ന ഒരു അധ്യാപികയുടെ വീഡിയോ പുറത്ത് വരികയുണ്ടായി. ഞാന്‍ എല്ലാ മുഹമ്മദന്‍സ് കുട്ടികളെയും അടിക്കുന്നുവെന്ന് അധ്യാപികയായ തൃപ്ത ത്യാഗി പറയുന്നുണ്ട്. വീഡിയോയില്‍ മറ്റൊരാള്‍ഇതിനെ പുകഴ്ത്തുകയും എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയ മുസ്ലിം വിദ്യാര്‍ഥിയെ ശക്തമായി അടിക്കാത്ത വിദ്യാര്‍ഥികളെ ശകാരിക്കുകയും ചെയ്യുന്നുണ്ട്. ഏറെ ഭയാനകവും ഹൃദയഭേദകവുമെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഈ വീഡിയോയെക്കുറിച്ച് പ്രതികരിക്കുന്നത്.
ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ചെയ്തതിന്റെ ആഘോഷം മാറുന്നതിന് മുമ്പെ തന്നെയാണ് ഈ സംഭവവും ഉണ്ടായിരിക്കുന്നത്. ചന്ദ്രയാന്‍ വിജയത്തിന്റെ പേരില്‍ ഇന്ത്യ മുഴുവന്‍ അഭിമാനം കൊള്ളുമ്പോള്‍, ഈ രാജ്യത്തിന് ഇങ്ങനെയൊരു മുഖം കൂടിയുണ്ടെന്നത് വേദനാജനകമാണ്. ശാസ്ത്രപുരോഗതിയുടെ ഉത്തുംഗതയില്‍ നില്‍ക്കുമ്പോഴും മനുഷ്യമനസ്സ് അധോഗതിയിലാണ്. ഇസ്ലാം ഭീതിയുടെ പുതിയ പതിപ്പുകളാണ് ഇറങ്ങിക്കൊണ്ടിരിക്കുന്നത്.
പുതിയ തലമുറയില്‍ തന്നെ വിഷം കുത്തി വെച്ച് മതത്തിന്റെ പേരില്‍ വിഭാഗീയ ചിന്തകളുമായി അവരെ വളര്‍ത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. അതിന് വേണ്ടി സംഘപരിവാര്‍ പടച്ചുവിടുന്നത് നുണക്കഥകളാണ്. അതുവഴി മുസ്ലിം ജനവിഭാഗത്തോട് വിദ്വേഷം പുലര്‍ത്തുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. വളര്‍ന്നുവരുന്ന തലമുറയെ തന്നെ മതം പറഞ്ഞ് മുഖത്തടിപ്പിക്കാന്‍ പരിശീലിപ്പിച്ചാല്‍, ഭാവിയില്‍ വര്‍ഗീയവിഷം പേറുന്ന കൊടുംക്രിമിനലുകള്‍ രൂപപ്പെടാന്‍ അധികം ബുദ്ധിമുട്ടില്ല.
ക്ലാസുമുറികള്‍ എന്നത് വിജ്ഞാനത്തിന്റെ നിര്‍മാണ – പ്രസരണ കേന്ദ്രമാവണമെന്നാണ് എല്ലാ വിദ്യാഭ്യാസ ചിന്തകളും പറയുന്നത്. വിദ്യാഭ്യാസം ഒരു മനുഷ്യനെ വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവനാക്കി മാറ്റുമെന്നും ബഹുസ്വരതയെ ആദരിക്കുന്നവനാക്കി മാറ്റുന്നതിനുള്ള പ്രക്രിയയാണ് വിദ്യാഭ്യാസമെന്നും നമ്മള്‍ വിശ്വസിക്കുന്നു. എന്നാല്‍, പ്രയോഗിക തലത്തില്‍ ഏറ്റവും കൂടുതല്‍ വിഭാഗീയ-വര്‍ഗീയ ചിന്തകള്‍ കൊണ്ടുനടക്കുന്നവരായി അഭ്യസ്തവിദ്യരായ തലമുറ മാറുന്നുവെന്നത് ഗൗരവകരമാണ്. തൃപ്ത ത്യാഗിയെ പോലെയുള്ള അധ്യാപികമാരുടെ ശിക്ഷണത്തില്‍ വളരുന്ന തലമുറകളുടെ സ്വഭാവം എന്തായിരിക്കുമെന്ന് പ്രവചനാതീതമാണ്.
മാറികൊണ്ടിരിക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള ആശങ്കകള്‍ ഒരു ഭാഗത്തുണ്ട്. ഇസ്ലാമോഫോബിയ അതിന്റെ ക്രൗര്യം കാണിച്ചുതുടങ്ങിയിരിക്കുന്നു. ആശയതലത്തില്‍ തുടരുന്ന ഭീതികള്‍ ഹിംസയുടെ രൂപം പ്രാപിക്കുന്ന ഘട്ടമാണിപ്പോള്‍ കാണുന്നത്. മുസ്ലിമാവുക എന്നത് തന്നെ ഒരു കുറ്റമായി ചാര്‍ത്തികൊണ്ടിരിക്കുകയാണ്. ഗുജറാത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച മുസ്ലിം വിദ്യാര്‍ഥിനിക്ക് അവാര്‍ഡ് നിഷേധിക്കുകയും അതേ പരീക്ഷയില്‍ രണ്ടാം സ്ഥാനം ലഭിച്ച വിദ്യാര്‍ഥിനിക്ക് ആദരവ് നല്‍കുകയും ചെയ്ത വാര്‍ത്ത നാം വായിച്ചു. ഒന്നാം സ്ഥാനക്കാരി മുസ്ലിമായി എന്നത് മാത്രമാണ് ന്യൂനത. അതൊരു വലിയ അപരാധമായി ചിത്രീകരിക്കുന്നത് സ്വാഭാവികവത്കരിക്കപ്പെടുന്നു.
ഇസ്ലാം ഭീതി നോര്‍മലൈസ് ചെയ്യുന്നതില്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കുണ്ട് എന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്. മുസ്ലിം വസ്ത്രവും വേഷവും ഭക്ഷണ രീതിയും ജീവിതമാര്‍ഗവുമെല്ലാം സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയും അത് ആക്രമിക്കപ്പെടേണ്ടതാണ് എന്ന ചിന്ത ഉണ്ടാക്കുകയും ചെയ്യുന്നു. ഹിംസയെ പ്രത്യയശാസ്ത്രമായി കരുതുന്നവര്‍ക്ക് അതൊരു മുതല്‍ക്കൂട്ടാവുകയും കിട്ടിയ അവസരത്തില്‍ മുഖത്തടിപ്പിക്കാന്‍ മുതിരുകയും ചെയ്യുന്നു. ആത്മാഭിമാനമുള്ള തലമുറ രൂപപ്പെടുന്നത് തന്നെ തടയുക എന്നതാണ് ക്ലാസ് റൂമിലേക്ക് ഇതുകൊണ്ടുവരുന്നതിന്റെ ലക്ഷ്യം.
അതിനാല്‍ ആത്മവിശ്വാസവും ആത്മാഭിമാനവും പകര്‍ന്നുകൊണ്ടുതന്നെ അതിനെ പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കണം. മതത്തിന്റെ പേരില്‍ മാത്രമല്ല, യാതൊന്നിന്റെ പേരില്‍ പോലും മറ്റുള്ളവരെ കൊണ്ട് ശിക്ഷിപ്പിക്കാന്‍ അധ്യാപനരീതിയില്‍ വകുപ്പില്ല എന്നിരിക്കെ, ഈ ക്രൂരതയെ കേവലം മാപ്പ് പറച്ചിലില്‍ അവസാനിപ്പിക്കേണ്ടതല്ല. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഇത്തരം ആളുകള്‍ക്ക് ലഭിക്കേണ്ടതുണ്ട്. തൃപ്ത ത്യാഗിയെ പോലെയുള്ളവര്‍ അധ്യാപക സമൂഹത്തിന് തന്നെ അപമാനമാണ്. അവര്‍ക്കെതിരെ മാതൃകാപരമായ നിയമ നടപടി സ്വീകരിക്കണം.

Back to Top