മതത്തെ ശാസ്ത്രമായി വ്യാഖ്യാനിക്കരുത്
ഡോ. സുഫ്‌യാന്‍ അബ്ദുസ്സത്താര്‍
വിശുദ്ധ ഖുര്‍ആനിലെ സൂറത്തുര്‍റഹ്മാനിലെ 33-ാം വചനത്തില്‍ മനുഷ്യന് ആകാശഭൂമികളുടെ പരിധിയില്‍ നിന്നു പുറത്തു കടന്നുപോകാന്‍ കഴിയില്ലെന്നും അതിന് ഒരു അധികാരശക്തി വേണമെന്നും പറയുന്നുണ്ട്. ഈ വചനത്തിന് ശാസ്ത്രീയ വ്യാഖ്യാനം കണ്ടെത്താന്‍ ശ്രമിച്ചിരുന്ന ആളുകളുണ്ട്. മനുഷ്യന്റെ ബഹിരാകാശ യാത്രയുമായി ബന്ധപ്പെട്ട സൂചനകളാണിത് നല്‍കുന്നതെന്ന് വ്യാഖ്യാനിച്ച് ഖുര്‍ആന്‍ ‘ശാസ്ത്രീയമാണെ’ന്നു തെളിയിക്കാനുള്ള ബദ്ധപ്പാട് കാണിച്ചിരുന്നവര്‍ രണ്ടു തരത്തിലാണ് ഉണ്ടായിരുന്നത്.
ഒന്ന്, ബഹിരാകാശ യാത്ര മനുഷ്യന് അസാധ്യമാണെന്നതിനു തെളിവാണ് ഈ വചനമെന്ന് വാദിച്ചിരുന്നവര്‍. ബഹിരാകാശ സഞ്ചാരമൊക്കെ അസാധ്യമായിരുന്ന ഒരു കാലത്ത് ഈ വ്യാഖ്യാനത്തിന് പ്രസക്തിയുണ്ടായിരുന്നു എന്ന് അവര്‍ കരുതുന്നു. പക്ഷേ, കാലം മുന്നോട്ടുപോയപ്പോള്‍ ബഹിരാകാശ സഞ്ചാരം മനുഷ്യനു സാധ്യമായിത്തീര്‍ന്നു. രണ്ടാമത്തെ വിഭാഗം ഇതിന്റെ എതിര്‍ നിലപാട് സ്വീകരിക്കുന്നവരാണ്. മനുഷ്യന്റെ ബഹിരാകാശ സഞ്ചാരത്തെ ഖുര്‍ആന്‍ പ്രവചിക്കുന്നു എന്നതിന്റെ തെളിവായാണ് അവര്‍ ഈ വചനത്തെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ഈ ആയത്തിലെ സുല്‍ത്വാന്‍ അഥവാ ‘അധികാരം’ എന്ന വാക്കിന്റെ അര്‍ഥം ‘അറിവ്’ എന്ന് മനസ്സിലാക്കണമെന്നും, അറിവ് കൂടാതെ ബഹിരാകാശ സഞ്ചാരം സാധ്യമല്ല എന്നാണ് അതിന്റെ ഉദ്ദേശ്യമെന്നും വ്യാഖ്യാനിച്ച് ശാസ്ത്രീയ പ്രവചനം സാധ്യമാക്കുന്നു.
ഗോളനിരീക്ഷണത്തിനും ബഹിരാകാശ ഗവേഷണത്തിനുമുള്ള പ്രോത്സാഹനമാണ് ഈ വചനമെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. ഖുര്‍ആന്‍ വചനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന ചിന്തയായിരിക്കാം അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഈ വചനത്തിന്റെ പശ്ചാത്തലമോ മുമ്പും പിമ്പുമുള്ള വചനങ്ങളോ പരിശോധിക്കാതെയുള്ള വ്യാഖ്യാനം എത്ര സദുദ്ദേശ്യത്തോടെ ആയിരുന്നാലും പിഴവുകളിലേക്കാണ് നയിക്കുക.
പരലോകത്തു വെച്ച് അവിശ്വാസികളോടായുള്ള താക്കീതാണ് ഈ വചനത്തിലെ വെല്ലുവിളിയില്‍ അടങ്ങിയിരിക്കുന്നത്. ഖിയാമത്തുനാളില്‍ വിചാരണവേളയില്‍ നടക്കുന്ന ഒരു ആഹ്വാനമായിട്ടാണ് മുഫസ്സിറുകള്‍ ഈ വചനത്തെ കണക്കാക്കുന്നത്. മുമ്പും പിമ്പുമുള്ള ആയത്തുകള്‍ നോക്കുമ്പോഴും 35-ാം വചനത്തില്‍ ചൂണ്ടിക്കാട്ടുന്ന അഗ്നിജ്വാലയും പുകയും അനുഭവപ്പെടുന്ന, കുറ്റവാളികള്‍ ഓടിപ്പോകാന്‍ ശ്രമിക്കുമെന്ന സന്ദര്‍ഭമാണ് ഈ വചനത്തിന്റെ പശ്ചാത്തലമെന്നും മനസ്സിലാക്കാവുന്നതാണ്.
ഖുര്‍ആനും
ശാസ്ത്രവും
ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല. അതിനാല്‍ തന്നെ ഖുര്‍ആനിക വചനങ്ങള്‍ ശാസ്ത്രത്തിനനുസരിച്ച് വ്യാഖ്യാനിക്കേണ്ടതില്ല. ഖുര്‍ആന്‍ ശാസ്ത്രവിരുദ്ധമാണെന്നോ ഖുര്‍ആനില്‍ ശാസ്ത്രീയ സൂചനകളില്ല എന്നോ അല്ല അര്‍ഥമാക്കുന്നത്. മറിച്ച്, വ്യാഖ്യാനത്തിന്റെ ഫോക്കസ് മാറിപ്പോകരുത് എന്നതാണ്. ഏതെങ്കിലും ശാസ്ത്രപുരോഗതിയോ നേട്ടമോ കാണുമ്പോള്‍ അത് ഖുര്‍ആനില്‍ പ്രവചിച്ചിട്ടുണ്ട് എന്നു വരുത്തിത്തീര്‍ക്കാനുള്ള വ്യാഖ്യാന കസര്‍ത്തുകള്‍ ഖുര്‍ആനിന്റെ മഹത്വത്തിന് മങ്ങലേല്‍പിക്കുകയാണ് ചെയ്യുക.
ഖുര്‍ആന്‍ വചനങ്ങളുടെ സന്ദര്‍ഭത്തിന് വിരുദ്ധമാകാത്ത വിധമുള്ള വ്യാഖ്യാനത്തിലൂടെ തന്നെ അതിലെ ശാസ്ത്രീയ സൂചനകള്‍ മനസ്സിലാക്കാനാവും. ഉദാഹരണത്തിന് ഭ്രൂണശാസ്ത്രം സംബന്ധിച്ച കാര്യങ്ങള്‍. നേര്‍ക്കുനേരെയുള്ള അര്‍ഥത്തിലൂടെയും വ്യാഖ്യാനത്തിലൂടെയും അത് മനസ്സിലാക്കുക സാധ്യമാണ്. ഇവിടെ ഖുര്‍ആന്‍ വചനങ്ങളുടെ അര്‍ഥത്തെ ശാസ്ത്രീയ അറിവുകളുടെ വെളിച്ചത്തില്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. അറിവ് നേടാനുള്ള ഖുര്‍ആനിന്റെ തന്നെ പ്രോത്സാഹനമാണ് ഇവിടെ പ്രസക്തമാകുന്നത്. എന്നാല്‍ അതേസമയം, ഒരു ശാസ്ത്രനേട്ടം ഉണ്ടാകുമ്പോഴേക്ക് അത് ഖുര്‍ആനില്‍ പ്രവചിച്ചതാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ചില വാക്കുകളോ വാക്യഘടനയോ മുന്‍നിര്‍ത്തി സന്ദര്‍ഭരഹിതമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല.
വിശ്വാസം
ശാസ്ത്രീയമോ?
തങ്ങളുടെ മതവിശ്വാസം ശാസ്ത്രീയമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് പല ഭാഗങ്ങളില്‍ നിന്നുമുണ്ടാകുന്നത്. മതവിശ്വാസവും ശാസ്ത്രവും രണ്ടു ജ്ഞാനാന്വേഷണ മാര്‍ഗങ്ങളാണ്. ശാസ്ത്രവും മതവും പരസ്പരവിരുദ്ധങ്ങളല്ല. രണ്ടും വ്യത്യസ്തമായ അസ്തിത്വമുള്ളവയാണ്. ശാസ്ത്രവും മതവും തമ്മിലുള്ള ചരിത്രപരമായ സംഘര്‍ഷം ഇന്ന് അത്ര പ്രസക്തമല്ല. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും മതങ്ങളുടെ സൃഷ്ടിവാദവും തമ്മിലായിരുന്നു പ്രധാന സംഘര്‍ഷം. എന്നാല്‍ രണ്ടും രണ്ട് അന്വേഷണ മാര്‍ഗങ്ങളാെണന്നു തിരിച്ചറിയുമ്പോള്‍ ഈ സംഘര്‍ഷം ഇല്ലാതാക്കാന്‍ സാധിക്കും. പരിണാമ സിദ്ധാന്തം മാറ്റങ്ങളേതുമില്ലാത്ത ഒരു മതപ്രമാണമായി ശാസ്ത്രവാദികള്‍ തന്നെ കരുതുമ്പോഴാണ് സംഘര്‍ഷമുണ്ടാവുന്നത്. മനുഷ്യ സൃഷ്ടിപ്പിന്റെ ശാസ്ത്രീയത വിശദീകരിക്കുന്ന ദൗത്യം മതങ്ങളുടേതാണ് എന്ന് മതവിശ്വാസികളും കരുതേണ്ടതില്ല. ഈ വേര്‍തിരിവിന്റെ അടിസ്ഥാനം രണ്ടിന്റെയും ജ്ഞാനാന്വേഷണ മാര്‍ഗങ്ങളാണ്.
ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഉള്ളടക്കം നിര്‍ണയിക്കുന്നതിനെ സ്വാധീനിക്കാറുണ്ട്. മിത്തുകളും വിശ്വാസങ്ങളും ശാസ്ത്രസത്യമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നാം കാണുന്നുണ്ടല്ലോ. ജീവിതത്തെയും പ്രപഞ്ചത്തെയും കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങള്‍ നല്‍കാന്‍ മതത്തിനും ശാസ്ത്രത്തിനും കഴിയും. അവ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുകയും വ്യത്യസ്ത തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ, മതവിശ്വാസങ്ങളെ ശാസ്ത്രീയ സത്യങ്ങളായി അവതരിപ്പിക്കുന്നത് ഒരേസമയം മതവിരുദ്ധവും ശാസ്ത്രവിരുദ്ധവുമാണ്.
മതത്തെ ശാസ്ത്രീയമായി വ്യാഖ്യാനിച്ച് തെളിയിക്കാന്‍ ശ്രമിക്കുന്നതിലൂടെ അത് മതം എന്ന കാറ്റഗറിയില്‍ നിന്ന് വേര്‍പെടുകയാണ് ചെയ്യുന്നത്. നിരീക്ഷണം, പരീക്ഷണം, അനുമാനം, ദത്തശേഖരണം, വിശകലനം, അവലോകനം, നിഗമനവും സിദ്ധാന്ത വികസനവും എന്നീ ഘട്ടങ്ങളിലൂടെയാണ് ശാസ്ത്രം കടന്നുപോകുന്നത്. മതത്തിന്റെ നിലനില്‍ക്കുന്ന ജ്ഞാനാന്വേഷണ മാര്‍ഗങ്ങളെ ഈ ഘട്ടങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ പലതിനും ഉത്തരം ലഭിക്കില്ല. മാത്രമല്ല, മതം എന്ന അസ്തിത്വം തന്നെ ഇല്ലാതാവുകയും ചെയ്യും.
അല്ലാഹുവിനോടുള്ള ആരാധന, പരലോകം, വിചാരണ, സ്വര്‍ഗവും നരകവും, പ്രവാചകന്മാരുടെ മുഅ്ജിസത്തുകള്‍, ദൈവികമായ വേദഗ്രന്ഥങ്ങള്‍ തുടങ്ങിയവ വിശകലനം ചെയ്യുന്നതിന്റെ രീതിശാസ്ത്രം ശാസ്ത്രീയ ഗവേഷണങ്ങളെയല്ല മാതൃകയാക്കുന്നത്. എല്ലാ മതങ്ങളിലുമുള്ള വിശ്വാസങ്ങളെ ഈ രൂപത്തില്‍ തെളിയിക്കാന്‍ ശ്രമിച്ചാല്‍ അത് ഫലവത്താകില്ല. ശാസ്ത്രത്തിന്റെ അന്വേഷണപരിധിക്ക് പുറത്തുള്ള കാര്യങ്ങളെ വിസ്മരിക്കേണ്ടിവരുകയോ അന്ധവിശ്വാസമെന്ന് മുദ്രകുത്തുകയോ ചെയ്യാന്‍ ഇത് കാരണമാകുന്നു. ശാസ്ത്രീയ സാധുതകളല്ല, മറിച്ച് പ്രാമാണിക സാധുതയാണ് ഒരു മതവിശ്വാസത്തിന്റെ സാംഗത്യം വെളിപ്പെടുത്തുന്നത്. മതകാര്യങ്ങള്‍ വിശ്വാസപരമാണോ അന്ധവിശ്വാസപരമാണോ എന്നു വേര്‍തിരിക്കാനുള്ള മാനദണ്ഡവും പ്രമാണങ്ങളാണ്.
ശാസ്ത്രജ്ഞരുടെ
മതം
ബഹിരാകാശ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ അവരുടെ ശാസ്ത്രീയ ഗവേഷണങ്ങള്‍ വിജയിക്കുന്നതിനായി മതാചാരപ്രകാരം പ്രാര്‍ഥന നടത്തുന്നതിനെ പലപ്പോഴും പരിഹാസത്തോടെയാണ് സോഷ്യല്‍ മീഡിയ കാണാറുള്ളത്. ചന്ദ്രയാന്‍-3 വിജയത്തിനു ശേഷം ഐഎസ്ആര്‍ഒ ചെയര്‍മാനും ഭാര്യയും ക്ഷേത്രദര്‍ശനം നടത്തിയതിനെ ട്രോളിക്കൊണ്ട് നിരവധി പേര്‍ വരുകയുണ്ടായി. യഥാര്‍ഥത്തില്‍ ശാസ്ത്രജ്ഞരുടെ വ്യക്തിപരമായ മതവിശ്വാസമല്ല ഇവിടെ പ്രശ്‌നവത്കരിക്കേണ്ടത്; മറിച്ച്, ശാസ്ത്ര ഗവേഷണമാകട്ടെ മറ്റെന്തെങ്കിലുമാവട്ടെ അതിന് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ തുടക്കം കുറിക്കുമ്പോള്‍ ഉണ്ടാകുന്ന മതപരമായ ചടങ്ങുകളെയാണ് വിമര്‍ശിക്കേണ്ടത്. അതൊരു രാഷ്ട്രീയ പ്രശ്‌നം കൂടിയാണ്.
അതിനെ വിമര്‍ശിക്കുന്ന അതേ മാതൃകയില്‍, ശാസ്ത്രജ്ഞരുടെ മതവിശ്വാസത്തെ കൂടി വിമര്‍ശിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. സയന്റിഫിക് ടെംപര്‍ എന്നാല്‍ മതവിശ്വാസവും ആചാരവും ഉപേക്ഷിക്കലാണ് എന്ന തെറ്റിദ്ധാരണ വ്യാപകമാണ്. വിശ്വാസവും ശാസ്ത്രവും പരസ്പരവിരുദ്ധമായ രണ്ടു ധ്രുവങ്ങളിലാണ് എന്ന ക്ലാസിക്കല്‍ ബോധത്തില്‍ നിന്നാണ് ഈ തെറ്റിദ്ധാരണ ഉണ്ടാകുന്നത്. മതവും ശാസ്ത്രവും സംബന്ധിച്ച ഡാര്‍വീനിയന്‍ സംഘര്‍ഷത്തില്‍ നിന്ന് മുക്തി നേടാത്തവരാണവര്‍. മതവിശ്വാസങ്ങളെ തെളിയിക്കുകയോ നിരാകരിക്കുകയോ ചെയ്യുക എന്നത് ശാസ്ത്രത്തിന്റെ നിര്‍ബന്ധിത കടമയാണെന്ന് കരുതരുത്.
മതത്തിന്റെയും
ശാസ്ത്രത്തിന്റെയും
ഭാഷ
മതത്തിന്റെയും ശാസ്ത്രത്തിന്റെയും ഭാഷ വ്യത്യസ്തമാണ്. മതത്തിനും ശാസ്ത്രത്തിനും മാത്രമല്ല, ഓരോ വിഷയങ്ങള്‍ക്കും അതിന്റേതായ ഭാഷയുണ്ട്. മതം, കല, രാഷ്ട്രീയം, സാഹിത്യം, ശാസ്ത്രം, ടെക്‌നോളജി, മാധ്യമപ്രവര്‍ത്തനം തുടങ്ങിയ വിവിധ മേഖലകളില്‍ ഉപയോഗിക്കുന്ന ഭാഷ വ്യത്യസ്തമാണ്. ശാസ്ത്രത്തിന്റെ ഭാഷയില്‍ ധാര്‍മികതയെക്കുറിച്ചോ മതത്തിന്റെ ഭാഷയില്‍ തെര്‍മോഡൈനാമിക്‌സിനെക്കുറിച്ചോ രാഷ്ട്രീയത്തിന്റെ ഭാഷയില്‍ കലാപരമായ സൗന്ദര്യത്തെക്കുറിച്ചോ ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. ഓരോ ആശയവിനിമയ സംവിധാനത്തിനും അതിന്റേതായ ഭാഷാശൈലികള്‍ ഉള്ളിടത്തോളം, വിവിധ ജ്ഞാനസമ്പ്രദായങ്ങള്‍ക്കിടയില്‍ വേര്‍തിരിവുകള്‍ അനിവാര്യമാണ്. പരസ്പരം തിരിച്ചറിയാനാവാത്ത വിധമുള്ള ഓവര്‍ലാപ്പിങ് ഉണ്ടായാല്‍ അത് രണ്ടിന്റെയും സ്വാഭാവിക ദൗത്യത്തെ റദ്ദാക്കിക്കളയും.
ശാസ്ത്രവും തത്വചിന്തയും തമ്മില്‍ വിവിധ മേഖലകളില്‍ സംഘര്‍ഷങ്ങളുണ്ട്. അതിന്റെ കാരണം രണ്ടിന്റെയും ഭാഷാപരമായ വ്യത്യാസവും ജ്ഞാനാന്വേഷണ മാര്‍ഗങ്ങളുമാണ്. ശാസ്ത്രത്തോടുള്ള അമിതമായ ആരാധനയെയും അറിവ് സമ്പാദിക്കാനുള്ള ഒരേയൊരു സാധുവായ മാര്‍ഗം ശാസ്ത്രീയ രീതികളാണെന്ന വിശ്വാസത്തെയുമാണ് ശാസ്ത്രവാദം അഥവാ സയന്റിസം എന്നു പറയുന്നത്. ശാസ്ത്രം മനുഷ്യ പുരോഗതിക്ക് കാര്യമായ സംഭാവന നല്‍കിയിട്ടുണ്ടെങ്കിലും, അത് അറിവിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നില്ലെന്നും മറ്റ് തരത്തിലുള്ള ബൗദ്ധിക അന്വേഷണങ്ങളും വിലപ്പെട്ടതാണെന്നുമാണ് ഫിലോസഫി പറയുന്നത്. ശാസ്ത്രം അറിവിന്റെ ഏക സ്രോതസ്സല്ലെന്നും, ശാസ്ത്രത്തിന് നല്‍കാന്‍ കഴിയാത്ത ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ logical reasoning, thought experiments, conceptual analysis (യുക്തിപരമായ ന്യായവാദം, ചിന്താ പരീക്ഷണങ്ങള്‍, ആശയപരമായ വിശകലനം) എന്നിങ്ങനെയുള്ള ദാര്‍ശനിക രീതികളിലൂടെ സാധ്യമാണെന്നും തത്വചിന്തകര്‍ കരുതുന്നു. ഈ ദാര്‍ശനിക രീതികളില്‍ പെട്ടതാണ് മതപരമായ അന്വേഷണങ്ങള്‍. ദിവ്യസന്ദേശം, പ്രാമാണിക വിശകലനങ്ങള്‍, മതപരമായ ഗവേഷണങ്ങള്‍ (ഇജ്തിഹാദ്), പണ്ഡിതന്മാരുടെ സംയോജിത അഭിപ്രായങ്ങള്‍ (ഇജ്മാഅ്) തുടങ്ങിയവ അറിവിന്റെ തന്നെ ശാസ്‌ത്രേതര സ്രോതസ്സുകളാണ്.
നാച്വറല്‍ സയന്‍സിന്റെയും സോഷ്യല്‍ സയന്‍സിന്റെയും ഭാഷ വ്യത്യസ്തമാണ്. പ്രകൃതിശാസ്ത്രവും (ഉദാ: ഫിസിക്‌സ്, കെമിസ്ട്രി) സാമൂഹിക ശാസ്ത്രവും (ഉദാ: സാമ്പത്തിക ശാസ്ത്രം, സോഷ്യോളജി) ജ്ഞാനാന്വേഷണത്തില്‍ വ്യത്യസ്ത രീതികളാണ് സ്വീകരിക്കുന്നത്. കൃത്യമായ നിയമങ്ങളും ഗണിതശാസ്ത്ര മോഡലിങും ഉള്‍പ്പെടെയുള്ള രീതികളാണ് പ്രകൃതിശാസ്ത്രത്തിന്റേത്. സാമൂഹിക പ്രതിഭാസങ്ങളുടെ സങ്കീര്‍ണതയും സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പിന്നിലെ ചോദനകളും മനസ്സിലാക്കുന്നതിന് നാച്വറല്‍ സയന്‍സില്‍ നിന്ന് വ്യത്യസ്തമായ രീതികള്‍ ആവശ്യമാണ്. ക്വാളിറ്റേറ്റീവ് റിസര്‍ച്ചുകള്‍, നരവംശ പഠനം, കേസ് സ്റ്റഡികള്‍, ചരിത്ര വിശകലനം, സര്‍വേ, സാംസ്‌കാരിക വിശകലനം തുടങ്ങിയ വഴികളാണ് ഇതിനായി സോഷ്യല്‍ സയന്‍സില്‍ സ്വീകരിക്കുന്നത്.
ശാസ്ത്രത്തിന്റെ
പരിമിതി
പ്രകൃതിലോകത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വികസിപ്പിക്കുന്നതില്‍ ശാസ്ത്രം വളരെയധികം പങ്കുവഹിച്ചിട്ടുണ്ടെങ്കിലും ആത്മനിഷ്ഠമായ കാര്യങ്ങള്‍, അമൂര്‍ത്തമായ ആശയങ്ങള്‍, ധാര്‍മിക മാനദണ്ഡങ്ങള്‍, മെറ്റാഫിസിക്കല്‍ പരിഗണനകള്‍ എന്നിവ ഉള്‍പ്പെടുന്ന ചില ദാര്‍ശനിക ചോദ്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ശാസ്ത്രത്തിന് പരിമിതികളുണ്ട്. സൗന്ദര്യം, ധാര്‍മികത, വ്യക്തിപരമായ മനസ്സിലാക്കല്‍ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് പലപ്പോഴും അനുഭവപരമായ ഡാറ്റയ്ക്ക് അപ്പുറത്തുള്ള കാഴ്ചപ്പാടുകള്‍ ആവശ്യമാണ്. അതില്‍ സാംസ്‌കാരികവും വ്യക്തിഗതവുമായ വ്യത്യാസങ്ങള്‍ ഉള്‍പ്പെട്ടിരിക്കാം. ‘ഏറ്റവും മനോഹരമായ’ കലാരൂപം നിര്‍ണയിക്കുന്നതില്‍ ഓരോ വ്യക്തികള്‍ക്കും ഇടയില്‍ വ്യത്യസ്തമായ സൗന്ദര്യാത്മക വിധികള്‍ ഉണ്ടാകും. ശാസ്ത്രത്തെ സംബന്ധിച്ചേടത്തോളം നിറം, ഘടന, വിഷ്വല്‍ അപ്പീല്‍ തുടങ്ങിയവ വിശകലനം ചെയ്യാനേ സാധിക്കുകയുള്ളൂ.
ധാര്‍മികത, നോര്‍മാലിറ്റി തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ശാസ്ത്ര-തത്വചിന്താ രീതികളില്‍ വ്യത്യസ്ത ഉത്തരങ്ങളാണുള്ളത്. മൂല്യവ്യവസ്ഥകള്‍, ധാര്‍മിക ന്യായവാദം, അനുഭവപരമായ നിരീക്ഷണത്തിന് അതീതമായ തത്വങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് മതപരമായ അന്വേഷണങ്ങള്‍. ഒരു പ്രവൃത്തി ധാര്‍മികമായി ശരിയാണോ തെറ്റാണോ എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ അനുഭവപരമായ നിരീക്ഷണങ്ങള്‍ക്കപ്പുറമുള്ള ധാര്‍മിക പരിഗണനകള്‍ ഉള്‍പ്പെടുന്ന ഉത്തരമാണ് മതം നല്‍കുന്നത്. അനന്തര ഫലങ്ങള്‍ വിശകലനം ചെയ്തുകൊണ്ടുള്ള ഉത്തരമാണ് ശാസ്ത്രം നല്‍കുക. അതിനാല്‍ തന്നെ ഒരു പ്രവൃത്തിയെ ധാര്‍മികമായി ശരിയോ തെറ്റോ എന്ന് ലേബല്‍ ചെയ്യാന്‍ ശാസ്ത്രത്തിന് സാധിക്കില്ല.
സങ്കീര്‍ണമായ സംവിധാനങ്ങളെ ലളിതമായ ഭാഗങ്ങളായി വിഭജിച്ച് മനസ്സിലാക്കാന്‍ ശാസ്ത്രം പലപ്പോഴും റിഡക്ഷനിസ്റ്റ് സമീപനങ്ങളാണ് ഉപയോഗിക്കുന്നത്. ഈ സമീപനം എല്ലാ തത്വചിന്താപരമായ ചോദ്യങ്ങള്‍ക്കും അനുയോജ്യമാകണമെന്നില്ല. ഉദാഹരണത്തിന്, വിശ്വാസം അഥവാ ട്രസ്റ്റ് പോലുള്ള ഒരു സാമൂഹിക പ്രതിഭാസത്തിന്റെ സങ്കീര്‍ണത മനസ്സിലാക്കുന്നതിന് അതിനെ അതിന്റെ ഘടകഭാഗങ്ങളായി വിഭജിച്ചതുകൊണ്ട് കാര്യമില്ല.
ട്രസ്റ്റ് എന്നത് മാനസികവും സാംസ്‌കാരികവും സാന്ദര്‍ഭികവുമായ ഘടകങ്ങളെ ഉള്‍ക്കൊള്ളുന്നു. അത് അതിന്റെ ഘടകങ്ങളിലേക്ക് ചുരുക്കിക്കൊണ്ട് പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയില്ല. പല ദാര്‍ശനിക ചോദ്യങ്ങളും ചരിത്രപരവും സാംസ്‌കാരികവുമായ സന്ദര്‍ഭങ്ങളാല്‍ പ്രചോദിതമായതാണ്. അതിനെ ശാസ്ത്രീയമായി വ്യാഖ്യാനിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍, വസ്തുനിഷ്ഠത (Objectivity) കൈവരിക്കാന്‍ വേണ്ടി കൈകടത്തലുകള്‍ നടത്തേണ്ടിവരും. അപ്പോള്‍ അതിന്റെ സാംസ്‌കാരികവും വൈയക്തികവുമായ ചേരുവകള്‍ നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് മതത്തെ ശാസ്ത്രീയമായി വ്യാഖ്യാനിക്കുന്ന പ്രവണത ശരിയല്ല എന്നു പറയുന്നത്.