മനുഷ്യബന്ധങ്ങളുടെ അതിര്‍വരമ്പുകള്‍
റസീല ഫര്‍സാന
രണ്ടോ അതിലധികമോ ആളുകള്‍ തമ്മിലുള്ള അടുത്ത, പരസ്പര ബന്ധത്തിന്റെ വികാസത്തിന്റെ പ്രക്രിയയാണ് മനുഷ്യബന്ധം. ഇത് സാധാരണയായി കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇടയിലാണ് നടക്കുന്നത്. സുഹൃത്തുക്കള്‍ പല മേഖലയില്‍ നിന്ന് കടന്നുവരുന്നവരാവാം. പഠനവും ജോലിയും തുടങ്ങി വ്യക്തികള്‍ തമ്മില്‍ സമ്മേളിക്കുന്ന ഇടങ്ങളില്‍ നിന്നെല്ലാം മനുഷ്യബന്ധം ഊട്ടിയുറപ്പിക്കുന്നു. അത് സാമൂഹിക ബന്ധത്തെ വികസിപ്പിച്ചെടുക്കുന്നു. ബന്ധങ്ങളുടെ ചങ്ങലക്കണ്ണികള്‍ മനുഷ്യബന്ധങ്ങളുടെ വ്യാപ്തി കൂട്ടുകയാണ് ഇന്നത്തെ സമൂഹത്തില്‍.
അതിര്‍വരമ്പുകളില്ലാത്ത ആണ്‍-പെണ്‍ ബന്ധം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. തുറന്ന ആണ്‍-പെണ്‍ ബന്ധങ്ങളിലൂടെ പല പ്രതിസന്ധികളും ജനിക്കുകയും സമൂഹത്തില്‍ അത് പല രീതികളില്‍ ചലനം സൃഷ്ടിക്കുക യും ചെയ്യാറുണ്ട്. ചിലപ്പോഴെങ്കിലും ഇത്തരം ബന്ധങ്ങള്‍ പ്രകൃതിവിരുദ്ധമായ ലൈംഗിക ചോദനകളിലേക്ക് എത്തിച്ചേരാറുണ്ട്. ഇതിനാലാണ് ബന്ധങ്ങളില്‍ നാം എപ്പോഴും അതിര്‍വരമ്പുകള്‍ സൂക്ഷിക്കണമെന്നു പറയുന്നത്. അതിര്‍വരമ്പുകള്‍ വെക്കാത്ത ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴുകയും തെറ്റിലേക്ക് പോവുകയും പിന്നെ സമൂഹത്തില്‍ മാന്യത പോവുംവിധം അധഃപതിക്കുകയും ചെയ്യുന്നു.
മനുഷ്യബന്ധത്തില്‍ മുന്‍പന്തിയിലാണ് സൗഹൃദബന്ധം. സൗഹൃദങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കല്‍പിക്കുന്ന കാലം കൂടിയാണിത്. കുടുംബത്തിലെ അഭിപ്രായത്തേക്കാള്‍ സുഹൃത്തുക്കളുടെ അഭിപ്രായത്തിനു പ്രാധാന്യം നല്‍കുന്ന അവസ്ഥയാണ് ഇന്ന്. അതുകൊണ്ട് സൗഹൃദവലയത്തെക്കുറിച്ചു കൃത്യമായ ധാരണ വീട്ടുകാര്‍ക്ക് ഉണ്ടാവുകയും ഏതുതരം ആളുകളോടാണ് ഇടപഴകുന്നതെന്ന അറിവും ഉണ്ടായിരിക്കണം. തെറ്റുകളിലേക്ക് നയിക്കുന്ന സുഹൃദ്‌വലയത്തില്‍ നിന്ന് അകലം പാലിക്കണം. അെല്ലങ്കില്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരും. നല്ല സൗഹൃദം തണലേകുന്ന വട വൃക്ഷമാണ്. നല്ല സൗഹൃദങ്ങള്‍ തെരഞ്ഞെടുക്കുക. തെറ്റായ കൂട്ടുകെട്ടില്‍ നിന്ന് അകലം പാലിക്കുക.
മറ്റൊന്ന് പ്രണയചൂഷണങ്ങളില്‍ അകപ്പെടലാണ്. രണ്ടു പേര്‍ തമ്മില്‍ ആകര്‍ഷണം തോന്നുന്നതും ഉള്ളില്‍ ഇഷ്ടം നാമ്പിടുന്നതുമെല്ലാം സ്വാഭാവികമാണ്. എന്നാല്‍, പ്രണയം നടിച്ച് ചൂഷണം ചെയ്യാന്‍ ലക്ഷ്യമിടുന്നവര്‍ക്കു മുന്നില്‍ മനസ്സും ശരീരവും സമര്‍പ്പിക്കുന്ന മാനസിക അടിമത്തത്തിലേക്ക് മാറിപ്പോകുന്ന ചില ബന്ധങ്ങളുണ്ട്. അവയെ വേണ്ട വിധം സൂക്ഷിക്കേണ്ടതുണ്ട്. നല്ല ബന്ധങ്ങളും മോശം ബന്ധങ്ങളും തിരിച്ചറിയാനാവുക എന്നതാണ് നമ്മെ സ്വയം രക്ഷിക്കാനുള്ള ഏക വഴി.
ഇണകളായി ജീവിക്കാനുള്ള പ്രചോദനം മനുഷ്യസഹജമാണ്. പരസ്പരം ഇണതുണകളായി ജീവിക്കാനുള്ള കഴിവും പ്രകൃതിപരമായി മനുഷ്യര്‍ക്കുള്ളതാണ്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഇണതുണകളായി ജീവിക്കാനുമുള്ള ശരിയായ മാര്‍ഗം വിവാഹമാണ്. സമൂഹത്തില്‍ അംഗീകരിക്കുന്ന ലൈംഗികബന്ധവും വിവാഹത്തോടെയാണ്. ഒരു സ്ത്രീയും പുരുഷനും പരസ്പരം ബന്ധത്തിലേര്‍പ്പെടാന്‍ പ്രാചീനയുഗം മുതല്‍ക്കേ നടന്നുവരുന്നതാണ് വിവാഹം. എന്നാല്‍ ഇന്നത്തെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന അഭിശപ്തമായ വിവാഹരീതിയാണ് സ്വവര്‍ഗവിവാഹം. ഒരാണും പെണ്ണും എന്ന ആശയം പാടേ ഉപേക്ഷിച്ച് ഒരേ വര്‍ഗത്തില്‍ പെട്ടവര്‍ വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നു. മനുഷ്യമനസ്സിന്റെ ഈ ചിന്താഗതി ആകുലതയും ആശങ്കയും നിറയ്ക്കുന്നതാണ്. വളര്‍ന്നുവരുന്ന സമൂഹെത്ത ഏതെല്ലാം രീതിയില്‍ നമ്മള്‍ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നുവെന്നു ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് സമൂഹം ചുവടുവെച്ചുതുടങ്ങിയിരിക്കുന്നു. അശ്ലീലതയിലേക്കുള്ള എല്ലാ വാതിലുകളും തുറക്കപ്പെടുകയും സകല അവസരങ്ങളും ഒരുക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.