28 Thursday
March 2024
2024 March 28
1445 Ramadân 18

സംവരണ രാഷ്ട്രീയത്തില്‍ മാറുന്ന മുന്‍ഗണനകള്‍

രേഖ ചന്ദ്ര

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ, തൊഴില്‍ സംവരണം കേരളത്തില്‍ പ്രകടമായ രാഷ്ട്രീയ-സാമുദായിക മാറ്റങ്ങള്‍ക്കു തുടക്കമിട്ടു കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിലെത്തി നില്‍ക്കെ, സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം നടപ്പാക്കിത്തുടങ്ങിയ സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണത്തിന്റെ ഫലങ്ങള്‍ സാമുദായിക സംഘടനകള്‍ സൂക്ഷ്മമായിത്തന്നെ വിലയിരുത്തുന്നുണ്ട്. സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്ന മുന്നോക്ക വിഭാഗങ്ങളുടെ സംഘടനകള്‍ ഈ നടപടിയെ സ്വാഗതം ചെയ്‌തെങ്കിലും സാമൂഹ്യ സംവരണത്തിന്റെ ആനുകൂല്യം നേടിയ വിഭാഗങ്ങള്‍ ആശങ്കയിലാണ്.
ഇടതുപക്ഷം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍, പ്ലസ് ടു ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ പ്രവേശനത്തില്‍ തിടുക്കപ്പെട്ട് നടപ്പാക്കിയ ‘സാമ്പത്തിക സംവരണ’ത്തിലെ അപാകതകള്‍ കാരണം, നേരത്തെ സാമൂഹ്യമായി അവശതയനുഭവിക്കുന്ന ആദിവാസി – ദളിത്, മുസ്ലിം സമുദായങ്ങളുടെ സീറ്റുകള്‍ അപഹരിക്കപ്പെടാനിടയാക്കി. ഈ വര്‍ഷം പ്ലസ് ടു വിന് അപേക്ഷിച്ച ആദിവാസി മേഖലകളിലെ കുട്ടികള്‍ക്ക്, അവര്‍ക്ക് സൗകര്യമുള്ള സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാത്ത അവസ്ഥയുണ്ട്. വയനാട് ജില്ലയില്‍ ആദിവാസി-ദളിത് വിദ്യാര്‍ഥികള്‍ ഏറെ നാളുകളായി സമരത്തിലാണ്. മുസ്ലിം ഭൂരിപക്ഷ മേഖലകളിലും സമാന പ്രശ്‌നങ്ങള്‍ ഉണ്ടായി. മെഡിക്കല്‍, എന്‍ജിനീയറിങ്, പോളിടെക്നിക് പ്രവേശന ലിസ്റ്റുകളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ, ഒ ബി സി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളുടെ എണ്ണത്തില്‍ കുറവു വന്നുവെന്നതിന്റെ കണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.
വിദ്യാഭ്യാസ, തൊഴില്‍ സംവരണത്തിനു സാമ്പത്തികമായ പിന്നാക്കാവസ്ഥ മാനദണ്ഡമാക്കാനാവില്ലെന്ന 1992-ലെ ഇന്ദ്ര സാഹ്നി കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിവിധ സംഘടനകള്‍ ‘സാമ്പത്തിക സംവരണ’ത്തിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളിലും തസ്തികകളിലും ഏര്‍പ്പെടുത്തിയ 10 ശതമാനം സംവരണം, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ലെന്നിരിക്കെ ഈ വര്‍ഷം തന്നെ കേരളത്തില്‍ നടപ്പാക്കിയത്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ മുന്നോക്ക വിഭാഗങ്ങളുടെ വോട്ടില്‍ കണ്ണുവെച്ചാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.
എന്നാല്‍, സംസ്ഥാനത്ത് പ്രബലമായ മൂന്നു മുന്നണികള്‍ക്കും നേതൃത്വം നല്‍കുന്ന സി പി ഐ (എം), കോണ്‍ഗ്രസ്, ബി ജെ പി എന്നീ പാര്‍ട്ടികള്‍ ഈ സംവരണത്തെ എതിര്‍ക്കുന്നില്ല. മുസ്ലിം ലീഗ് മാത്രമാണ് ഈ തീരുമാനത്തെ എതിര്‍ക്കുകയും കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തത്. പരമ്പരാഗതമായി മുസ്ലിം ലീഗിനെ പിന്തുണയ്ക്കുന്ന സമസ്ത, ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന എ പി സുന്നി വിഭാഗവും ജമാഅത്തെ ഇസ്ലാമിയും ഇതിനെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. എസ് എന്‍ ഡി പി യോഗവും തീരുമാനത്തിനെതിരെ നിയമപരമായി പോരാടുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വരുംനാളുകളില്‍ കേരളത്തില്‍ പ്രക്ഷുബ്ധമായ രാഷ്ട്രീയ മാറ്റങ്ങള്‍ക്കും മുന്നോക്ക സംവരണം കാരണമായേക്കാം.

സംവരണം എന്ന സങ്കീര്‍ണ്ണ പ്രശ്‌നം


ബ്രിട്ടീഷ് ഭരണകാലത്തുതന്നെ തുടങ്ങിയ, ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യയില്‍ സജീവമായി നില്‍ക്കുന്ന പ്രശ്‌നമാണ് സംവരണം. ജാതികേന്ദ്രിതമായി ഭൂവുടമസ്ഥതയും അധികാരവും നിര്‍ണയിക്കപ്പെട്ടിരുന്ന ഇന്ത്യയില്‍ ചരിത്രപരമായിത്തന്നെ അവശതയനുഭവിച്ചിരുന്ന, പിന്നാക്കം നിന്നിരുന്ന സമുദായങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അധികാര പങ്കാളിത്തവും പ്രാതിനിധ്യവും തുല്യതയും സാമൂഹ്യനീതിയും ഉറപ്പാക്കാനുമായിരുന്നു സംവരണം എന്ന ആശയം ലക്ഷ്യമിട്ടത്. എന്നാല്‍, സ്വാതന്ത്ര്യ ലബ്ധിക്കുശേഷം ദശകങ്ങള്‍ പിന്നിട്ടിട്ടും ഈ ലക്ഷ്യം പൂര്‍ത്തിയാക്കാനായിട്ടില്ല. അവശ – പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണകൂട സംവിധാനങ്ങളില്‍ ഇപ്പോഴും അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നത് യാഥാര്‍ഥ്യമാണ്. ഇക്കാര്യത്തില്‍ ആധികാരികമായ വിവരങ്ങള്‍ ലഭ്യമാകുമെന്നു കരുതുന്ന ജാതി സെന്‍സസിലെ വിവരങ്ങള്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. സാമൂഹ്യമായ സംവരണം ഒരു കാലത്തും സമ്പൂര്‍ണമായിരുന്നുമില്ല. രാജ്യത്ത് ഏറെ പിന്നാക്കം നില്‍ക്കുന്ന മുസ്ലിം സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തുന്നത് 2006-ലെ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ്. ഇതുതന്നെ, വളരെ സാവധാനം മാത്രമാണ് നടപ്പാക്കുന്നതും. സംവരണത്തിന് അര്‍ഹരായ ജാതികളുടെ പട്ടികയിലേക്ക് പുതിയ സമുദായങ്ങളെ പല ഘട്ടങ്ങളിലായി കൂട്ടിച്ചേര്‍ക്കുകയാണുണ്ടായത്. എന്നാല്‍, ഈ സംവരണം പൂര്‍ണമായ അര്‍ഥത്തില്‍ ഇപ്പോഴും നടപ്പാക്കിയിട്ടില്ലെന്നാണ് വിവിധ കണക്കുകള്‍ സ്ഥാപിക്കുന്നത്.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക തസ്തികകളില്‍ സംവരണത്തിന് അനുസൃതമായ സീറ്റുകളിലേക്ക് ഉടന്‍ നിയമനം നടത്തണമെന്ന് ഒരു വര്‍ഷം മുന്‍പാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. ഈ രംഗത്തെ സംവരണ വിഭാഗങ്ങളുടെ എണ്ണത്തിലുള്ള വന്‍ കുറവിനെ കണക്കിലെടുത്തായിരുന്നു ഇത്. ഇതിനു പുറമെയാണ്, ഇതുവരെ സംവരണത്തിന് അര്‍ഹമല്ലാതിരുന്ന വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം കൊണ്ടുവന്നത്. നിലവിലുള്ള സംവരണത്തെ ബാധിക്കാത്ത തരത്തിലാകണം എന്നും പാര്‍ലമെന്റ് കൊണ്ടുവന്ന ഭേദഗതി നിയമത്തില്‍ പറഞ്ഞിരുന്നു. അതേസമയം, ഇന്ത്യയിലെ സംവരണ ചര്‍ച്ചകളുടെ വിവിധ ഘട്ടങ്ങളില്‍ സാമുദായിക സംവരണത്തെ എതിര്‍ക്കുകയും സാമ്പത്തിക സംവരണത്തിനായി വാദിക്കുകയും ചെയ്യുന്ന നിലപാടാണ് സി പി ഐ (എം) സ്വീകരിച്ചത്.
തൊണ്ണൂറുകളില്‍, ഒ ബി സി വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്ന മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്ന ഘട്ടത്തിലും 2006-ലെ രണ്ടാം മണ്ഡല്‍ കാലത്തും ഇതേ നിലപാടായിരുന്നു പാര്‍ട്ടിക്ക്. 2008-ല്‍ മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് സംവരണം കൊണ്ടുവരാന്‍ അന്നത്തെ വി എസ് അച്യുതാനനന്ദന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഇതിന് ആധികാരികമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയാത്തതിനാല്‍ ഹൈക്കോടതി റദ്ദുചെയ്യുകയാണ് ചെയ്തത്.

നീക്കം കേന്ദ്രത്തിലും കേരളത്തിലും
2019 ജനുവരി ഒന്‍പതിനാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍-അനുബന്ധ തസ്തികകളിലും 10 ശതമാനം വരെ സംവരണം ഏര്‍പ്പെടുത്തുന്ന 103-ാം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസ്സാക്കിയത്. ജനവരി 12-ന് രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു.
ഭരണഘടനയിലെ 15, 16 അനുച്ഛേദങ്ങളില്‍ ഇതിനായി 15(6), 16(6) എന്നീ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുയും ചെയ്തു. 15(6) പ്രകാരം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കി. എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്‍പ്പെടെ സംവരണം ഏര്‍പ്പെടുത്താം. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇതില്‍നിന്നും ഒഴിവാക്കി. സര്‍ക്കാര്‍ ജോലികളിലെ നിയമനത്തിനായാണ് ആര്‍ട്ടിക്കിള്‍ 16(6) ഭേദഗതി.
പാര്‍ലമെന്റ് പാസ്സാക്കിയ ഭേദഗതിയെ മുന്‍നിര്‍ത്തിയാണ് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം തൊഴില്‍-വിദ്യാഭ്യാസ മേഖലകളില്‍ സംസ്ഥാന സര്‍ക്കാരും നടപ്പാക്കിയത്. ഉദ്യോഗസ്ഥ – ഭരണ പരിഷ്‌കാര വകുപ്പ് ഒക്ടോബര്‍ 23-ന് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. ഇതിനും ഒരു വര്‍ഷം മുന്‍പു തന്നെ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ 2019 ജനുവരിയിലെ ഭരണഘടനാ ഭേദഗതി പ്രകാരം സംസ്ഥാനങ്ങള്‍ക്ക് അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭേദഗതി നടപ്പാക്കാമെന്നാണ് പറയുന്നത്.
സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് നിലവിലുള്ള സംവരണത്തെ ബാധിക്കാത്ത തരത്തില്‍ സാമ്പത്തിക സംവരണം കൊണ്ടുവരാം. ഇത് നടപ്പാക്കുന്നതിനു മുന്നോടിയായി 2019 മാര്‍ച്ചില്‍ നിയമവകുപ്പ് മുന്‍ സെക്രട്ടറിയും റിട്ടയേര്‍ഡ് ജസ്റ്റിസുമായ കെ ശശിധരന്‍ നായര്‍ ചെയര്‍മാനും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം രാജഗോപാലന്‍ നായര്‍ അംഗവുമായ കമ്മിഷനെ നിയമിച്ചു. ഈ കമ്മിഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി സംവരണം സംസ്ഥാനത്ത് നടപ്പാക്കിയത്.
നിലവില്‍ പട്ടികജാതി-വര്‍ഗ്ഗ, പിന്നാക്ക സമുദായങ്ങളുടേതുള്‍പ്പെടെ വിവിധ സംവരണങ്ങള്‍ ആകെ 50 ശതമാനത്തോളം വരും. കേന്ദ്രത്തില്‍ 49.5 ശതമാനവും കേരളത്തില്‍ 50 ശതമാനവുമാണ് സാമൂഹിക സംവരണം. ബാക്കിയുള്ള 50 ശതമാനം ജനറല്‍ മെറിറ്റാണ്. ഇതില്‍നിന്നുള്ള 10 ശതമാനമാണ് മാറ്റിവയ്ക്കുന്നത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കോര്‍പ്പറേഷനില്‍ 50 സെന്റും നഗരസഭയില്‍ 75 സെന്റും പഞ്ചായത്തില്‍ രണ്ടര ഏക്കറും വരെ ഭൂമിയുള്ളവര്‍ സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യത്തിന് അര്‍ഹരാണ്.
വാര്‍ഷിക വരുമാന പരിധി നാലു ലക്ഷം രൂപയാണ്. കോര്‍പ്പറേഷനില്‍ 15 സെന്റും വീടും മുനിസിപ്പാലിറ്റിയില്‍ 20 സെന്റും വീടും ഉള്ളവരും ആനുകൂല്യത്തിന്റെ പരിധിയില്‍ വരും. സംവരണത്തിനായുള്ള വാര്‍ഷിക വരുമാന പരിധിയില്‍നിന്ന് കാര്‍ഷികാദായം, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ തുടങ്ങിയവ കണക്കിലെടുക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.

അളവുകോലുകളും ആശങ്കകളും
ഭരണഘടനയുടെ 15(4), 16(4) അനുച്ഛേദത്തില്‍ പറയുന്ന സാമൂഹ്യസംവരണത്തെ മറികടന്നാണ് സാമ്പത്തിക സംവരണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. ഭരണകൂട-അധികാര സംവിധാനങ്ങളില്‍ പ്രാതിനിധ്യവും പങ്കാളിത്തവും തുല്യതയും ഉറപ്പാക്കുകയാണ് സാമൂഹ്യസംവരണം ലക്ഷ്യമിട്ടത്. സാമ്പത്തിക സംവരണം ഈ സങ്കല്പങ്ങളെ അവഗണിക്കുന്നുവെന്ന ആശങ്കയാണ് സംവരണ വിഭാഗങ്ങള്‍ പങ്കുവയ്ക്കുന്നത്. സാമൂഹ്യവും ജാതീയവുമായ പിന്നാക്കാവസ്ഥയെ സാമ്പത്തികമായ അളവുകോലില്‍ നിര്‍ണ്ണയിക്കാന്‍ കഴിയില്ല. ജാതിസംവരണത്തെക്കുറിച്ചുള്ള തെറ്റായ മനസ്സിലാക്കലുകളും ഇതിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. പിന്നാക്ക വിഭാഗങ്ങള്‍ സംവരണത്തിലൂടെ മുന്നോക്കക്കാരുടെ അവസരങ്ങള്‍ തട്ടിയെടുക്കുന്നു എന്ന തരത്തിലുള്ള വൈകാരിക വായനകള്‍ സംവരണവുമായി ബന്ധപ്പെട്ട് എല്ലാക്കാലത്തും സജീവമായി ഉണ്ടാകാറുണ്ട്.
രാജ്യത്ത് ഭൂരിഭാഗം രാഷ്ട്രീയപ്പാര്‍ട്ടികളും സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നവരാണ്. ബി ജെ പി, കോണ്‍ഗ്രസ്, സി പി ഐ എം അടക്കമുള്ളവര്‍ സാമ്പത്തിക സംവരണത്തെക്കുറിച്ചുള്ള ബില്ലിനെ പാര്‍ലമെന്റില്‍ അനുകൂലിച്ചു. മുസ്ലിം ലീഗാണ് വിയോജിപ്പ് പ്രകടിപ്പിച്ച ഒരു പാര്‍ട്ടി. ഈ ബില്ലിനെതിരെ മുസ്ലിം ലീഗ് നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേരളത്തിലും മുസ്ലിം ലീഗും മറ്റ് ദളിത്-ന്യൂനപക്ഷ സംഘടനകളും മാത്രമാണ് സാമൂഹ്യ സംവരണം അട്ടിമറിക്കുന്നതിനെതിരെ രംഗത്തുള്ളത്.
കേരളത്തില്‍ ദേവസ്വം ബോര്‍ഡിലും അതിനു കീഴിലുള്ള സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് സംവരണത്തിന് സര്‍ക്കാര്‍ തുടക്കമിട്ടത്. 82 ശതമാനം നായര്‍ സമുദായവും 14 ശതമാനം മറ്റ് മുന്നോക്കക്കാരുമുള്ള ദേവസ്വം ബോര്‍ഡിലാണ് സര്‍ക്കാര്‍ ഇത് നടപ്പാക്കിയത്. ഫലത്തില്‍ 96 ശതമാനം മുന്നോക്കക്കാരുള്ളയിടത്ത് 10 ശതമാനം മുന്നോക്ക സംവരണം കൂടി ഏര്‍പ്പെടുത്തുകയായിരുന്നു. കേരളത്തിലെ ആദ്യ സര്‍ക്കാരിന്റെ കാലം മുതല്‍ തന്നെ സി പി ഐ എം ഉയര്‍ത്തിപ്പിടിച്ച വാദമായിരുന്നു സാമ്പത്തിക സംവരണം. 1958-ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട് അധ്യക്ഷനായുള്ള ഒന്നാം ഭരണപരിഷ്‌കരണ കമ്മിഷന്‍ സാമ്പത്തിക സംവരണം എന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പുകളിലെല്ലാം തന്നെ സാമ്പത്തിക സംവരണം നടപ്പിലാക്കുക എന്നത് പ്രധാന അജന്‍ഡയായും മുന്നോട്ടു വെച്ചു. ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയ ശേഷം, സാമ്പത്തിക സംവരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണോ എന്ന സി പി ഐ എമ്മിന്റെ ചോദ്യവും അവരുടെ നിലപാട് അടിവരയിടുന്നതാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സും വിയോജിച്ചിരുന്നില്ല.
കേന്ദ്രസര്‍ക്കാറിന്റെ ഭരണഘടനാ ഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഇരുപതിലധികം ഹര്‍ജികളുണ്ട്. ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമാണ് എന്നു ചുണ്ടിക്കാട്ടുന്നതാണ് ഹര്‍ജികള്‍. ആര്‍ട്ടിക്കിള്‍ 14 പ്രകാരമുള്ള തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണ് സാമ്പത്തിക സംവരണം എന്നതാണ് പ്രധാന വാദം. സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവരില്‍ പട്ടികജാതി-മറ്റു പിന്നാക്ക സമുദായങ്ങളെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിയില്‍ ഇക്കാര്യം പറയുന്നത്. പി വി നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന സാമ്പത്തിക സംവരണത്തെ ചോദ്യം ചെയ്ത് 1992-ല്‍ ഇന്ദ്ര സാഹ്നി നടത്തിയ കേസില്‍ സാമ്പത്തിക സംവരണം നിലനില്‍ക്കില്ല എന്നതായിരുന്നു സുപ്രീംകോടതിയുടെ കണ്ടെത്തല്‍. ഇതിലാണ് ഹര്‍ജിക്കാരുടെ പ്രതീക്ഷ.
എന്നാല്‍, ആവശ്യമായ ഭേദഗതി വരുത്താത്തതുകൊണ്ടാണ് അന്ന് സംവരണ തീരുമാനം നിലനില്‍ക്കാതെ പോയത് എന്നാണ് ബി ജെ പിയുടെ വാദം. നിലവില്‍ എസ് സി വിഭാഗത്തിന് 15 ശതമാനവും എസ് ടി വിഭാഗത്തിന് 7.5 ശതമാനവും ഒ ബി സിക്ക് 27 ശതമാനവുമാണ് സംവരണം. 10 ശതമാനം മുന്നോക്ക സംവരണം കൂടി ഏര്‍പ്പെടുത്തുമ്പോള്‍ കോടതി നിഷ്‌കര്‍ഷിച്ച 50 ശതമാനത്തിനു മുകളില്‍ വരും. നിലവില്‍ 50 ശതമാനത്തിനു മുകളില്‍ സംവരണം ഉള്ളത് തമിഴ്നാട്ടില്‍ മാത്രമാണ്. പിന്നാക്ക വിഭാഗങ്ങള്‍ കൂടുതലുള്ള സാഹചര്യത്തിലാണ് തമിഴ്നാട്ടില്‍ ഇത് നടപ്പാകുന്നത്. സര്‍ക്കാരിന്റെ ധനസഹായം കിട്ടാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കിയത് ഭരണഘടനാ പ്രകാരമുള്ള തുല്യതാ സങ്കല്പങ്ങള്‍ക്കു വിരുദ്ധമാണ്. അതേസമയം, മുന്നോക്ക സംവരണം സ്റ്റേ ചെയ്യാനാകില്ല എന്ന സുപ്രീംകോടതിയുടെ പരാമര്‍ശം കേരളത്തില്‍ സര്‍ക്കാറിനു ഗുണകരമായി.
സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ കേരളത്തില്‍ ധൃതിപിടിച്ച് സംവരണം നടപ്പാക്കിയതില്‍ വിമര്‍ശനമുയരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഭേദഗതിയെ പലതരം പിഴവുകളോടെയാണ് കേരളം നടപ്പാക്കിയത് എന്നാരോപിച്ച് പല സംഘടനകളും കോടതിയിലെത്തിയിട്ടുമുണ്ട്. ശശിധരന്‍ നായര്‍ കമ്മിഷന്‍ സാമ്പത്തിക സംവരണത്തിനു ശുപാര്‍ശ ചെയ്‌തെങ്കിലും എന്തൊക്കെ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനത്തിലെത്തിയത് എന്നത് വ്യക്തമല്ല. മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാരെക്കുറിച്ചുള്ള പഠനങ്ങളോ കണക്കുകളോ സര്‍ക്കാറിനില്ല. നിലവില്‍ ജനസംഖ്യാ അനുപാതത്തിന് അധികമാണ് മുന്നോക്ക സമുദായങ്ങളുടെ പ്രാതിനിധ്യം. ഈ സാഹചര്യത്തില്‍ മുന്നോക്ക സംവരണത്തെ എങ്ങനെ ന്യായീകരിക്കും എന്നത് പ്രധാനമാണ്. കോടതിയുടെ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹര്‍ജിക്കാര്‍.

രാഷ്ട്രീയ പ്രതിഫലനം
സംവരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ രാഷ്ട്രീയഗതിയെത്തന്നെ മാറ്റിയ ചരിത്രമാണ് ഇന്ത്യയില്‍. വി പി സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടപ്പാക്കിയ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനുശേഷം ഇന്ത്യന്‍ രാഷ്ട്രീയം തന്നെ മാറിമറിഞ്ഞു. മുന്നോക്കക്കാര്‍ നടത്തിയ ശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് 1992-ല്‍ സാമ്പത്തിക സംവരണം നടപ്പാക്കാന്‍ നരസിംഹറാവു സര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍, സുപ്രീംകോടതിയില്‍ ഇത് പരാജയപ്പെട്ടു. അതിനുശേഷമാണ് 2019 ജനുവരിയിലെ ഭേദഗതി വരുന്നത്. കേരളത്തില്‍ വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ് എല്‍ ഡി എഫിന്റെ തിരക്കിട്ടുള്ള നീക്കമെങ്കിലും നിലവിലെ സാമുദായിക സമവാക്യങ്ങളില്‍ വരുന്ന മാറ്റം അവര്‍ക്ക് ഗുണകരമാകുമോ എന്നു കണ്ടറിയണം. സാമ്പത്തിക സംവരണത്തിനായി വാദിക്കുന്ന മുന്നോക്കകാരുടെ പിന്തുണയാണ് സി പി ഐ എം ലക്ഷ്യം വെക്കുന്നത്. ഒരു വിഭാഗം ക്രിസ്ത്യന്‍ സമുദായത്തിന്റേയും പിന്തുണ ഉറപ്പിക്കാന്‍ സര്‍ക്കാറിനു കഴിയും. ശബരിമല പ്രശ്‌നത്തിലൂടെ കൈവിട്ട മുന്നോക്കക്കാരെ തിരിച്ചുപിടിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം കൂടി സി പി ഐ എമ്മിനുണ്ട്. അതേസമയം ദളിത്-ന്യൂനപക്ഷ സംഘടനകളെ യോജിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ് മുസ്ലിം ലീഗ്. മുസ്ലിം സമുദായ സംഘടനകള്‍ക്കിടയില്‍ ഏകോപനമുണ്ടായിട്ടുണ്ട്. സമസ്തയും കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള എ പി വിഭാഗവും ഇക്കാര്യത്തില്‍ ഒരുമിച്ച് നീങ്ങുകയാണ്. ഫലത്തില്‍ സാമുദായിക ധ്രുവീകരണത്തിലേക്കെത്തുകയാണ് സര്‍ക്കാറിന്റെ ഈ തീരുമാനം. തെരഞ്ഞെടുപ്പില്‍ ഇക്കാര്യം പ്രതിഫലിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. എസ് എന്‍ ഡി പി, പുലയ മഹാസഭ തുടങ്ങി ദളിത്-പിന്നാക്ക സംഘടനകളും എതിര്‍പ്പുമായി രംഗത്തുണ്ട്. നിയമപരമായ നീക്കങ്ങളും സംഘടനകള്‍ ഇതിനൊപ്പം നടത്തുന്നു. കേരളത്തില്‍ മുസ്ലിം ലീഗ് ഒഴികെയുള്ള മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം സംവരണത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും മുസ്ലിം-ദളിത്-പിന്നാക്ക സംഘടനകളുടെ എതിര്‍പ്പുകള്‍ തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായകമായി ഭവിച്ചേക്കും.
(കടപ്പാട്: സമകാലിക മലയാളം)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x