23 Thursday
October 2025
2025 October 23
1447 Joumada I 1

റിഹേഴ്‌സല്‍ കഴിഞ്ഞു, ഇനിയെന്ത്?

മുഹമ്മദ് റോഷന്‍

2024-ലേക്കുള്ള രാഷ്ട്രീയ റിഹേഴ്‌സല്‍ നടത്തി വിജയ കിരീടമണിഞ്ഞു നില്ക്കുകയാണിപ്പോള്‍ ബി ജെ പി. പച്ചയായ വര്‍ഗീയതയാണവര്‍ പരീക്ഷിച്ചത്. യുപിയില്‍ ഒറ്റ സീറ്റില്‍ പോലും മുസ്ലിം നാമധാരികളെ മത്സരിപ്പിക്കാതെ മതേതരത്വം കാത്തു എന്നു പോലും അവര്‍ അവകാശപ്പെടുന്ന അവസ്ഥയുണ്ടായി. വളരെ അപകടകരമായ ഒരു സാഹചര്യമാണ് രാജ്യത്ത് സംജാതമായിക്കൊണ്ടിരിക്കുന്നത്. മോദിക്കു ശേഷം യോഗി എന്നതാണ് ഇപ്പോള്‍ സംഘപരിവാറിന്റെ ചോയ്‌സ് എന്നു വന്നിരിക്കുന്നു. അതിന്റെ ടെസ്റ്റ്‌ഡോസാണ് ഇപ്പോള്‍ പരീക്ഷിച്ച് വിജയിച്ചിരിക്കുന്നത്. ഈ വിജയം നല്കുന്ന അമിതമായ ആത്മവിശ്വാസം സംഘപരിവാറിനെക്കൊണ്ട് എന്തൊക്കെ ചെയ്യിക്കും എന്നത് വരും ദിവസങ്ങളില്‍ കാണാനിരിക്കുന്നതേയുള്ളൂ.
ഉത്തര്‍പ്രദേശ് ഡല്‍ഹിയിലേക്കുള്ള പടിവാതിലാണെന്ന് അമിത്ഷാ പറഞ്ഞത് വെറുതെ അല്ല. ഈ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞടുപ്പുകളിലും ബി ജെ പി നേതൃത്വം ഏറ്റവും ആഗ്രഹിച്ച വിജയം ഉത്തര്‍പ്രദേശിലേത് തന്നെയായിരുന്നു. ഹിന്ദി ഹൃദയഭൂമി കൈവിട്ടാല്‍ തങ്ങളില്ലാതാവുമെന്ന് മറ്റാരെക്കാളും നന്നായി മോദിക്കും അമിത്ഷാക്കുമറിയാം. സംഘപരിവാറും, ആര്‍ എസ് എസും എക്കാലവും പ്രതിബന്ധമായി കണ്ടിരുന്നത് കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യ മതേതര ആശയധാരയെയുമായിരുന്നു. അതിനെ ദുര്‍ബലപ്പെടുത്തുന്നതില്‍ ബി ജെ പി വിജയിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും കാര്യമായി ഒന്നും പ്രതീക്ഷിക്കേണ്ട എന്ന സൂചന തന്നെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം മുന്നില്‍ വെക്കുന്നത്.

Back to Top