കേരളത്തിന്റെ യഥാര്‍ഥ കഥ എന്താണ്?
ഡാനിഷ് കെ ഇസെഡ്
‘ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലര്‍ ഏപ്രില്‍ 26ന് പുറത്തിറങ്ങിയത് ഏറെ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിട്ടുള്ളത്. പതിവ് സംഘ്പരിവാര്‍ ചേരുവകളായ കാല്‍പനിക കഥകള്‍, അര്‍ധസത്യങ്ങള്‍, നുണപ്രചാരണം, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഉദ്ധരണികള്‍ എന്നിവ കൊണ്ടെല്ലാം സ്റ്റോറി സമ്പുഷ്ടമാണ്. കേരളത്തില്‍ നിന്ന് 32,000 പേര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയരായി ഇസ്‌ലാം മതം സ്വീകരിച്ചു സിറിയയിലേക്കും യമനിലേക്കും നാടുകടത്തപ്പെട്ടുവെന്നും ഇവര്‍ ഐസിസിന്റെ ഭീകരവാദികളായി അവിടെ കഴിയുന്നുണ്ടെന്നുമാണ് ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ ട്രെയിലറില്‍ അവകാശപ്പെടുന്നത്.
സാങ്കല്‍പിക
കണക്ക്
കേരളത്തില്‍ നിന്ന് കാണാതായ 32,000 സ്ത്രീകളുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള യഥാര്‍ഥ കഥയാണ് ‘ദി കേരള സ്റ്റോറി’ എന്നാണ് സംവിധായകന്‍ സുദീപ്‌തോ സെന്‍ വ്യക്തമാക്കിയത്. കേരളത്തില്‍ നിന്ന് 32,000 പേര്‍ ഐഎസില്‍ ചേര്‍ന്നു എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത് എങ്ങനെയാണെന്ന് സിനിമയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍ ‘ഠവല എലേെശ്മഹ ീള ആവമൃമവേ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട്. ”2010ല്‍ അന്നത്തെ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയ്ക്ക് മുന്നില്‍ വെച്ച റിപ്പോര്‍ട്ട് പ്രകാരം ഓരോ വര്‍ഷവും 2800 മുതല്‍ 3200 വരെ പെണ്‍കുട്ടികളാണ് ഇസ്‌ലാം മതം സ്വീകരിക്കുന്നത്. ഈയൊരു കണക്ക് വെച്ച് പത്ത് വര്‍ഷത്തേക്ക് കണക്കു കൂട്ടിയാല്‍ 32,000 എന്ന നിഗമനത്തില്‍ എത്തിച്ചേരാം”- സെന്‍ അവകാശപ്പെടുന്നു.
2018ല്‍ ഇതേ സംവിധായകന്‍ ഇറക്കിയ ‘ഇന്‍ ദ നെയിം ഓഫ് ലവ്’ എന്ന 52 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയിലും 32,000 യുവതികള്‍ ഐഎസില്‍ ചേര്‍ന്നതായി പ്രതിപാദിക്കുന്നുണ്ട്. ”സമീപകാലത്തെ ഒരു റിപ്പോര്‍ട്ട് പ്രകാരം, 2009 മുതല്‍ കേരളത്തില്‍ നിന്ന് 17,000-ലധികം പെണ്‍കുട്ടികളും മംഗലാപുരത്തു നിന്ന് 15,000-ലധികം പെണ്‍കുട്ടികളും ഹിന്ദു-ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്ന് ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. അവര്‍ സിറിയ, അഫ്ഗാനിസ്താന്‍, മറ്റ് ഐഎസ്, താലിബാന്‍ സ്വാധീനമുള്ള പ്രദേശങ്ങളിലാണ് ചെന്നെത്തിയത്. കേരളത്തില്‍ നിന്നോ ഇന്ത്യയില്‍ നിന്നുതന്നെയോ 32,000 പേര്‍ ഐഎസില്‍ ചേര്‍ന്നതിന്റെ യാതൊരു തെളിവും ലഭ്യമല്ല. 2018ല്‍ ഐബി മുന്‍ മേധാവി ആസിഫ് ഇബ്രാഹീം മാധ്യമങ്ങളോട് പറഞ്ഞത് ഇന്ത്യയിലെ 180 മില്യണ്‍ മുസ്‌ലിംകളില്‍ വെറും 108 പേര്‍ മാത്രമാണ് ഐഎസില്‍ ചേര്‍ന്നത് എന്നാണ്.
കേരളത്തില്‍ നിന്ന് ഓരോ വര്‍ഷവും 3200 പെണ്‍കുട്ടികള്‍ ഐഎസില്‍ ചേരുന്നു എന്ന് കേരളത്തിലെ ഒരു മുഖ്യമന്ത്രി പ്രസ്താവന നടത്തിയതായ ഒരു വാര്‍ത്ത പോലും നാളിതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഥവാ അങ്ങനെയൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ ആ വാര്‍ത്ത ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചാവിഷയമാകുമായിരുന്നു. 2012ല്‍ ഇന്ത്യാ ടുഡേയിലും, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലും വന്ന വാര്‍ത്തയില്‍ പറയുന്നത് ഇങ്ങനെയാണ്: ”ജൂണ്‍ 25ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചത് പ്രകാരം 2006 മുതല്‍ 2012 വരെ 2667 പെണ്‍കുട്ടികള്‍ ഇസ്‌ലാം മതം സ്വീകരിച്ചിട്ടുണ്ട്.” എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ എവിടെയും മതം മാറിയ പെണ്‍കുട്ടികള്‍ നാടുവിട്ടതായോ ഐഎസില്‍ ചേര്‍ന്നതായോ പരാമര്‍ശമില്ല. മാത്രമല്ല, കേരളത്തില്‍ നിര്‍ബന്ധിത പരിവര്‍ത്തനം നടക്കുന്നതിന് യാതൊരു തെളിവുമില്ലെന്നും ലൗജിഹാദ് വിവാദം അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
യുഎസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ States Country Reports on Terrorism 2020 പ്രകാരം നവംബര്‍ 2020 വരെ 66 ഇന്ത്യന്‍ വംശജര്‍ മാത്രമേ ഐഎസില്‍ അംഗമായിട്ടുള്ളൂ. Observer Research Foundation പ്രസിദ്ധീകരിച്ച The Islamic State in India’s Kerala: A primer റിപ്പോര്‍ട്ട് പ്രകാരം 2014നും 2018നും ഇടയില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ഐഎസുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ മൊത്തം കേസുകള്‍ 180-200 എണ്ണം മാത്രമാണ്.
ദി സൗഫാന്‍ സെന്ററിന്റെ Beyond the Caliphate: Foreign Fighters & the Threat of Returnees എന്ന ഗവേഷണ പ്രബന്ധത്തില്‍ പറയുന്നതിങ്ങനെ: ”ജൂണ്‍ 2014ലെ ഐഎസ് ഖിലാഫത്ത് പ്രഖ്യാപനത്തിന്റെ മുമ്പും ശേഷവും 110 രാജ്യങ്ങളില്‍ നിന്നായി 40,000 വിദേശീയരാണ് ഐഎസില്‍ ചേര്‍ന്നത്” (പേജ് 7). ഐഎസില്‍ ചേര്‍ന്ന 40,000 വിദേശീയരില്‍ 32,000 പേരും കേരളത്തില്‍ നിന്നുള്ള യുവതികളാണെന്ന സംഘ്പരിവാര്‍ നിര്‍മിത കണക്കുകള്‍ എത്രത്തോളം ഊതിവീര്‍പ്പിച്ചതാണെന്ന് ഈ റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമാണ്.
Observer Research Founda tion പ്രസിദ്ധീകരിച്ച The ISIS Phenomenon: South Asia and beyond എന്ന മറ്റൊരു റിപ്പോര്‍ട്ടില്‍ ഐഎസിലെ ഇന്ത്യന്‍ പ്രാതിനിധ്യത്തിലെ കുറവ് സവിസ്തരം വിശദീകരിക്കുന്നുണ്ട്. പേജ് 64ല്‍ പറയുന്നു: ”മുസ്‌ലിം ജനസംഖ്യയില്‍ ലോകത്തെ മൂന്നാം സ്ഥാനത്താണെങ്കിലും ഐഎസുമായി ബന്ധപ്പെട്ട് രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളുടെ എണ്ണം കേവലം നൂറില്‍ താഴെയാണ്. ഈ സംഖ്യ 200-300 ആണെന്ന് വാദിക്കുന്ന കണക്കുകള്‍ പരിഗണിച്ചാല്‍ പോലും പല യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഐഎസിലേക്ക് പോയവരുടെ എണ്ണത്തേക്കാള്‍ തുലോം കുറവാണ്. 2014ലെ ഐഎസ് ഖിലാഫത്ത് പ്രഖ്യാപനം മുതല്‍ 2016 വരെ ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്താനിലേക്കോ ഐഎസ് സ്വാധീനമുള്ള വെസ്റ്റ് ഏഷ്യന്‍ പ്രദേശങ്ങളിലേക്കോ പോയവരുടെ എണ്ണം കേവലം 10-15 ആണ്.”
സംസ്ഥാന തെരഞ്ഞെടുപ്പുകളും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പും ആസന്നമായിരിക്കെ മുസ്‌ലിം വിദ്വേഷം പടച്ചുവിട്ട് ഭൂരിപക്ഷ സമുദായ വോട്ടുകള്‍ ഏകീകരിക്കാനുള്ള ശ്രമം സംഘ്പരിവാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.