20 Saturday
April 2024
2024 April 20
1445 Chawwâl 11

റീഡിങ് ചാലഞ്ചില്‍ ദുബായ് പുസ്തകങ്ങളുടെ ഉച്ചകോടിയില്‍ ഷാര്‍ജ

മുജീബ് എടവണ്ണ


ശാംമുഹമ്മദ് അല്‍ബകൂര്‍. ഏഴ് വയസ്സുള്ള സിറിയന്‍ പെണ്‍കുട്ടി. യുദ്ധഭൂമിയില്‍ നിന്നാണ് അവള്‍ ദുബായിലെത്തിയത്. കൈക്കുഞ്ഞായിരിക്കെ കുടുംബസമേതം സഞ്ചരിച്ചിരുന്ന കാറില്‍ ബോംബ് പതിച്ചു. പ്രിയ പിതാവിന്റെ ജീവ ന്‍ ആ ദുരന്തത്തില്‍ പൊലിഞ്ഞു.
ശാമിനു തലയ്ക്ക് പരിക്കേറ്റെങ്കിലും അവള്‍ രക്ഷപ്പെട്ടു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മാതാവ് മനാല്‍ മതര്‍ അവളെ സര്‍വതും മറന്നു പരിചരിച്ചു, ത്യാഗഭരിതയായി പഠിപ്പിച്ചു. പുസ്തകങ്ങളെ പ്രണയിക്കാന്‍ ശീലിപ്പിച്ചു. വേദനകള്‍ക്കിടയില്‍ നിന്ന് പ്രത്യാശയിലേക്ക് പ്രയാണം ചെയ്യാന്‍ പ്രേരിപ്പിച്ചു. വിദ്യാര്‍ഥിനികള്‍ക്കിടയില്‍ അവള്‍ വ്യത്യസ്തയായി. മനപ്പാഠശേഷി സവിശേഷമായി.
സിറിയയിലെ 61,000 വരുന്ന വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ നിന്നാണ് ശാം വിദ്യാര്‍ഥികളുടെ വായനാമികവ് പരിപോഷിപ്പിക്കാനുള്ള അന്താരാഷ്ട്ര മത്സരത്തിനു തെരഞ്ഞെടുക്കപ്പെടുന്നത്. മൊത്തം 2.2 കോടി വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തിലാണ് ശാം മിന്നുംതാരമായത്. ആറാം വര്‍ഷത്തിലേക്ക് കടന്ന അറബിക് റീഡിങ് ചാലഞ്ചിലെ ഏറ്റവും വലിയ വിദ്യാര്‍ഥി പങ്കാളിത്തമാണിത്.
ഓരോ വര്‍ഷവും വായനയെ ജീവവായുവാക്കുന്ന തലമുറ വര്‍ധിക്കുന്നതിന്റെ ശുഭസൂചന. ‘വായിക്കാത്ത സമൂഹം, വായിച്ചാലും മനസ്സിലാകാത്ത, മനസ്സിലായാലും പ്രവൃത്തിപഥത്തിലെത്തിക്കാത്ത സമൂഹം’ എന്ന അടിച്ചേല്‍പ്പിക്കപ്പെട്ട ആരോപണം തകര്‍ത്തെറിയുമെന്ന വരുംതലമുറയുടെ ശപഥമാണ് ഈ ഉയര്‍ച്ച.
ഒരു വര്‍ഷത്തിനകം നൂറ് പുസ്തകങ്ങള്‍ വായിച്ചാണ് ‘അറബിക് റീഡിങ് ചാലഞ്ചില്‍’ ശാം വിജയിച്ചത്. ഈ വൈജ്ഞാനിക പദ്ധതിയുടെ അമരക്കാരനായ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്നും സമ്മാനത്തുക വാങ്ങാന്‍ അവള്‍ വേദിയില്‍ കയറി. കുഞ്ഞുകൈകള്‍ പുരസ്‌കാരത്തുകയായ 5 ലക്ഷം ദിര്‍ഹം (ഒരു കോടി രൂപയിലധികം) ഏറ്റുവാങ്ങി. അതിനു മുന്‍പ് വിജയത്തിലേക്ക് കനല്‍പഥങ്ങളിലൂടെ കടന്നു വന്ന നാള്‍വഴികള്‍ ബാലിക ഭാഷാശുദ്ധിയോടെ വൃത്തിയായി വിവരിച്ചു.
ബോംബുകളും മിസൈലുകളും വീണ് വിറങ്ങലിച്ച മണ്ണില്‍ നിന്നും വായനയുടെ ശോഭനമാര്‍ന്ന ശീതളിമയിലേക്ക് മാതാവ് കൈപിടിച്ചാനയിച്ച വാത്സല്യത്തിന്റെയും അതിജീവനത്തിന്റെയും കരളലിയിപ്പിക്കുന്ന ജീവിതകഥ. സദസ്സിലിരുന്നിരുന്ന ശൈഖ് മുഹമ്മദ് ഗത്ത്‌റ കൊണ്ട് കണ്ണീര്‍ തുടച്ചു. അവളെ അനുകമ്പയോടെ ചേര്‍ത്തുപിടിച്ചു. തിളക്കമാര്‍ന്ന അറബിക്കില്‍ കാര്യങ്ങള്‍ വാചാലതയോടെ വിശദീകരിക്കുന്നതു കേട്ട് ദുബായ് ഒപേറ ഹൗസിലെ സമൃദ്ധമായ സദസ്സ് സ്തബ്ധമായിരുന്നു. ചെറു പ്രായത്തില്‍ വായനയോടൊപ്പം വാചാലത കൂടി വളര്‍ന്നതിനു ശ്രോതാക്കള്‍ ഒന്നടങ്കം സാക്ഷിയായി.
”പുസ്തകങ്ങള്‍ നേരിട്ട് നമ്മുടെ വേദന മാറ്റില്ല. നമുക്കെതിരെ വരുന്ന തിന്മകളെ പ്രതിരോധിക്കില്ല. എന്താണ് നല്ലതെന്നും മനോഹരമായതെന്നും പറയുകയുമില്ല. എന്നാല്‍ ആയിരക്കണക്കിനു സാധ്യതകള്‍ നമുക്ക് മുന്നില്‍ പുസ്തകങ്ങള്‍ തുറന്നിടും. നവീകരണത്തിന്റെയും ജീവിത വെളിച്ചത്തിന്റെയും വഴികള്‍. ഗ്രന്ഥകാരന്മാരും ചിന്തകരും ശാസത്രജ്ഞരും സാഹിത്യകാരന്മാരും അവരുടെ ധിഷണാ സഞ്ചാരത്തിന്റെ ഫലമായി രൂപകല്പന ചെയ്ത നിര്‍ഭയത്വത്തിന്റെ സംഭരണശാലകളാണ് ഗ്രന്ഥങ്ങള്‍” – ശാം പറഞ്ഞു.
വിജയശ്രീലാളിതയാകുന്നതിനു മുന്‍പ് തന്നെ ശാമിന്റെ അഭിമുഖവും അവതരണവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മാതൃഭാഷയുടെ ഭാവിയില്‍ അറബ് ഭാഷാപണ്ഡിതര്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു ബാലികയുടെ ബലം ചോരാത്ത സംസാരം. യു എ ഇ എഴുത്തുകാരന്‍ അലി അല്‍ ഹാമിലി, ശാമിന്റെ അവതരണം സ്ഥിരം സ്ഖലിതങ്ങള്‍ വരുത്തുന്ന മുതിര്‍ന്ന അറബ് വ്യക്തിത്വങ്ങള്‍ക്ക് മാതൃകയാക്കാമെന്നാണ് അഭിപ്രായപ്പെട്ടത്.
ഓരോ അധ്യയന വര്‍ഷവും 5 കോടി പുസ്തകങ്ങള്‍ അറബ് വിദ്യാര്‍ഥികളെ വായിപ്പിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്കെങ്കിലും പരകോടി പ്രത്യാശകള്‍ തലമുറകളിലേക്ക് വിക്ഷേപിക്കാന്‍ ഈ ആശയത്തിനു തിരിയിട്ടവര്‍ക്ക് സാധിക്കുന്നൂവെന്നതാണ് മറുവശം.

ഷാര്‍ജയില്‍
പുസ്തകങ്ങളുടെ
41 വസന്തം

വായനയ്ക്കുള്ള പുരസ്‌കാരവിസ്മയം സമ്മാനിച്ച കുളിര്‍കാഴ്ചയുടെ ആഹ്ലാദത്തിലാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് യാത്ര ചെയ്തത്. പോയ വാരത്തില്‍ ഇരു എമിറേറ്റുകളിലെയും പ്രധാന വിശേഷം വായനയും സംസ്‌കാരങ്ങളുടെ ആരോഗ്യകരമായ സമന്വയവുമായിരുന്നു. നല്ല വാക്കുകള്‍ പ്രചരിക്കുകയും സമൂഹം അതേറ്റെടുക്കുകയും ചെയ്യുമ്പോള്‍ വായിക്കാനും ചിന്തിക്കാനും കഴിയുന്ന മാനവ സമൂഹത്തില്‍ പ്രത്യാശയും സമാധാനവും തളിര്‍ത്തുവരുമെന്ന് വിശ്വസിക്കുന്ന ഭരണാധികാരികളാണ് ഇത്തരം ബൃഹദ് പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
കോവിഡ് കെട്ടടങ്ങിയോ അതോ ആവശ്യം വരുമ്പോള്‍ ഫണം വിടര്‍ത്താന്‍ ചുരുണ്ടു കിടക്കുകയാണോ എന്ന ശങ്ക മനുഷ്യരെ അലട്ടികൊണ്ടിരിക്കുന്ന ഇടവേളയിലുള്ള പുസ്തകമേള പഴയ പ്രതാപത്തോടെ തന്നെ തിരശ്ശീല താഴ്ത്തി. ഇന്ത്യയടക്കമുള്ള 95 രാജ്യങ്ങളില്‍ നിന്നു 2,213 പ്രസാധകര്‍ 15 ലക്ഷത്തിലധികം പുസ്തകങ്ങളാണു വായനക്കാര്‍ക്കായി 12 ദിനങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്. സാഹിത്യകാരന്മാര്‍, ഫാഷന്‍ ഇല്ലസ്‌ട്രേറ്റര്‍, ഗായകര്‍, രുചിദായക വിഭവങ്ങള്‍ കൊണ്ട് കേളികേട്ട ഷെഫുമാര്‍, കാര്‍ട്ടൂണിസ്റ്റുകള്‍, അറബ്, ബോളിവുഡ് ചലചിത്ര താരങ്ങള്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 129 അതിഥികള്‍ പുസ്തകമേളയുടെ ഭാഗമായി. 112 രാജ്യങ്ങളില്‍ നിന്നുള്ള 20.17 ലക്ഷം ജനങ്ങള്‍ ഷാര്‍ജയുടെ എക്‌സ്‌പോ സെന്ററിലെ 41-ാമത്തെ മേളയെ അവിസ്മരണീയമാക്കിയെന്നാണ് ഔദ്യോഗിക കണക്ക്.
പ്രിയ എഴുത്തുകാരെ പ്രവാസികള്‍ക്ക് ഒഴിഞ്ഞുകിട്ടുന്ന അവസരം കൂടിയാണ് ഷാര്‍ജ പുസ്തകോത്സവം. ഇഷ്ട പുസ്തകങ്ങള്‍ പ്രകാശിപ്പിക്കാനും അവര്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ഒരു ഓര്‍മക്കൂട്ടായി ഹൃദയത്തില്‍ സൂക്ഷിക്കാനും മേള അവസരം നല്‍കുന്നു.
മനുഷ്യന്റെ അഭിരുചിയും അഭിലാഷവും സമഞ്ജസമായി മേളിക്കുന്ന സാംസ്‌കാരികോത്സവമാണിത്. എമിറേറ്റ്‌സ് റൈറ്റഴ്‌സ് യൂണിയന്‍ പ്രസിഡന്റ് സുല്‍ത്താന്‍ അല്‍ അമീമി അഭിപ്രായപ്പെട്ടതു ഈ വൈവിധ്യം കൊണ്ടാണ് മേളയ്ക്ക് ജീവിത പ്രദര്‍ശനാഘോഷത്തിന്റെ പരിവേഷം വരുന്നത് എന്നാണ്.
വായിക്കുന്നൊരാള്‍ക്ക് പ്രിയ പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാം. പാചകത്തിലാണ് താല്‍പര്യമെങ്കില്‍ ലോകത്തിലെ തലയെടുപ്പുള്ള ഷെഫിനോട് ചോദിച്ചറിയാം. ഫാഷനും ചലച്ചിത്രവും ഹൃദയത്തിലേറ്റിയവരെ നിരാശരാക്കാതിരിക്കാന്‍ ആ രംഗത്തുള്ള അതിഥികളോട് സംവദിക്കാനും അവസരമുണ്ട്.
സ്വാധീനം ചെലുത്തിയ പുസ്തകങ്ങള്‍ ഏറെയുണ്ടെങ്കിലും അവയുടെ രചയിതാക്കളെ ഒരു നോക്ക് കാണാന്‍ കൊതിച്ചവര്‍ക്കും മേളയില്‍ വേദികള്‍ സുലഭം. എഴുത്ത് എങ്ങനെ? എഴുതാനിരിക്കേണ്ട സമയമെങ്ങനെ? സംഘര്‍ഷങ്ങളില്‍ നിന്നും സന്തോഷങ്ങളില്‍ നിന്നും സാഹിത്യം പിറവിയെടുക്കുന്നതു എപ്രകാരം തുടങ്ങി വായനക്കാര്‍ മനസ്സിലൊളിപ്പിച്ച സംശയങ്ങളുടെ കെട്ട് ഗ്രന്ഥകാരനു മുന്‍പാകെ പൊട്ടിക്കാന്‍ തുറന്ന അവസരമാണ് പുസ്തകമേള. ആഗ്രഹിച്ച പുസ്തകങ്ങള്‍ മാത്രമല്ല രചയിതാക്കളെയും കയ്യെത്തും ദൂരത്ത് കിട്ടിയ ആനന്ദവും വായനക്കാര്‍ക്ക് ഷാര്‍ജ നല്‍കുന്നു.
കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെന്ന് കരുതിയിരുന്ന പത്രങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ആയിരത്തൊന്ന് രാവുകള്‍ പോലുള്ള പഴയകാല കൃതികളുടെ പതിപ്പുകള്‍, പുരാതന ഖുര്‍ആന്‍ പതിപ്പുകള്‍ എന്നിവ നേരിട്ട് കാണാനും കാശുണ്ടെങ്കില്‍ വാങ്ങാനും ഷാര്‍ജയില്‍ നിന്നാകും എന്നതാണ് പുസ്തകമേളയുടെ അത്യപൂര്‍വത.

പ്രസാധന രംഗത്തെ വെല്ലുവിളികള്‍
പുസ്തകമേളയുടെ മുന്നോടിയായി സംഘടിപ്പിക്കുന്ന സംഗമങ്ങളിലൊന്നാണ് പ്രസാധകരുടെത്. ലോകത്തെ മുഴുവന്‍ പ്രസാധകരും അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് ഏകഭാവമാണ്. പുസ്തകങ്ങളുടെ അച്ചടി മുതല്‍ അവയുടെ വിനിമയം വരെയുള്ള പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്ത് പരിഹാരങ്ങള്‍ പങ്കുവയ്ക്കുന്നു. ഡിജിറ്റല്‍ സംവിധാനങ്ങള്‍ ആധുനിക ലോകത്ത് അച്ചടിച്ച ഗ്രന്ഥങ്ങള്‍ക്കേല്പിക്കുന്ന പരുക്ക്, കോവിഡാനന്തരം അസംസ്‌കൃത വസ്തുക്കള്‍ക്കും ഗതാഗത മേഖലയിലുമുണ്ടായ താങ്ങാനാകാത്ത ചെലവ് എന്നിവയെല്ലാം ഒരു പുസ്തകം പുറത്തിറങ്ങുന്നതിന്റെ പുറകിലുള്ള വിങ്ങലുകളാണ്. ഓരോ വര്‍ഷവും വിലയിലുണ്ടാകുന്ന കുതിപ്പ് പകുത്തെടുക്കേണ്ടവരില്‍ ഒരാള്‍ വായനക്കാരനുമാണ്. കുഞ്ഞിന്റെ ചിരി കാണുമ്പോള്‍ അമ്മയുടെ പ്രസവവേദന മായുമെന്ന നാട്ടുമൊഴി പോലെ ഒരു പുസ്തകം ഭൂലോകത്തേക്ക് പിറന്നു വീഴുമ്പോള്‍ അണിയറയില്‍ പ്രവര്‍ത്തിച്ചവരുടെ ആത്മസംഘര്‍ഷവും കൂടൊഴിയും.
വായന ഒരു തണലാണ്. ഷാര്‍ജ പുസ്തകോത്സവം സന്ദര്‍ശിക്കുന്ന ഒരാളുടെ മനോവികാരവും അനുഭവവും ഇതായിരിക്കും. നവംബറില്‍ വായനയുടെ ഗഗന നീലിമയിലാകുന്ന ഷാര്‍ജയില്‍ എല്ലാ എമിറേറ്റുകളില്‍ നിന്നുമുള്ളവര്‍ പൈതൃക തെരുവായയ റോളയിലെന്ന പോലെ ഒരുമിക്കുന്നു. കഥകളും കവിതകളും നോവലുകളും റഫറന്‍സ് ഗ്രന്ഥങ്ങളും പുരാരേഖകളും കണ്ടും സ്വന്തമാക്കിയും അവര്‍ സന്തോഷത്തിരകളിലാകുന്നു. നാളെയുടെ മനോഹാരിത പുസ്തകങ്ങളെ ആശ്രയിച്ചാണെന്ന് അറിയുന്നവര്‍ അതിനുള്ള വഴി കണ്ടെത്തുന്നതും ഇവിടെ വച്ചാണ്.
മലയാളികളുടെ
റൈറ്റേഴ്‌സ് ഫോറം

ഷാര്‍ജ എന്നാല്‍ പുസ്തകമേളയും പുസ്തകമേള എന്നു കേട്ടാല്‍ ഷാര്‍ജയും മനോമുകുരത്തില്‍ തെളിയുന്ന നിലയിലേക്ക് മലയാളി മനസ്സ് മാറിയിരിക്കുന്നു. കേരളത്തില്‍ നിന്നുള്ള പ്രസാധക സംഘത്തിന്റെ പെരുപ്പമാണ് ഇതിനു പ്രധാന കാരണം. അനുവദിച്ചു കിട്ടിയ നിമിഷങ്ങള്‍ക്കുള്ളില്‍ പെരുമഴ പോലെ പുസ്തകങ്ങള്‍ പുറത്തിറങ്ങുന്ന വേദിയാണ് റൈറ്റേഴ്‌സ് ഫോറം.
ഡി സി ബുക്‌സ്, ഒലീവ്, മാതൃഭൂമി, മനോരമ, യുവത, കെ എന്‍ എം, ഐ പി എച്ച്, ഹരിതം, ചിന്ത, രിസാല, സത്യധാര തുടങ്ങി എല്ലാ പ്രസാധകര്‍ക്കും അവരുടെ ശേഷിയനുസരിച്ചുള്ള സ്റ്റാളുകളുണ്ട്. അഭിപ്രായ വ്യത്യാസവും ആശയ വൈരുധ്യവും നിലനില്‍ക്കുന്ന പാര്‍ട്ടികളും സംഘടനകളും അവരുടെ പ്രസിദ്ധീകരണാലയങ്ങളും ഒരമ്മപെറ്റ മക്കളെപ്പോലെ അടുത്തടുത്ത് നില്‍ക്കുന്ന കാഴ്ച ഷാര്‍ജയുടെ കൈരളിക്കുള്ള സമ്മാനമാണ്. വിരുദ്ധ ധ്രുവങ്ങളിലുള്ള നേതാക്കള്‍ പരസ്പരം കുശലം പറയുകയും പവലിയനുകളില്‍ കയറിയിറങ്ങി വ്യത്യസ്ത പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിക്കുന്ന കാഴ്ച ഷാര്‍ജയില്‍ മാത്രം കിട്ടുന്നതായിരിക്കും.
ഉള്ളടക്കം എന്തായാലും അതൊരു പുസ്തകമായതുകൊണ്ട് വിശാലഹൃദയത്തോടെ അവരാ കൃത്യം ഭയപ്പാടില്ലാതെ നിര്‍വഹിക്കുകയാണ്. സൗഹൃദത്തിന്റെ ഈ പച്ചപ്പ് കാണണമെങ്കില്‍ പുസ്തകോത്സവ കാലത്ത് ഷാര്‍ജയിലേക്ക് വിമാനം കയറണം. ഐക്യ എമിറേറ്റുകള്‍ പോലെ ചേര്‍ന്ന് നില്‍ക്കുന്ന പുസ്തകാലയങ്ങളുടെ ഇഴയടുപ്പത്തിന് മഴവില്‍ അഴകുണ്ട്.
ദുബായിലെ അറബിക് റീഡിങ് ചാലഞ്ചിന്റെയും അത്യാധുനിക ലൈബ്രറിയുടെയും സാങ്കേതിക വിജ്ഞാനത്തിന്റെ സമുച്ചയമായ ഫ്യൂച്ചര്‍ മ്യൂസിയത്തിന്റെയും ആശയാവിഷ്‌കാരം ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആലു മക്തൂമാണ്. അഷ്ടദിക്കുകളില്‍ നിന്നുള്ള പുസ്തകങ്ങളുടെ പാലാഴി രാജ്യത്തിന്റെ സാംസ്‌കാരിക നഗരിയില്‍ തീര്‍ക്കുന്നതും നാനാജാതി മനുഷ്യര്‍ക്കത് അവരുടെ വൈജ്ഞാനിക ദാഹശമനിയാക്കുന്നതും ഷാര്‍ജ ഭരണാധികാരിയും യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമിയാണ്. പുരോഗതിയുടെ നാഴികക്കല്ലായ വായനയിലേക്ക് മനുഷ്യരെ വഴി കാണിക്കുന്ന ഭരണാധികാരികള്‍ യു എ ഇയിലെ പ്രവാസികളുടെയും സുകൃതമാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x