16 Wednesday
June 2021
2021 June 16
1442 Dhoul-Qida 5

റൗദ: ഭൂമിയിലെ സ്വര്‍ഗം

എന്‍ജി. പി മമ്മദ് കോയ

ഹജ്ജ് അനുഭവം-10

സായാഹ്ന പ്രാര്‍ഥനക്ക് ശേഷം നേരെ റൗദാ ശരീഫിന്നടുത്തേക്ക് നടന്നു. നമസ്‌കാരാനന്തരം മസ്ജിദിന്റെ നാലുഭാഗത്തേക്കും ജനങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിശ്വാസികളും റൗദയുടെ ഭാഗത്തേക്കാണ് നടക്കുന്നത്. റൗദയിലും റസൂലിന്റെ(സ) ഖബര്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിനടുത്തും ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്നത് ഈ സമയത്താണ്.
‘ബാബുസ്സലാം’ എന്ന കവാടത്തിലൂടെ കടന്നാല്‍ നേരെ തിരുനബിയുടെ അന്ത്യവിശ്രമ സ്ഥലത്തെത്താം. ഹറമുകളുടെ എല്ലാ പ്രവേശന കവാടങ്ങള്‍ക്കും ഓരോ പേരുകളുണ്ട്. മുമ്പ് മസ്ജിദുന്നബവിക്ക് മൂന്നു വാതിലുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാബുറഹ്മ, ബാബു ജിബ്‌രീല്‍, ബാബുസ്സലാം. പിന്നീട് മസ്ജിദ് വിപുലീകരണത്തിനനുസരിച്ച് വാതിലുകളുടെ എണ്ണം കൂടിവന്നു.
റസൂലിന്റെ(സ) കാലത്തുണ്ടായിരുന്ന പള്ളി ആദ്യമായി പുനര്‍നിര്‍മിച്ചതും വിപുലീകരിച്ചതും രണ്ടാം ഖലീഫ ഉമറിബ്‌നു ഖത്താബ്(റ) ആണ്. അതുവരെ ചാരവും മണ്ണുമായി കിടന്നിരുന്ന പള്ളിയുടെ തറയില്‍ പായ വിരിച്ചതും സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക പ്രവേശന കവാടങ്ങള്‍ ഏര്‍പ്പെടുത്തിയതും അദ്ദേഹമായിരുന്നു. പിന്നീട് ഉമവീ ഭരണകാലത്ത് ഗവര്‍ണറായിരുന്ന ഉമറിബ്‌നുല്‍ അബ്ദുല്‍അസീസ് വീണ്ടും വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയും നാലു ഭാഗത്തും മിനാരങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഇരുപതോളം വാതിലുകള്‍ സ്ഥാപിച്ചതും നബി പത്‌നിമാരുടെ വീടുകള്‍ പള്ളിയോട് ചേര്‍ത്തതും അദ്ദേഹമായിരുന്നു.
പിന്നീട് അബ്ബാസി- ഉസ്മാനി ഭരണ കാലഘട്ടങ്ങളിലും തുടര്‍ന്നിങ്ങോട്ട് വര്‍ത്തമാനകാല ഭരണാധികാരികളും നവീകരണ-വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ ഏതാണ്ട് 85-ഓളം വാതിലുകളും അവയ്‌ക്കൊക്കെ പേരുകളും നമ്പറുകളുമുണ്ട്. മസ്ജിദിന്റെ അകത്തും ടെറസ്സിലും സ്വയം പ്രവര്‍ത്തിക്കുന്ന കുടകളുടെ നിഴലിലുള്ള മുറ്റത്തുമായി പത്ത് ലക്ഷത്തിലധികം പേര്‍ക്ക് ഒരേ സമയത്ത് നമസ്‌കരിക്കാനുള്ള അതിവിപുലമായ സൗകര്യവും ഇപ്പോഴുണ്ട്.
തിരുനബിയുടെ അന്ത്യവിശ്രമ സ്ഥലം ആയിശ(റ)യുടെ വീട്ടിലാണ്. അവിടെ വച്ചുതന്നെയാണ് റസൂല്‍ അന്ത്യശ്വാസം വലിച്ചതും. മരണപ്പെട്ട സ്ഥലത്ത് തന്നെ പ്രവാചകന്മാരെ ഖബറടക്കുന്നതാണ് കീഴ്‌വഴക്കം. അന്ത്യ സമയത്ത് തിരദൂതര്‍ കിടന്നിരുന്ന സ്ഥലത്ത് തന്നെയാണ് ഖബര്‍ നിര്‍മ്മിച്ച് തിരുശരീരം മറവ് ചെയ്യപ്പെട്ടത്. സന്തത സഹചാരികളായ അബൂബക്കറിന്റെയും(റ) ഉമറിന്റെയും(റ) ഖബ്‌റുകളും അതിനടുത്തു തന്നെയാണ്.
ഈ വീടിന്റെയും റസൂല്‍(സ) പതിവായി ഖുത്ബ നടത്താന്‍ ഉപയോഗിച്ചിരുന്ന മിമ്പറിന്റെയും ഇടയിലുളള സ്ഥലത്തെയാണ് ‘റൗദാ ശരീഫ്’ എന്ന് പറയുന്നത്. പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുമെന്ന് പുണ്യ റസൂല്‍ ഉറപ്പ് പറഞ്ഞ സ്ഥലം! ഭൂമിയിലെ സ്വര്‍ഗമാണിവിടമെന്ന് നബി തിരുമേനി അരുളിയ മസ്ജിദുന്നബവിയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം.
തോരണങ്ങളും കമനീയമായ ഷാന്‍ലിയറുകളും വര്‍ണാഭമായ അലങ്കാര വിളക്കുകളും കൊണ്ട് ഭംഗിയാക്കിയ മച്ചും പച്ച പരവതാനി വിതാനിച്ച തറയും തൂവെള്ള നിറം ചാര്‍ത്തിയ തൂണുകളും റൗദാ ശരീഫിനെ ആകര്‍ഷകമാക്കുന്നു. സകല വ്യഥകളും ലോക രക്ഷിതാവിലര്‍പ്പിച്ച് കണ്ണീരു തൂവി മനസ്സ് വിമലീകരിക്കുന്ന വിശ്വാസികള്‍! അവരുടെ പ്രാര്‍ഥനാ വചനങ്ങള്‍കൊണ്ട് മുഖരിതമാണ് റൗദായുടെ അന്തരീക്ഷം. ഏതൊരു വിശ്വാസിയും ഭക്തി സാന്ദ്രമായ ആ പുണ്യസ്ഥലത്തേക്ക് പ്രവേശിച്ച് ശാന്തമായി പ്രാര്‍ഥിക്കാന്‍ ആഗ്രഹിക്കും. പക്ഷെ ഹജ്ജ് സമയത്ത് പ്രത്യേകിച്ച് അവിടേക്ക് പ്രവേശിക്കണമെങ്കില്‍ നല്ല ക്ഷമയും ശാരീരിക ക്ഷമതയും വേണം.
റൗദയുടെ ചുറ്റുഭാഗത്തും ബാരിക്കേഡുകള്‍ വെച്ച് പോലീസുകാര്‍ കാവല്‍നില്‍ക്കുന്നു. ഏതാണ്ട് 330 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം മാത്രമുള്ള റൗദ പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കയാണ്. ഉള്‍ക്കൊള്ളാവുന്നത്ര വിശ്വാസികള്‍ക്ക് പ്രവേശനാനുമതി നല്കിയ ശേഷം ബാക്കിയുള്ളവരെ താത്കാലികമായി തടയും. പക്ഷെ എല്ലാ സ്ഥലത്തുമെന്നപോലെ പരിശുദ്ധമായ ഇവിടെയും തള്ളിക്കയറാന്‍ ശ്രമിക്കുന്ന ഹാജിമാരെ കാണാം!
പ്രവേശനം ലഭിച്ചവര്‍ നമസ്‌കാരവും പ്രാര്‍ഥനയും കഴിഞ്ഞു ഒഴിഞ്ഞു പോകുന്നതിനനുസരിച്ച് വ്യത്യസ്ത ഭാഗങ്ങളിലൂടെ പുതിയ ഗ്രൂപ്പിന് പ്രവേശനാനുമതി കൊടുത്തുകൊണ്ടേയിരിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് റൗദയില്‍ പ്രവേശിക്കാന്‍ പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്. അവര്‍ക്ക് നമസ്‌കരിക്കാനും പ്രാര്‍ഥിക്കാനും പ്രത്യേക സമയങ്ങളില്‍ അവസരം നല്കിക്കൊണ്ടിരിക്കുന്നു. രണ്ട് തവണ ശ്രമിച്ചിട്ടും എനിക്ക് അവസരം ലഭിച്ചില്ല. പക്ഷെ ഭാര്യ സലീന ആദ്യശ്രമത്തില്‍ തന്നെ വിജയിക്കുകയും പരിപാവനമായ സ്ഥലത്തിരുന്നു പ്രാര്‍ഥിച്ചും ഖുര്‍ആന്‍ പാരായണം ചെയ്തും ചാരിതാര്‍ഥ്യത്തോടെ തിരിച്ചു വന്നു! മൂന്നാം തവണ എനിക്കും പ്രവേശനം ലഭിച്ചു.
റൗദാ ശരീഫില്‍ പ്രവേശിച്ചാല്‍ രണ്ട് റക്അത്ത് നമസ്‌കരിക്കുകയും പ്രാര്‍ഥിക്കുകയുമാണ് വേണ്ടത്. ഞാനും രണ്ട് റക്അത്ത നമസ്‌കരിച്ചു. തുടര്‍ന്ന് ഇരുകരങ്ങളുമുയര്‍ത്തി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ഉടനെ പുറത്തേക്കിറങ്ങുകയും ചെയ്തു. പക്ഷെ പലരും നമസ്‌കാരവും പ്രാര്‍ഥനയും തുടര്‍ന്നു കൊണ്ടേയിരിക്കും! അങ്ങനെയുള്ളവരെ സുജൂദില്‍ നിന്ന് പോലും പോലീസുകാര്‍ പിടിച്ചെഴുന്നേല്‍പ്പിച്ച് പുറത്താക്കുന്നത് കാണാം.
വിശുദ്ധ മനസ്സും ക്ഷമാ ശീലവുമായി വരേണ്ട ഹാജിമാര്‍ പലപ്പോഴും തങ്ങളുടെ യാത്രാലക്ഷ്യം പോലും മറന്നു പെരുമാറുന്നത് റൗദാ ശരീഫിലെ നിത്യകാഴ്ചയാണ്. അവശരായവരെയും വൃദ്ധരെയും തള്ളിമാറ്റി കയ്യൂക്ക് കൊണ്ട് ആ പരിപാവന സ്ഥലത്തേക്ക് പ്രവേശിച്ച ഇവര്‍ എന്തു പുണ്യമാണ് നേടാന്‍ ശ്രമിക്കുന്നത് എന്ന് ഒരു വേള ചിന്തിച്ചുപോയി.
ഭൂമിയിലെ ഏറ്റവും പവിത്രമായ സ്ഥലത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും, സഹ ഹാജിമാര്‍ക്കു കൂടി അവസരം നല്‍കാന്‍ സഹകരിക്കണമെന്നുമുള്ള ബോധം ഓരോ വിശ്വാസികള്‍ക്കും ഉണ്ടാവേണ്ടതുണ്ട്. അവശരെയും വൃദ്ധരെയും തള്ളിമാറ്റി നടത്തുന്ന പ്രാര്‍ഥനകള്‍ അല്ലാഹുവിന്റെ പരിഗണനയിലേക്ക് പോലും എത്തുകയില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിക്കുന്ന സമയത്ത് തിരക്കു കൂട്ടാതെ ശാന്തമനസ്‌കരായി വേണം റൗദ ശരീഫില്‍ പ്രവേശിക്കാനും പ്രാര്‍ഥന നടത്തുവാനും. പതിനാലു നൂറ്റാണ്ടു മുമ്പ് പരിശുദ്ധ റസൂല്‍ പരിശീലിപ്പിച്ച സഹിഷ്ണുതയും ക്ഷമയും സഹോദര സ്‌നേഹവും ഓരോ ഹാജിമാരും സ്വയം ഉള്‍ക്കൊള്ളേണ്ടതുണ്ട്. റൗദ ശരീഫിന്റെ പവിത്രതയും ഗാംഭീര്യവും തൊട്ടടുത്തുള്ള റസൂലിന്റെ(സ) സാന്നിധ്യവും ഓരോ വിശ്വാസിയുടെയും മനസ്സുകളെ വിനയാന്വിതരാക്കേണ്ടതുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x